by Midhun HP News | Mar 17, 2025 | Latest News, ദേശീയ വാർത്ത
ഫ്‌ലോറിഡ: കാത്തിരിപ്പനൊടുവില്‍ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു.
സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്നലെ ബഹിരാകാശ നിലയില്‍ എത്തിയ മറ്റ് രണ്ട് ബഹിരാകാശയാത്രികനുമൊപ്പമാണ് തിരിച്ചെത്തുന്നത്. സുനിതയും വില്‍മോറിനുമൊപ്പം നിക്ക് ഹേഗ്,അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവര്‍ ക്രൂ-9 പേടകത്തിലേറിയാണ് ഭൂമിയിലേക്ക് മടങ്ങുക.
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്ലെയിന്‍, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേര്‍ന്ന നാലംഗ ക്രൂ-10 സംഘം ഇന്നലെ ഈസ്റ്റേണ്‍ സമയം രാവിലെ 12.35നാണ് ഹാച്ച് തുറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്.
by Midhun HP News | Mar 17, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് മുക്കം വെസ്റ്റ് മണാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസില്‍ 20 ഓളം യാത്രക്കാരുണ്ടായിരുന്നു
by Midhun HP News | Mar 17, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് ഉടൻ നിരത്തിലിറങ്ങും. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചുവടു വയ്പ്പാണിത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റേയും (ബിപിസിഎൽ), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും (സിയാൽ) സഹകരണത്തോടെയാണ് ബസ് പുറത്തിറങ്ങുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന ബസിന്റെ മാതൃക മാർച്ച് 12, 13 തീയതികളിൽ കൊച്ചിയിൽ നടന്ന ഗ്ലോബൽ ഹൈഡ‍്രജൻ, റിന്യൂവബിൾ എനർജി ഉച്ചക്കോടിയിൽ പ്രദർശിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധന സ്റ്റേഷനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം നിർമാണത്തിലാണ്. 25 കോടി രൂപയാണ് പ്ലാന്റ് നിർമാണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഇന്ധന പ്ലാന്റിന്റെ 70 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഹൈഡ്രജൻ ബസിനുള്ള ഇന്ധനത്തിനു പുറമേ വിമാനത്താവളത്തിലെ വാഹനങ്ങൾക്കു വൈദ്യുതി നൽകാനും ഇവ ഉപയോഗപ്പെടുത്തും. സംയോജിത പ്ലാന്റ്, ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കൽ, സാങ്കേതികവിദ്യ നൽകൽ എന്നിവയെല്ലാം ബിപിസിഎൽ മേൽനോട്ടത്തിലാണ്.
പ്ലാന്റിന്റെ കമ്മീഷൻ കഴിഞ്ഞാൽ ബസ് നിരത്തിലിറക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപിഐടി ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ചാണ് ബസിന്റെ പ്രവർത്തനം. വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റിയായിട്ടായിരിക്കും ബസ് ഓടുക. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു.
പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ ഉപയോഗിച്ചു വെള്ളത്തിൽ നിന്നു ഉത്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീൻ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നിലവിൽ 5 പൈലറ്റ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഇന്ധനം ഉപയോഗിച്ചുള്ള ബസുകൾ, ട്രക്കുകൾ, ഇന്ധനം നിറയ്ക്കാനുള്ള സ്റ്റേഷനുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
രാജ്യത്തുടനീളമുള്ള 10 റൂട്ടുകളിലായി 15 ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിത വാഹനങ്ങളും 22 ഇന്റേണൽ കംപാസ്റ്റൻ എൻജിൻ വാഹനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കാൻ തീരുമാനമുണ്ട്. ഇതിനായി കേരളത്തിലെ രണ്ട് റൂട്ടുകളും തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം- കൊച്ചി, കൊച്ചി- ഇടപ്പള്ളി റൂട്ടുകളാണ് പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തത്. രണ്ട് വർഷത്തിനുള്ളിൽ തന്നെ പദ്ധതികൾ കമ്മീഷൻ ചെയ്യാൻ സാധ്യതയുണ്ട്. അതോടെ ഇത്തരം സാങ്കേതിക വിദ്യകളുടെ വ്യാപനത്തിനും ഇവ വഴിയൊരുക്കും.
by Midhun HP News | Mar 17, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി അരണക്കല്ലില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവയെ കണ്ടെത്തി. തൊഴിലാളികളുടെ ലയത്തിന് സമീപമാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കടുവയെ ട്രാക്ക് ചെയ്തത്.
വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ ലയത്തിന്റെ വേലിക്ക് സമീപത്താണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നു. വെറ്ററിനറി ഡോക്ടര്‍ അനുരാജും സംഘവും കടുവയുടെ സമീപത്തേക്ക് പോയി.
ലയത്തിലുള്ള തോട്ടം തൊഴിലാളികളോട് ഇന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ സത്രം റോഡിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടികൂടിയാല്‍ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്തെത്തിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ ഇറങ്ങിയ കടുവ തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നിരുന്നു. പ്രദേശവാസികളായ നാരായണന്‍ എന്നയാളുടെ പശുവിനെയും അയല്‍വാസിയായ ബാലമുരുകന്‍ എന്നയാളുടെ വളര്‍ത്തുനായയെയുമാണ് കൊന്നത്. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണ് ഇതെന്നാണ് നിഗമനം. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം.
by Midhun HP News | Mar 17, 2025 | Latest News, കേരളം
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ ഏഴു തവണ കഞ്ചാവ് എത്തിച്ചിരുന്നതായി അറസ്റ്റിലായ മുഖ്യപ്രതി അനുരാജ്. ആറുമാസം മുമ്പാണ് കഞ്ചാവ് ഇടപാട് തുടങ്ങിയത്. ഹോസ്റ്റലില്‍ ലഹരി ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നതും അനുരാജാണ്. ഇയാള്‍ പലരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കുന്നതിനായി ഗൂഗിള്‍പേ വഴി 16,000 രൂപ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് നല്‍കിയിരുന്നതായും അനുരാജ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കളമശ്ശേരി പോളി ടെക്‌നിക്കിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് മുഖ്യപ്രതിയായ അനുരാജ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. കഞ്ചാവിനായി ഗൂഗിള്‍പേ കൂടാതെ, നേരിട്ടും പണം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നാലു കവറുകളിലായി 3.5 കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചത്. ഇതില്‍ രണ്ടുകിലോ ആണ് റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തത്. ശേഷിച്ച 1.5 കിലോ കഞ്ചാവ് എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു.
പുറയാര്‍ സ്വദേശികളായ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവരാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവര്‍ കഴിഞ്ഞവര്‍ഷം ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ ആവശ്യമായ അറ്റന്‍ഡന്‍സ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനായിരുന്നില്ല. പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും ഇതരസംസ്ഥാനക്കാര്‍ വഴിയെത്തുന്ന കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ആഷിഖ്, ഷാലിക്ക് എന്നിവര്‍ മുഖേന അനുരാജ് ഹോസ്റ്റലിലേക്ക് എത്തിക്കുകയായിരുന്നു പതിവെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുറത്തും വിപണനം ചെയ്തിരുന്നു. അനുരാജ് മുമ്പും പലതവണ വലിയ അളവിലും ചെറിയ അളവിലും കഞ്ചാവും മറ്റ് ലഹരിമരുന്നുകളും എത്തിച്ച് ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. കഞ്ചാവ് റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളും, മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധവും പരിശോധിച്ചു വരികയാണെന്ന് എസിപി പി വി ബേബി പറഞ്ഞു. സുഹൈല്‍ഭായ് എന്നയാളില്‍ നിന്നാണ് ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ലഭിച്ചതെന്നാണ് മൊഴി. ഇയാള്‍ക്കായും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
by Midhun HP News | Mar 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടിടങ്ങളിലാണ് അള്‍ട്രാവയലറ്റ് സൂചിക പത്ത് പിന്നിട്ടത്. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക 12 ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട കോന്നിയില്‍ പതിനൊന്നും രേഖപ്പെടുത്തി. രണ്ടിടങ്ങളിലും ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലര്‍ട്ട് ആണ് രണ്ടിടങ്ങളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്.
കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയില്‍ രേഖപ്പെടുത്തി. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് നിലവിലുള്ളത്. വിളപ്പില്‍ശാല, ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി എന്നിവടങ്ങളിള്‍ ആറ് മുതല്‍ 7 വരെയാണ് അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ധര്‍മ്മടം, കാസര്‍കോട് പ്രദേശങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക ഗുരുതരമായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറയിപ്പില്‍ വ്യക്തമാക്കുന്നു.
അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.
മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും.
Recent Comments