by Midhun HP News | Mar 7, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം കുന്നത്തുനാട് പറക്കോട് തെരുവുനായകളെ സംരക്ഷിക്കുന്നത് ലൈസന്‍സ് ഇല്ലാതെയെന്ന് ജില്ലാ ഭരണകൂടം. ഉടമയ്ക്ക് നായ വളര്‍ത്തല്‍ കേന്ദ്രം തുടങ്ങാന്‍ ലൈസന്‍സ് ഇല്ല. അതിനാല്‍ വീട്ടില്‍ പാര്‍പ്പിച്ച നായകളെ ഒഴിപ്പിക്കും. ആര്‍ഡിഒ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നായകളെ പരിശോധിച്ചിരുന്നു. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും.
വീടിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ നായകളെ മാറ്റില്ലെന്ന നിലപാടിലാണ് വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാര്‍ദ്ദനന്‍. നാട്ടുകാര്‍ പുറത്ത് ബഹളം വയ്ക്കുമ്പോള്‍ മാത്രമാണ് നായകള്‍ കുരയ്ക്കുന്നത് എന്നും വീണ പറയുന്നു. വീട് വാടകയ്ക്ക് എടുത്തപ്പോള്‍ മൃഗങ്ങളെ വളര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ എഗ്രിമെന്റ് തന്റെ കയ്യിലുണ്ട്. നായകളുടെ എണ്ണമൊന്നും അതില്‍ പറഞ്ഞിട്ടില്ലെന്നും, താന്‍ റെസ്‌ക്യുവര്‍ ആണെന്നും വീണ ജനാര്‍ദ്ദനന്‍ വ്യക്തമാക്കി.
പഞ്ചായത്ത് റൂള്‍സ് പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസന്‍സ് ഇതിന് ആവശ്യമാണെന്ന് പി വി ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍ ഇവര്‍ സംരക്ഷിക്കുന്ന നായകള്‍ക്കൊന്നും കുന്നത്തുനാട് പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് ഇല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ശ്രീനിജിന്‍ പറഞ്ഞു. ജനവാസമേഖലയില്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
പശുഫാമിന് സ്റ്റോപ് മെമ്മോ കൊടുത്ത പഞ്ചായത്തിലാണ് ഇത്രയധികം തെരുവുനായകളെ യാതൊരു കരുതലുമില്ലാതെ വീടിനകത്ത് വളര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രശ്നം പരിഹരിക്കാതെ വീട്ടുമുറ്റത്തുനിന്നും പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും നാട്ടുകാര്‍ പിരിഞ്ഞുപോകാത്തതിനാല്‍ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
by Midhun HP News | Mar 7, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.
5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ ആശുപത്രിയിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.
മികച്ച സേവനങ്ങളാണ് ഇവിടെ നല്‍കി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്.
155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 9 കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.
by Midhun HP News | Mar 7, 2025 | Latest News, ജില്ലാ വാർത്ത
അമിതവേഗതയിൽ കാറോടിച്ച് ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. ചൊവ്വാഴ്ച രാത്രി 10.30 ഓടെ വർക്കല നടയറ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.
നടയറ സ്വദേശികളായ 38 വയസ്സുള്ള ഷിബു ഭാര്യ 34 വയസ്സുള്ള ഷിജി, ഇവരുടെ മകൾ 13 വയസ്സുള്ള ദേവനന്ദ എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പരിക്കേറ്റ ഷിബുവിന്റെ കാൽ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന നിലയിലും, ഭാര്യ ഷിജിയുടെ തുടയെല്ലുകൾ ഒടിഞ്ഞ് പുറത്തുവന്ന നിലയിലുമായിരുന്നുവെന്നും കുട്ടിയുടെ കാലിനും ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
ശിവഗിരി പന്തുകളം സ്വദേശിയായ സജീവ് എന്നയാളാണ് മദ്യലഹരിയിൽ വാഹനം അമിതവേഗത്തിൽ ഓടിച്ചു അപകടമുണ്ടാക്കിയത്. നടയറയിൽ നിന്നും വർക്കല ഭാഗത്തേക്ക് അമിതവേഗതിയിൽ പോയ കാറാണ് എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടർ യാത്രികരെ ഇടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തിന് ശേഷം നിർത്താതെ വേഗത്തിൽ പോയ കാർ ഡ്രൈവറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വർക്കല പോലീസിന് കൈമാറി.
നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുന്ന സമയത്ത് ഡ്രൈവറിന് മർദ്ദനമേറ്റ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുക യാണെന്നും പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് വർക്കല പോലീസ് അറിയിച്ചു.
by Midhun HP News | Mar 7, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി ജില്ലയിൽ നിന്നു പുതിയൊരു സസ്യയിനത്തെ കണ്ടെത്തി. ഇക്സോറ ഗാഡ്ഗിലിയാന എന്നു നാമകരണം ചെയ്ത സസ്യമാണ് കണ്ടെത്തിയത്. മനോഹരമായ വെളുത്ത പൂക്കളോടു കൂടിയ ഇടത്തരം വൃക്ഷമാണിത്. സമുദ്ര നിരപ്പിൽ നിന്നു 1200 മീറ്റർ ഉയരത്തിൽ പുൽമേടുകൾക്കിടയിൽ കാണപ്പെടുന്ന ഒറ്റപ്പെട്ട ചോലവനങ്ങളാണ് ഇവയുടെ ആവാസ വ്യവസ്ഥ. പത്തനംതിട്ട തുരുത്തിക്കാട് ബിഎഎ കോളജ് സസ്യശാസ്ത്ര അധ്യാപകരായ ഡോ. അനൂപ് പി ബാലൻ, എജെ റോബി എന്നിവരടങ്ങിയ ഗവേഷക സംഘമാണ് ഉറുമ്പിക്കര മലകളിൽ നിന്നു പുതിയ സസ്യത്തെ കണ്ടെത്തിയത്.
കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ഉറുമ്പിക്കര മലകൾ സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗിൽ നൽകിയ സംഭാവനകളെ ആദരിച്ചാണ് പുതിയ ചെടിക്കു അദ്ദേഹത്തിന്റെ പേര് നൽകിയതെന്നു ഗവേഷകർ അറിയിച്ചു. പുതിയ കണ്ടെത്തൽ സംബന്ധിച്ച പഠനം ഫ്രാൻസിൽ നിന്നുള്ള രാജ്യാന്തര ജേണലായ ആഡാൻസോണിയ പ്രസിദ്ധീകരിച്ചു.
by Midhun HP News | Mar 7, 2025 | Latest News, കേരളം
മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. പെൺകുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി കുട്ടികൾ സംസാരിച്ചത്.
തങ്ങള്‍ക്ക് 18 വയസ് ആയെന്നും വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്നും ഇവര്‍ പറയുന്നു. ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നുണ്ട്. അടിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്നും ആരേലും പറഞ്ഞാൽ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ പെരുമാറും പിന്നീട് വീണ്ടും വീട്ടുകാർ പഴയതുപോലെയാകുമെന്നും പറയുന്നുണ്ട്.
എന്തെങ്കിലും സഹായം വേണമെന്ന് ചോദിക്കുമ്പോള്‍ താമസിക്കാന്‍ മുറി കിട്ടിയില്ലെന്നും ട്രെയിനിലാണെന്നും ടിക്കറ്റെടുത്തില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. അങ്കിള്‍ ജോലി ശരിയാക്കി തരുമോ എന്നും മാതാപിതാക്കള്‍ വിളിച്ചാല്‍ എന്ത് പറയുമെന്നും പെണ്‍കുട്ടികള്‍ സുധീറിനോട് ചോദിക്കുന്നുണ്ട്. അതേസമയം വീട്ടുകാരുമായി സംസാരിക്കുമ്പോൾ കുട്ടികളുമായി വലിയ പ്രശ്നങ്ങളില്ലെന്നായിരുന്നു വീട്ടുകാർ പറയുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടികൾ സ്കൂളിൽ നിന്ന് കടന്നുകളഞ്ഞത്. സ്കൂളിൽ പരീക്ഷ എഴുതാൻ
പോയതായിരുന്നു കുട്ടികൾ. എന്നാൽ പരീക്ഷ എഴുതാതെ നാട് വിടുകയായിരുന്നു. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരിച്ചറിഞ്ഞ റെയിൽവേ പൊലീസ് പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു.
കുട്ടികളെ വൈദ്യപരിശോധനയ്ക്കായി പൂനയിലെ സസൂൺ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് കെയർ ഹോമിലേക്ക് മാറ്റും. കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിൽ എത്തിക്കും. ദേവദാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാർഥികളെയാണ് കാണാതായത്. തുടർന്നാണ് രാത്രിയോടെ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന വിവരം ലഭിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
by Midhun HP News | Mar 7, 2025 | Latest News, കേരളം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 63,920 രൂപയും, ഗ്രാമിന് 7,990 രൂപയുമാണ് വില. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനവുണ്ട്. നിലവിൽ പണിക്കൂലി അടക്കം ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ സംസ്ഥാനത്ത് 68,000 രൂപയെങ്കിലും നൽകേണ്ടതാണ്.
ഇന്നലെ കേരളത്തിലെ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 360 രൂപയും, ഗ്രാമിന് 45 രൂപയുമാണ് വില കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 64,160 രൂപയും, ഗ്രാമിന് 8,020 രൂപയുമായിരുന്നു വില.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Recent Comments