‘നമ്മള്‍ അറിയാത്തതെന്തോ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥയിലുണ്ട്’; മിഡ്‌നൈറ്റ് സര്‍പ്രൈസ്, എംപുരാന്‍ ട്രെയ്‌ലര്‍ ഔട്ട്

‘നമ്മള്‍ അറിയാത്തതെന്തോ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥയിലുണ്ട്’; മിഡ്‌നൈറ്റ് സര്‍പ്രൈസ്, എംപുരാന്‍ ട്രെയ്‌ലര്‍ ഔട്ട്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലര്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു.

മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാര്‍ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ആറ്റിങ്ങലിൽ മെഗാ തൊഴിൽ മേള മാർച്ച്‌ 22ന്

ആറ്റിങ്ങലിൽ മെഗാ തൊഴിൽ മേള മാർച്ച്‌ 22ന്

ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ, ആറ്റിങ്ങൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹകരണത്തോടെ 22/03/2025 ന് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐ ടി ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് മറ്റു ഉയർന്ന യോഗ്യത ഉള്ളവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാണ്.

ഒഴിവുകൾ

ഐടി, ഹെൽത്ത് കെയർ, ടെക്നികൽ, സർവീസ് മേഖല, ഓട്ടോമൊബൈൽ, അക്കൗണ്ടന്റ്, ഓഫീസ് – ഫെസിലിറ്റി മാനേജ്മെന്റ്, എഡ്യൂക്കേഷൻ, പ്രൊഡക്ഷൻ, മെക്കാനിക്, എഞ്ചിനീയർ, ടെക്നിഷ്യൻ, എക്‌സിക്യൂട്ടീവ്, ഐടി സ്പെഷ്യലിസ്റ്റ്, മാനേജർ, റീസെപ്റ്റിണിസ്‌റ്, ഫ്രന്റ് ഓഫീസ്, ബിസിനസ്സ് ഡെവലെപ്മെന്റ് എക്സിക്യൂട്ടീവ്, ടെലി കോളർ, ഐടിഐ ട്രെയ്‌ഡുകൾ

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും (Freshers) തൊഴിൽ മേളയിൽ പങ്കെടുക്കാം.

തീയതി: 22-03-2025 ശനിയാഴ്ച

സ്ഥലം: സൺ ഓഡിറ്റോറിയം, മൂന്നുമുക്ക്, ആറ്റിങ്ങൽ

റിപ്പോർട്ട് ചെയ്യേണ്ട സമയം: രാവിലെ 08.30

പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് നിർബന്ധമായും ഫിൽ ചെയ്തു സബ്‌മിറ്റ് ചെയ്യേണ്ടതാണ്.

https://forms.gle/KrAC3nj9g58bpmxj9
(ലിങ്ക് നേരിട്ട് ഓപ്പൺ ആകുന്നില്ലെങ്കിൽ കോപ്പി ചെയ്തു ഗൂഗിൾ സെർച്ചിൽ പേസ്റ്റ് ചെയ്തു ഓപ്പൺ ചെയ്യാൻ ശ്രമിക്കുക)

കൂടുതൽ വിവരങ്ങൾക്ക് -വിളിക്കുക:
വാട്‌സ്‌ആപ്പ്: 9946138176,8921941498

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. വ്യവസായിയായ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ശേഷിക്കുന്ന പ്രതികളെ വെറുതെ വിട്ടു.

മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്താവിക്കും. മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.

മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റിലാണ് നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവരുന്നത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. രഹസ്യ കൂട്ട് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ചങ്ങലയ്ക്കിട്ടും ക്രൂരമായി പീഡിപ്പിച്ചും ഷാബ ഷെരീഫിനെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു.

പ്രതിദിനം 16 അപകടങ്ങള്‍; കുട്ടി ഡ്രൈവര്‍മാര്‍ കഴിഞ്ഞവര്‍ഷം ഉണ്ടാക്കിയത് 11,890 വാഹനാപകടങ്ങള്‍

പ്രതിദിനം 16 അപകടങ്ങള്‍; കുട്ടി ഡ്രൈവര്‍മാര്‍ കഴിഞ്ഞവര്‍ഷം ഉണ്ടാക്കിയത് 11,890 വാഹനാപകടങ്ങള്‍

ഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ അപകടം സൃഷ്ടിക്കുന്നവരില്‍ പ്രായ പൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. 2023 -24 കാലത്ത് രാജ്യത്താകമാനം 11,890 വാഹനാപകടങ്ങള്‍ക്ക് പിന്നില്‍ പ്രായ പൂര്‍ത്തിയാകാത്തവരായിരുന്നു എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ പറയുന്നത്. നിയമം ലംഘിച്ച് കുട്ടികളില്‍ വാഹന ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റോഡ് അപകടങ്ങള്‍ക്ക് ഇടയാക്കിയ പ്രായപൂര്‍ത്തിയാകാത്തവരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്‌യ്ക്കുന്നത്.

