‘എംപുരാനിൽ ഫഹദ് ഉണ്ട്, ടോം ക്രൂസ് ഉണ്ട്…’; ഒടുവിൽ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വിരാജ്

‘എംപുരാനിൽ ഫഹദ് ഉണ്ട്, ടോം ക്രൂസ് ഉണ്ട്…’; ഒടുവിൽ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വിരാജ്

എംപുരാൻ പ്രഖ്യാപനം മുതൽ തന്നെ ഉയരുന്ന ചോദ്യമാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ പുറത്തുവരുമ്പോഴും ആരാധകർ ഈ ചോദ്യത്തിൽ തന്നെ നിന്നു കറങ്ങി. കഴി‍ഞ്ഞ മാസം സയ്ദിനും രം​ഗയ്ക്കുമൊപ്പം എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജിനും ഫഹദിനുമൊപ്പമുള്ള ഒരു ഫോട്ടോ മോഹൻലാൽ പങ്കുവച്ചിരുന്നു. ഇതോടെ ഫഹദ് ചിത്രത്തിലുണ്ടെന്ന് തന്നെ ആരാധകർ ഉറപ്പിച്ചു.

ഏറ്റവുമൊടുവിൽ എംപുരാൻ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ ചുവന്ന ഡ്രാ​ഗൺ ചിഹ്നമുള്ള വസ്ത്രം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണിച്ചിരുന്നു. ആ നടന് ഫഹദിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നും സോഷ്യൽ മീ‍ഡിയയിൽ വീണ്ടും ചർച്ചകൾ നിറഞ്ഞു. ഇപ്പോഴിതാ എംപുരാനിൽ ഫ​ഹദ് ഉണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

“ഉണ്ട്, ഫഹദ് ഫാസിലും ടോം ക്രൂസും റോബർട്ട് ഡി നീറോ പോലും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.”- തമാശയായി പൃഥ്വിരാജ് പറഞ്ഞു. “ഇല്ല, ഷാനു (ഫഹദ്) സിനിമയിലില്ല, ടോം ക്രൂസും ഇല്ല. എംപുരാന്റെ കാസ്റ്റിങ് തുടങ്ങിയപ്പോൾ നമുക്കൊരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. നമ്മൾ അനന്തമായി ചിന്തിക്കുമല്ലോ.

തുടക്കത്തിൽ, എനിക്ക് ചില വലിയ പേരുകൾ മനസ്സിൽ ഉണ്ടായിരുന്നു. അമേരിക്കൻ, ബ്രിട്ടീഷ്, ചൈനീസ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള പ്രശസ്തരായ അഭിനേതാക്കളുമായി ബന്ധപ്പെടാൻ എനിക്ക് കഴിഞ്ഞു,” പൃഥ്വിരാജ് പറഞ്ഞു.

“ഞാന്‍ ബന്ധപ്പെട്ട 10 ല്‍ ഒമ്പത് പേരുമായി എനിക്ക് സൂം കോളിലെങ്കിലും സംസാരിക്കാനായി. എന്നെ ഞെട്ടിച്ചു കാണ്ട് ഒരു ഇന്ത്യന്‍ സിനിമയില്‍ സഹകരിക്കാനുള്ള അവരുടെ താത്പര്യം അവര്‍ അറിയിച്ചു.‌ അവിടെയാണ് ഏജന്റുമാര്‍ എത്തുന്നത്. അവരുടെ ജോലി ആക്ടേഴ്‌സിന് മാക്സിമം പണം വാങ്ങിച്ചു കൊടുക്കുക എന്നതാണ്.

എന്നാല്‍ നമ്മളെ പോലുള്ള മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ അത്രയും വലിയ തുക ചെലവഴിക്കുക എളുപ്പമല്ല. ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം”. – പൃഥ്വിരാജ് വ്യക്തമാക്കി. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്ക് പുറമേ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിലുണ്ട്. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക.

‘അതെന്റെ പോക്കറ്റില്‍ നിന്ന് നല്‍കാം’; സുനിത വില്യംസിനും ബുച്ച് വില്‍മോറിനുമുള്ള ഓവര്‍ടൈം അലവന്‍സിനെക്കുറിച്ച് ട്രംപ്

‘അതെന്റെ പോക്കറ്റില്‍ നിന്ന് നല്‍കാം’; സുനിത വില്യംസിനും ബുച്ച് വില്‍മോറിനുമുള്ള ഓവര്‍ടൈം അലവന്‍സിനെക്കുറിച്ച് ട്രംപ്

വാഷിങ്ടണ്‍: അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ലഭിക്കേണ്ട അധിക തുക താന്‍ നല്‍കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് ദിവസത്തെ ബഹികാശയ ദൗത്യവുമായി പോയ സുനിത വില്യംസും ബുച്ച് വില്‍മോറും സാങ്കേതിക തകരാര്‍ മൂലം ഒന്‍പത് മാസമാണ് ബഹിരാകാശത്ത് കുടുങ്ങിയത്.

