വെല്‍കം ബാക്ക് സുനിത; ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

വെല്‍കം ബാക്ക് സുനിത; ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

ന്യൂയോര്‍ക്ക്: മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ രാവിലെ 10.30 ഓടേ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടു. ഇവരെ തിരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരുന്നതിന് സ്‌പേസ് എക്‌സ് ഡ്രാഗണില്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സംഘത്തിലെ രണ്ടുപേര്‍ക്കൊപ്പമാണ് ഇരുവരുടെയും തിരിച്ചുള്ള യാത്ര. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച 3.30ന് പേടകം ഭൂമിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ പേടകത്തെ സുരക്ഷിതമായി ഇറക്കാനാണ് പദ്ധതി.

ഒമ്പത് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും ഭൂമിയിലേക്ക് പുറപ്പെട്ടത്. എട്ടു ദിവസത്തെ ദൗത്യവുമായി ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇരുവരുടെയും തിരിച്ചുപോക്ക് പേടകത്തിലെ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാണ് പേടകം ഭൂമിയില്‍ ഇറങ്ങുക. ഫ്‌ലോറിഡയുടെ തീരത്തോടു ചേര്‍ന്ന കടലിലായിരിക്കും പേടകം ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.

എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്; ഈ മാസം അവസാനം തീരുമാനം

എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്; ഈ മാസം അവസാനം തീരുമാനം

ഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കൂടി ചുവടുവെയ്ക്കുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ച് 31ഓടേ തീരുമാനം പ്രതീക്ഷിക്കാമെന്നും എല്‍ഐസി സിഇഒ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവത്കരണവും വിശാലമായ ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യം വിപുലീകരിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് എല്‍ഐസിയുടെ നീക്കം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ തീരുമാനം പ്രതീക്ഷിക്കാമെന്നും സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.കൃത്യമായ ഓഹരി പങ്കാളിത്തത്തെ കുറിച്ചും എല്‍ഐസി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ സംബന്ധിച്ചും അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തിയില്ല. ഓഹരി പങ്കാളിത്തം മൂല്യനിര്‍ണയത്തെയും മറ്റു ഘടങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സബ്‌സിഡി 47 ശതമാനം’; 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ ചാര്‍ജ് 121 രൂപ

‘സബ്‌സിഡി 47 ശതമാനം’; 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ ചാര്‍ജ് 121 രൂപ

ഡല്‍ഹി: യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ട്രെയിന്‍ യാത്ര നല്‍കുന്നത് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. ജനറല്‍ ക്ലാസില്‍ 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ രാജ്യത്ത് വെറും 121 രൂപയാണ് വരുന്നത്, പാകിസ്ഥാനില്‍ ഇത് 435 രൂപയും ശ്രീലങ്കയില്‍ 413രൂപയും ബംഗ്ലാദേശില്‍ 323 രൂപയുമാണെന്ന് അദ്ദേഹം പറഞ്ഞു.

പാശ്ചാത്യരാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ ഇരുപത് ശതമാനം വരെ നിരക്ക് ഈടാക്കുന്നതായും മന്ത്രി പറഞ്ഞു. 2020ന് ശേഷം ട്രെയിന്‍ നിരക്കില്‍ വര്‍ധനയുണ്ടായിട്ടില്ല. യാത്രക്കാര്‍ക്ക് നിരക്കില്‍ 47 ശതമാനം സബ്‌സിഡി നല്‍കുന്നതായും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ചുരുങ്ങിയ നിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ‘അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍, നമ്മുടെ യാത്രാ നിരക്കാണ് ഏറ്റവും കുറവ്. 350 കിലോമീറ്റര്‍ യാത്രക്ക് ഇന്ത്യയില്‍ ജനറല്‍ ക്ലാസിന് നിരക്ക് 121 രൂപയാണ് നിരക്ക്. പാകിസ്ഥാനില്‍ 436 രൂപയും ബംഗ്ലാദേശില്‍ 323 രൂപയും ശ്രീലങ്കയില്‍ 416 രൂപയുമാണ്,’ അദ്ദേഹം പറഞ്ഞു. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ യാത്രാ ചെലവ് 1.38 പൈസയാണ്. എന്നാല്‍ യാത്രക്കാരില്‍ 73 പൈസ മാത്രമാണ് ഈടാക്കുന്നത്. അതായത് യാത്രക്കാര്‍ക്ക് 47 ശതമാനം സബ്‌സിഡി നല്‍കുന്നതായി മന്ത്രി പറഞ്ഞു.

പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

കണ്ണൂര്‍: പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി. രാത്രി ശുചിമുറിയില്‍ പോകുന്ന സമയത്ത് അമ്മയുടെ സമീപത്തു കിടന്നുറങ്ങുകയായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പന്ത്രണ്ടുകാരി പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ദമ്പതികള്‍ക്കൊപ്പം മുത്തുവിന്റെ സഹോദരന്റെ മക്കളായ രണ്ടു പെണ്‍കുട്ടികളും വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു.

സഹോദരന്‍ മരിച്ചതിനാല്‍ കുറേക്കാലമായി ദമ്പതികളാണ് പെണ്‍കുട്ടികളെ വളര്‍ത്തിയിരുന്നത്. പുതിയ കുഞ്ഞു പിറന്നതോടെ, തങ്ങളോടുള്ള സ്‌നേഹം കുറഞ്ഞുപോകുമെന്ന സംശയം കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒറ്റയ്ക്കാണ് കുഞ്ഞിനെ കിണറ്റില്‍ കൊണ്ടുപോയി ഇട്ടതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. വീട്ടുവളപ്പിലെ ആള്‍മറയുള്ള കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പൊലീസ് നടപടിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പൊലീസ് നടപടിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

തൃശൂര്‍: ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പൊലീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ഭാര്യക്കെതിരെ നല്‍കിയ പരാതിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ പൊലീസ് അമ്മയ്ക്ക് എതിരെ പോക്‌സോ ആക്ട് പ്രകാരം കേസ് എടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഇത്തരം കേസ് വിശ്വസിക്കുവാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ പൊലീസിന് ലഭിച്ച പരാതിയില്‍ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പൊലീസ് നല്‍കിയതെന്നും അതിനാല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്.

‘യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം’; ശിവഗിരി മഠം പ്രക്ഷോഭത്തിന്

‘യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം’; ശിവഗിരി മഠം പ്രക്ഷോഭത്തിന്

തിരുവനന്തപുരം: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എല്ലാ മത വിശ്വാസികള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി ശിവഗിരി മഠം രംഗത്ത്. ഗായകന്‍ യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നുള്ള ദീര്‍ഘകാല അപേക്ഷ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

അടുത്തമാസം ആചാര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠം ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യമായി ഈ വിഷയം മുന്നോട്ട് വെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സ്വാമി സച്ചിനാദനന്ദ ആവശ്യപ്പെട്ടു. ധാരാളം ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ച യേശുദാസ് ഗുരുവായൂരില്‍ പ്രവേശിക്കണമെന്ന് നിരവധിത്തവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്രിസ്ത്യാനിയായതിനാല്‍ യേശുദാസിന് പ്രവേശനം നിഷേധിക്കുകയായിരുന്നു.

”ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുന്നതിനെതിരെ ഞങ്ങള്‍ സമരം ആരംഭിക്കും. മതം മറികടന്ന് എല്ലാ വിശ്വാസികളേയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. നിരവധി ജനപ്രിയ ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ച യേശുദാസിന് പോലും ഇതുവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. അത്തരം ആചാരങ്ങളെല്ലാം നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു”, സ്വാമി സച്ചിദാനന്ദ പറയുന്നു. എന്നാല്‍ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള ഒരു നീക്കവും നിലവിലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

സമര തിയതി ഉടന്‍ പ്രഖ്യാപിക്കും. ശ്രീനാരായണ ഗുരു രചിച്ച പ്രാര്‍ഥനാ ഗീതങ്ങള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കണമെന്ന ആവശ്യവും ഈ സമരത്തില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഇതാദ്യമായല്ല ശിവഗിരി മഠം പ്രതികരിക്കുന്നത്. മുമ്പ് ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് അധ്യക്ഷന്‍ സുകുമാരന്‍ നായരുമായുണ്ടായ തര്‍ക്കത്തിലും കേരളത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവണമെന്നും ഗുരുവായൂരില്‍ കേറാന്‍ യേശുദാസ് ഇപ്പോഴും ക്യൂവിലാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. പുരുഷന്‍മാര്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും സച്ചിദാനന്ദ ഈ അടുത്ത് പറഞ്ഞിരുന്നു.

എന്നാല്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളാണ് തീരുമാനം എടുക്കേണ്ടതെന്ന് യേശുദാസ് 2018ല്‍ പറഞ്ഞിരുന്നു. തനിക്ക് മാത്രം പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും പൂര്‍ണ ഭക്തിയോടെ ഗുരുവായൂരപ്പനെ കാണാനെത്തുന്ന എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം ലഭിക്കുന്ന കാലത്ത് അവസാന ഭക്തനായേ ക്ഷേത്രത്തില്‍ പ്രവേശിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.