സംസ്ഥാനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തമിഴ്‌നാടാണ് പട്ടികയില്‍ മുന്നില്‍. 2063 സംഭവങ്ങളാണ് തമിഴ്‌നാട്ടില്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശ് (1138), മഹാരാഷ്ട്ര (1067) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിയന്ത്രിച്ചത് മൂലം യുപിയില്‍ 935 റോഡപകടങ്ങളും ആന്ധ്ര പ്രദേശില്‍ 766 അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നില്‍ ഏഴാം സ്ഥാനമാണ് ഈ പട്ടികയില്‍ കേരളത്തിനുള്ളത്. 645 സംഭവങ്ങളാണ് ഇക്കാലയളവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി ഡ്രൈവര്‍മാര്‍ക്ക് എതിരായ നടപടിയില്‍ ബിഹാറാണ് മുന്നില്‍. 1316 സംഭവങ്ങളില്‍ പിഴ ചുമത്തിയതിലൂടെ 44.27 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ഈടാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വിശകലനം ചെയ്താല്‍ രാജ്യത്ത് കുട്ടി ഡ്രൈവര്‍മാര്‍ മൂലം ഒരു ദിവസം ശരാശരി 16 വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു എന്നാണ് വിലയിരുത്തല്‍. 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 19എ (കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍) പ്രകാരം, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍, പ്രതിയുടെ രക്ഷിതാവോ വാഹന ഉടമയ്ക്കും ഉത്തരവാദിത്തത്തില്‍ നിന്നും മാറി നില്‍ക്കാനാകില്ല. ഇത്തരം സംഭവങ്ങളില്‍ ഇവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അതനുസരിച്ച് നടപടിയെടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.

കടയില്‍ നിന്ന് വാങ്ങിയ കവറുകള്‍ തുറന്നപ്പോള്‍ ഞെട്ടി, ഉള്ളില്‍ കറന്‍സി; പണമെത്തിയ വഴി സിംപിള്‍

കടയില്‍ നിന്ന് വാങ്ങിയ കവറുകള്‍ തുറന്നപ്പോള്‍ ഞെട്ടി, ഉള്ളില്‍ കറന്‍സി; പണമെത്തിയ വഴി സിംപിള്‍

കാസര്‍കോട്: വാങ്ങിയത് വെറും കവറുകള്‍, അതിനുള്ളില്‍ പണം. കാസര്‍കോടുള്ള ബുക്ക് സ്‌റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങിയ സ്ത്രീ അതിനുള്ളില്‍ കറന്‍സി കണ്ട് അമ്പരന്നു. അന്‍പത് കവറുകളില്‍ 24 എണ്ണത്തിലും പത്ത് രൂപയുടെ പുത്തന്‍ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അമ്പരപ്പ് മാറും മുന്‍പ് അവര്‍ കവര്‍ വാങ്ങിയ കടക്കാരനെ സമീപിച്ചു. കഥയറിഞ്ഞ് കടക്കാരനും അമ്പരന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആന്വേഷിച്ചു. ഇതോടെയാണ് കവറില്‍ പണം പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥ പുറത്തറിഞ്ഞത്.

ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വ്യക്തി ഇതേ ബുക്ക് സ്റ്റോറില്‍ നിന്നും 800 കവറുകള്‍ വാങ്ങിയിരുന്നു. അതില്‍ കുറച്ച് പിന്നീട് തിരികെ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ മടങ്ങിയത്തിയ കവറുകളായിരുന്നു പിന്നീട് വില്‍പന നടത്തിയത്. ഇത്തരത്തില്‍ മടങ്ങിയയെത്തിയ നൂറോളം കവറുകളിലായി 920 രൂപയോളം ഉണ്ടായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. തിരികെ ലഭിച്ചപ്പോള്‍ ഉള്ളില്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചില്ലെന്നും ഉടമ പറയുന്നു.

പണം കണ്ടെത്തിയ വിഷയം മുന്‍പ് കവര്‍ വാങ്ങിയ വ്യക്തിയെ അറിയിച്ച് ബുക്ക് സ്റ്റോര്‍ ഉടമ ലഭിച്ച പണം കൈമാറുകയും ചെയ്തു. വിശ്വാസപരമായ ഏതോ ചടങ്ങിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കവറുകളില്‍ പണം നിക്ഷേപിച്ചത് എന്നാണ് വിലയിരുത്തല്‍.

എന്നാല്‍, അനര്‍ഹമായത് സ്വന്തമാക്കാന്‍ മുതിരാതെ തങ്ങള്‍ക്ക് മുന്നിലെത്തിയ പണം തിരികെ നല്‍കി കടക്കാരനും സ്ത്രീയും മാതൃകയായപ്പോള്‍, കവര്‍ വാങ്ങി ഭാഗ്യം പരീക്ഷിക്കുകയാണ് മറ്റ് ചിലര്‍. കവര്‍ വാങ്ങിയവര്‍ക്ക് പണം ലഭിക്കുന്നു എന്ന വാര്‍ത്ത പടര്‍ന്നതോടെ കടയില്‍ കവറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതായും സ്റ്റോര്‍ ഉടമ പറയുന്നു.

‘കൂട്ടുകാരിക്ക് നല്‍കിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി’; 10, 12 വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായി; അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

‘കൂട്ടുകാരിക്ക് നല്‍കിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി’; 10, 12 വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായി; അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍. അയ്യമ്പുഴ സ്വദേശിയായ യുവാവാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. പന്ത്രണ്ടും പത്തും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിച്ചത്.

അമ്മയും രണ്ട് പെണ്‍കുട്ടികളും ഏറെ നാളായി കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മയുടെ സുഹൃത്താണ് പിടിയിലായ യുവാവ്. ലോറി ഡ്രൈവറായ ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വീട്ടില്‍ വരാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2023 മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ ഇയാള്‍ ശാരീരിക ചൂഷണത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി. തുടര്‍ന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടു വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.