ബഹിരാകാശത്ത് ചെലവിട്ട അധിക ദിവസങ്ങളില്‍ ലഭിക്കേണ്ട ഓവര്‍ടൈം വേതനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ പ്രഖ്യാപനം. ഓരോ അധിക ദിവസങ്ങള്‍ക്കും വില്‍മോറിനും സുനിത വില്യംസിനും പ്രതിദിനം അഞ്ച് ഡോളര്‍ വീതമാണ് അധിക വേതനം ലഭിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറായിരുന്നു ട്രംപിന്റെ മുന്നില്‍ അവതരിപ്പിച്ചത്.

അങ്ങനെയെങ്കില്‍ ഇരുവര്‍ക്കും അധിക 287 ദിവസങ്ങള്‍ക്കായി 1430 ഡോളര്‍ അധികം ലഭിക്കുമെന്ന് കണക്കാക്കി പറഞ്ഞ ട്രംപ് ഈ പണം വേണമെങ്കില്‍ താന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കാം എന്നറിയിക്കുകയായിരുന്നു. ‘ഇത്രകുറച്ചാണോ ലഭിക്കുന്നത്, അതെനിക്ക് അറിയില്ലായിരുന്നു, ഈ തുക എന്റെ പോക്കറ്റില്‍ നിന്ന് നല്‍കും. അതുറപ്പായും അവർക്കായി വാങ്ങി നല്‍കും.’ ട്രംപ് പറഞ്ഞു.

അതേസമയം, ബഹിരാകാശ യാത്രികരെ ഭൂമിയില്‍ തിരികെ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ടെസ്ല, സ്പേസ് എക്സിന്റെ തലവനും യുഎസ് ഗവണ്‍മെന്റിലെ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോഗ്) മേധാവിയുമായ എലോണ്‍ മസ്‌കിനും ട്രംപ് നന്ദി പറഞ്ഞു. അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാനാകില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.

ബഹിരാകാശ ദൗത്യത്തിന് സുനിതയ്ക്കും വില്‍മോറിനും എത്രരൂപ പ്രതിഫലം ലഭിക്കുമെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ബഹിരാകാശ യാത്രികര്‍ക്ക്, ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ സ്റ്റാന്‍ഡേര്‍ഡ് ശമ്പളം മാത്രമാണ് ലഭിക്കുക എന്നതായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇത് പ്രകാരം

നാസയില്‍ ശമ്പള സ്‌കെയിലില്‍ ഉയര്‍ന്ന റാങ്കായ ജി എസ്-15 ലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടുന്നത്. ഇവരുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 125,133 മുതല്‍ 162,672 യുഎസ് ഡോളര്‍ (ഏകദേശം 1.08 കോടി മുതല്‍ 1.41 കോടി രൂപ) വരെയാണ്. രണ്ടുപേരുടെയും ശരാശരി ശമ്പളം 93,850 യുഎസ് ഡോളര്‍ മുതല്‍ 122,004 യുഎസ് ഡോളര്‍ (ഏകദേശം 81 ലക്ഷം മുതല്‍ 1.05 കോടി രൂപ വരെ) ആണ്. 1,148 യുഎസ് ഡോളര്‍ യാത്രാബത്ത കൂടി ചേര്‍ത്താല്‍, അവരുടെ മൊത്തം വരുമാനം 94,998 യുഎസ് ഡോളറിനും 123,152 യുഎസ് ഡോളറിനും (ഏകദേശം 82 ലക്ഷം മുതല്‍ 1.06 കോടി രൂപ വരെ ) ഇടയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശ്ശൂര്‍: പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ലിഷോയ് ആണ് അറസ്റ്റിലായത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെയാണ് മുഖ്യ പ്രതി ലിഷോയിയെ കുന്നംകുളം പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

പെരുമ്പിലാവ് ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവര്‍ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഘര്‍ഷത്തില്‍ ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ലിഷോയ്, ബാദുഷ എന്നിവരാണ് അക്ഷയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നിഖിലിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളാണ് പിടിയിലായ ആകാശ്.

കൊല്ലപ്പെട്ട അക്ഷയ്, ലിഷോയ്, ബാദുഷ എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി കച്ചവടവുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ് മൂന്നുപേരും. ഇതിനിടെ അക്ഷയ് ഗാങ്ങ് മാറിയോ എന്ന സംശയം തര്‍ക്കത്തിനും കൊലപാതത്തിലും കലാശിക്കുകയായിരുന്നു. കടവല്ലൂര്‍ സ്വദേശിയായ അക്ഷയ് മരത്തംകോട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭാര്യയോടൊപ്പം അക്ഷയ് ലിഷോയിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയിനെ ആക്രമിക്കുന്നത് കണ്ട ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു; അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു; അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇപ്പോള്‍ പ്ലസ്ടുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. തുടര്‍ന്നും പലവട്ടം അതിക്രമത്തിന് ഇരയാക്കിയെന്നും കേസില്‍ പറയുന്നു.

വസ്തുതകള്‍ ശരിയാണെങ്കില്‍ പ്രതി അഭിഭാഷകവൃത്തിയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിക്ടിം റൈറ്റ്‌സ് സെന്റര്‍ പ്രോജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ട്, കേസ് ഡയറി, കൗണ്‍സിലിങ് റിപ്പോര്‍ട്ട് എന്നിവയെ പരിഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി നടപടി.

ആറന്‍മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ഹര്‍ജിക്കാരന്‍. വേര്‍പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മകളാണ് അക്രമത്തിനിരയായത്. ബന്ധുവായ സ്ത്രീയുടെ സുഹൃത്താണ് അഭിഭാഷകന്‍. കുട്ടിക്ക് ഹര്‍ജിക്കാരനെ അറിയാമായിരുന്നു.

2002ല്‍ ഹോട്ടലില്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയാണ് ആദ്യം ബലാത്സംഗം ചെയ്തത്. ബന്ധുവായ സ്ത്രീയുടെ സാന്നിധ്യത്തിലാണ് മദ്യം കഴിപ്പിച്ചത്. വലിയ ശാരീരിക ബുദ്ധിമുട്ടാണ് കുട്ടി അന്ന് അനുഭവിച്ചത്. കുട്ടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും ഹര്‍ജിക്കാരന്റെ പക്കലുണ്ടെന്ന് ബന്ധുവായ സ്ത്രീ കുട്ടിയോട് പറഞ്ഞു. കെട്ടിച്ചമച്ച കേസാണെന്നും പണത്തിന് വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഓരാണ്‍കുട്ടിക്കെതിരെ ഇത്തരം പരാതി പെണ്‍കുട്ടി ഉന്നയിച്ചിരുന്നെന്നും പിന്നീട് ഒത്തുതീര്‍പ്പാക്കിയെന്നും വിശദീകരിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍ജിക്കാരുടേയും മറ്റുള്ളവരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആണ്‍കുട്ടിക്കെതിരെ മൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി പെണ്‍കുട്ടി മൊഴി നല്‍കിയതായി വിട്കിം റൈറ്റ്‌സ് സെന്റര്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി എ മേനോന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി നിറകണ്ണുകളോടെ മാത്രമേ വായിക്കാനാകൂ എന്ന് കോടതി പറഞ്ഞു.

‘കെ റെയില്‍ ഒരിക്കലും വരില്ല, ഉപേക്ഷിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ബദല്‍ പദ്ധതി കേന്ദ്രവുമായി ചര്‍ച്ച ചെയ്യാം’

‘കെ റെയില്‍ ഒരിക്കലും വരില്ല, ഉപേക്ഷിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ബദല്‍ പദ്ധതി കേന്ദ്രവുമായി ചര്‍ച്ച ചെയ്യാം’

പാലക്കാട്: കെ റെയില്‍ പദ്ധതി വരില്ലെന്നും അതിനായി കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ലെന്നും മെട്രോമാനും ബിജെപി നേതാവുമായ ഇ ശ്രീധരന്‍. കെ റെയില്‍ ഉപേക്ഷിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ കേന്ദ്രവുമായി ബദല്‍ പദ്ധതിക്ക് ബന്ധപ്പെട്ട് സംസാരിക്കാന്‍ തയ്യാറാണെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ബദല്‍ പദ്ധതിക്കായുള്ള പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമായി. മുഖ്യമന്ത്രിയുമായി ആ പ്രൊപ്പോസല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. അത് നടപ്പില്‍ വരുത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍.കെ റെയിലിനെക്കാള്‍ വളരെ ഉപകാരമുള്ള പദ്ധതിയാണ് പുതിയത്. ബദല്‍ പദ്ധതി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവ്. 320 രൂപയാണ് കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയാണ്.

സംസ്ഥാനത്ത് വില 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ ഇടിവ് നേരിടുന്നത്. ഈ വാരത്തിന്റെ തുടക്കത്തില്‍ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.