ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ആറ് മണിക്കൂര്‍ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ആറ് മണിക്കൂര്‍ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവകലശങ്ങളുടെ ഭാഗമായി ശനിയാഴ്ച തത്ത്വകലശം നടക്കും. ആയിരം കലശവും വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവും ഞായറാഴ്ചയാണ്. ഈ രണ്ടുദിവസങ്ങളിലും വെളുപ്പിന് നാലരവരെ മുതല്‍ രാവിലെ 11വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും തദ്ദേശീയര്‍ക്കും ദര്‍ശനത്തിനുള്ള പ്രത്യേക വരികളും രണ്ട് ദിവസം ഉണ്ടാകില്ല.

തത്ത്വകലശം നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലത്തെ ശീവേലി ഒരുമണിക്കൂര്‍ നേരത്തെയാക്കും. ഉത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന എല്ലാ കലശങ്ങളുടെയും സമാപനമാണ് ഞായറാഴ്ചത്തെ ബ്രഹ്മകലശം.

രാവിലെ ശീവേലി കഴിഞ്ഞാല്‍ ആയിരും കലശമാടാന്‍ തുടങ്ങും. അതിനുശേഷമായിരിക്കും ബ്രഹ്മകലശാഭിഷേകം. ശ്രീലകത്തുനിന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഓതിക്കന്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ബ്രഹ്മകലശം എഴുന്നള്ളിക്കും.

ആയിരം കലശങ്ങള്‍ക്കും ബ്രഹ്മകലശത്തിനും മുന്നോടിയായി ക്ഷേത്രം കൂത്തമ്പലത്തില്‍ കലശകുംഭങ്ങള്‍ കീഴ്ശാന്തിമാര്‍ വെള്ളിയാഴ്ച തയ്യാറാക്കി വച്ചു. 976 വെള്ളിക്കുംഭങ്ങളും 25 സ്വര്‍ണ്ണക്കുംഭങ്ങളുമാണ് ഒരുക്കി വച്ചത്‌

കായംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

കായംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

കഴിഞ്ഞ രാവിലെ 10.30 മണിക്കും 11.50 മണിക്കും ഇടയിൽ കായംകുളം KPAC ജംഗ്ഷന് സമീപമുള്ള വടിയാടി അജീഷ് നിവാസ് വീടിൻ്റെ മുൻവശം ഗ്രില്ലിൻ്റെ താഴും വീടിൻ്റെ പ്രധാന വാതിലിൻ്റെ പൂട്ടും തകർത്ത് വീടിനുള്ളിൽ കയറി ബെഡ്റൂമിൽ കബോഡിൽ സൂക്ഷിച്ചിരുന്ന 6000 രൂപ മോഷ്ടിച്ച
കേസിലാണ് ഉത്തർ പ്രദേശ് സംസ്ഥാനത്ത് ബിഞ്ജോർ ജില്ലയിൽ സ്വാലകാല പി.ഒ. യിൽ ഫൈസൽ ( 29), ഉത്തർപ്രദേശ് സംസ്ഥാനത്ത് ബിഞ്ജോർ ജില്ലയിൽ ശിവാലകാലൻ പി.ഒ. യിൽ അക്ഷയ് കുമാർ (19) എന്നിവരാണ് കായംകുളം പോലീസിൻ്റെ പിടിയിലായത്.

മോഷണം നടന്ന വീടിൻ്റെ സമീപത്തുള്ള CCTV ക്യാമറകൾ പരിശോധിച്ചതിൽ രണ്ട് ചെറുപ്പക്കാർ വീടിന്റെപരിസരത്തു നിന്നും ഓടി പോകുന്നത് ദൃശ്യങ്ങളിൽ കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആ KPAC ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ കയറി പോയതായി കണ്ടെത്തുകയും തുടർന്ന് ഓട്ടോറിക്ഷാക്കാരനെ കണ്ട് അന്വേഷണം നടത്തിയതിൽ അവരെ കരുനാഗപ്പള്ളി മൈനാഗപ്പള്ളി ജംഗ്ഷനിൽ കൊണ്ടു വിട്ടതായി വിവരം ലഭിക്കുകയും മൈനാഗപ്പള്ളിയിലെത്തി അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരുടെ കൈയ്യിലുള്ള ബാഗിൽ നിന്നും വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങളും, 4000 രൂപയും കണ്ടെടുത്തു.

