ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം

ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം

കിളിമാനൂർ: ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം. പല ഘട്ടങ്ങളിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും ഒന്നും ഇനിയും യാഥാർഥ്യമായില്ല. ജില്ലാപ്പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെള്ളക്കെട്ടൊഴിവാക്കാൻ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയതാണ് ഒടുവിൽ നടന്ന നവീകരണം. ഇതിനൊപ്പം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗാലറി, നടപ്പാത എന്നിവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി.

നിലവിൽ വരണ്ട നിലയിലാണെങ്കിലും വേനൽമഴ പെയ്യുന്നതോടെ സ്റ്റേഡിയം വെള്ളക്കെട്ടാവും. വേനലിലെ ഏതാനും മാസങ്ങളിൽ മാത്രമാണ് ഈ കളിക്കളം ഉപയോഗിക്കാൻ കഴിയുന്നത്. മഴ പെയ്യുന്ന സമയങ്ങളിലെല്ലാം വെള്ളക്കെട്ടും നല്ല മഴക്കാലമാവുമ്പോൾ ചെളിയും നിറയും. പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നിർമാണങ്ങൾക്കായി നീക്കംചെയ്യുന്ന മണ്ണുകൊണ്ടിട്ടാണ് പ്രതലം ഉയർത്തിയത്. ഇതു ശരിയായി നിരപ്പാക്കാത്തതിനാൽ കുണ്ടും കുഴികളുമാണ്. കൊണ്ടിട്ട മണ്ണ് കൂട്ടിയിട്ടനിലയിൽ വശങ്ങളിൽ പലയിടത്തായി കിടപ്പുണ്ട്.

പോങ്ങനാട് ഗവ. യുപി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ കുട്ടികൾക്ക് മതിയായ സൗകര്യങ്ങളുള്ള കളിസ്ഥലമായി ഈ സ്റ്റേഡിയമാണ് നിർദേശിക്കപ്പെട്ടിരുന്നത്. സ്കൂൾ പ്രവർത്തനമാരംഭിച്ച് പതിറ്റാണ്ടു പിന്നിട്ടു. പുതിയ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ വരുകയും ചെയ്തു. കളിസ്ഥലം മാത്രം ഇതുവരെ നവീകരിക്കപ്പെട്ടില്ല. സ്കൂളിൽ കവാടം, കളിസ്ഥലം ഉൾപ്പെടെ നിർമിക്കാൻ ജില്ലാപ്പഞ്ചായത്ത് ഫണ്ട് അനുവദിച്ചതിൽ കുറച്ചു തുക ചെലവിട്ട് വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു.

നിർമാണം പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലാത്തതിനാൽ ബാക്കി തുക സ്കൂളിൽ ശൗചാലയമടക്കം നിർമിക്കുന്നതിനാണ് ചെലവിട്ടത്. പോങ്ങനാട് ജങ്ഷനോടുചേർന്ന് ഉണ്ടായിരുന്ന വലിയ കുളം പായലും മാലിന്യങ്ങളും മൂടി ഉപയോഗശൂന്യമായതോടെയാണ് നികത്തി കളിസ്ഥലമുണ്ടാക്കാൻ 35 വർഷം മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. താഴ്ന്ന സ്ഥലമായതിനാൽ തുടക്കംമുതൽ വെള്ളക്കെട്ട് വെല്ലുവിളിയായിരുന്നു.

എന്നാൽ കളിസ്ഥലത്തിനായി നികത്തിയ കുളം ഉപയോഗപ്രദമാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനോ, സ്റ്റേഡിയമെന്ന നിലയിൽ മതിയായ സൗകര്യങ്ങളൊരുക്കി നവീകരിക്കാനോ നടപടിയുണ്ടായില്ല. ബ്ലോക്ക് പഞ്ചായത്ത് നവീകരണത്തിന് ഫണ്ട് അനുവദിച്ച് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറെടുക്കാൻ ആരുമുണ്ടായില്ല. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായനിലയിൽ സ്റ്റേഡിയം നവീകരിക്കാൻ പര്യാപ്തമായ തുക ഇനി ആര്‌ അനുവദിച്ചുനൽകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തം; അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് കണ്ടത് നോട്ടു കെട്ടുകള്‍, നടപടിക്കു ശുപാര്‍ശ

ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തം; അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് കണ്ടത് നോട്ടു കെട്ടുകള്‍, നടപടിക്കു ശുപാര്‍ശ

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അ​ഗ്നിബാധ ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.

വീട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടിത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ്, ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് കണ്ടെത്തി.

പൊലീസുകാര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യമായ ചീഫ് ജസ്റ്റിസ് ഉടന്‍ തന്നെ സുപ്രീംകോടതി കൊളീജിയം യോഗം വിളിച്ചുചേര്‍ത്തു. കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളും ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ കൊളീജിയം തീരുമാനിച്ചതായാണ് സൂചന. നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും, ജസ്റ്റിസ് യശ്വന്ത് വര്‍മ്മയില്‍നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തില്‍ അംഗവുമാണ്.

