മണപ്പുറം ഫിനാന്‍സിന്റെ ഭൂരിഭാഗം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയിലേക്ക്; 4,385 കോടി രൂപയുടെ ഇടപാട്

മണപ്പുറം ഫിനാന്‍സിന്റെ ഭൂരിഭാഗം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയിലേക്ക്; 4,385 കോടി രൂപയുടെ ഇടപാട്

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്പനിയുമായ മണപ്പുറം ഫിനാന്‍സില്‍ ഓഹരി നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കന്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാന്‍സുമായി അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിന്‍ ക്യാപിറ്റല്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ അനുസരിച്ച് മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിന്‍ ക്യാപിറ്റലിന് കൈമാറുക. ഇതുവഴി 4,385 കോടി രൂപയുടെ ഇടപാടാണ് നടക്കുക.

ഈ കരാറിന്റെ തുടര്‍ച്ചയായി പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തി 26 ശതമാനം ഓഹരികള്‍ കൂടി അധികമായി വാങ്ങാനും ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ച വാഗ്ദാനം ഓപ്പണ്‍ ഓഫറിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.അമേരിക്കന്‍ കമ്പനിയെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി.

44,210 കോടി രൂപയുടെ വായ്പ ബിസിനസ് ആണ് മണപ്പുറം കൈകാര്യം ചെയ്യുന്നത്. അനുബന്ധ സ്ഥാപനമായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXV, ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXIV എന്നിവ വഴിയാണ് ബെയിന്‍ ക്യാപിറ്റല്‍ ഏഷ്യ ഓഹരികള്‍ വാങ്ങുക. മുന്‍ഗണന ഓഹരികള്‍ അനുവദിക്കുന്നതോടെ, ബോര്‍ഡില്‍ ഒരു അംഗത്തെ നിയമിക്കാനുള്ള അവകാശം ബെയിനിന് ലഭിക്കും.

ഓഹരി ഒന്നിന് 236 രൂപ എന്ന നിലയിലാണ് ഓഹരി കൈമാറ്റം നടക്കുക. ആറ് മാസത്തെ ശരാശരി ട്രേഡിങ് വിലയേക്കാള്‍ 30 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ കൈമാറാനാണ് ധാരണയായത്. ഇതിന് പുറമേയാണ് മൂലധന അടിത്തറ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് 26 ശതമാനം അധിക ഓഹരികള്‍ വാങ്ങാമെന്ന വാഗ്ദാനം ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ചത്. ഇത് ഓപ്പണ്‍ ഓഫറിലേക്ക് നയിക്കും.ഓപ്പണ്‍ ഓഫര്‍ വില ഒരു ഓഹരിക്ക് 236 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനികളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഓപ്പണ്‍ ഓഫര്‍ സബ്സ്‌ക്രിപ്ഷന്‍ കൂടി നടപ്പിലാകുന്നതോടെ, ബെയിനിന്റെ ഓഹരി പങ്കാളിത്തം 18 ശതമാനം മുതല്‍ 41.7% എന്ന തലത്തില്‍ വ്യത്യാസപ്പെടും. നിക്ഷേപത്തിനുശേഷം നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 28.9 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.

75 വര്‍ഷം പഴക്കമുള്ള മണപ്പുറത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് ഇത് കരുത്തുപകരുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുക, നേതൃത്വം ശക്തിപ്പെടുത്തുക, പ്രധാന വിഭാഗങ്ങളിലുടനീളം സാന്നിധ്യം വികസിപ്പിക്കുക എന്നിവയിലൂടെ മാറ്റം കൊണ്ടുവരാനാണ് നിക്ഷേപത്തിന്റെ ലക്ഷ്യമെന്ന് ബെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

1949-ല്‍ സ്ഥാപിതമായ മണപ്പുറം ഫിനാന്‍സ്, 28 സംസ്ഥാനങ്ങളിലായി 5,357 ശാഖകളിലൂടെ 66 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സ്വര്‍ണ്ണ വായ്പ വിഭാഗത്തിലെ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമാണ്. 50,800 പേര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മണപ്പുറം മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാര്‍ പറഞ്ഞു.

‘താടി വടിച്ചില്ല, ഷര്‍ട്ടിന്‍റെ ബട്ടനിട്ടില്ല’; പരീക്ഷയെഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് സീനിയേഴ്സ്, നാല് പേർക്കെതിരെ കേസ്

‘താടി വടിച്ചില്ല, ഷര്‍ട്ടിന്‍റെ ബട്ടനിട്ടില്ല’; പരീക്ഷയെഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് സീനിയേഴ്സ്, നാല് പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം പേരോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ചയോടെയാണ് സംഭവം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താടി വടിച്ചില്ല, ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല തുടങ്ങിയ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം.

മർദനത്തിൽ ജൂനിയര്‍ വിദ്യാർഥിയുടെ ചെവിയുടെ കർണപുടത്തിനടക്കം ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മര്‍ദനത്തിനും തടഞ്ഞു വെച്ചതിനുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. സ്കൂള്‍ അധികൃതരുടെ റിപ്പോര്‍ട്ട കൂടി ലഭിച്ച ശേഷം റാഗിങ് വകുപ്പുകളും ചുമത്തും.

പരീക്ഷയെഴുതാൻ വേണ്ടി സ്കൂളിലെത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥി. താടിവടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടണിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ ചോദ്യം ചെയ്തു. പിന്നീട് ഇത് വാക്കുതർക്കത്തിലെത്തുന്നു. കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച് ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കൈക്കൂലി; 700 സര്‍ക്കാര്‍ ജീവനക്കാര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍

കൈക്കൂലി; 700 സര്‍ക്കാര്‍ ജീവനക്കാര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരെന്ന് സംശയിക്കുന്ന എഴുന്നൂറോളം പേര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍. ഇതില്‍ ഇരുന്നൂറ് ആളുകളുടെ പട്ടിക തയ്യാറാക്കിയതായും ഉയര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പട്ടികയിലെ ഉദ്യോഗസ്ഥരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമല്ല.

നേരത്തെ ഈ എഴുന്നൂറ് പേരില്‍ ഇരുന്നൂറ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും അവര്‍ കേസില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. ശേഷിക്കുന്ന അഞ്ഞൂറ് പേര്‍ക്കെതിരെ അത്തരത്തില്‍ അന്വേഷണമൊന്നും മുന്‍പ് ഉണ്ടായിട്ടില്ല. പക്ഷെ നിലവില്‍ ഇവര്‍ക്കെതിരെ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതായാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഭൂരിഭാഗം പേരും റവന്യൂ, തദ്ദേശ സ്വയംഭരണം, വാട്ടര്‍ അതോറിറ്റി, പൊലീസ് വകുപ്പുകളില്‍ നിന്നുള്ളവരാണ്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ 23 പേരെ വിജിലന്‍സ്് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 39 പേരായിരുന്നു. ഇത്തവണ അറസ്റ്റിലായവരില്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്.

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി; 26 ലക്ഷം പേർക്ക് ലഭിക്കും

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി; 26 ലക്ഷം പേർക്ക് ലഭിക്കും

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാർത്ഥികൾക്കാണ് അരി ലഭിക്കുക. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സ്കൂൾ അവധിക്കാലത്തിനു മുന്നോടിയായാണ് വിദ്യാർഥികൾക്ക് അരി വിതരണം ചെയ്യുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്‌. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈകോ സ്ക്കൂ‌ളുകളിൽ നേരിട്ട് എത്തിച്ച് നൽകും.

‘അനുമതി തേടിയതാണോ നിങ്ങളുടെ പ്രശ്നം?, ഇത് വളരെ കഷ്ടമാണ്’; മാധ്യമങ്ങളോട് ക്ഷുഭിതയായി വീണ ജോര്‍ജ്

‘അനുമതി തേടിയതാണോ നിങ്ങളുടെ പ്രശ്നം?, ഇത് വളരെ കഷ്ടമാണ്’; മാധ്യമങ്ങളോട് ക്ഷുഭിതയായി വീണ ജോര്‍ജ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും ക്രൂശിക്കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഢയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെന്നതും അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞ സാഹചര്യവും സത്യമാണ്. എന്നാല്‍ അനുമതി തേടിയത് കുറ്റകരമാണെന്നും അതില്‍ പ്രശ്‌നമുണ്ടെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് വളരെ മോശമാണെന്ന് മന്ത്രി പറഞ്ഞു. ക്ഷോഭത്തോടെയായിരുന്നു മാധ്യമങ്ങളോട് മന്ത്രിയുടെ പ്രതികരണം.

രണ്ട് ലക്ഷ്യങ്ങളോടെയാണ് ഡല്‍ഹിയില്‍ പോയത്. ക്യൂബൻ സംഘവുമായുള്ള ചര്‍ച്ചയും കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയെന്നതും. ആശ വര്‍ക്കര്‍മാരുടെ സമരം അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. തലേന്നാണ് അവര്‍ നിരാഹാര സമരത്തിലേക്ക് കടന്നത്. അതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെയും കാണണമെന്ന് തീരുമാനിച്ചത്.

അതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ അദ്ദേഹം പാര്‍ലമെന്‍റില്‍ തിരക്കായതിനാല്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹം സമയം അനുവദിക്കുമ്പോള്‍ വീണ്ടും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ ഇതിന്‍റെ പേരില്‍ ചില മാധ്യമങ്ങള്‍ തങ്ങളെ മോശമാക്കുന്നുവെന്നും നുണ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുന്നത്. ആറ് മാസം മുമ്പ് കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ ആശമാരുടെ വിഷയങ്ങൾ ചർച്ച ചെയ്തതിനെ കുറിച്ച് പറയുന്നത് യൂട്യൂബിൽ ഉണെന്നും മന്ത്രി പറഞ്ഞു.

‘ആശ’മാരുടെ നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; കേന്ദ്രത്തിനെതിരെ ഇന്ന് സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം

‘ആശ’മാരുടെ നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; കേന്ദ്രത്തിനെതിരെ ഇന്ന് സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം ഇന്ന്. ആശ വര്‍ക്കേഴ്‌സ് ആന്റ് ഫെസിലിറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതതൃത്വത്തിലാണ് പ്രക്ഷോഭം. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ആശ വര്‍ക്കര്‍മാരെയും ഫെസിലിറ്റേറ്റര്‍മാരെയും തൊഴിലാളികളായി അംഗീകരിക്കുക, ഇന്‍സെന്റീവ് അധിഷ്ഠിത വേതന ഘടനയ്ക്ക് പകരം പ്രതിമാസം 26,000 രൂപ മിനിമം വേതനം നല്‍കുക, കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആരോഗ്യമിഷനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, കുടിശ്ശികയായ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് നിവേദനവും കൈമാറും. പ്രതിഷേധപരിപാടികളില്‍ എല്ലാ ആശമാരും പങ്കെടുക്കണമെന്ന് എഡബ്ല്യുഎഫ്എഫ്‌ഐ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ആശാ പദ്ധതിയുടെ 20-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 12 ന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ ഭാവി പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സിഐടിയു അറിയിച്ചു.

അതേസമയം, ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. എം എ ബിന്ദു, കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഇന്ന് നാല്‍പതാം ദിവസമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം, ആശാ പ്രവര്‍ത്തകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ കാണാതെ കേരളത്തില്‍ തിരിച്ചെത്തി.