ഷാനിദിന്റെ വയറ്റില്‍ മൂന്നു പാക്കറ്റുകള്‍; രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികള്‍

ഷാനിദിന്റെ വയറ്റില്‍ മൂന്നു പാക്കറ്റുകള്‍; രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികള്‍

കോഴിക്കോട്: പൊലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റുകള്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് മരിച്ച മൈക്കാവ് സ്വദേശി ഷാനിദിന്റെ വയറ്റില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. സ്‌കാന്‍ പരിശോധനയിലാണ് മൂന്നു പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്.

ഇല പോലെ കണ്ടെത്തിയത് കഞ്ചാവ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാനിദിന്റെ ഇന്‍ക്വസ്റ്റ് നടത്തി. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടത്തിയത്.

എംഡിഎംഎ ശരീരത്തില്‍ കലര്‍ന്നതാണോ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്.

കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നാണ് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.

പ്രദേശവാസിയായ പ്രദീപ് എന്ന 42 കാരനെയും കാണാതായിരുന്നു. മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടിന് സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. 26 ദിവസത്തിന് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഏഴു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.

മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമീപം ഒരു കത്തിയുമുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന മകളെ ഫെബ്രുവരി 12 ന് രാവിലെ തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ കാണാതായെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമ മേക്കപ്പ്മാൻ ആര്‍ ജി വയനാടന്‍ പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമ മേക്കപ്പ്മാൻ ആര്‍ ജി വയനാടന്‍ പിടിയില്‍

മൂലമറ്റം: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സിനിമ മേക്കപ്പ്മാന്‍ പിടിയില്‍. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങളിലെ മേക്കപ്പ്മാന്‍ ആയിരുന്ന ആര്‍ ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് കഞ്ചാവുമായി പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷും സംഘവുമാണ് രഞ്ജിത്തിനെ പിടികൂടിയത്.

ഇയാളില്‍ നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ലഹരി ഉപയോഗം, അക്രമം എന്നിവയുടെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആവേശം ഉള്‍പ്പെടെയുള്ള സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് ഗോപിനാഥ്. പൈങ്കിളി , സൂക്ഷമ ദര്‍ശ്ശിനി , രോമാഞ്ചം, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ, അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വിആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അന്താരാഷ്ട്ര തുറമുഖത്തിൽ യാർഡ് ക്രെയിനുകളുടെ ചലനം നിയന്ത്രിച്ച് വിഴിഞ്ഞത്തെ വനിതകൾ

അന്താരാഷ്ട്ര തുറമുഖത്തിൽ യാർഡ് ക്രെയിനുകളുടെ ചലനം നിയന്ത്രിച്ച് വിഴിഞ്ഞത്തെ വനിതകൾ

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിൽ യാർഡ് ക്രെയിനുകളുടെ ചലനം നിയന്ത്രിച്ച് വിഴിഞ്ഞത്തെ വനിതകൾ. ഇന്ത്യയിൽ ഇതാദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സി.ആർ.എം.ജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

കഴിഞ്ഞദിവസം വരെ ഇവിടെയെത്തിയ 200 കണ്ടെയ്നർ കപ്പലുകളിൽനിന്നും 4ലക്ഷത്തോളം ചരക്കുകൾ തുറമുഖ യാർഡിൽ യഥാസ്ഥാനങ്ങളിൽ ക്രമീകരിച്ച ക്രെയിൻ ഓപ്പറേറ്റർമാരിൽ ഒൻപതുപേരും വനിതകളാണ്. ഇതിൽ ഏഴുപേരും വിഴിഞ്ഞം സ്വദേശിനികൾ. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി ചെയ്യുന്നത്. സ്ത്രീശാക്തീകരണത്തിന്റെ മാതൃക സൃഷ്ടിക്കുകയാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാരെന്ന് തുറമുഖ അധികൃതർ പറഞ്ഞു.

വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി.പ്രിനു, എസ്.അനിഷ, എൽ.സുനിത രാജ്,ഡി.ആർ.സ്റ്റെഫി, റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി.ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി.നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് ഇവർ നിയന്ത്രിക്കുന്നത്. വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷന് കീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കിയാണിവർ ജോലിയിൽ പ്രവേശിച്ചത്.

എം വി ഗോവിന്ദന്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും; ഇ പി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ നിന്നും പുറത്തേക്ക്?

എം വി ഗോവിന്ദന്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും; ഇ പി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ നിന്നും പുറത്തേക്ക്?

കൊല്ലം: കേരളത്തിലെ സിപിഎമ്മിന്റെ അമരക്കാരനായി എം വി ഗോവിന്ദന്‍ തുടര്‍ന്നേക്കും. കൊല്ലത്ത് സമാപിക്കുന്ന 24-ാമത് സിപിഎം സംസ്ഥാന സമ്മേളനം, 71 കാരനായ മുന്‍ എക്‌സൈസ് മന്ത്രിയെ സംസ്ഥാന സെക്രട്ടറിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കും. പാര്‍ട്ടി സമ്മേളനത്തില്‍ ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്.

2022 ഓഗസ്റ്റില്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ 2 ന് മന്ത്രിപദം രാജിവെച്ച് ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. ഇതിനു പിന്നാലെ എം വി ഗോവിന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയിലും ഉള്‍പ്പെടുത്തി.

കേരള പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര മുഖമായ കണ്ണൂര്‍ നേതാവ് എം വി ഗോവിന്ദന്‍, പക്ഷെ ഇതുവരെ പിണറായി വിജയന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിട്ടില്ല. 2006 മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. കേരളത്തില്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ ( തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകള്‍) അടുത്തു വരുമ്പോള്‍, എം വി ഗോവിന്ദന് മുന്നിലുള്ളത് കഠിനമായ ദൗത്യമാണ്.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, ഗോപികോട്ടമുറിക്കല്‍, പി നന്ദകുമാര്‍, എന്‍ ആര്‍ ബാലന്‍, എം കെ കണ്ണന്‍ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ 75 വയസ്സ് പ്രായപരിധി കാരണം പുറത്താകുമെന്നാണ് സൂചന. അതോടൊപ്പം ആരോഗ്യപരമായ കാരണങ്ങളാലും മറ്റും ചില നേതാക്കളെയും ഒഴിവാക്കിയേക്കാം. കൊല്ലത്തു നിന്നുള്ള നേതാക്കളായ സൂസന്‍ കോടി, കെ രാജഗോപാല്‍ എന്നിവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തവണ കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെയും പ്രസിഡന്റ് വി വസീഫിനെയും പരിഗണിക്കുന്നുണ്ട്. കോട്ടയത്ത് നിന്നുള്ള ജെയ്ക് സി തോമസ്, കണ്ണൂരില്‍ നിന്നും എസ്എഫ്‌ഐ മുന്‍ നേതാവ് കെ അനുശ്രീ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്. എറണാകുളത്ത് നിന്നും സി ബി ദേവദര്‍ശന്‍, പി ആര്‍ മുരളീധരന്‍ എന്നിവരും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ഉള്‍പ്പെടുന്നു.

ആറ് പുതിയ ജില്ലാ സെക്രട്ടറിമാരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള രാജു എബ്രഹാം മാത്രമാണ് നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിട്ടുള്ളത്. മറ്റ് അഞ്ച് പേര്‍ – എം രാജഗോപാല്‍ (കാസര്‍കോട്), വി പി അനില്‍ (മലപ്പുറം), കെ റഫീഖ് (വയനാട്), കെ വി അബ്ദുള്‍ ഖാദര്‍ (തൃശൂര്‍), എം മെഹബൂബ് (കോഴിക്കോട്) എന്നിവരും സംസ്ഥാന കമ്മിറ്റിയില്‍ ഇടംപിടിക്കും.

കൊച്ചിയില്‍ അര്‍ധരാത്രി മിന്നല്‍ പരിശോധന; ലഹരി ഉപയോഗിച്ചവര്‍ അടക്കം നിരവധി പേരെ പിടികൂടി

കൊച്ചിയില്‍ അര്‍ധരാത്രി മിന്നല്‍ പരിശോധന; ലഹരി ഉപയോഗിച്ചവര്‍ അടക്കം നിരവധി പേരെ പിടികൂടി

കൊച്ചി: മയക്കുമരുന്ന് ഉപയോഗം തടയാന്‍ ലക്ഷ്യമിട്ട് കൊച്ചി നഗരത്തില്‍ അര്‍ധരാത്രിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ലഹരി കടത്തിയവരും ഉപയോഗിച്ചവരും അടക്കം 300 പേരെ പൊലീസ് പിടികൂടി. എംഡിഎംഎയും ഹഷീഷ് ഓയിലും അടക്കമാണ് പിടിച്ചെടുത്തത്. മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി. മിന്നല്‍ പരിശോധന രാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടു.

ലഹരിമരുന്നിന്റെ ഉപയോഗം കൂടുന്നു എന്നും യുവാക്കള്‍ ഇതിന് അടിപ്പെടുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരത്തില്‍ സിറ്റി പൊലീസ് പരിശോധന കര്‍ശനമാക്കിയത്. വാരാന്ത്യത്തില്‍ യുവാക്കള്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും തമ്പടിക്കുന്നതായും അവിടെ ലഹരിമരുന്ന് വിതരണം നടക്കുന്നതുമായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ മിന്നല്‍ പരിശോധന. ഇന്നലെ രാവിലെ എക്‌സൈസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഉടനീളം പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിറ്റി പൊലീസ് നഗരത്തില്‍ അര്‍ധരാത്രി മുതല്‍ പരിശോധന ആരംഭിച്ചത്.

ഡിസിപി ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. കൊച്ചി നഗരത്തില്‍ നിന്ന് എളുപ്പം പുറത്തുകടക്കാന്‍ കഴിയുന്ന എല്ലാ വഴികളും അടച്ച് പഴുതടച്ച പരിശോധനയാണ് നടന്നത്. എംഡിഎംഎയും ഹഷീഷ് ഓയിലും പിടികൂടിയതുമായി ബന്ധപ്പെട്ട് 77 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 80 ലധികം പേരാണ് പ്രതികള്‍. മദ്യപിച്ച് വാഹനമോടിച്ചതിന് 193 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇത് പ്രാഥമിക കണക്ക് മാത്രമാണ്.