ലോകത്ത് ആദ്യം; ലക്ഷ്യം കാര്‍ബണ്‍ മുക്തം; കൊച്ചി വിമാനത്താവളം പുതിയ ഉയരങ്ങളിലേക്ക്

ലോകത്ത് ആദ്യം; ലക്ഷ്യം കാര്‍ബണ്‍ മുക്തം; കൊച്ചി വിമാനത്താവളം പുതിയ ഉയരങ്ങളിലേക്ക്

കൊച്ചി: രാജ്യത്തെ കാര്‍ബണ്‍ നിയന്ത്രണ നടപടികളുടെ ചുവടുപിടിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ബിപിസിഎല്ലും അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസും ഒപ്പുവച്ചു. നഗരങ്ങള്‍ കേന്ദ്രീകരിച്ചു താഴ്ന്നു പറക്കുന്ന ചെറു വിമാന സര്‍വീസുകളുടെ സമൂലമായ മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരം വിമാനങ്ങള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കും. ഇതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി ഇല്ലാതെയാക്കാം. ചെറു വിമാനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനോടൊപ്പം എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുവഴി ഉണ്ടാകുന്ന ശബ്ദമലിനീകരണത്തിനും പരിഹാരമാകും. 2070ഓടുകൂടി രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുകയെന്ന (സീറോ കാര്‍ബണ്‍ എമിഷന്‍) ലക്ഷ്യത്തിന്റെ ഭാഗമായാണ് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തും ബിപിസിഎല്‍ തുടങ്ങാനുദ്ദേശിക്കുന്ന ഹൈഡ്രജന്‍ റിഫ്യുവല്‍ സ്റ്റേഷനുകള്‍ (എച്ച്ആര്‍എസ്) വഴി വിമാനങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമാക്കും. കൂടാതെ, ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടെ വികസനത്തിന് ആവിശ്യമായ ഗവേഷണവും നടത്തും. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസ് നല്‍കും.

ചെറുവിമാന സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള വ്യോമഗതാഗത മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനമാണ് ഗ്രീന്‍ ഹൈഡ്രജന്‍ വഴി സാധ്യമാകുകയെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജി കൃഷ്ണകുമാര്‍ പറഞ്ഞു. സുസ്ഥിര ഭാവിയിലേക്കുള്ള നൂതന ഊര്‍ജ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി, സംസ്ഥാന ഊര്‍ജ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ്, കേന്ദ്ര പുനരുപയോഗ ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി ബുപീന്ദര്‍ സിംഗ് ഭല്ല ഐഎഎസ്, സിജിഎം ഡോ. ഭരത് എല്‍ നെവാല്‍ക്കര്‍, അനെര്‍ട്ടിന്റെയും സിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

ആലുവ: ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതായി പൊലീസ് രക്ഷകര്‍ത്താക്കളെ അറിയിച്ചു. ആലുവ, തായ്‌ക്കോട്ട് സ്വദേശി അമീനെ കണാനില്ലെന്നാണ് കുടുംബം ആലുവ പൊലീസില്‍ പരാതി നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് കുട്ടി സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കിയത്.കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ രാത്രി വിളിച്ചെട്ട് ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കുടുംബം പറഞ്ഞു.

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

ഡൽഹി: കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്‌സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷൻ. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അപേക്ഷ: www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 10. അപേക്ഷയിൽ ആധാർ നമ്പർ നൽകണം. പരീക്ഷ 2025 ജൂണിൽ ആരംഭിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവർ തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിനു കീഴിലും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിനുകീഴിലുമാണ് ഉൾപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: കോഴിക്കോട് -0495 2383953, തിരുവനന്തപുരം: 0471 2356236

വനിതകൾക്കും അവസരം

കരസേനയിൽ വനിതകൾക്കായി നടത്തുന്ന അഗ്നിവീർ റിക്രൂട്ട്മെന്റിനും അപേക്ഷ ക്ഷണിച്ചു. വിമെൻ മിലിട്ടറി പൊലീസിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് സെലക്ഷൻ. ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റിക്രൂട്ട്മെന്റ് റാലിയുമുണ്ടാവും. 2025 ജൂണിൽ പരീക്ഷ ആരംഭിക്കും.

