കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

കൊച്ചി: ഇ- ഗവേണന്‍സില്‍ കേരളത്തില്‍ വലിയ മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്മാര്‍ട്ട് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2024 ജനുവരി ഒന്നിന് ആരംഭിച്ച് 94 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പ്ലാറ്റ്ഫോം സംവിധാനമാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകും. ഏപ്രില്‍ പത്ത് മുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ-സ്മാര്‍ട്ട് പദ്ധതി നിലവില്‍ വന്നതിന് ശേഷം 1,709 കോടി രൂപയാണ് സര്‍ക്കാരിന് ഇതിലൂടെ ലഭിച്ചിട്ടുള്ളത്. 2025 ഫെബ്രുവരി 13 വരെയുള്ള കണക്കുകള്‍ പ്രകാരം 23.12 ലക്ഷം ഫയലുകളും ഇതിലൂടെ തീര്‍പ്പാക്കി. ആകെ ലഭിച്ച അപേക്ഷകളുടെ 75.6 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) ആണ് കെ-സ്മാര്‍ട്ട് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. ‘ജനന – മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസമാണ് നിലവില്‍ വേണ്ടത്. കെ-സ്മാര്‍ട്ടിലൂടെ അതേ സേവനം വെറും 25 മിനിറ്റിനുള്ളില്‍ ലഭ്യമാക്കാനാകും’ എന്ന് ഐകെഎം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബു പറയുന്നു.

ഡിജിറ്റല്‍ ഫയല്‍ മാനേജ്‌മെന്റ്, വസ്തു നികുതി, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി സ്വീകരിക്കല്‍, കൗണ്‍സില്‍, പഞ്ചായത്ത് യോഗ നടപടികള്‍, വ്യാപാര ലൈസന്‍സ്, വാടക, പാട്ടം, തൊഴില്‍ നികുതി, പാരാമെഡിക്കല്‍, ട്യൂട്ടോറിയല്‍ രജിസ്‌ട്രേഷന്‍, പെറ്റ് ലൈസന്‍സ്, ഭൂമി സംബന്ധിച്ച വിവരങ്ങള്‍, മൊബൈല്‍ ആപ്പ്, കോണ്‍ഫിഗറേഷന്‍ മൊഡ്യൂള്‍, സിവില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് കെ-സ്മാര്‍ട്ട് ലഭ്യമാക്കുന്ന സേവനങ്ങള്‍.

അപേക്ഷകളുടെ പുരോഗതിയും സ്ഥിതിവിവരവും പൊതുജനങ്ങള്‍ക്ക് അറിയാനാകും. ക്ഷേമപെന്‍ഷനുള്ള നടപടിയുള്‍പ്പെടെ ഓണ്‍ലൈനാകും. ജൂണില്‍ പരിഷ്‌കരിച്ച സുലേഖ സോഫ്റ്റ്വെയറും കെ സ്മാര്‍ട്ടുമായി സംയോജിപ്പിക്കുന്നതോടെ സേവനം കൂടുതല്‍ വിപുലീകരിക്കും. വോട്ടവകാശമുള്ളവര്‍ക്ക് ലോകത്ത് എവിടെ നിന്നും ലോഗിന്‍ ചെയ്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഗ്രാമസഭകളില്‍ പങ്കെടുക്കാനാകുമെന്നതും കെ-സ്മാര്‍ട്ട് പദ്ധതിയുടെ മികവാണ്.

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അഞ്ച് രൂപ വീതവും സ്വത്ത് നികുതി അടയ്ക്കല്‍, കെട്ടിട പ്രായ സര്‍ട്ടിഫിക്കറ്റുകള്‍, താമസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് 10 രൂപ വീതവും സര്‍വീസ് ചാര്‍ജ് മാത്രമാണ് കെ-സ്മാര്‍ട്ട് സേവനത്തിലൂടെ നല്‍കേണ്ടിവരിക. ഇതേ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തേണ്ട ചെലവിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്ക് എന്ന് ഐകെഎം എംഡി വ്യക്തമാക്കുന്നു.

ഐകെഎം പങ്കുവച്ച കണക്കുകള്‍ പ്രകാരം അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ കെ-സ്മാര്‍ട്ട് 1.50 ലക്ഷം ഫയലുകള്‍ നീക്കുകളും പതിവ് ഓഫീസ് സമയത്തിന് പുറത്ത് മാത്രം 7.25 ലക്ഷം ഫയലുകള്‍ ക്ലിയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവന വിതരണത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നത് എന്നും ഐകെഎം പറയുന്നു.

വിഴിഞ്ഞം തുറമുഖം: പാരിസ്ഥിതിക അനുമതിയായി; രണ്ടും, മൂന്നും ഘട്ട നിർമാണത്തിന് പച്ചക്കൊടി

വിഴിഞ്ഞം തുറമുഖം: പാരിസ്ഥിതിക അനുമതിയായി; രണ്ടും, മൂന്നും ഘട്ട നിർമാണത്തിന് പച്ചക്കൊടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പാരിസ്ഥിതിക അനുമതിയായി. രണ്ടും, മൂന്നും, നാലും ഘട്ട നിർമാണം നടത്തുന്നതിനാണ് അനുമതി. പരിസ്ഥിതി ക്ലിയറൻസിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കാൻ സാധിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാം ഘട്ടം പൂർത്തിയാക്കി വിജയകരമായ രീതിയിൽ വാണിജ്യതലത്തിൽ അടക്കം പ്രവർത്തനം പുരോഗമിക്കുന്ന ഘട്ടത്തിലാണ് രണ്ടും മൂന്നും നാലും ഘട്ട നിർമാണത്തിനുള്ള പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചത്.

ഇതിലൂടെ ബർത്തിന്‍റെ നീളം 1200 മീറ്റർ കൂടി വർധിക്കും. നിലവിൽ 800 മീറ്ററാണ് നീളം. പുലിമുട്ടിന്‍റെ നീളം 3 കിലോമീറ്ററിൽ നിന്നും ഒരു കിലോമീറ്റർ കൂടി വർധിപ്പിക്കും. ഇതുവഴി ഒരേ സമയം 5 വലിയ മദർഷിപ്പുകൾക്ക് തുറമുഖത്ത് ബർത്ത് ചെയ്യാനാവും. നിലവിൽ രണ്ടു മദർഷിപ്പുകൾക്ക് മാത്രമാണ് ഒരേസമയം ബർത്ത് ചെയ്യാൻ സാധിക്കുക.

2028 ൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നിർദ്ദേശമാണ് അദാനി ഗ്രൂപ്പിന് സർക്കാർ നൽകിയിട്ടുള്ളത്. ഇതിന്‍റെ ഫണ്ട് അദാനി തന്നെയാണ് വഹിക്കുക. ഇതുവരെ 203 ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്. 4 ലക്ഷം ടിഇയു ചരക്കും കൈകാര്യം ചെയ്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന എം എസ് സി ഷിപ്പിങ്ങ് കമ്പനിയുടെ ജേഡ് സർവീസിൽ വിഴിഞ്ഞം തുറമുഖത്തെയും ഉൾപ്പെടുത്തിയതും നേട്ടമായി.

ജേഡ് സര്‍വീസിലെ ആദ്യത്തെ കപ്പലായ എം എസ് സി മിയ, ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ച്, ദക്ഷിണ കൊറിയയിലെ ബുസാന്‍ തുറമുഖം, ചൈനയിലെ നിങ്ബോ-ഷൗഷാന്‍ തുറമുഖം, ചൈനയിലെ ഷാങ്ഹായ്, യാന്റിയന്‍ തുറമുഖം, സിംഗപ്പൂര്‍ തുറമുഖം വഴി വിഴിഞ്ഞത്തേക്ക് എത്തിച്ചേർന്നിരുന്നു.

കേരള കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണവും കൺവെൻഷനും സംഘടിപ്പിച്ചു

കേരള കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണവും കൺവെൻഷനും സംഘടിപ്പിച്ചു

കേരള കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും വനിതാദിനാചരണവും നടത്തി. വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ പ്രശോഭന ഉദ്ഘാടനം ചെയ്തൂ.

ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ -യുവജന ക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഗിരിജ അധ്യക്ഷത വഹിച്ചു. മേഖലാകമ്മിറ്റി കൺവീനർ രമ്യ എംആർ സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ കമ്മിറ്റി അംഗം ബീനാ രാജീവ്, ഏര്യാ സെക്രട്ടറി ആർ രാജു, മേഖലാ സെക്രട്ടറി എസ് സതീഷ് കുമാർ, ആറ്റിങ്ങൽ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഷീജ എന്നിവർ സംസാരിച്ചു. വനിതാ ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം യൂണിയൻ പ്രസിഡന്റ്‌ എസ് .ഗോകുൽ ദാസിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഹാളിൽ മുതിർന്ന വനിതാ സംഘം നേതാവ് വി . ഉഷ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, വനിതാസംഘം നേതാക്കളായ സുശീല രാജൻ, എസ്.ആർ ശ്രീകല, പ്രശോഭ ഷാജി, വി. രാധാമണി, ഷീല ത്യാഗരാജൻ, ശ്രീല ബിജു, ബിന്ദു ബിനു, ലത തങ്കപ്പൻ, അനില ബിജു എന്നിവർ യോഗത്തിൽ സംസാരിച്ചു.

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി. ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്.

ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്.

അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്.

ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല. ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും.

സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.

കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്.

ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്. 28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.

ആശാ വര്‍ക്കേഴ്‌സിന്റെ സമരം: ‘കേന്ദ്ര ഇടപെടല്‍ വേണം

ആശാ വര്‍ക്കേഴ്‌സിന്റെ സമരം: ‘കേന്ദ്ര ഇടപെടല്‍ വേണം

കേരളത്തിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നുവെന്ന് കെ.സി വേണുഗോപാല്‍. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ശശി തരൂരും വി.കെ ശ്രീകണ്ഠനും. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്.

സംസ്ഥാനവും കേന്ദ്രവും കൂടി തീരുമാനിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സമരങ്ങളെ അധിക്ഷേപിക്കുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ആശ വര്‍ക്കേഴ്‌സിന്റെ സമരത്തെ അധിക്ഷേപിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്.

ആശപ്രവര്‍ത്തകരെ തൊഴിലാളികള്‍ ആക്കണം. ആരോഗ്യ മേഖലക്ക് വലിയ സംഭാവന നല്‍കുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. കേന്ദ്രവും സംസ്ഥാനവും പഴിചാരി അവസാനിപ്പിക്കേണ്ട വിഷയമല്ല. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്ന സാഹചര്യമാണുള്ളത്. ഇതില്‍ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തത വരുത്തണം.

ആശമാര്‍ക്ക് 21,000 രൂപ പ്രതിമാസം അലവന്‍സും വിരമിക്കല്‍ ആനുകൂല്യവും നല്‍കണം – കെ. സി വേണുഗോപാല്‍ പറഞ്ഞു.പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.കെ. ശ്രീകണ്ഠനും ആവശ്യപ്പെട്ടു. ഇക്കാലമത്രയും വെറും ഏഴായിരം രൂപയാണ് അവര്‍ക്ക് അലവന്‍സ് ആയി ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആശവര്‍ക്കര്‍മാരുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എത്രയും പെട്ടന്ന് ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.