മാലിന്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

മാലിന്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

മുടപുരം:-ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ 2025-26 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ്.ഫിറോസ് ലാൽ അവതരിപ്പിച്ചു. 59,37,89519 രൂപ വരവും, 58,79,92134 രൂപ ചെലവും, 57,97,385 രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.

കാർഷിക മേഖലയ്ക്ക് 36 ലക്ഷവും, മൃഗസംരക്ഷണവും ക്ഷീര വികസനവും മേഖലയിൽ 36 ലക്ഷത്തി അമ്പതിനായിരം രൂപയും, നൈപുണ്യ പരിശീലനത്തിന് 5,68,334രൂപയും, പ്രകൃതി സംരക്ഷണത്തിന് 34,93500 രൂപയും, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തികൾക്ക് 1,25,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പി എം എ വൈ, ആവാസ് പ്ലസ്, ലൈഫ് ഭവന പദ്ധതി, ഭിന്നശേഷിക്കാർ, വയോജനങ്ങൾ കുട്ടികൾ എന്നീ മേഖലയ്ക്കായി 13,88,53,144 രൂപയും പശ്ചാത്തല മേഖലയിൽ വിവിധ മാർക്കറ്റുകൾ, കുളം നവീകരണം, റോഡ് റീ ടാറിങ്, അംഗണവാടി കെട്ടിടം എന്നിവയ്ക്കായി 1,86,43,500രൂപയും, എംജി എൻ ആർ ഇ ജി എസ് പദ്ധതിക്ക്42,78,98,000 രൂപയുടെ ലേബർ ബഡ്ജറ്റ് തുകയും വകയിരുത്തിയിട്ടുണ്ട്.

മാലിന്യമുക്തം നവകേരളം, കേരള സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് മുടപുരം,, തൊപ്പി ചന്തഎന്നീ മാർക്കറ്റുകളുടെ നവീകരണം, പൊതു കിണർ ശുചീകരണം, കുളം നവീകരണം, എന്നീ പദ്ധതികൾക്കും തുക മാറ്റി വച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ വി ലൈജു, ആർ രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, പി മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ എ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, പി കരുണാകരൻ നായർ, ആർ പി നന്ദുരാജ്, ജി ശ്രീകല, രാധികാ പ്രദീപ്, പി അജിത, ജയ ശ്രീരാമൻ, ബിഡിഒ സ്റ്റാർലി ഒ എസ് എന്നിവർ പങ്കെടുത്തു

വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ല, ‘സാർത്ഥകം 2015’- യാത്രയയപ്പ് സംഗമം നടത്തി

വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ല, ‘സാർത്ഥകം 2015’- യാത്രയയപ്പ് സംഗമം നടത്തി

ആറ്റിങ്ങൽ: വിദ്യാരംഗം കലാസാഹിത്യ വേദി, ആറ്റിങ്ങൽ ഉപജില്ലയുടെ നേതൃത്വത്തിൽ കായിക്കര കുമാരനാശാൻ സ്മാരകത്തിൽ വച്ച് സാർത്ഥകം 2025 എന്ന പേരില്‍ യാത്രയയപ്പ് സംഗമം നടത്തി. പത്തിലധികം വർഷങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറായും തിരുവനന്തപുരം ജില്ലാകൺവീനറായും പ്രവർത്തിച്ചിരുന്ന, ആറ്റിങ്ങൽ ഉപവിദ്യാഭ്യാസജില്ലാ ഓഫീസറായി ഈ വർഷം വിരമിക്കുന്ന പി സജി, ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ദിനേഷ് കെ, വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷീബ എസ് ജെയിംസ് എന്നിവർക്കാണ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചത്.

യാത്രയയപ്പ് സംഗമത്തിന് വിദ്യാരംഗം ജോയിന്റ് കൺവീനർ കുമാരി ഷിലു ആര്‍ അധ്യക്ഷത വഹിച്ചു. സുജാദേവി എ എസ് പ്രാർത്ഥന ചൊല്ലി. വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ കോ-ഓർ‍ഡിനേറ്റര്‍ ഷാജി എ സംഗമത്തിന് സ്വാഗതം പറഞ്ഞു.