യോഗ്യത: പത്താംക്ലാസ് വിജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന. അപേക്ഷകർ അവിവാഹിതരായിരിക്കണം. കുട്ടികളില്ലാത്ത വിധവകൾക്കും വിവാഹമോചിതകൾക്കും അപേക്ഷിക്കാം. പ്രായം: 17-21 വയസ്സ്. അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. അവസാന തീയതി: ഏപ്രിൽ 10. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ൽ സോണൽ ഓഫീസ് തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സ്വന്തം വൈന്‍ ‘നിള’ അടുത്ത മാസം വിപണിയിലേക്ക്

കേരളത്തിന്റെ സ്വന്തം വൈന്‍ ‘നിള’ അടുത്ത മാസം വിപണിയിലേക്ക്

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല പഴങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം വൈന്‍ ബ്രാന്‍ഡ് ‘നിള’ അടുത്ത മാസത്തോടെ വിപണിയിലെത്തും. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകള്‍ക്ക് എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. പ്രീമിയം ഗുണനിലവാരത്തിലുള്ള വൈന്‍ കശുമാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം എന്നിവയില്‍ നിന്നുള്ളതാണ്.

കശുമാങ്ങ വൈനില്‍ ആല്‍ക്കഹോളിന്റെ അളവ് 14.5 ശതമാനമാണ്. പാളയം കോടന്‍ പഴത്തില്‍ നിന്നാണ് ബനാന വൈന്‍ ഉണ്ടാക്കുന്നത്. മൗറീഷ്യസ് ഇനത്തില്‍പ്പെട്ട പൈനാപ്പിളില്‍ നിന്നാണ് പൈനാപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. ഇതില്‍ രണ്ടിലും 12.5 ശതമാനമാണ് ആല്‍ക്കഹോള്‍.

ആല്‍ക്കഹോളിന്റെ അളവനുസരിച്ച് ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രമേ വൈന്‍ വില്‍പന നടത്താന്‍ കഴിയുകയുള്ളു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ വൈന്‍ ലഭ്യമാകും. 750 മില്ലി ലിറ്റര്‍ കുപ്പിയുടെ വില ആയിരത്തില്‍ താഴെയായിരിക്കും.

പ്രൊഡക്ഷന്‍ യൂണിറ്റ് ക്യാംപസിലാണ് സ്ഥിതി ചെയ്യുന്നത്. ഏഴ് തരം വൈനുകള്‍ ഇറക്കാനാണ് പദ്ധതിയെന്ന് വകുപ്പ് മേധാവി ഡോ.സജി ഗോമസ് പറഞ്ഞു. ചക്ക, തേങ്ങാവെള്ളം, ഞാവല്‍, ജാതിക്ക തൊണ്ട് എന്നിവയാല്‍ നിര്‍മിക്കുന്ന വൈന്‍ തുടര്‍ഘട്ടങ്ങളില്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഴപ്പഴവും പൈനാപ്പിളും പ്രാദേശിക കര്‍ഷകരില്‍ നിന്നും പാലക്കാട് മണ്ണാര്‍ക്കാടുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ നിന്നാണ് കശുമാങ്ങ വാങ്ങിയതെന്നും സജി ഗോമസ് പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം ഇന്നുമുതല്‍; കേന്ദ്രവുമായി ചര്‍ച്ചകള്‍ക്കായി മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിക്ക്

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം ഇന്നുമുതല്‍; കേന്ദ്രവുമായി ചര്‍ച്ചകള്‍ക്കായി മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാര്‍ മാര്‍ പ്രഖ്യാപിച്ച നിരാഹാര സമരം ഇന്നു മുതല്‍. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെയാണ് ആശ വര്‍ക്കര്‍മാര്‍മാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.

അതേസമയം ആശവര്‍ക്കര്‍മാരുടെ സമരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായു വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും. അവ്യക്തതയോ തര്‍ക്കമോ ഒന്നുമില്ലെന്നും, കേന്ദ്ര സ്‌കീം പ്രകാരമുള്ള പദ്ധതിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം കൂട്ടണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ദേശീയ ആരോ​ഗ്യമിഷൻ സംസ്ഥാന കോർഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനു പിന്നാലെയായിരുന്നു ആരോ​ഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്. സർക്കാർ ഖജനാവിൽ പണമില്ലെന്നും, യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കണ്ട് സമരത്തിൽ നിന്നും പിന്മാറണമെന്നും ആരോ​ഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി വീണാ ജോർജ് തങ്ങളുടെ ആവശ്യങ്ങൾ ഒന്നും കേൾക്കാൻ തയ്യാറായില്ലെന്നും, നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമാണ് നടത്തിയതെന്നും ആശ വർക്കാർമാർ കുറ്റപ്പെടുത്തി.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; മന്ത്രിസഭയുടെ നാലാം വാര്‍ഷിക പരിപാടികള്‍

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; മന്ത്രിസഭയുടെ നാലാം വാര്‍ഷിക പരിപാടികള്‍

തിരുവനന്തപുരം: മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാനതലം വരെ വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍കോട്് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രദര്‍ശന- വിപണന മേളകളുമുണ്ടാകും.

