by Midhun HP News | Mar 11, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം വൈകുന്നു. 2021-22 ഇൽ നിർമ്മാണം ആരംഭിച്ച അഞ്ചതെങ്ങ് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണമാണ് അനന്തമായി നീണ്ടുപോകുന്നത്.
ഫണ്ട് ലഭ്യമാകാത്തതാണ് കെട്ടിടം പണി നീണ്ടുപോകാൻ പ്രധാന കാരണമെന്നാണ് സൂചന. നിലവിൽ വില്ലേജ് ഓഫീസ് കായിക്കയിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെയും ഇവിടെ വിവിധ ആവിശ്യങ്ങൾക്കായെത്തുന്ന നാട്ടുകാരെയും വലയ്ക്കുകയാണ്.
അഞ്ചുതെങ്ങ് മാമ്പള്ളി ഇറങ്ങ്കടവ് റോഡിലെ പുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞ 2021-22 ലാണ് അഅഞ്ചുതെങ്ങ് വില്ലേജിന് സ്വന്തമായൊരു സ്മാർട്ട് വില്ലേജ് ഓഫീസ് എന്ന ലക്ഷ്യവുമായി പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. കേരള നിർമ്മിതി കേന്ദ്രമായിരുന്നു നിർമ്മണ ചുമതല. എന്നാൽ ആവിശ്യത്തിന് ഫണ്ട് ലഭ്യമാകാതയതോടെ നിർമ്മാണം പതിയെ പതിയെ നിലയ്ക്കുക യായിരുന്നു. നിലവിൽ അവശേഷിക്കുന്നത് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്, ടൈൽ, ചുറ്റുമതിൽ, ഇലക്ട്രിക്കൽ, പ്ലമ്പിങ്, പെയിന്റിംഗ് ജോലികളാണ്. ജില്ലയിലെ മറ്റ് വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ട് വില്ലേജ് ഓഫീസ് സൗകര്യത്തിലേക്ക് മാറിക്കഴിമ്പോഴാണ് അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിന് ഈ ദുർഗതി.
2016 മുതലാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമിക്കാൻ സർക്കാർ നടപടി തുടങ്ങിയത്. 44 ലക്ഷം രൂപയാണ് ഒരു സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാനായി ആദ്യഘട്ടത്തിൽ സർക്കാർ അനുവദിക്കുന്നത്. മെച്ചപ്പെട്ട കെട്ടിടം, ഫ്രണ്ട് ഓഫീസ്, ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ സൗകര്യം, കുടിവെള്ളം, ശൗചാലയം , ഭിന്നശേഷി സൗഹൃദം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഏർപ്പെടുത്തുകയെന്നായിരുന്നു വാഗ്ധാനം.
എത്രയും പെട്ടെന്ന്തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വില്ലേജ് ഓഫീസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാൻ അധികൃതരുടെ ഭാഗത്ത്നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ആവിശ്യപ്പെട്ടു.
by Midhun HP News | Mar 10, 2025 | Latest News, കേരളം
തിരുവനന്തപുരം: ജനങ്ങള്‍ സുരക്ഷക്കായി പോല്‍ ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് വിശദീകരിക്കുന്ന കുറിപ്പുമായി കേരള പൊലീസ്. അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടന്‍ പൊലീസ് സഹായം ലഭിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു.
വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് – https://play.google.com/store/apps/details…
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗണ്‍സിലര്‍ മന:പുര്‍വം ആക്രമിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്ഷേത്രത്തിലേക്ക് ഭക്തരെ കയറ്റിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൗണ്‍സിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. അതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫിസറെ കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണ്‍ വലതു കൈമുട്ടുമടക്കി നെറ്റിയില്‍ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്‌തെന്നും ആയിരുന്നു കേസ്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.
പരാതി കെട്ടിച്ചമച്ചതാണെന്ന കൗണ്‍സിലറുടെ വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ കവാടത്തില്‍ എസ്‌ഐയും 2 വനിതാപൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഈ സമയം വലിയ തിരക്കുണ്ടായിരുന്നില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രായമായ രണ്ട് സ്ത്രീകളുടെ കൈപിടിച്ച് കൗണ്‍സിലര്‍ ഇവിടേക്ക് വരുമ്പോള്‍ എസ്‌ഐ കുറുകെ കയറി തടസ്സം നില്‍ക്കുകയും കൈവീശി മാറിപ്പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൗണ്‍സിലറും പ്രായമായ സ്ത്രീകളും നോക്കിനില്‍ക്കെ, ഒരു സ്ത്രീയെയും അവര്‍ക്കൊപ്പമെത്തിയ യുവതികളെയും എസ്‌ഐ ക്ഷേത്രത്തിനകത്തേക്ക് കടത്തി വിട്ടു. ഇതിന് പിന്നാലെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച കൗണ്‍സിലറെ എസ്‌ഐ തടയുകയും ബലപ്രയോഗം നടത്തുകയുമായിരന്നു. കൗണ്‍സിലറെ എസ്‌ഐ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുനിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നെറ്റിയില്‍ കൈ കൊള്ളുന്നത്.
ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണന് എതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ഫോര്‍ട്ട് പൊലീസിന്റെ നടപടിയില്‍ ഗൂഢാലോചനയുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ബോധപൂര്‍വം അടിച്ചതാണോ എന്നറിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. തലയ്ക്കടിയേറ്റതിനാലാണ് സിടി സ്‌കാന്‍ ചെയ്തത്. തലയ്ക്ക് മുറിവ് പറ്റുകയോ കുഴഞ്ഞുവീഴുകയോ ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരിയായ ഉദ്യോഗസ്ഥ പറഞ്ഞു.
by Midhun HP News | Mar 10, 2025 | Latest News, ജില്ലാ വാർത്ത
കാസര്‍കോട്: മണ്ടേക്കാപ്പില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യ തന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരിയാരം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.
പൈവളിഗ സ്വദേശിയായ പത്താംക്ലാസുകാരിയേയും അയല്‍വാസി പ്രദീപിനേയും 26 ദിവസം മുമ്പാണ് കാണാതായത്. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കുമായി പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചു. ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെയാണോ വിഷയം കൈകാര്യം ചെയ്യുക എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ കേസ് ഡയറിയുമായി കോടതി മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കൃത്യമായ പൊലീസ് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
by Midhun HP News | Mar 10, 2025 | Latest News, കേരളം
പത്തനംതിട്ട: തിരുവല്ലയില്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പൊലീസ് ഇത്തരത്തില്‍ പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെതിരെ യുവതി ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി.
പൊലീസ് വീട്ടിലെത്തി പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പുറത്തുവിട്ടു. മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒളിപ്പിച്ചു വില്‍പന നടത്തിയെന്നാണ് കുട്ടിയുടെ പിതാവിനെതിരെയുള്ള കേസ്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നല്‍കാന്‍ പൊലീസാണ് നിര്‍ദേശം നല്‍കിയതെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് മാതാവിന്റെ ആരോപണം
പ്രതിയെ വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് എംഡിഎംഎയുമായി തിരുവല്ല പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മകനെ ഉപയോഗിച്ച് ലഹരിപ്പൊതികള്‍ വിതരണം നടത്തിയതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞത്. എന്നാല്‍ പിന്നീട് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ മകന്റെ ശരീരത്തില്‍ എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പന നടത്തിയെന്ന ഭാഗം ഒഴിവാക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പ്രതിയുടെ ഭാര്യ തന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്. കേസില്‍ പൊലീസിന് മൈലേജ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കെട്ടുകഥയുണ്ടാക്കിയതെന്നാണ് പ്രതിയുടെ ഭാര്യ പറയുന്നത്. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവ് ചേര്‍ന്ന് നടത്തുന്ന തന്ത്രമാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം, പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തിരുന്നു. പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. നിലവില്‍ റിമാന്‍ഡിലായ പ്രതി ആറു മാസമായി ജില്ലാ ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ശരീരത്തില്‍ എംഡിഎംഎ പാക്കറ്റുകള്‍ ഒട്ടിച്ചു വച്ചശേഷം മകനൊപ്പം സഞ്ചരിച്ചാണ് വില്‍പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.
Recent Comments