by Midhun HP News | Mar 30, 2025 | Latest News, കേരളം
മലപ്പുറം: മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതായും നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്നും കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നാളെ പെരുന്നാള്‍ ആഘോഷിക്കുമെന്ന് പ്രഖ്യാപനം നടത്തി.
by Midhun HP News | Mar 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിയന്ത്രണംവിട്ട ഇരുചക്ര വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പൊയ്ക മുക്ക് തുളസി ഭവനിൽ തുളസി – ശ്രീദേവി ദമ്പതികളുടെ മകൻ വിവേക് (30) ആണ് മരിച്ചത്.
സഹയാത്രികൻ പൊയ്ക മുക്ക് സ്വദേശി ആകാശ് (26) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ 3.30നാണ് അപകടം. ആറ്റിങ്ങലിൽ നിന്നും പൊയ്ക മുക്ക് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കവെ ടോൾ മുക്കിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
by Midhun HP News | Mar 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് ക്യാംപസുകളിലെ റാഗിങ്ങും മയക്കുമരുന്ന് ഉപയോഗവും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിനും നിയമനടപടികള്‍ക്കും അപ്പുറം പോകാന്‍ തീരുമാനിച്ച് കേരള പൊലീസ്. സ്‌കൂളുകളില്‍ വിജയകരമായി നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി (എസ്പിസി) കോളജുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിര്‍ദേശം ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കും.
യുവാക്കളെ ബോധവല്‍ക്കരിക്കുന്നതിനും കാംപസുകളില്‍ നിന്ന് തിന്മകളെ മോചിപ്പിക്കുന്നതിനുമായി കോളജുകളിലേക്ക് കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ 2026 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് കേരള പൊലീസ് പദ്ധതിയിടുന്നത്. സാമൂഹിക തിന്മകളെ നേരിടാന്‍ സജ്ജരായ, നിയമം അനുസരിക്കുന്നവരും സേവനമനസ്‌കരുമായ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2010ലാണ് കേരളത്തിലെ സ്‌കൂളുകളില്‍ എസ്പിസി പദ്ധതി ആരംഭിച്ചത്. നിലവില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇതില്‍ ചേരാന്‍ കഴിയൂ.
താല്‍പ്പര്യമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ ഘടനാപരവും നൂതനവുമായ പരിശീലന സിലബസ് തയ്യാറാക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോളജ് തലത്തിലുള്ള എസ്പിസിയുടെ പ്രധാന ലക്ഷ്യം കേഡറ്റുകള്‍ക്കിടയില്‍ നിയമ അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് ആസക്തി, റാഗിങ് പോലുള്ള തിന്മകളെ ചെറുക്കുക എന്നിവയാണ്. കോളജുകളില്‍ പദ്ധതി നടപ്പാക്കുന്നത് പൊലീസിനെ കോളജ് വിദ്യാര്‍ഥികളുമായി കൂടുതല്‍ കാര്യക്ഷമമായി ഇടപഴകാന്‍ സഹായിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
”സ്‌കൂളുകളില്‍ എസ്പിസി ആരംഭിച്ചതിനുശേഷം, വിദ്യാര്‍ഥി കേന്ദ്രീകൃത കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. പദ്ധതി ഒരു പോസിറ്റിവിറ്റി അന്തരീക്ഷം സൃഷ്ടിച്ചു. ഇത് അധ്യാപക സമൂഹവും സ്‌കൂള്‍ അധികൃതരും അഭിനന്ദിച്ചു. കോളജുകളില്‍ അവതരിപ്പിച്ചാല്‍, പദ്ധതി വിദ്യാര്‍ഥികളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’- പൊലീസ് വ്യത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍, കോളജ് തലത്തിലുള്ള എസ്പിസി പദ്ധതിയുടെ സിലബസ് രൂപീകരിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അടിസ്ഥാന സിലബസ് ഉണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ളത് കൂടുതല്‍ സങ്കീര്‍ണ്ണവും ആകര്‍ഷകവുമായിരിക്കണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രായോഗിക പരിശീലന പദ്ധതികള്‍ക്കും കൂടുതല്‍ സാധ്യത ഉണ്ടായിരിക്കണം. അത് യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടാന്‍ കേഡറ്റുകളെ പ്രാപ്തരാക്കും,”- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവിലെ എസ്പിസി പരിശീലന സിലബസ് രണ്ട് വര്‍ഷത്തെ ഒരു പ്രോഗ്രാമാണ്. ആരോഗ്യവും ശാരീരികക്ഷമതയും വികസിപ്പിക്കുക, വിദ്യാര്‍ഥികളില്‍ സാമൂഹിക മൂല്യങ്ങളും ശേഷി വികസനവും വളര്‍ത്തുക എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എക്‌സൈസ്, ഗതാഗതം, വനം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹായത്തോടെ പൊലീസ് ആണ് ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.
by Midhun HP News | Mar 30, 2025 | Latest News, ദേശീയ വാർത്ത
ബാങ്കോക്ക്: മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.
ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ മ്യാന്‍മാറിന് സഹായമെത്തിച്ചു . ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്. മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പര്‍ക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
by Midhun HP News | Mar 30, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: വ്രതശുദ്ധിയുടെ 29 ദിവസങ്ങൾ പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 30 പൂർത്തിയാക്കി മാർച്ച് 31, തിങ്കളാഴ്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാളെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതായി സൗദി അറേബ്യയില്‍ നിന്നാണ് ആദ്യ പ്രഖ്യാപനം ഉണ്ടായത്.
യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങിൽ മാസപ്പിറവി ദൃശ്യമായി. ചെറിയ പെരുന്നാറിന് വേണ്ടി വലിയ ഒരുക്കളാണ് നടക്കുന്നത്. ദുബായിയില്‍ ഇത്തവണ രണ്ടിടത്ത് മലയാളത്തിലുള്ള ഈദ് ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. ഷാര്‍ജിയില്‍ ഒരിടത്തുമാണ് ഒരുക്കിയിരിക്കുന്നത്. അജ്മാനില്‍ ആദ്യമായി ഇത്തവണ ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന് നടക്കും.
വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽ നിന്നെത്തിയ പണ്ഡിതൻമാരാണ് നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുക.
by Midhun HP News | Mar 30, 2025 | Latest News, കേരളം
കോഴിക്കോട്: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മോട്ടോര്‍വാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്ട്രിക് വാഹനങ്ങള്‍ക്കും 15 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വര്‍ധനയുണ്ടായിട്ടുള്ളത്.
15 വര്‍ഷം രജിസ്‌ട്രേഷന്‍കാലാവധി കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തേക്കുള്ള നികുതി 400 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 750 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളില്‍ ഓര്‍ഡിനറി, പുഷ്ബാക്ക്, സ്ലീപ്പര്‍ സീറ്റുകള്‍ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയില്‍ കുറവുവന്നിട്ടുണ്ട്.
അഞ്ചുവര്‍ഷത്തേക്കാണ് രജിസ്‌ട്രേഷന്‍ പുതുക്കിനല്‍കുക. എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇപ്പോള്‍ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാല്‍, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുശതമാനമാക്കിയും 15 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും ത്രീവീലറുകള്‍ക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും.
മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഏപ്രില്‍ ഒന്നുമുതലുള്ള നികുതി മാര്‍ച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കില്‍ ആ വാഹനത്തില്‍നിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിര്‍ദേശമുണ്ട്.
Recent Comments