by Midhun HP News | Mar 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തില്‍ പോയ വര്‍ഷം ഏറ്റവും മുന്നില്‍ കെഎസ്ഇബി. കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പ്രകാരം 736 കോടിയുടെ ലാഭമാണ് കെഎസ്ഇബിക്കുള്ളത്. തൊട്ടു മുന്‍വര്‍ഷം 1822 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1368 കോടി രൂപയാണ്. ഇതിന്റെ 53.79 ശതമാനവും കെഎസ്ബിയില്‍നിന്നാണ്. നൂറു കോടിക്കു മുകളില്‍ ലാഭമുണ്ടാക്കിയത് രണ്ടു സ്ഥാപനങ്ങളാണ്, കെഎസ്ഇബിയും കെഎസ്എഫ്ഇയും. 105 കോടിയാണ് കെഎസ്എഫ്ഇയുടെ ലാഭം.
കെഎസ്ഇബിക്കു പുറമേ വന വികസന കോര്‍പ്പറേഷനും ഓയില്‍ പാമും നഷ്ടത്തില്‍നിന്നു ലാഭത്തിലെത്തി. 58 പൊതു മേഖലാ സ്ഥാപനങ്ങളാണ് പോയ വര്‍ഷം ലാഭമുണ്ടാക്കിയത്. ഇവയുടെ ആകെ ലാഭം മുന്‍വര്‍ഷത്തേതില്‍നിന്ന് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 654 കോടി ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് 1368 കോടിയായി.
കെഎസ്ആര്‍ടിസിയും സപ്ലൈകോയുമാണ് ഏറ്റവും നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങള്‍. 1327 കോടിയാണ് ഇവയുണ്ടാക്കിയ നഷ്ടം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2022ലെ 4065 കോടിയില്‍നിന്ന് ഇത്തവണ 1873 കോടിയായി കുറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ലാഭം കൂടിയെങ്കിലും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച ജിഎസ്ഡിപിക്കു വളര്‍ച്ചയ്‌ക്കൊത്തല്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തന രഹിതമായ പൊതുമേഖലാ സ്ഥാപങ്ങള്‍ അടച്ചുപൂട്ടാനും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വില്‍ക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
by Midhun HP News | Mar 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.
തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ശാരദ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്തു. എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികൾ സൂചിപ്പിച്ചതിനാലാണ് വിശദമായ പോസ്റ്റ് ഇടുന്നതെന്നും ശാരദ മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തന കാലഘട്ടം കറുപ്പും ഭര്‍ത്താവ് വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം. കറുപ്പ് എന്ന നിറത്തെ എന്തിനാണ് ഇത്ര മോശമായി കാണുന്നത്?. കറുപ്പ് മനോഹരമായ നിറമാണ്. കറുപ്പ് എന്നത് എന്തും ആഗിരണം ചെയ്യാൻ കഴിയുന്ന ഒന്നാണ്. കറുപ്പിനെ എന്തിനാണ് നിന്ദിക്കുന്നതെന്നും, പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കാമോ എന്ന്. നല്ലതെന്ന സല്‍പ്പേരില്ലാത്ത ആഖ്യാനങ്ങളുടെ ഭാരത്തിനടിയില്‍ അരനൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്നു. ആ ആഖ്യാനത്തില്‍ സ്വാധീനിക്കപ്പെട്ടും പോയിട്ടുണ്ട്.
കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ ഉള്‍പ്പെടെ എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു. കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ്’. ശാരദ മുരളീധരന്‍ കുറിച്ചു.
by Midhun HP News | Mar 26, 2025 | Latest News, കായികം
ഷില്ലോങ്ങ്: ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ബംഗ്ലാദേശാണ് ഇന്ത്യയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. ഷില്ലോങ് ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ തുലച്ചാണ് ഇന്ത്യ സമനില വഴങ്ങിയത്.
ദുര്‍ബലരായ ബംഗ്ലാദേശ് തുടക്കത്തിലേ ഇന്ത്യന്‍ ഗോള്‍മുഖത്ത് ആശങ്ക പരത്തി. ഇന്ത്യന്‍ ഗോളി അബദ്ധത്തില്‍ നല്‍കിയ പാസില്‍ നിന്നും ബംഗ്ലാദേശ് താരം ഉതിര്‍ത്ത ഷോട്ട് തലനാരിഴയ്ക്കാണ് പുറത്തുപോയത്. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.
