by Midhun HP News | Apr 1, 2025 | Latest News, കേരളം
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.
by Midhun HP News | Apr 1, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: ഒരു മലയാള സിനിമ, എല്‍ 2: എംപുരാന്‍ റിലീസ് ചെയ്ത് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോഴും സജീവ ചര്‍ച്ചയായി തുടരുന്നു. ചൂടേറിയ രാഷ്ട്രീയ സംവാദത്തിനും, ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മുതല്‍ ട്രോളുകള്‍ക്ക് വരെ വിഷയമായാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എംപുരാന്‍ അഞ്ച് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
സിനിമയില്‍ ഉപയോഗിച്ച ചില വിഷയങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് എംപുരാന്‍ വിവാദത്തിന്റെ കേന്ദ്ര ബിന്ദു ആയത്. ഇതിനിടെ ചിത്രത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുകയും ചെയ്തു. ഉന്നയിച്ച എതിര്‍പ്പുകള്‍ അനുസരിച്ച് ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ മാറ്റി, പ്രതിഷേധം അവസാനിപ്പിക്കാന്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ഇടപെട്ട് നടപടികള്‍ എടുത്തിരുന്നു. എന്നാല്‍, ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ ഉള്‍പ്പെടെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ചിത്രത്തിനും അണിയറ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുന്ന കാഴ്ചയാണ് തിങ്കളാഴ്ചയും കണ്ടത്.
സംസ്ഥാന മന്ത്രിമാരായ സജി ചെറിയാന്‍, പി രാജീവ്, ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു തുടങ്ങിയവര്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി.
‘ചിത്രം എല്ലാവരും കാണണം. സിനിമയ്ക്കുള്ള പിന്തുണ എന്ന സന്ദേശം ഇത് നല്‍കുന്നു. സിനിമ സാങ്കേതികമായി ആഗോള നിലവാരം പുലര്‍ത്തുന്നതാണ് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരായ നീക്കങ്ങളെ ചെറുക്കാന്‍ കേരളം ഒന്നിക്കണമെന്ന് മന്ത്രി പി രാജീവും ആവശ്യപ്പെട്ടു.
എന്നാല്‍, സിനിമയ്ക്ക് എതിരായ പ്രതിഷേധം സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന നിലയിലേക്ക് തിരിയുന്ന കാഴ്ചകളും കേരളം കണ്ടു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അങ്കമാലിയില്‍ നടത്തിയ പ്രസംഗമായിരുന്നു ഇതില്‍ പ്രധാനം. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയ മേനോനുമെതിരെ ആയിരുന്നു ബിജെപി നേതാവിന്റെ പരമാര്‍ശം. സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍ ആണെന്ന ഗുരുതര ആരോപണമായിരുന്നു ബി ഗോപാലകൃഷ്ണന്‍ ഉന്നയിച്ചത്.
by Midhun HP News | Apr 1, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ 1 മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 41 രൂപയാണ് കുറച്ചത്. വില പ്രാബല്യത്തില്‍ വന്നു.
ഡല്‍ഹിയില്‍ പുതുക്കിയ വില പ്രകാരം സിലിണ്ടറിന് 1,762 രൂപയാണ് വില. നേരത്തെ മാര്‍ച്ച് 1 ന് പ്രധാന നഗരങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 6 രൂപ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ഏഴ് രൂപ കുറച്ചിരുന്നു.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങളും മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വിലയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമില്ലാതെ തുടരുകയാണ്.
by Midhun HP News | Mar 31, 2025 | Latest News, കേരളം
തൃശൂർ: എംപുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ:
ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു .
by Midhun HP News | Mar 31, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിപിഎമ്മിന്റെ ജനകീയാടിത്തറ ശക്തമാക്കുകയും രാഷ്ട്രീയ സ്വാധീനം വിപുലപ്പെടുത്തുകയുമാണ് പാര്‍ട്ടിയുടെ മുന്നിലെ പ്രധാന ലക്ഷ്യമെന്ന് പി ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഇളവ് അനുവദിക്കുമോയെന്ന് കാരാട്ട് വ്യക്തമാക്കിയില്ല. ആര്‍ക്കെങ്കിലും ഇളവു നല്‍കേണ്ടതുണ്ടെങ്കില്‍, പാര്‍ട്ടി കോണ്‍ഗ്രസിലാകും അന്തിമ തീരുമാനമെടുക്കുക എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കഴിഞ്ഞ തവണ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി ആയതിനാല്‍ ഇളവ് നല്‍കുകയായിരുന്നു. സര്‍ക്കാരില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അതോടൊപ്പം, പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ അദ്ദേഹം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു. ഇത്തവണ പിണറായിക്ക് പ്രത്യേക ഇളവ് അനുവദിക്കണോ എന്ന് പുതുതായി പരിശോധിക്കും. എന്തെങ്കിലും ഇളവ് നല്‍കുകയാണെങ്കില്‍, മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അക്കാര്യം തീരുമാനിക്കും.
പാര്‍ട്ടി നേതൃ കമ്മിറ്റിയില്‍ നിന്നും പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ നേതാക്കളെ മാറ്റുന്നതിനെ പ്രകാശ് കാരാട്ട് ന്യായീകരിച്ചു. പാര്‍ട്ടി കമ്മിറ്റികളെക്കുറിച്ച് സിപിഎമ്മിന് വിശാലമായ നയമുണ്ട്. തുടര്‍ച്ചയ്ക്കും മാറ്റത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. എല്ലാ പാര്‍ട്ടി സമ്മേളനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസുകളിലും, ചില മുതിര്‍ന്ന ആളുകള്‍ സ്ഥാനമൊഴിയുന്നു, പകരം ചില പുതിയ ആളുകള്‍ വരുന്നു. ഇതിനര്‍ത്ഥം പ്രായമായ ആളുകള്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നു എന്നല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
തുടര്‍ച്ചയും മാറ്റവും ഒരുമിച്ച് കൊണ്ടുപോകാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. മധുരയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും കേന്ദ്ര കമ്മിറ്റിയിലേക്കും പോളിറ്റ് ബ്യൂറോയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും ഈ തത്വമാകും പിന്തുടരുക. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനറല്‍ സെക്രട്ടറി ഇല്ലാതെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറി വരും. കാരാട്ട് പറഞ്ഞു.
പാര്‍ട്ടിക്ക് വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടാകുമോയെന്ന ചോദ്യത്തിന് കാരാട്ട് വ്യക്തമായ മറുപടി നല്‍കിയില്ല. ലിംഗമോ മറ്റെന്തെങ്കിലും മാനദണ്ഡമോ അടിസ്ഥാനമാക്കിയല്ല ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏറ്റവും സജ്ജരായവര്‍ ആരാണെന്നാണ് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വിലയിരുത്തുകയെന്ന് കാരാട്ട് പറഞ്ഞു. 85 അംഗ സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ 15 വനിതകള്‍ മാത്രമേ ഉള്ളൂവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, സ്ത്രീകളുടെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പ് അവലോകനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചുണ്ട്. ചെറിയ പാര്‍ട്ടികളുമായി സഖ്യം കൂടിയ ബിജെപിയുടെ എന്‍ഡിഎ സഖ്യം, കേരളത്തില്‍ 19 ശതമാനം വോട്ടു നേടിയിട്ടുണ്ട്.
ആദ്യമായിട്ടാണ് അവര്‍ ഇത്രയധികം വോട്ടുകള്‍ നേടിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റേത് പോലെയല്ല കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് രീതി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങളുടെ സ്വാധീനത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
by Midhun HP News | Mar 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്.
പാലക്കാട് ജില്ലയിലാകും ഉയര്‍ന്ന ചൂട്. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments