by Midhun HP News | Mar 9, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.
പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.
അതേസമയം കടുത്ത ചൂടിന് ആശ്വാസമായി ഏതാനും ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകലില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Mar 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹൈസ്‌കൂള്‍ പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിര്‍ദേശം. എട്ടാംക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് നിര്‍ദേശം.
കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്തുള്ള പരീക്ഷ (ഓണ്‍ ഡിമാന്‍ഡ് എക്‌സാം), വീട്ടില്‍ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്‌സാം), ഓണ്‍ലൈന്‍ പരീക്ഷ എന്നീ സാധ്യതകളും പ്രയോജനപ്പെടുത്താം. ഇതിനായി എസ്‌സിഇആര്‍ടി മാര്‍ഗരേഖ പുറത്തിറക്കും. കുട്ടികളെ ക്ലാസ് പരീക്ഷ നടത്തി ടീച്ചര്‍ വിലയിരുത്തണം.
തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, ആത്മനിയന്ത്രണം, സാമൂഹികബോധം, ആരോഗ്യകരമായ ബന്ധങ്ങള്‍ക്കുള്ള ശേഷി, ഉത്തരവാദിത്തപൂര്‍ണമായി തീരുമാനമെടുക്കല്‍ എന്നീ അഞ്ചു കഴിവുകള്‍ വിലയിരുത്തും. പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.
അഞ്ചു ശേഷികളില്‍ ഓരോന്നിനും നല്ലത്, തൃപ്തികരം, സഹായം ആവശ്യമുള്ളത് എന്നിങ്ങനെ മൂന്നുതരത്തില്‍ മാര്‍ക്കിടും. പ്രോജക്ട്, സെമിനാര്‍, പഠനപ്രവര്‍ത്തനം, സംഘചര്‍ച്ച, സംവാദം, സ്ഥലസന്ദര്‍ശനം തുടങ്ങി വ്യത്യസ്തമാര്‍ഗങ്ങള്‍ വിലയിരുത്തലിനു പ്രയോജനപ്പെടുത്താം.
by Midhun HP News | Mar 9, 2025 | Latest News, കേരളം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന വികസന നയരേഖയിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. ശനിയാഴ്ച ആറ് വനിതകള്‍ ഉള്‍പ്പെടെ 27 പേര്‍ വികസനരേഖയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലുള്ള സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നേക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട്, വയനാട് മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തും. നിലവിലെ കമ്മിറ്റിയില്‍ നിന്നും പ്രായം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കണക്കിലെടുത്ത് 25 പേരെങ്കിലും മാറിയേക്കുമെന്നാണ് സൂചന.
വൈകീട്ട് കാല്‍ലക്ഷം പേരുടെ റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയുമോടെയാണ് സമ്മേളനത്തിന് കൊടിയിറങ്ങുക. വൈകിട്ട് നാലിന് കൊല്ലം ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം ആരംഭിക്കും. പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും.
by Midhun HP News | Mar 9, 2025 | Latest News, ജില്ലാ വാർത്ത
വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്താർ ഒരുക്കി എസ്.വൈ.എസ് ആറ്റിങ്ങൽ സോൺ സാന്ത്വനം വൊളന്റിയർമാർ. ആറ്റിങ്ങൽ കെ എസ് ആർ ടി സിയുടെ മുൻവശത്ത് സംഘടിപ്പിച്ച ഇഫ്താർ ഖൈമ ആറ്റിങ്ങൽ മുനിസിപ്പൽ വൈസ്
ചെയർമാൻ ജി തുളസീധരൻ പിള്ള ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ നജാം സംബന്ധിച്ചു.
by Midhun HP News | Mar 8, 2025 | Latest News
കൊച്ചി: ഓസ്‌കര്‍ വേദിയില്‍ കേരളത്തിന്റെ സാന്നിധ്യമായി അനന്യ ശാന്‍ഭാഗ്. 97-മത് അക്കാദമി അവാര്‍ഡിനായി നോമിനേഷന്‍ ലഭിച്ച അനുജ എന്ന ചിത്രത്തിലെ അഭിനേത്രി അനന്യ ശാന്‍ഭാഗ് ധരിച്ച ഗൗണാണ് ഓസ്‌കര്‍ ചടങ്ങില്‍ കേരളത്തിന്റെ അടയാളമായി മാറിയത്. പ്രശസ്ത അഭിനേത്രിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആണ് യുവ നടിക്കായി വസ്ത്രം തയ്യാറാക്കിയത്.
ലോകമാകെ പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അനന്യ ശാന്‍ഭാഗിന്റെ ചിത്രം പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്. ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തുള്‍പ്പെടെ കേരളത്തില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതും വ്യവസായ സൗഹൃദ കേരളത്തില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തയുമാണ് ഓസ്‌കര്‍ വേദിയിലെ കേരളത്തിന്റെ സാന്നിധ്യം എന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മന്ത്രിയുടെ പോസ്റ്റ് പൂര്‍ണ രൂപം-
കേരളത്തിന്റെ കൈത്തറിപ്പെരുമ ഓസ്‌കാറിന്റെ റെഡ് കാര്‍പ്പറ്റിലും. കൈത്തറിയില്‍ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള അനന്യ ശാന്‍ഭാഗ് ഓസ്‌കര്‍ വേദിയിലേക്കെത്തിയത്. പ്രശസ്ത അഭിനേത്രിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആണ് വീണ്ടും നമ്മുടെ കൈത്തറിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഇതിന് മുന്‍പും നിരവധി അന്താരാഷ്ട്ര വേദികളില്‍ വിവിധ താരങ്ങള്‍ പ്രാണയുടെ കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയിട്ടുണ്ട്. ലോകമാകെ പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നത്. ഒപ്പം ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തുള്‍പ്പെടെ കേരളത്തില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതും വ്യവസായ സൗഹൃദ കേരളത്തില്‍ നിന്നുള്ള പോസിറ്റീവ് വാര്‍ത്തയാണ്.
by Midhun HP News | Mar 8, 2025 | Latest News, കേരളം
പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ കൂടുതലായും ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ നിരവധി തവണ വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചെന്നും തിരുവല്ല പൊലീസ് പറഞ്ഞു.
മകനെ പൊലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണ് ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ഒന്നും പോകാതിരുന്ന ഷമീറിന്റെ ഉപജീവന മാര്‍ഗം ലഹരി വില്‍പ്പനയായിരുന്നെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Recent Comments