വിരമിക്കല്‍ പിന്‍വലിച്ച് ടീമിലെത്തിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അടക്കം നിരവധി അവസരങ്ങള്‍ പാഴാക്കി. ബംഗ്ലാദേശും ചില തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും, വലിയ അപകടമില്ലാതെ പ്രതിരോധ നിരയും ഗോളിയും കാത്തു. 85-ാം മിനിറ്റില്‍ ഛേത്രിയെ മാറ്റി മലയാളി താരം ആഷിഖ് കരുണിയനെ ഇറക്കിയെങ്കിലും ഇന്ത്യയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഹംസ ചൗധരി ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചു. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. 1999ന് ശേഷം ഇന്ത്യയും ബംഗ്ലദേശും ഗോള്‍ രഹിത സമനിലയില്‍ പിരിയുന്നതും ആദ്യമായിട്ടാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 126 ലും ബംഗ്ലാദേശ് 185 ലുമാണ്. ഹോങ്കോങ്, സിംഗപ്പൂര്‍ ടീമുകള്‍ കൂടി അടങ്ങിയ ഗ്രൂപ്പ് സിയിലാണ് ഇന്ത്യ.
by Midhun HP News | Mar 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. എന്നാല്‍ മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിശദീകരണം.
അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തില്‍ വാഷിങ്ടൺ ഡിസിയിൽ 28 മുതൽ ഏപ്രിൽ ഒന്നുവരെ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിയടക്കം കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയത്. നിലവിൽ യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനനിലുള്ള മന്ത്രി അവിടെനിന്ന് അമേരിക്കയിലേക്കു പോവാനായിരുന്നു തീരുമാനിച്ചിരുന്നത്.
by Midhun HP News | Mar 26, 2025 | Latest News, കേരളം
തിരുവനന്തപുരം: പ്രായപരിധിയുള്‍പ്പെടെ കര്‍ശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി 24-മത് പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുങ്ങുമ്പോള്‍ സിപിഎമ്മില്‍ തലമുറമാറ്റം തന്നെയുണ്ടാകുമെന്ന് സൂചനകള്‍. സിപിഎമ്മിലെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെ പകുതിയോളം പേര്‍ ഇത്തവണ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പകരം പുതുമുഖങ്ങള്‍ പിബിയില്‍ ഇടം പിടിക്കും.
സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരി, പ്രായപരിധി നിബന്ധന മൂലം പുറത്താകുന്നവര്‍ എന്നിവര്‍ക്ക് പകരമായി 17 അംഗ പി ബിയില്‍ എട്ട് പുതുമുഖങ്ങള്‍ ഇത്തവണ ഇടം പിടിച്ചേക്കും. ഇതില്‍ ചിലര്‍ക്കെങ്കിലും പ്രത്യേക പരിഗണന നല്‍കിയാലും അഴിച്ചുപണി ബൃഹത്താകുമെന്നാണ് സൂചനകള്‍.
യെച്ചൂരിയുടെ മരണത്തിന് ശേഷം പി ബി കോഡിനേറ്റര്‍ പദവി വഹിക്കുന്ന പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, പശ്ചിമ ബംഗാളില്‍ നിന്നുള്ള സുര്‍ജ്യ കാന്ത മിശ്ര തമിഴ്‌നാട്ടില്‍ നിന്നുള്ള ജി രാമകൃഷ്ണന്‍ എന്നിവരാണ് പ്രായപരിധി പിന്നിടുന്ന പ്രമുഖ നേതാക്കള്‍.
രാജ്യത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കണം എന്ന് കേന്ദ്ര കമ്മിറ്റിയില്‍ നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതുപരിഗണിച്ചാല്‍ പിണറായി വിജയന്‍, ബൃന്ദ കാരാട്ട് എന്നിവര്‍ക്ക് ഇളവ് ലഭിച്ചേക്കും. പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന പരിഗണന കൂടിയാകുമ്പോള്‍ പിണറായി വിജയന്റെ കാര്യത്തില്‍ ഇക്കാര്യം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരം ക്ഷണിതാവ് എന്ന നിലയിലെങ്കിലും പിണറായി പിബിയില്‍ തുടരും. ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളുടെ വിഷയത്തില്‍ പ്രായ പരിധി ഇളവുണ്ടാകുമെന്ന് കരുതുന്നില്ല. പ്രകാശ് കാരാട്ടും മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായും സൂചനകളുണ്ട് ഒരു കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടുന്നു.
ജനറല്‍ സെക്രട്ടറി പുതുമുഖം
സിപിഎം ജനറല്‍ സെക്രട്ടറി ചുമതലയിലിരിക്കെ അന്തരിച്ച സിതാറാം യെച്ചൂരിയുടെ പിന്‍ഗാമിയാര് ? ഒരു പുതുമുഖമായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി എന്നാണ് സൂചനകള്‍. ആന്ധ്ര പ്രദേശില്‍ നിന്നുള്ള ബി വി രാഘവലു, കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചകളിലുള്ളത്. കിസാന്‍ സഭ നേതാവ് അശോക് ധാവാലെയുടെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍.
അതേസമയം, മുതിര്‍ന്ന വനിതാ അംഗം ബൃന്ദ കാരാട്ടിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് താത്പര്യമുണ്ട്. ‘യെച്ചൂരിയുടെ മരണശേഷം ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ആ സമയത്ത് മറ്റൊരാള്‍ക്ക് പൂര്‍ണ ചുമതല നല്‍കുന്നത് തെറ്റായ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. അതിനാലാണ് പ്രകാശ് കാരാട്ടിനെ കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തത്’ എന്ന് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പറയുന്നു.
സിപിഎം പോളിറ്റ് ബ്യൂറോയില്‍ പുനഃസംഘടന നടപ്പാക്കുന്നതോടെ പുതിയ നേതാക്കളുടെ ഒരു നിര തന്നെ ഉയരാന്‍ ഇടയുണ്ട്. മാനദണ്ഡങ്ങള്‍ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ക്ക് പകരം എഐഡിഡബ്ല്യുഎ ജനറല്‍ സെക്രട്ടറി മറിയം ധവാലെ, സിഐടിയു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു, തമിഴ്നാട് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് യു വാസുകി, മുന്‍ മന്ത്രി കെ കെ ശൈലജ എന്നിവരുടെ പേരുകള്‍ പുതിയ പട്ടികയില്‍ സജീവമാണ്.
കിസാന്‍ സഭ നേതാവ് വിജൂ കൃഷ്ണനും ഇത്തവണ പിബിയില്‍ എത്തിയേക്കും. തമിഴ്‌നാട്ടില്‍ നിന്നും യു വാസുകി യെ പരിഗണിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ സി സിയില്‍ ഉള്‍പ്പെടുത്തിയ തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം ജി രാമകൃഷ്ണന്‍ പിബിയില്‍ ഇടം നേടിയേക്കും. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അരുണ്‍ കുമാര്‍, മുന്‍ പശ്ചിമ ബംഗാള്‍ എംപി സമിക് ലാഹിരി തുടങ്ങിയ പേരുകളും ചര്‍ച്ചയിലുണ്ട്. കേരളത്തില്‍ നിന്നും കൂടുതല്‍ നേതാക്കളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഇ പി ജയരാജന്‍, ടി എന്‍ തോമസ് ഐസക് തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിച്ചേക്കും.
പാര്‍ട്ടി നേതൃത്വത്തില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഊര്‍ജസ്വലത നിലനിര്‍ത്താനാണ് സിപിഎം പ്രായ പരിധി ഏര്‍പ്പെടുത്തിയത് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറയുന്നു. ’22-ാം പാര്‍ട്ടി കോണ്‍ഗ്രസ് 80 വയസ്സ് പ്രായപരിധി കൊണ്ടുവന്നു. പിന്നീട്, 23-ാം കോണ്‍ഗ്രസ് അത് 75 വയസ്സായി പരിഷ്‌കരിച്ചു. ഇപ്പോള്‍, ഇത് മാറ്റത്തിന്റെ ഘട്ടമാണ്. ഒരുപാട് നേതാക്കള്‍ ഒരേസമയം പിബിയില്‍ നിന്നും പുറത്തുപോകുമ്പോള്‍ ഉണ്ടാകുന്ന വിടവിനെ പാര്‍ട്ടി ഗൗരവമായി ഉള്‍ക്കൊള്ളുമെന്നും എ കെ ബാലന്‍ പറഞ്ഞു.
പ്രായപരിധി വിരമിക്കലല്ല, മറിച്ച് ഒരു ആശ്വാസമാണ്. സംഘടനാപരമായ ചുമതലകളില്ലാതെ പ്രവര്‍ത്തിക്കാനുള്ള അവസരം. ആരോഗ്യമുള്ളവരും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഫലപ്രദമായി സംഭാവന ചെയ്യാന്‍ കഴിയുന്ന നേതാക്കളെ പാര്‍ട്ടി തുടര്‍ന്നും ഉപയോഗിക്കും,’ അദ്ദേഹം പറഞ്ഞു.
by Midhun HP News | Mar 26, 2025 | Latest News, ജില്ലാ വാർത്ത, മരണം
ATRA 76 ൽ ബി ടി എസ് റോഡ് ശ്രീപാദം ലൈനിൽ ചൈത്രത്തിൽ ജി. മുരളി (66 വയസ്സ്) നിര്യാതനായി.
ഭാര്യ: അനിത പി
അച്ഛൻ: ഗംഗാധരൻ (late)
അമ്മ: സാവിത്രി (late)
സഹോദരങ്ങൾ: യശോധരൻ, അമ്പിളി (ലണ്ടൻ), റോയി (ലണ്ടൻ), റോബി (ലണ്ടൻ), റീജ (ലണ്ടൻ)
Recent Comments