by Midhun HP News | Mar 15, 2025 | Latest News, ദേശീയ വാർത്ത
ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും സ്‌പേസ് എക്‌സും ചേർന്നു നടത്തിയ ക്രൂ 10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്നലെ വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ആണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.
നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് സംഘത്തിലുള്ളത്. സുനിത വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും. പുതിയ സഞ്ചാരികളെ സുനിത വില്യംസും സംഘവും സ്വീകരിക്കും.
മാർച്ച് 12 ന് ഫ്ലോറിഡയിൽ നിന്ന് ക്രൂ10 ദൗത്യം നടത്താൻ സ്‌പേസ് എക്‌സും നാസയും പദ്ധതിയിട്ടിരുന്നു. എന്നാൽ അവസാന നിമിഷം റോക്കറ്റിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ദൗത്യം നീട്ടി വയ്ക്കുകയായിരുന്നു. 9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.
നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.
by Midhun HP News | Mar 15, 2025 | Latest News, കേരളം
`കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി സ്‌കൂളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണ്. അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാല്‍ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
by Midhun HP News | Mar 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34°സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3°സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കൊടും ചൂട് തുടരുന്നതിനിടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
by Midhun HP News | Mar 15, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് 65,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്‍ വില 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,760 രൂപ. ഗ്രാമിന് 10 രൂപയാണ് കുഞ്ഞത്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8220 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡായ 65,000 കടന്നിരിക്കുകയാണ് വില.
by Midhun HP News | Mar 14, 2025 | Latest News, കേരളം
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്‌ക്കെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ്. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോളി ആഘോഷത്തിനായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നും ആകാശ് പറഞ്ഞു. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതില്‍ 1.909 കിലോ കഞ്ചാവ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിന്റെ മുറിയില്‍ നിന്നുമാണ് കണ്ടെടുത്തത്.
സംഭവത്തില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേസില്‍ ആകാശാണ് പ്രതി. എസ്എഫ്‌ഐ നേതാവും കോളജ് യൂണയന്‍ സെക്രട്ടറിയുമായ അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും 9.70 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന കുപ്പി അടക്കമുള്ള ഉപകരണങ്ങളും, ചെറിയ പായ്ക്കറ്റുകളിലാക്കിയ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റ് ചെയ്ത അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
അതേസമയം പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉത്തരവിട്ടു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളായ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ പോളിടെക്‌നിക്കില്‍ നിന്നും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
by Midhun HP News | Mar 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെ നടപടികള്‍ ഊര്‍ജിതമാക്കി എക്‌സൈസ് വകുപ്പ്. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കിയതോടെ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ലഹരി വേട്ട കൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. എട്ട് ദിവസത്തിനിടെ 1.9 കോടിയുടെ ലഹരി മരുന്നുകളാണ് എക്‌സൈസ് പിടികൂടിയത്. സംസ്ഥാനത്താകമാനം 568 റെയ്ഡുകള്‍ നടത്തിയ എക്‌സൈസ് 33,709 വാഹനങ്ങളും പരിശോധിച്ചു. 554 കേസുകളും ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുമായി സഹകരിച്ചുള്‍പ്പെടെ മാര്‍ച്ച് 5 മുതല്‍ 12 വരെ 3568 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയത്. ഇതു പ്രകാരം രജിസ്റ്റര്‍ ചെയ്ത 554 മയക്കുമരുന്ന് കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു. പ്രതികളില്‍ നിന്ന് കണ്ടെടുത്ത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് 1.9 കോടി രൂപ വിലവരുമെന്നും എക്‌സൈസ് വിശദീകരിക്കുന്നു. സ്‌കൂള്‍ പരിസരത്ത് 998 പരിശോധനകളും, ബസ് സ്റ്റാന്‍ഡ് ( 282), ലേബര്‍ (104), റെയില്‍വേ സ്റ്റേഷനുകളില്‍ 89 ഇടങ്ങളിലും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു.
എക്‌സൈസ് പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയില്‍ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. 10,430 ലിറ്റര്‍ സ്പിരിറ്റ്, 931.64 ലിറ്റര്‍ അനധികൃത വിദേശമദ്യം, 3048 ലിറ്റര്‍ വാഷ്, 82 ലിറ്റര്‍ ചാരായം, 289.66 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, മാര്‍ച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും, തുടര്‍നടപടികളും സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവുമായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മിഠായികളില്‍ മയക്കുമരുന്ന് കലര്‍ത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്‌സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു.
Recent Comments