by Midhun HP News | Mar 13, 2025 | Latest News, കേരളം
ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് സൂചന.
ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.
by Midhun HP News | Mar 13, 2025 | Latest News, ജില്ലാ വാർത്ത
മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകും. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെടും.
വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ ജിഎസ്ടി അടയ്ക്കണമെന്ന അറിയിപ്പ് ലഭിക്കും. അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. തുടർന്ന്, കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തുന്നു.
സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെയും പേരിലും ഭീഷണി നൽകി കൂടുതൽ പണം അപഹരിക്കും. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെട്ടാൽ പണം തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Mar 13, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: മുസ്ലീം കരകൗശല വിദഗ്ധര്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ ശ്രീകൃഷ്ണനെ അണിയിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യം തള്ളി ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ക്ഷേത്രത്തിലെ പുരോഹിതര്‍. ക്ഷേത്രപാരമ്പര്യങ്ങളില്‍ മതപരമായ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പുരോഹിതര്‍ വ്യക്തമാക്കി. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസിന്റെ നേതാവ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.
മുസ്ലീങ്ങള്‍ നിര്‍മിച്ച വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ‘മതപരമായി ശുദ്ധി’ പാലിക്കുന്നവര്‍ മാത്രമേ ശ്രീകൃഷ്ണ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ക്ഷേത്രം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ മാംസം കഴിക്കുന്നവരും ഹിന്ദു പാരമ്പര്യങ്ങളെയും ഗോ സംരക്ഷണത്തെയും മാനിക്കാത്തവരാണ്. അത്തരക്കാര്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് വേണ്ടതില്ലെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് പറയുന്നു. തങ്ങളുടെ ആവശ്യം അവഗണിച്ചാല്‍ ശക്തമായ സമരം അരംഭിക്കുമെന്നും ക്ഷേത്രം അധികൃതര്‍ക്ക് അയച്ച കത്തില്‍ ദിനേശ് ശര്‍മ പറയുന്നു.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര പൂജാരി ജ്ഞാനേന്ദ്ര കിഷോര്‍ ഗോസ്വാമി പറഞ്ഞു. തങ്ങള്‍ക്ക് ഒരു സമൂഹത്തോടും വിവേചനം ഇല്ലെന്നും കരകൗശല വിദഗ്ധരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാപിയായ കംസന്‍ ശ്രീകൃഷ്ണന്റെ മുത്തച്ഛനായ ഉഗ്രസേനന്റെ അതേ വംശപരമ്പരയിലാണ് ജനിച്ചതെങ്കില്‍, വിഷ്ണുവിന്റെ മഹാഭക്തനായ പ്രഹ്ലാദന്‍ ഹിരണ്യകശിപു എന്ന അസുരന്റെ മകനാണെങ്കില്‍, കരകൗശല വിദഗ്ധരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ വിലയിരുത്താന്‍ കഴിയും,’-ഗോസ്വാമി ചോദിച്ചു.
മുസ്ലീം കരകൗശല വിദഗ്ധരുടെ ആഴത്തിലുള്ള സംഭാവനകളും കിഷോര്‍ ഗോസ്വാമി എടുത്തുപറഞ്ഞു. വൃന്ദാവനത്തില്‍ ദൈവങ്ങള്‍ക്കുള്ള കീരീടവും വസ്ത്രങ്ങളും നിര്‍മിക്കുന്നത് മുസ്ലീം കരകൗശലവിദഗ്ധരാണ്. കാശിയില്‍ ശിവിന് പവിത്രമായ രുദ്രാക്ഷമാലകള്‍ നിര്‍മിക്കുന്നത് മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് ക്ഷേത്രത്തിലെ മറ്റൊരു പുരോഹിതന്‍ പറഞ്ഞു. വസ്ത്രം മാത്രമല്ല, ക്ഷേത്രത്തിലെ ഗ്രില്ലുകള്‍, മറ്റ് ഘടനകള്‍ എന്നിവ പോലും അവര്‍ നിര്‍മ്മിച്ചതാണ്. ഓരോ കരകൗശല വിദഗ്ധരുടെയും വ്യക്തിപരമായ വിശുദ്ധി നമുക്ക് എങ്ങനെ പരിശോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ഭഗവാന്‍ കൃഷ്ണന് ദിവസേന ഒരു ഡസനോളം വസ്ത്രങ്ങളും ഒരു വര്‍ഷത്തില്‍ ആയിരക്കണക്കിന് വസ്ത്രങ്ങളും ആവശ്യമാണ്. ഈ വസ്ത്രങ്ങള്‍ അതേ നിലവാരത്തില്‍ നിര്‍മിക്കുന്നതില്‍ മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് വൈദഗ്ധ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി മറ്റുള്ളവര്‍ നിര്‍മിച്ച വസ്ത്രം കൃഷ്ണനെ അണിയിക്കാന്‍ തീരുമാനിച്ചാലും അത് ലഭിക്കല്‍ വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യം പുരോഹിതന്‍മാരാണ് തീരുമാനിക്കുന്നതെന്നും അതില്‍ ഭാരവാഹികള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്.
by Midhun HP News | Mar 13, 2025 | Latest News, കേരളം
കണ്ണൂര്‍: പഴയങ്ങാടിയിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെത്തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായെന്ന് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആണ്‍കുഞ്ഞാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്നിന് പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ സ്റ്റോറുകാര്‍ നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.
പഴയങ്ങാടിയിലാണ് സംഭവം. നല്‍കിയ മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പനിക്കുള്ള സിറപ്പാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇത് കുറിപ്പടിയില്‍ വ്യക്തമായി എഴുതിയിട്ടുമുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകാര്‍ നല്‍കിയത് ഡ്രോപ്‌സ് ആണെന്നും മരുന്ന് മാറിയത് തിരിച്ചറിയാതെ രക്ഷിതാക്കള്‍ സിറപ്പ് നല്‍കാന്‍ നിര്‍ദ്ദേശിച്ച അതേ അളവില്‍ ഡ്രോപ്‌സ് നല്‍കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
മരുന്ന് നല്‍കി അല്പം കഴിഞ്ഞതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് കുറിപ്പടി എഴുതി നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉടന്‍ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെങ്കിലും അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.
മരുന്ന് മാറി നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മെഡിക്കല്‍ സ്റ്റോറുകാരുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായതെന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നാല്‍ പോയി കേസുകൊട് എന്നായിരുന്നു മെഡിക്കല്‍ സ്റ്റോറുകാര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് മരുന്ന് നല്‍കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Mar 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
by Midhun HP News | Mar 13, 2025 | Latest News, കേരളം
കോട്ടയം: ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്.
കേരളത്തിലെ ദലിത് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന കൊച്ച്, ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ‘ദലിതന്‍’ എന്ന ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും , ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായിരുന്നിട്ടുണ്ട്.
Recent Comments