സാര്‍ത്ഥകം 2025 പരിപാടി, ആറ്റിങ്ങൽ ഗവ.മോഡല്‍ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ പ്രഥമാധ്യാപകൻ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ഈ വർഷം ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന മൂന്നുപേർക്കും സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് വിദ്യാരംഗത്തിന്റെ മുൻ ഉപജില്ലാ കൺവീനർ സുജ കെ, വിദ്യാരംഗത്തിന്റെ ഉപജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സജിത്ത് വി പി, അനീഷ എസ് ഇ, രാജി ആർ എസ്, ശാരിക എസ്, വിനു വി എസ്, ഷീജു ബി. ജി, രമ്യ ആര്‍ നായര്‍, റിന്‍ബിള്‍സ് ആര്‍ എസ് ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍മാരായ – സര്‍വ്വശ്രീ ദിനേഷ് കുമാർ കെ, ശ്രീലേഖ പ്രസാദ്, ഹിമ. ജി,ശാരിക പി എ, സജ എസ്, സുനിത എസ്.ഒ, ബിസ്മി എല്‍ എസ്, ഷൈനി ഒ.എം, അരുണ്‍ദാസ് എ എസ്, സുമി ബി.എസ്, ത്വയ്യിബ് മുഹമ്മദ് എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നെല്ലനാട് സ്കൂളിലെ സുജാദേവി എ എസ് ആശംസാഗീതം എഴുതി അവതരിപ്പിച്ചു. രശ്മി ഗോപാലകൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം; കേന്ദ്രം വർധിപ്പിച്ചാൽ കേരളവും കൂട്ടും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും കേന്ദ്രം ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചാൽ ഓണറേറിയം വർധിപ്പിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിൽ പറഞ്ഞു. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന പദ്ധതിയാണ്.

ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചത്. ആശാ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ ആർജെഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സിപിഐ നേതാക്കളും ആർജെഡിയെ പിന്തുണച്ചു. സമരം തീർക്കുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി മറുപടി നല്‍കി.

ആശ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധി, പിടിവാശിയാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണമെന്ന് മന്ത്രി എംബി രാജേഷ്

സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധി, പിടിവാശിയാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മന്ത്രി എം ബി രാജേഷ്. സമരക്കാരുടെ പിടിവാശിയാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണം. സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതിപക്ഷം ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 2023 ഡിസംബറില്‍ 7000 രൂപയായി വര്‍ധിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന പതിനായിരം രൂപയില്‍ 8,200 രൂപയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ബാക്കി തുകയില്‍ കേന്ദ്രം കുടിശ്ശിക വരുത്തുകയാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നത്.

ആശ വര്‍ക്കര്‍മാരുടെ തൊഴില്‍ഘടന പരിഷ്‌കരിക്കണമെന്നത് അടക്കമുള്ള സിഐടിയു-ഐഎന്‍ടിയുസി-എസ്ടിയു- എഐടിയുസി തുടങ്ങിയ എല്ലാ തൊഴിലാളിയൂണിയനുകളും ഉന്നയിക്കുന്ന നിലപാടിനൊപ്പമാണ് കേരളസര്‍ക്കാരും നിലകൊള്ളുന്നത്. ആശമാരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സായി അംഗീകരിക്കണം. 2013 ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഏകകണ്ഠമായി ആശ പ്രവര്‍ത്തകരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സായി അംഗീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നതാണ്. അങ്ങനെയെങ്കില്‍ വോളണ്ടിയേഴ്‌സ് എന്ന നിലയിലല്ലാതെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചേനെ.

മോദി സര്‍ക്കാര്‍ വന്ന ശേഷം ഒരു തവണ മാത്രമാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നടന്നത്. 2015 ല്‍ നടന്ന കോണ്‍ഫറന്‍സും ഏകകണ്ഠമായി ഈ ശുപാര്‍ശ മുന്നോട്ടുവെച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളും ഇവരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കൂട്ടിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ കഴിഞ്ഞ ദിവസവും ഇന്‍സെന്റീവ് കൂട്ടുന്നതിനെക്കുറിച്ച് ഒരു ഉറപ്പും നല്‍കാന്‍ കൂട്ടാക്കിയിട്ടില്ല. ആദ്യം കൂട്ടുമെന്ന പറഞ്ഞ അദ്ദേഹം, പിന്നീട് ഇപ്പോള്‍ വര്‍ധിപ്പിക്കേണ്ട കാര്യമില്ലെന്നും ഭാവിയില്‍ ആലോചിക്കാമെന്നുമാണ് പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് 1800 രൂപ മാത്രമാണ്. ആ 1800 രൂപയില്‍ ഒരു പൈസ വര്‍ധിപ്പിക്കാന്‍ തയ്യാറല്ലാത്ത കേന്ദ്രത്തിനെതിരെ ഒരു പ്രതിഷേധവും ഈ സമരത്തില്‍ ഇല്ല എന്നത് ആലോചിക്കേണ്ടതാണ്. അതുകൊണ്ടാണ് എല്ലാ യൂണിയനുകളും സമരത്തിന് ഒപ്പം നില്‍ക്കാത്തത്. നേരത്തെ ഓണറേറിയം ലഭിക്കണമെങ്കില്‍ 10 മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കണമായിരുന്നു. അതില്‍ മാറ്റം വരുത്തി ഈ മാസം 12 നാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതെന്നും മന്ത്രി രാജേഷ് നിയമസഭയില്‍ അറിയിച്ചു. ആശ വര്‍ക്കര്‍മാരുടെ ആവശ്യം ന്യായമാണെന്നും, സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതേച്ചൊല്ലി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു.