മന്ത്രിസഭയില്‍ അഴിച്ചുപണി?; പ്രധാനമന്ത്രി ഈ മാസം 30ന് ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നു

മന്ത്രിസഭയില്‍ അഴിച്ചുപണി?; പ്രധാനമന്ത്രി ഈ മാസം 30ന് ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നു

ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് സൂചന. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കും. ഇതിനു മുന്നോടിയായി ഈ മാസം 30 ന് നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. മോഹന്‍ ഭാഗവത് അടക്കം ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തും.

ആര്‍എസ്എസ് സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും നേതാക്കളെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് മാസമോ ജൂണ്‍ ആദ്യവാരമോ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കും. അതോടൊപ്പം പുതിയ ബിജെപി ദേശീയ അധ്യക്ഷന്റെ കാര്യത്തില്‍ ആര്‍എസ്എസിന്റെ അഭിപ്രായം തേടുക, ആര്‍എസ്എസിന്റെ അനുഗ്രഹവും പിന്തുണയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളും മോദിയുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്.

നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ പുറത്തുവിട്ടേക്കും. റഷിംബാഗിലെ സ്മൃതി ഭവനിലെത്തി ഹെഗ്‌ഡേവാറിന് ആദരം അര്‍പ്പിക്കുന്ന നരേന്ദ്രമോദി, ബുദ്ധകേന്ദ്രമായ ദീക്ഷാഭൂമിയും സന്ദര്‍ശിക്കും. സ്വകാര്യ നേത്രരോഗ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂല്യങ്ങള്‍ വളര്‍ത്തിയത് ആര്‍എസ്എസ്

ആര്‍എസ്എസ് പാരമ്പര്യവുമായുള്ള ബന്ധം ഒരു പദവിയാണെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കിയതും, ‘നിസ്വാര്‍ത്ഥ’ സേവനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയതും ആര്‍എസ്എസ് ആണെന്ന് മോദി യുഎസ് പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കിയതും, ‘നിസ്വാര്‍ത്ഥ’ സേവനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയതും ആര്‍എസ്എസ് ആണെന്ന് മോദി പറഞ്ഞു. ആര്‍എസ്എസില്‍ നിന്ന് ജീവിത മൂല്യങ്ങള്‍ പഠിച്ചത് ഭാഗ്യമാണ്, നിസ്വാര്‍ഥമായ സാമൂഹ്യ സേവനം മാര്‍ഗമാക്കിയ മറ്റൊരു പ്രസ്ഥാനവുമില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം പഠിച്ചാലേ അതിന്റെ മഹത്വം മനസിലാക്കാനാവൂ എന്ന് നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്ത് വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സംഘം വലിയ സംഭാവനകളാണ് നല്‍കിയത്. ഇടതുപക്ഷ തൊഴിലാളി യൂണിയന്‍ ‘ലോകത്തിലെ തൊഴിലാളികളെ ഒന്നിക്കൂ’ എന്ന് പറയുന്നു, അതേസമയം ആര്‍എസ്എസ് അനുബന്ധ തൊഴിലാളി യൂണിയന്‍ ‘തൊഴിലാളികളേ, ലോകത്തെ ഒന്നിപ്പിക്കൂ’ എന്നാണ് പറയുന്നത്. സാമൂഹ്യ സേവനത്തിലെ ആര്‍എസ്എസ് പഠിപ്പിക്കുന്ന മൂല്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

ആശ വര്‍ക്കര്‍ ഓണറേറിയം: മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു, സമര വിജയമെന്ന് നേതാക്കള്‍

ആശ വര്‍ക്കര്‍ ഓണറേറിയം: മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു, സമര വിജയമെന്ന് നേതാക്കള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരവെ, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഓണറേറിയം നല്‍കുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

നേരത്തെ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

മറ്റെന്തെങ്കിലും കാരണങ്ങളാല്‍ യോഗം മുടങ്ങിയാല്‍ പോലും ഓണറേറിയത്തില്‍ കുറവു വരുത്തിയിരുന്നതായി സമരത്തിലുള്ള ആശ വര്‍ക്കര്‍മാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ വര്‍ക്കാര്‍ സമരപ്പന്തലില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാല്‍, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സെന്റീവ് കുടിശികയും അനുവദിച്ചിരുന്നു.

രണ്ടു റൗണ്ട് മയക്കുവെടി, അക്രമാസക്തനായതോടെ നിറയൊഴിച്ചു; ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവ ചത്തു

രണ്ടു റൗണ്ട് മയക്കുവെടി, അക്രമാസക്തനായതോടെ നിറയൊഴിച്ചു; ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവ ചത്തു

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ കടുവയെ ഇന്ന് മയക്കുവെടി വച്ചിരുന്നു. കാലിന് പരിക്കേറ്റ നിലയിലുണ്ടായിരുന്ന കടുവയെ ചികിത്സയ്ക്കായി തേക്കടിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനിടെയാണ് കടുവ ചത്തത്. കടുവ ചത്തത് വെടിയേറ്റാണെന്ന് കോട്ടയം ഡിഎഫ്ഒ സ്ഥിരീകരിച്ചു. മയക്കുവെടിവച്ച ശേഷവും കടുവ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ സ്വയം രക്ഷയ്ക്കായി കടുവയെ വെടിവയ്‌ക്കേണ്ടി വന്നതായും ഡിഎഫ്ഒ അറിയിച്ചു.

ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തിയ കടുവയെ ആണ് ദിവസങ്ങള്‍ ഒടുവില്‍ വനം വകുപ്പ് മയക്കുവെടിവച്ചത്. ഇന്ന് പുലര്‍ച്ചെ ആണ് കടുവ അരണക്കല്ലിലെ ലയത്തിന് സമീപം എത്തി വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് സമീപത്തെ തേയില തോട്ടത്തില്‍ കിടന്ന കടുവാ അനുയോജ്യമായ സ്ഥലത്തേയ്ക് നീങ്ങിയതോടെയാണ് ദൗത്യ സംഘം വെടിയുതിര്‍ത്തത്. ആദ്യറൗണ്ട് വെടിയേറ്റപ്പോള്‍ അക്രമാസക്തനായ കടുവ രണ്ടാം റൗണ്ട് വെടിയേറ്റപ്പോഴാണ് മയങ്ങി വീണത്. പിന്നാലെ കടുവയെ വലയ്ക്കുള്ളിലാക്കി പ്രത്യേക കവചിത വാഹനത്തില്‍ കയറ്റി തേക്കടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു .

ഈ മാസം 10ാം തീയതിയാണ് ഗ്രാമ്പിയിലെ തേയില തോട്ടത്തില്‍ കടുവയെ കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ ഇവിടെ കൂട് സ്ഥാപിച്ചു. എന്നാല്‍ കടുവ കൂട്ടില്‍ കയറാതെ വന്നതോടെയാണ് മയക്ക് വെടി വയ്ക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച മുതല്‍ ഇതിനുള്ള ശ്രമം തുടങ്ങി. കോട്ടയം ഡി എഫ് ഒ രാജേഷിന്റെയും വെറ്ററിനറി സര്‍ജന്‍ ഡോ. അനുരാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

ഇന്ന് പുലര്‍ച്ചെ അരണക്കല്‍ എസ്‌റ്റേറ്റ് ലയത്തിനു സമീപം എത്തിയ കടുവ, ഒരു പശുവിനേയും നായയേയും കൊലപ്പെടുത്തി. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ കടുവയെ കണ്ടെത്തുകയും മയക്ക് വെടി വയ്ക്കുകയുമായിരുന്നു. കടുവയെ പിടികൂടിയതോടെ ദൗത്യത്തിന്റെ ഭാഗമായി മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു

മദ്യലഹരിയില്‍ 84 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മകന്‍ പിടിയില്‍

മദ്യലഹരിയില്‍ 84 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മകന്‍ പിടിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ വയോധികയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 84 കാരിയായ വയോധികയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

പക്ഷാഘാതത്തെത്തുടര്‍ന്ന് വൃദ്ധ ഏതാനും മാസങ്ങളായി കിടപ്പിലാണ്. ഞായറാഴ്ച രാത്രി 7.30 ഓടെ മദ്യലഹരിയിലെത്തിയ 46 കാരനായ മകന്‍ വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.മകന്‍ പീഡിപ്പിക്കുന്നത് വൃദ്ധയുടെ ചെറുമകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് പ്രതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഓട്ടത്തിനിടെ പ്രതിക്ക് വീണ് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കേരളത്തിലെ എംഎസ്എംഇ വായ്പ ലക്ഷം കോടിയിലേക്ക്

കേരളത്തിലെ എംഎസ്എംഇ വായ്പ ലക്ഷം കോടിയിലേക്ക്

കൊച്ചി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നതിനിടെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) നല്‍കുന്ന ബാങ്ക് വായ്പ ഈ വര്‍ഷം ഒരു ലക്ഷം കോടി കടന്നേക്കുമെന്ന് കണക്കുകള്‍. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി)യുടെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്‍റെ സംരംഭകത്വ പ്രോത്സാഹ ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന സൂചനയുള്ളത്.

2024 ഡിസംബര്‍ 31-ന് കേരളത്തിലെ എംഎസ്എംഇ മേഖലയ്ക്കുള്ള ആകെ വായ്പ 92,175.63 കോടി രൂപയിലെത്തിയതായി കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ കണക്കുകള്‍ പറയുന്നു. 2022 ഡിസംബര്‍ 31-ല്‍ ഇത് 66,876 കോടി രൂപയായിരുന്നുവെന്നും 38 ശതമാനം വര്‍ധനവുണ്ടായെന്നും കണക്കുകള്‍ പറയുന്നു.

