by Midhun HP News | Mar 18, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള ലോകത്തെ ഒന്നിപ്പിച്ചുവെന്നും, ഇന്ത്യയുടെ ശക്തി ലോകം കണ്ടു നിന്നുവെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുത്തുമെന്നും മോദി പറഞ്ഞു.
മഹാ കുംഭമേളയുടെ രൂപത്തില്‍ ഇന്ത്യയുടെ മഹത്വം ലോകം മുഴുവന്‍ കണ്ടു. പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഒരു ദേശീയ ഉണര്‍വ് കുംഭമേളയില്‍ കണ്ടു. നമ്മുടെ ശക്തിയെയും കഴിവുകളെയും സംശയിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി കൂടിയായിരുന്നു ഇത്. വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗാന്ധിജിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസ്സോടെ സംഗമിച്ചു. രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഉത്തര്‍പ്രദേശ്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
ഇന്ത്യയുടെ പുതിയ തലമുറ, പാരമ്പര്യങ്ങളെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിക്കുന്നു. പ്രയാഗ്രാജ് മഹാ കുംഭമേള ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിന്റെ ശക്തി അതിനെ ശല്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് അവസരം നല്‍കിയില്ല. ചട്ടം പറഞ്ഞാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. നോട്ടീസ് നല്‍കാതെയാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയതെന്നും, സഭ ബിസിനസില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതാണെന്നും വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. കുംഭമേളയ്ക്കിടെ നിരവധിപേര്‍ മരിച്ച കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവെച്ചു.
by Midhun HP News | Mar 18, 2025 | Latest News, ജില്ലാ വാർത്ത
പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ടി.വി. ഇബ്രാഹിമിൻ്റെ
സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക പരാതികള്‍ പരിഹരിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോര്‍ക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. നോര്‍ക്കാ റൂട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ മുഖാന്തിരം പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തിരിച്ചെത്തിയവരില്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ ധനസഹായ പദ്ധതി ‘സാന്ത്വന’, പ്രവാസി പുനരധിവാസ പദ്ധതിയായ ‘NDPREM’, പ്രവാസികളുടെ ഏകോപന പുന.സംയോജന പദ്ധതിയായ പ്രവാസി ഭദ്രത, തൊഴില്‍ പോര്‍ട്ടല്‍, നോര്‍ക്കാ വാണിജ്യ കേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികളാണുള്ളത്.
18 വയസ്സിനും 60 വയസ്സിനും ഇടയ്ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായം അടയ്ക്കുന്ന വര്‍ക്കാണ് ബോര്‍ഡില്‍ നിന്നും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. നിലവില്‍ എട്ട് ലക്ഷത്തോളം അംഗങ്ങളും എഴുപതിനായിരത്തോളം പെന്‍ഷന്‍കാരുമാണുള്ളത്. കൂടാതെ പ്രതിമാസം എണ്ണായിരത്തോളം പ്രവാസികള്‍ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുകയും രണ്ടായിര
ത്തോളം പേര്‍ പുതുതായി പെന്‍ഷന് അര്‍ഹത നേടുകയും ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇതില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ അപേക്ഷകളിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പുതുതായി പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യവും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യവും ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല.
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരത്തിനായി എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികള്‍ രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടാതെ പ്രവാസി മലയാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷനും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ ക്കുമായി ഒരു സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നോര്‍ക്കാ റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Mar 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പാലസ് റോഡ് അക്കരവിള ലക്ഷ്മി നിവാസിൽ (എംആർഎ:93 എ) പെരുമാൾ ആചാരി കെ (83) അന്തരിച്ചു.
ഭാര്യ: ശാന്ത അമ്മാൾ എൽ.
മക്കൾ: ശബരിനാഥ് പി (സ്വയംവര സിൽക്സ്), വിഷ്ണു പി (സ്റ്റീൽ ഇൻഡസ്ട്രിയൽ ഫോറിൻ ലിമിറ്റഡ്, തൃശൂർ).
മരുമകൾ: ഡോ:ആതിരാ വിജയൻ.
സംസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് ആറ്റിങ്ങൽ മുനിസിപ്പൽ ശാന്തി കവാടത്തിൽ.
by Midhun HP News | Mar 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഐ.റ്റി.ഐ യ്ക്ക് സമീപം എം.എസ് നിവാസിൽ(ജി.എൻ.ആർ.എ:158) പരേതനായ എസ് മാധവന്റേയൂം ഡി സുമതി അമ്മയുടേയും മകൻ രാജേന്ദ്രൻ എം (62) (റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനീയർ, എൽ.എസ്.ജി.ഡി, വയനാട്) അന്തരിച്ചു.
ഭാര്യ: എസ് സിന്ധു.
മക്കൾ: ദേവ് ആർ.എസ് (ഐ.റ്റി സോഫ്റ്റ്‌വെയർ എഞ്ചിനീയർ),ദേവി ആർ.എസ് .
മരുമകൾ: നികേത (ഫുഡ് സേഫ്റ്റി ഓഫീസർ, എറണാകുളം).
സഹോദരങ്ങൾ: സതീഷ് ശർമ്മ എം(അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരളാ വാട്ടർ അതോറിറ്റി), എസ് തങ്കച്ചി (ലെജിസ്ലേറ്റീവ് അസംബ്ലി), എസ് വിജയ, പരേതനായ എം രാജാമണി(സി.ഐ.റ്റി.യു).
by Midhun HP News | Mar 18, 2025 | Latest News, കേരളം
കണ്ണൂര്‍: പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചതിന് ശേഷം വെള്ളത്തില്‍ ഇട്ടതാണോ, ജീവനോടെ വെള്ളത്തില്‍ വീണതാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് വളപട്ടണം എസ്എച്ച്ഒ കാര്‍ത്തിക് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്‌നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ രണ്ടു പെണ്‍മക്കളും ഇവരോടൊപ്പം പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നു.
രാത്രി 11 മണിക്ക് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടിരുന്നതായി മുത്തുവിന്റെ സഹോദര പുത്രിയായ 12 കാരി പൊലീസിന് മൊഴി നല്‍കി. വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചു വന്നശേഷം കുട്ടിയെ കണ്ടില്ലെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
കുട്ടി തങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്നുവെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളതെന്നും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാണെന്നും വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക് വ്യക്തമാക്കി.
by Midhun HP News | Mar 18, 2025 | Latest News, കേരളം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുത്. പ്രത്യേക അന്വേഷണ സംഘം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം.
നോട്ടീസ് കിട്ടിയവര്‍ക്ക് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. മലയാള സിനിമാമേഖലയിലെ ലൈംഗിക ചൂഷണം അടക്കം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഇരകള്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതേത്തുടര്‍ന്ന് ഏതാണ്ട് മുപ്പതോളം കേസുകള്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്.
Recent Comments