ആറ്റിങ്ങൽ ഭീമ ജുവലറിയിൽ നടക്കുന്ന ഫെയറി ടെയിൽ വെഡിങ് എക്സ്പോ നാളെ കൂടി മാത്രം

ആറ്റിങ്ങൽ ഭീമ ജുവലറിയിൽ നടക്കുന്ന ഫെയറി ടെയിൽ വെഡിങ് എക്സ്പോ നാളെ കൂടി മാത്രം

ആറ്റിങ്ങൽ ഭീമ ജുവലറിയിൽ നടക്കുന്ന ഫെയറി ടെയിൽ വെഡിങ് എക്സ്പോ നാളെ കൂടി മാത്രം. മാർച്ച് 21 മുതൽ 24 വരെയാണ് എക്സ്പോ നടക്കുന്നത്. വിവാഹ ആവശ്യങ്ങൾക്ക് മാത്രമായി 100 ഇൽ അധികം വ്യത്യസ്തമായ വിവാഹ ആഭരണ സെറ്റുകൾ ആണ് വെഡിങ് എക്സ്പോയുടെ ഭാഗമായി ഭീമയിൽ ഒരുക്കിയിട്ടുള്ളത്.

ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; വ്യാഴാഴ്‌ച മുതൽ ലഭിക്കും

ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; വ്യാഴാഴ്‌ച മുതൽ ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു.

26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌.

ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നത്‌.

ബാറിൽ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ, ചടയമം​ഗലത്ത് ഇന്ന് പ്രാദേശിക ഹർത്താൽ

ബാറിൽ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ, ചടയമം​ഗലത്ത് ഇന്ന് പ്രാദേശിക ഹർത്താൽ

കൊല്ലം: ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. ചടയമം​ഗലത്തുള്ള പേൾ ബാറിന് സമീപം വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി സുധീഷും സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായി. ബാറിൽ പണി നടക്കുന്നതു കൊണ്ട് വാഹനം പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ജിബിൻ പറഞ്ഞു. എന്നാൽ സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ വാഹനം പാർക്ക് ചെയ്തു.

ഇവർ ബാറിനുള്ളിൽ കയറി തിരിച്ചിറങ്ങിയതിന് ശേഷം സെക്യൂരിറ്റിയുമായി തർക്കമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ജിബിൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് സുധീഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിഐടിയു തൊഴിലാളിയാണ് കൊല്ലപ്പെട്ട സുധീഷ്. ​ഗുരുതരമായി പരിക്കേറ്റ ഷാനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുധീഷിന്റെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് സിഐടിയുവും സിപിഎമ്മും ഇന്ന് ചടയമം​ഗലത്ത് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. പ്രതി ജിബിനെ (44) ചടയമം​ഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷ് അവിവാഹിതനാണ്.

ന്യൂനമര്‍ദ്ദപാത്തി സജീവം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദപാത്തി സജീവം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. കോമറിന്‍ മേഖലയിലെ ന്യൂനമര്‍ദ്ദപാത്തി സജീവമായ സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് സാധ്യത.

കൂട്ടക്കൊലയ്ക്ക് തലേന്ന് കാമുകിയില്‍ നിന്നും 200 രൂപ കടംവാങ്ങി, അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് അഫാന്‍

കൂട്ടക്കൊലയ്ക്ക് തലേന്ന് കാമുകിയില്‍ നിന്നും 200 രൂപ കടംവാങ്ങി, അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് അഫാന്‍

തിരുവനന്തപുരം: അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. അഫാനെയും അച്ഛന്‍ അബ്ദുള്‍ റഹിമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്ന് അഫാനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം ചോദിച്ചു. ഇതിനു മറുപടിയായാണ് അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് അഫാന്‍ പറഞ്ഞത്.

കൊലപാതകം നടക്കുന്നതിന് തലേ ദിവസവും കാമുകി ഫര്‍സാനയില്‍ നിന്നും 200 രൂപ കടം വാങ്ങി. ഇതില്‍ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോള്‍ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടില്‍ കടം ചോദിക്കാന്‍ പോയത്. 100 രൂപയ്ക്ക് അഫാനും ഉമ്മയും ഒരു കടയില്‍ കയറി ദോശ കഴിച്ചു. കടക്കാര്‍ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നും അഫാന്‍ മൊഴി നല്‍കി.

കൊലപാതകം നടന്ന ദിവസം 50,000 കടം തിരികെ നല്‍കാനുണ്ടായിരുന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന്റെയും അമ്മയുടേയും കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. കടത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. അഫാന്റെയും ഉമ്മയുടേയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. കൂട്ടക്കൊലക്കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

പ്രതിദിനം രണ്ട് ലക്ഷം ഉപഭോക്താക്കാള്‍; പരസ്യ’ബില്‍’; പുതിയ വരുമാനം മാര്‍ഗം കണ്ടെത്താന്‍ ബെവ്‌കോ

പ്രതിദിനം രണ്ട് ലക്ഷം ഉപഭോക്താക്കാള്‍; പരസ്യ’ബില്‍’; പുതിയ വരുമാനം മാര്‍ഗം കണ്ടെത്താന്‍ ബെവ്‌കോ

തിരുവനന്തപുരം: ‘കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ, നിങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യം എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാം’ ഇങ്ങനെയാണ് റെയില്‍വേയുടെ പരസ്യമെങ്കില്‍ അതിനെ കടത്തിവെട്ടുന്ന പരസ്യമാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി ബില്ലുകളുടെ പിന്‍വശം പരസ്യത്തിനായി തുറന്നുകൊടുക്കുകയാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍. കൂടാതെ ഔട്ട്‌ലെറ്റുകളില്‍ എല്‍ഇഡി ഡിസ്‌പ്ലേകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

പരസ്യം ചെയ്യാന്‍ താത്പര്യമുള്ള ഏജന്‍സികളില്‍ നിന്നും ഇതിനകം താത്പര്യപര്യപത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ലേലത്തെ അടിസ്ഥാനപ്പെടുത്തി ഏപ്രിലോടെ പരസ്യദാതാക്കളെ തെരഞ്ഞെടുക്കും. സംസ്ഥാനത്തെ 282 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിദിനം രണ്ട് ലക്ഷം പേരിലേക്ക് നിങ്ങളുടെ പരസ്യം നേരിട്ടെത്തുമെന്നാണ് ബെവ്‌കോയുടെ വാഗ്ദാനം. പരസ്യവരുമാനത്തിലൂടെ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് ബെവ്കോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഹര്‍ഷിത അട്ടലൂരി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മദ്യം ഉള്‍പ്പടെ അഭികാമ്യമല്ലാത്ത മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ അനുവദിക്കുകയില്ലെന്നും അട്ടലൂരി പറഞ്ഞു. എല്‍ഇഡി വാളുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി പ്രാരംഭഘട്ടിത്താലാണെന്നും വാളുകളില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍, ഉപഭോക്താക്കള്‍ക്കുള്ള സേവനവിവരങ്ങള്‍ എന്നിവ ഉള്‍പ്പടെയുണ്ടാകുമെന്നും ഹര്‍ഷിത അട്ടലൂരി പറഞ്ഞു.

സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള്‍

വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ മാതൃകയില്‍ ബെവ്കോയുടെ ആദ്യത്തെ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ് അടുത്ത മാസം തൃശൂരിലെ മനോരമ ജങ്ഷനില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷന്‍, കോഴിക്കോട്ടെ ഗോകുലം മാള്‍ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കുക. ‘ഓരോ ജില്ലയിലും കുറഞ്ഞത് ഒരു സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ് തുറക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ബെവ്കോ സിഎംഡി പറഞ്ഞു.