2020 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഒരു വര്‍ഷത്തിനുള്ളില്‍ എംഎസ്എംഇ മേഖലയ്ക്കുള്ള വായ്പയില്‍ 1.22 ശതമാനം വളര്‍ച്ചയാണുണ്ടായത്. 60,880 കോടി രൂപയില്‍ നിന്ന് 61,623 കോടി രൂപയായാണ് വായ്പ ഉയര്‍ന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ എംഎസ്എംഇകള്‍ക്കുള്ള വായ്പകള്‍ ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീന്‍ പറഞ്ഞു. നേരത്തെ ബാങ്ക് വായ്പകള്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. സമീപ വര്‍ഷങ്ങളില്‍ ബാങ്കുകളുടെ സമീപനത്തില്‍ വലിയ വ്യത്യാസമുണ്ടായതായും അദ്ദേഹം പറഞ്ഞു.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് 2022-23 ല്‍ സംസ്ഥാന സര്‍ക്കാര്‍ ‘സംരംഭ വര്‍ഷം’ ആരംഭിച്ചത്. സാമൂഹിക-സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എംഎസ്എംഇകള്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സര്‍ക്കാര്‍ നീക്കം ഫലം കണ്ടു, എന്നാല്‍ പുതിയ സംരഭങ്ങളില്‍ കൂടുതലും റീട്ടെയില്‍, സേവന മേഖലകളിലാണ്. നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ പറയുന്നു.

2024 അവസാനത്തെ കണക്കുകള്‍ പറയുന്നത് 10.7 ലക്ഷം എംഎസ്എംഇ അക്കൗണ്ടുകളില്‍ ഉല്‍പാദനം നടക്കുന്നത് 2.64 ലക്ഷം അക്കൗണ്ടുകള്‍ മാത്രമാണെന്നാണ്. സേവന മേഖലയില്‍ ഏകദേശം 5 ലക്ഷം അക്കൗണ്ടുകളും ചില്ലറ വ്യാപാരത്തില്‍ 3.12 ലക്ഷം അക്കൗണ്ടുകളുമാണുള്ളത്.

ദേശീയ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ എംഎസ്എംഇ വായ്പകള്‍ താരതമ്യേന കുറവാണ്. 2023-24 ല്‍ രാജ്യത്ത് 54.2 ട്രില്യണ്‍ രൂപയുടെ എംഎസ്എംഇ വായ്പകളാണ് അനുവദിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19.3 ശതമാനം വളര്‍ച്ച കാണിക്കുന്നു.

പുതുതായി വന്ന എംഎസ്എംഇകള്‍ ഭൂരിഭാഗവും ഒരു വ്യക്തിയുടെ ഉടമസ്ഥയില്‍ മാത്രമുള്ളതാണെന്നും ഈ സംരംഭങ്ങള്‍ വലിയ തോതില്‍ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നില്ലെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മോള്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലപ്‌മെന്റ സീനിയര്‍ ഫെലോയും ഡയറക്ടറുമായ പി എം മാത്യു പറഞ്ഞു. വായ്പ നല്‍കുന്നുണ്ടെങ്കിലും വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഇ-കൊമേഴ്‌സ് ഭീമന്മാരുടെയും പ്രവേശനം സമീപ വര്‍ഷങ്ങളില്‍ അവരുടെ ബിസിനസുകളെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നാണ് ചെറുകിട വ്യാപാരികളും ചില്ലറ വ്യാപാരികളും പറയുന്നത്.

ഇനി ദിവസങ്ങള്‍ മാത്രം; ഏപ്രില്‍ മുതല്‍ മാരുതിയുടെ കാറുകള്‍ക്ക് നാലുശതമാനം വരെ വില വര്‍ധന

ഇനി ദിവസങ്ങള്‍ മാത്രം; ഏപ്രില്‍ മുതല്‍ മാരുതിയുടെ കാറുകള്‍ക്ക് നാലുശതമാനം വരെ വില വര്‍ധന

ഡല്‍ഹി: ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വില നാലു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഘടക വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധന മൂലം ഉണ്ടായ ചെലവ് നികത്തുന്നതിനായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു. വിവിധ മോഡലുകളെ അടിസ്ഥാനമാക്കി വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും.

ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിച്ച് ഉപഭോക്താക്കളിന്മേലുള്ള ആഘാതം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എങ്കിലും പുതിയ സാഹചര്യത്തില്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടിവന്നിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ഇന്‍വിക്‌റ്റോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നുണ്ട്. ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിഎസ്ഇയില്‍ മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരികള്‍ 0.61 ശതമാനം ഉയര്‍ന്ന് 11,578.50 രൂപയായി.