കായംകുളം ഡി. വൈ.എസ്.പി. ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്. ഐ.മാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ സബീഷ്, സജീവ് കുമാർ, അരുൺ, ലിമു മാത്യു, റിൻ്റിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

താനൂരില്‍ നിന്നും പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

താനൂരില്‍ നിന്നും പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് അസ് ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും സുഹൃത്താണ് റഹീമെന്ന് പൊലീസ് പറഞ്ഞു. അതേസമയം മുംബൈയില്‍ നിന്നും പിടികൂടിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. താനൂരില്‍നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ടോടെ ഗരീബ്രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചതായും ഉച്ചയോടെ തിരൂരില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗണ്‍സലിങ്ങും നല്‍കും. യാത്രയോടുള്ള താല്‍പര്യം കൊണ്ടു പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ കുട്ടികളില്‍നിന്നു നേരിട്ടു ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളോടൊപ്പമുണ്ടായിരുന്ന എടവണ്ണ സ്വദേശിയായ യുവാവിനെയും നാട്ടിലെത്തിച്ചു മൊഴിയെടുക്കും. ഒപ്പം പോയ ഇയാള്‍ യാത്രയ്ക്കു സഹായം നല്‍കിയതായാണു കരുതുന്നത്. ഇയാളെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് സൂചന. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മുംബൈ പൊലീസും ആര്‍പിഎഫും മുംബൈ മലയാളി സമാജവും അന്വേഷണത്തില്‍ സഹായിച്ചെന്നു ആര്‍ വിശ്വനാഥ് പറഞ്ഞു.

ബുധനാഴ്ച രാവിലെ പരീക്ഷയ്‌ക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനികള്‍. പരീക്ഷയ്ക്കു ഹാജരായിട്ടില്ലെന്നു സ്‌കൂളില്‍ നിന്നറിഞ്ഞ രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കി. മുംബൈ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിലെ യാത്രയ്ക്കിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പൂനെയ്ക്കടുത്തു ലോണാവാലയില്‍ വച്ചാണു കുട്ടികള്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്നു പൂനെയില്‍ ഇറക്കുകയും മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കെയര്‍ ഹോമില്‍ എത്തിക്കുകയും ചെയ്തു.

രാവിലെ 11നു താനൂര്‍ പൊലീസ് അവിടെയെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഏറ്റെടുക്കുകയായിരുന്നു.വ്യാഴാഴ്ച പന്‍വേലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനികള്‍ ലോക്കല്‍ ട്രെയിനില്‍ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലില്‍ എത്തി. സമീപത്തെ, മലയാളിയുടെ ബ്യൂട്ടി പാര്‍ലറില്‍ മുടിവെട്ടി. ലോക്കല്‍ ട്രെയിനില്‍ പന്‍വേലില്‍ വിദ്യാര്‍ഥിനികള്‍ എത്തുമെന്ന വിവരം മനസ്സിലാക്കി കഴിഞ്ഞദിവസം പൊലീസും മലയാളി സമാജം പ്രവര്‍ത്തകരും ഇവര്‍ക്കായി കാത്തുനിന്നെങ്കിലും പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പുണെ ദിശയിലേക്കു കാണിക്കാന്‍ തുടങ്ങിയതോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണു ഇവരെ കണ്ടെത്താനായത്.

രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

തിരുവനന്തപുരം: രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ മയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം. ബസ്, ട്രാവലര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വഴി നേരിട്ട് സ്റ്റേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ മോണുമെന്റല്‍ ഫ്‌ലാഗിന്റെ വലതു വശത്തു ഇറക്കി, വീണ്ടും റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി തിരികെ പോകേണ്ടതാണ്.

ബൈക്ക്, കാര്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പ്രവേശിച്ച് മോണുമെന്റല്‍ ഫ്‌ലാഗിന്റെ ഇടതുവശം വഴി പ്ലാറ്റ്‌ഫോം പ്രവേശന കവാടത്തില്‍ യാത്രക്കാരെ ഇറക്കേണ്ടതും പിന്നീട് ഏരിയ മാനേജര്‍ ആഫീസിന്റെ ഇടതു വശം ചേര്‍ന്ന് കാരക്കാട്ട് റോഡിലൂടെ ചിറ്റൂര്‍ റോഡിലേക്ക് പോകേണ്ടതുമാണ്.

പെരുംതേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു

പെരുംതേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ പെരുംതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഉടുമ്പഞ്ചോല ആട്ടുപാറ സ്വദേശി സുബ്രഹ്മണി ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സുബ്രഹ്മണിയ്ക്ക് പെരുംതേനീച്ചയുടെ കുത്തേറ്റത്

വെള്ളം ശേഖരിയ്ക്കുന്നതിനിടെ തേനീച്ച കൂട്ടം ആക്രമിയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ബോധരഹിതനായ സുബ്രഹ്മണിയെ രക്ഷിയ്ക്കുന്നതിനിടെ മറ്റ് നാലു പേര്‍ക്കും കുത്തേറ്റു.സുബ്രഹ്മണിയെ ആദ്യം നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു