ഫോണ്‍ ചോര്‍ത്തലില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ല; ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്

ഫോണ്‍ ചോര്‍ത്തലില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ല; ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇനി മേയ് 22ന് പരിഗണിക്കും.

അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ മാസം 13ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഈ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

നിയമവിരുദ്ധമായി താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തില്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്ത്, കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. എന്നാല്‍ ഇതു സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും തന്റെ ഫോണും അന്‍വര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്ന് കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഉദ്ഘാടനത്തിന് ഒരുങ്ങി കേരളത്തിലെ ആദ്യത്തെ പാത്ത് വേ പാലം

ഉദ്ഘാടനത്തിന് ഒരുങ്ങി കേരളത്തിലെ ആദ്യത്തെ പാത്ത് വേ പാലം

ആലപ്പുഴ: വിനോദസഞ്ചാര മേഖലക്ക് മറ്റൊരു തിലകക്കുറി ചാര്‍ത്തി സംസ്ഥാനത്തെ ആദ്യത്തെ പാത്ത് വേ പാലം ഉദ്ഘടനത്തിനൊരുങ്ങുന്നു. തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്ക് കുറുകെ നിര്‍മ്മിച്ച പടഹാരം പാലം ആലപ്പുഴയുടെ പാലപ്പെരുമക്ക് വീണ്ടും പകിട്ടേകും.

കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും (എ സി റോഡ്) അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ് കരുവാറ്റ-കുപ്പപ്പുറം റോഡില്‍ സ്ഥിതിചെയ്യുന്ന പടഹാരം പാലം. 2016-17ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. 63.35 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. വശങ്ങളിലെ അവസാനഘട്ട പണികളും പെയിന്റിങ് ഉള്‍പ്പെടെയുള്ള ജോലികളും മാത്രമാണ് ബാക്കിയുള്ളത്. 453 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 45 മീറ്റര്‍ നീളമുള്ള മൂന്ന് സെന്റര്‍ സ്പാനുകളും 35 മീറ്റര്‍ നീളമുള്ള ആറ് സ്പാനുകളും 12 മീറ്റര്‍ നീളമുള്ള ഒന്‍പത് സ്പാനുകളുമാണ് പാലത്തിനുള്ളത്.

കുട്ടനാടിന്റെ ജീവനാഡിയാകാന്‍ ഒരുങ്ങുന്ന പാലം രൂപകല്‍പ്പനയുടെ പ്രത്യേകതകള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്. സാധാരണ പാലങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി 7.5 മീറ്റര്‍ വീതിയിലുള്ള പാലത്തിന്റെ സ്പാനുകള്‍ക്ക് താഴെ 1.70 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമായാണ് കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത (പാത്ത് വേ) രൂപകല്പന ചെയ്തിരിക്കുന്നത്. മുകളിലെ നിലയില്‍ റോഡും താഴെ നിലയില്‍ പാത്ത് വേയും സജ്ജീകരിച്ച് രൂപകല്‍പ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ പാലമാണിത്.

കേരളീയ വാസ്തുവിദ്യയില്‍ ഒരുക്കിയ എട്ട് വാച്ച് ടവറുകളും പാലത്തിലുണ്ട്. വാച്ച് ടവറുകളില്‍ നിന്നുകൊണ്ട് കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. പാലത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ വ്യത്യസ്തമായ ഈ നിര്‍മിതിയിലൂടെ സാധിക്കുമെന്ന് കരുതുന്നു. ഭാവിയില്‍ ചമ്പക്കുളവും നെടുമുടി – കരുവാറ്റ റോഡും കൂട്ടിയോജിപ്പിക്കുമ്പോള്‍ എ സി റോഡില്‍ നിന്ന് ചമ്പക്കുളം വഴി അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലേക്കുള്ള ബൈപ്പാസ് ആയും പടഹാരം പാലം മാറും.

മൊബൈല്‍ ഫോണോ തെളിവുകളോ നശിപ്പിക്കരുത്; ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് കര്‍ശന നിര്‍ദേശം

മൊബൈല്‍ ഫോണോ തെളിവുകളോ നശിപ്പിക്കരുത്; ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ തെളിവുകളും മൊബൈല്‍ ഫോണ്‍ രേഖകളും നശിപ്പിക്കരുതെന്ന് ജഡ്ജി യശ്വന്ത് വര്‍മയ്ക്ക് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ സംഭാഷണങ്ങളോ ചാറ്റുകളോ അടക്കമുള്ള ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയോ പാടില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ നല്‍കിയ നിര്‍ദേശം.

തെളിവുകള്‍ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് ഈ മാസം 21 ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഔദ്യോഗികമായി കത്ത് നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മറ്റൊരു കത്ത് നല്‍കിയിട്ടുണ്ട്.

ഈ കത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ മൊബൈല്‍ ഫോണിലെ കഴിഞ്ഞ ആറുമാസത്തെ കോല്‍ ഡീറ്റെയില്‍സും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡും ( ഐപിഡിആര്‍) ശേഖരിച്ച് നല്‍കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. അത് ഈ കത്തിനൊപ്പം പെന്‍ഡ്രൈവില്‍ സമര്‍പ്പിക്കുന്നുവെന്നും ജസ്റ്റിസ് ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

അതിനിടെ, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലീസിനോട് ജഡ്ജിയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ജഡ്ജിയുടെ വസതിയില്‍ സുരക്ഷാജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സമര്‍പ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണ്ടെത്തിയ കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടിരുന്നു. സംഭവത്തില്‍പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നം​ഗ അന്വേഷണ കമ്മീഷനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോ​ഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനം: ആര്‍എസ്എസ്

ഹോളി ദിവസമായ മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയുടെ സ്‌റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിഷേധിച്ചു. താനോ കുടുംബമോ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു പണവും കണ്ടെത്തിയിട്ടില്ല. തീപിടിച്ചതും പണം കണ്ടെത്തിയതുമായ മുറി തങ്ങൾ താമസിക്കുന്ന കെട്ടിടമല്ലെന്നും ഔട്ട്ഹൗസാണെന്നും അദ്ദേഹം പറയുന്നു.

200 രൂപയില്‍ താഴെ വില കണ്ട് വീഴല്ലേ?; മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍, മുന്നറിയിപ്പ്

200 രൂപയില്‍ താഴെ വില കണ്ട് വീഴല്ലേ?; മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍, മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെന്ന് മുന്നറിയിപ്പ്. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ, ലിക്വിഡ് പാരഫിന്‍ റിഫൈന്‍ഡ് ഓയില്‍, പാം കെര്‍ണല്‍ എന്നിവ കലര്‍ത്തിയ വെളിച്ചെണ്ണ വന്‍തോതില്‍ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കോക്കനട്ട് ഓയില്‍ മില്ലേഴ്‌സ് ആണ് മുന്നറിയിപ്പ് നല്‍കിയത്.

നാളികേരത്തിന്റെ വിലക്കയറ്റം മൂലം കൊപ്ര കിട്ടാനില്ല. ഇപ്പോഴത്തെ വിലപ്രകാരം കൊപ്രയ്ക്ക് 180 രൂപ വില വരും. നികുതി ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ വെളിച്ചെണ്ണ വില 300 രൂപ വരും. എന്നാല്‍ 200 രൂപയില്‍ താഴെ വിലയ്ക്ക് വെളിച്ചെണ്ണ എന്ന പേരിലാണ് വ്യാജ വെളിച്ചെണ്ണയുടെ വില്‍പ്പന നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന വ്യാജ വെളിച്ചെണ്ണയ്‌ക്കെതിരെ ജാഗ്രത വേണമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

11 വര്‍ഷം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കാണാതായ ധരിണി എവിടെ?

11 വര്‍ഷം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കാണാതായ ധരിണി എവിടെ?

പത്തനംതിട്ട: 11 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തില്‍ അന്വേഷണവുമായി തമിഴ്‌നാട് പൊലീസ് സംഘം പത്തനംതിട്ടയില്‍. കോയമ്പത്തൂര്‍ ജില്ലയിലെ കുരുമത്തംപട്ടി സ്വദേശിനിയായ ധരിണി തിരോധാനക്കേസിലാണ് തുമ്പു തേടി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബര്‍ 17 നാണ് ധരിണിയെ കാണാതാകുന്നത്.

കാണാതാകുമ്പോള്‍ 38 വയസ്സായിരുന്നു യുവതിക്ക്. കംപ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിണിയാണ്. 2015 ഫെബ്രുവരി 27 ന് ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഭാഗത്തേക്ക് വന്നുവെന്നാണ് അവസാനമായി പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് പത്തനംതിട്ടയിലെത്തിയത്. ഒറ്റയ്ക്ക് പലപ്പോഴും യാത്ര ചെയ്തിരുന്ന ധാരിണിക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക താല്‍പ്പര്യമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ വലതു കവിള്‍ത്തടത്തിലുള്ള അരിമ്പാറയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു സവിശേഷത. 2005 ല്‍ സുരേഷ് കുമാര്‍ എന്നയാളെ വിവാഹം കഴിച്ച യുവതി ഭര്‍ത്താവിനൊപ്പം അമേരിക്കയിലെ കണക്റ്റിക്കട്ടിലേക്ക് താമസം മാറി. പിന്നീട് ഇവര്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. വിദേശത്ത് താമസത്തിനിടെ രണ്ടു തവണ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന്, 2014 ല്‍ വിവാഹമോചനം നേടി. 2014 ഓഗസ്റ്റില്‍ ധരിണി കോയമ്പത്തൂരിലേക്ക് മടങ്ങുകയും ചെയ്തു.

2014 സെപ്റ്റംബറില്‍ വീട്ടുകാര്‍ കോയമ്പത്തൂര്‍ നഗരത്തിലെ സിദ്ധ വൈദ്യനായ സെന്തില്‍ കുമാറിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ചു. സെപ്റ്റംബര്‍ 4 മുതല്‍ 14 വരെ സെന്തില്‍കുമാറിന്റെ വീട്ടില്‍ താമസിച്ച് ചികിത്സ തേടി. തുടര്‍ന്ന് കരുമത്തംപെട്ടിയിലെ സ്വന്തം വീട്ടിലേക്ക് പോയി. 2014 സെപ്റ്റംബര്‍ 17 ന്, അവര്‍ കരുമത്തംപട്ടിയിലെ ചെന്നിയണ്ടവര്‍ ക്ഷേത്രത്തില്‍ പോയ ധരിണി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല.

കാണാതാകുന്നതിന് മുമ്പ്, ധാരിണി തിരുപ്പൂര്‍, അവിനാശി, കോയമ്പത്തൂര്‍, കരുമത്തംപട്ടി എന്നിവിടങ്ങളില്‍ താമസിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യുവതി നേരത്തെ സജീവമായിരുന്നു. നിരവധി ഇമെയില്‍ അക്കൗണ്ടുകളുമുണ്ടായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ എത്തിയശേഷം ഈ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യുകയും, ഓണ്‍ലൈന്‍ ഇടപെടലുകള്‍ നിര്‍ത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെക്കുറിച്ച് വിശ്വസനീയ വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍; മൃതദേഹം റെയില്‍വെ ട്രാക്കില്‍

ഐബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍; മൃതദേഹം റെയില്‍വെ ട്രാക്കില്‍

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ( 24) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ.

ചാക്ക റെയില്‍വെ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.