ജില്ലാതല യോഗങ്ങള്‍

ഏപ്രില്‍ 21 – കാസര്‍കോട്

ഏപ്രില്‍ 22 – വയനാട്

ഏപ്രില്‍ 24 – പത്തനംതിട്ട

ഏപ്രില്‍ 28 – ഇടുക്കി

ഏപ്രില്‍ 29 – കോട്ടയം

മെയ് 5 – പാലക്കാട്

മെയ് 6 – കൊല്ലം

മെയ് 7 – എറണാകുളം

മെയ് 12 – മലപ്പുറം

മെയ് 13 – കോഴിക്കോട്

മെയ് 14 – കണ്ണൂര്‍

മെയ് 19 – ആലപ്പുഴ

മെയ് 20 – തൃശ്ശൂര്‍

മെയ് 21 – തിരുവനന്തപുരം

ഇതിനുപുറമെ സംസ്ഥാന തലത്തില്‍ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുമായും എസ്‌സി/എസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായും സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊഫഷണലുകളുമായും ചര്‍ച്ച നടത്തും.

സംസ്ഥാനതല യോഗങ്ങള്‍

മെയ് 3 – യുവജനക്ഷേമം – കോഴിക്കോട്

മെയ് 4 – വനിതാവികസനം – എറണാകുളം

മെയ് 10 – സാംസ്‌കാരികം – തൃശൂര്‍

മെയ് 11 – ഉന്നതവിദ്യാഭ്യാസരംഗം – കോട്ടയം

മെയ് 17 – പ്രൊഫഷണലുകളുമായി ചര്‍ച്ച – തിരുവനന്തപുരം

മെയ് 18 – പട്ടികജാതി – പട്ടികവര്‍ഗ്ഗം – പാലക്കാട്

പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ചര്‍ച്ചകള്‍, കായിക മത്സരങ്ങള്‍ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികള്‍ക്ക് ജില്ലാതല സംഘാടക സമിതികള്‍ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍.

മേഖലാ അവലോകന യോഗങ്ങള്‍

ഭരണ നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. മെയ് മാസത്തില്‍ നാല് മേഖലകളിലാണ് യോഗം ചേരുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷന്‍മാരും ചേര്‍ന്ന് ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഭരണപരമോ, സാങ്കേതികമോ ആയ തടസ്സങ്ങള്‍ നേരിടുന്നുണ്ടങ്കില്‍ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കണ്ണൂര്‍ ജില്ലയിലും, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളുടെ യോഗം പാലക്കാടും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം കോട്ടയം ജില്ലയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം തിരുവനന്തപുരം ജില്ലയിലും നടത്തും.

2023 ലെ അവലോകന യോഗത്തില്‍ പരിഗണിച്ചവയില്‍ ഇനിയും പൂര്‍ണ്ണമായും പരിഹരിക്കാത്ത വിഷയങ്ങളും മുഖ്യമന്ത്രി എംഎല്‍എമാരുമായി നടത്തിയ യോഗത്തില്‍ എംഎല്‍എമാര്‍ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍, നവകേരള സദസ്സിന്റെ ഭാഗമായി നിയോജകമണ്ഡലത്തില്‍ നടത്താനുദ്ദേശിക്കുന്ന പദ്ധതി, ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് ഗണത്തില്‍പ്പെടുന്ന വിഷയങ്ങള്‍ മേഖലാ അവലോകന യോഗങ്ങളില്‍ പരിഗണിക്കും.

സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, നവകേരള മിഷന്‍ (ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷന്‍), മാലിന്യമുക്തം നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.

മേഖലാ അവലോകന യോഗങ്ങള്‍

08/05/2025 പാലക്കാട് ( പാലക്കാട്, മലപ്പുറം തൃശ്ശൂര്‍ ജില്ലകള്‍)

15/05/2025 തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട)

26/05/2025 കണ്ണൂര്‍ (കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്)

29/05/2025 കോട്ടയം (എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം)

മേഖലാ അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന്റെയും ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കി. മേഖലാ അവലോകന യോഗങ്ങള്‍ നടക്കുന്ന ജില്ലയിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലകള്‍ നല്‍കും. യോഗത്തിനായുള്ള സോഫ്‌റ്റ്വെയര്‍ തയ്യാറാക്കുന്നതിന് ഇലക്ട്രോണിക്‌സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം

വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19 ല്‍ റീസര്‍വ്വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിന് വിശദവില വിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 26,56,10,769/രൂപ (ഇരുപത്തി ആറ് കോടി അന്‍പത്തിയാറ് ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്‍പത് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴു കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ തസ്തികള്‍

വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ വിവിധ തസ്തികള്‍ അനുവദിച്ചു. അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ഫിനാന്‍സ് & അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും.

സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കും. പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തും.

തൃശ്ശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ ജനുവരി 12ന് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കും. രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അലീന, ഐറിന്‍, ആന്‍ഗ്രേസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ നിമയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിക്കും.