by Midhun HP News | Mar 7, 2025 | Latest News, കേരളം
കൊച്ചി: വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നു. കെഎസ്ഇബി കണക്കുകള്‍ പ്രകാരം മാര്‍ച്ച് 4 ന് കേരളം 10.078 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 5 ന് പ്രതിദിന ഉപഭോഗം 101.73 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു.
2024 മാര്‍ച്ച് 11 ന് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നിരുന്നു. 2024 മെയ് 3 ന് 11.596 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡിലും എത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. വൈദ്യുതി ആവശ്യകത മുന്‍കൂട്ടി കണ്ട് പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.
മാര്‍ച്ച് 5 ബുധനാഴ്ച സംസ്ഥാനത്തു പരമാവധി താപനില 33-നും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു.കൂടുതല്‍ ഉപഭോക്താക്കള്‍ രാത്രി സമയങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഉപഭോഗം കൂട്ടി. നേരത്തെ പീക്ക് സമയം 6 നും രാത്രി 10 നും ഇടയിലായിരുന്നു. സമീപ വര്‍ഷങ്ങളില്‍ രാത്രി 10 നും പുലര്‍ച്ചെ 2 നും ഇടയിലാണ് ഉപഭോഗത്തില്‍ വര്‍ധനവ് ഉണ്ടായത്.
ബുധനാഴ്ച, ആദ്യ പീക്ക് ടൈമില്‍ പരമാവധി ഡിമാന്‍ഡ് വൈകുന്നേരം 7.35-ന് 4,933 മെഗാവാട്ടും രണ്ടാമത്തേതില്‍ രാത്രി 10.30-ന്, 5,160 മെഗാവാട്ടും രേഖപ്പെടുത്തി. 2024 മെയ് 2-ന് സംസ്ഥാനത്തെ ഉയര്‍ന്ന ആവശ്യകത റെക്കോര്‍ഡ് സൃഷ്ടിച്ച് 5,854 മെഗാവാട്ടായി ഉയര്‍ന്നു, ഇത് കേരളത്തിലുടനീളം ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലാകാനും വൈദ്യുതി ലൈനുകള്‍ പൊട്ടാനും കാരണമായി.
ഈ വേനല്‍ക്കാലത്ത് കുതിച്ചുയരുന്ന ആവശ്യകത മുന്‍കൂട്ടി കണ്ടുകൊണ്ട്, കെഎസ്ഇബി അധിക വൈദ്യുതി ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ സീസണില്‍ 6,200 മെഗാവാട്ട് പീക്ക് അവര്‍ ഡിമാന്‍ഡ് നിറവേറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ബോര്‍ഡ് നടത്തിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ പീക്ക് ഡിമാന്‍ഡ് 5,180 മെഗാവാട്ട് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
‘ഉത്തര്‍പ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ യൂട്ടിലിറ്റികളുമായി പവര്‍ സ്വാപ്പിങ് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. 1,800 മെഗാവാട്ട് ആന്തരികമായി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ, സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും സ്വാപ്പ് ക്രമീകരണങ്ങളില്‍ നിന്നും ഉള്‍പ്പെടെ 4,460 മെഗാവാട്ട് പുറത്തു നിന്ന് ലഭിക്കും. 2025 ജൂണ്‍ വരെ 300 മെഗാവാട്ട് ലഭിക്കുന്ന ഹ്രസ്വകാല വൈദ്യുതി വാങ്ങല്‍ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ, ഡേ എഹെഡ് മാര്‍ക്കറ്റില്‍ നിന്നും റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്നും ഏകദേശം 200 മെഗാവാട്ട് വാങ്ങാം. അതിനാല്‍, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് മറികടക്കാന്‍ ആവശ്യമായ വൈദ്യുതിയുണ്ട്, ”ഒരു മുതിര്‍ന്ന കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രധാന ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളമുള്ളതിനാല്‍ ഉല്‍പാദനത്തെ ഇത് ബാധിക്കില്ലെന്നും കെഎസ്ഇബി പറയുന്നു.
by Midhun HP News | Mar 7, 2025 | Latest News, കേരളം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ തുക പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി.
നഗരത്തിൽ അനധികൃതമായി 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടിയതിനാണ് നാല് ദിവസങ്ങൾക്കു മുൻപ് പിഴ ചുമത്തി നോട്ടീസ് നൽകിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോർപറേഷൻ തീരുമാനം എടുത്തിരുന്നില്ല.
കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നതിൽ സിപിഎം തീരുമാനം എടുത്തിട്ടില്ല. ഫ്ലക്സുകളും കൊടി തോരണങ്ങളും നിരത്തിൽ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നലെ വീണ്ടും വിമർശനമുന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി സിംഗിൾ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
പ്രധാന രാഷ്ട്രീയ പാർട്ടികൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്. നിയമത്തിനു മുകളിലാണ് തങ്ങൾ എന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. ആ വിശ്വാസത്തിനു സർക്കാർ കുട പിടിക്കുകയാണ്. നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സർക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിനു പിന്നിലെന്നു വിമർശനമുണ്ട്. സർക്കാരിന്റെ ഉത്തരവുകൾ സർക്കാർ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
നിരത്തിൽ നിറയെ ബോർഡുകൾ ഉള്ളതല്ല നിങ്ങൾ പറയുന്ന നവകേരളം. ടൺ കണക്കിനു ബോർഡുകൾ മാറ്റുന്നു അതിൽ കൂടുതൽ ബോർഡുകൾ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതൽ മലിനമാകുന്നുവെന്നും കോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു.
by Midhun HP News | Mar 7, 2025 | Latest News, കേരളം
മലപ്പുറം: താനൂരിൽ നിന്നു ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനിലനിൽ നിന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്. ചെന്നൈ- എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പൊലീസ് കൈമാറിയ ഫോട്ടോയിൽ നിന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ കുട്ടികളെ തിരിച്ചറിഞ്ഞത്.
കുട്ടികൾ സുരക്ഷിതരാണെന്നും പുനെ ആർപിഎഫ് ഓഫീസിലേക്ക് ഇരുവരേയും കൊണ്ടു പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളും സന്തോഷത്തിലാണ്. വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കു പറയുമോ എന്ന ഭയത്തിലാണെന്നും ഇരുവരുമായി ഫോണിൽ സംസാരിച്ച താനൂർ ഡിവൈഎസ്പി പറഞ്ഞു.
നേരത്തെ കുട്ടികളെ കാണാനില്ലെന്നു പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. അതിനിടെയാണ് കുട്ടികൾ മുംബൈയിലെ പൻവേലിൽ എത്തിയതായി പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും മുംബൈയിൽ എത്തിയെന്നാണ് പൊലീസ് നൽകിയ വിവരം. പെൺകുട്ടികൾ പൻവേലിലെ ബ്യൂട്ടി പാർലറിൽ എത്തി മുടി ട്രിം ചെയ്യുന്നതിന്റെ വിഡിയോ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുംബൈ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പെൺകുട്ടികളെ കാണാതാകുന്നതിനു മുൻപ് എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറിൽ നിന്നു കട്ടികളുടെ ഫോണിലേക്ക് കോളുകൾ വന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മുംബൈയിൽ എത്തിയത്. ഇയാളുടെ ടവർ ലൊക്കേഷൻ മുംബൈയിലാണെന്നു പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളുടെ എടവണ്ണയിലുള്ള വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇയാൾ മുംബൈയിലേക്ക് പോയതായി ഇതോടെ സ്ഥിരീകരിച്ചു.
താനൂരിൽ നിന്നു തിരൂരിലെത്തിയ പെൺകുട്ടികൾ അവിടെ നിന്നു ട്രെയിൻ മാർഗം ആദ്യം കോഴിക്കോട്ടും പിന്നീട് അവിടെ നിന്നു യുവാവിനൊപ്പം മുംബൈയിലേക്കും പോയെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികൾ യുവാവിനെ പരിചയപ്പെട്ടത് എന്നാണ് പൊലീസ് നൽകുന്ന സൂചന.
താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനികളാണ് ഇരുവരും. ഇവരെ ഇന്നലെ മുതലാണ് കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയ ഇരുവരേയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകർ വീട്ടുകാരെ അറിയിച്ചു. തുടർന്നാണ് താനൂർ പൊലീസ് പരാതി നൽകിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടികളുടെ മൊബൈൽ ഫോൺ അവസാനമായി ഓണായതെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങളും ഇരുവരും കോഴിക്കോട് എത്തിയതിന്റെ ടവർ ലൊക്കേഷൻ വിവരങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.
by Midhun HP News | Mar 7, 2025 | Latest News, കേരളം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ത സമ്മർദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാൻ കാരണമെന്നു കണ്ടെത്തി. കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാളെ പരിശോധനയ്ക്കു ശേഷം കാര്യമായ മറ്റു പ്രശ്നങ്ങളിലെന്നു കണ്ടെത്തി. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു.
കസേരയിൽ ഇരിക്കുകയായിരുന്ന അഫാൻ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. അഫാൻ മനഃപൂർവം ചെയ്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ അഫാനുമായി തെളിവെടുപ്പിനു പോകാനിരിക്കെ ഇന്ന് ആറരയോടെയാണ് സംഭവം.
ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ സൽമാ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിനായി ആദ്യം എത്തിക്കാൻ തീരുമാനിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന ഇയാളെ ഇന്നലെയാണ് മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോവും അഫാൻ ആദ്യം നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിനോടു പറഞ്ഞത്.
by Midhun HP News | Mar 6, 2025 | Latest News, ജില്ലാ വാർത്ത
മാല ചോദിച്ചിട്ട് തരാത്തതിനാലാണ് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പോലീസിനോട് പറഞ്ഞത്. കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല. അതുകൊണ്ടാണ് കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.
മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം അഫാന്‍ ആഭരണം ഊരിയെടുത്തു. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചു. പ്രതിയുമായി നാളെ പോലീസ് കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും. കൂട്ടകൊലപാതക ദിവസം ഉമ്മയെ ആക്രമിച്ച പ്രതി ചുറ്റിക വാങ്ങി നേരെ പോയത് പിതൃമാതാവിന്റെ വീട്ടിലേക്കായിരുന്നു.
അതിനിടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷെമിയോട് ഇളയ മകന്‍ മരിച്ച വിവരം കുടുംബം അറിയിച്ചു. മക്കളെ തിരക്കിയപ്പോള്‍ രണ്ടുപേരും അപകടത്തില്‍ പരിക്കേറ്റുവെന്നും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും എന്നാണ് പിതാവ് ആദ്യം പറഞ്ഞത്. മെഡിക്കല്‍ കോളേജില്‍ നിന്ന് അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഷെമി നിര്‍ദ്ദേശിച്ചപ്പോഴാണ് ഇളയ മകന്‍ മരിച്ച വിവരം അബ്ദുല്‍ റഹീം പറഞ്ഞത്. ഐസിയുവില്‍ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തില്‍ നടന്ന ദാരുണ സംഭവങ്ങള്‍ അറിയിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തു തുടര്‍ന്നായിരുന്നു മരണ വിവരം പറഞ്ഞത്.
അതേസമയം തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി പിതാവ് അബ്ദുല്‍ റഹീം പോലീസിനോട് പറഞ്ഞു. നെടുമങ്ങാട് രജിസ്‌ട്രേഷനുള്ള ഫോക്സ്‍വാഗണ്‍ വാഹനമാണ് നഷ്ടമായത്. കാര്‍ അഫാന്‍ പണയം വെച്ചതാകാം എന്നാണ് നിഗമനം. ഈ കാറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
by Midhun HP News | Mar 6, 2025 | Latest News, കേരളം
2016 മാര്‍ച്ച് 6 ആം തിയതി വൈകുന്നേരമായിരുന്നു കേരളക്കരയെ ഞെട്ടിച്ച ആ വാര്‍ത്ത പരന്നത്. നടന്‍ കലാഭവന്‍ മണി അന്തരിച്ചുവെന്ന വാര്‍ത്ത. അദ്ദേഹം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരമായ അവസ്ഥയില്‍ അമൃത ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴായിരുന്നു തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. അദ്ദേഹത്തിന്റെ മരണം കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നിരുന്നു.
കാലങ്ങള്‍ കഴിയുമ്പോള്‍ കേസില്‍ പുതിയ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ല. ചാലക്കുടിക്കാരന്‍ രാമന്റേയും അമ്മിണിയുടേയും ആറാമത്തെ പുത്രനായി 1971 ജനുവരി 1 ആം തിയതി പുതുവത്സര ദിനത്തിലായിരുന്നു കലാഭവന്‍ മണിയുടെ ജനനം. ഓരോ പുതുവര്‍ഷം പിറക്കുമ്പോഴും സിനിമാപ്രേമികള്‍ മറക്കാത്ത ഒരു ദിവസമാണ് മണിയുടെ ജന്മദിനം.
കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയായിരുന്നു മണി കലാരംഗത്ത് സജീവമായത്. പാട്ട് പാടാനുള്ള കഴിവുള്ള മണി നാടന്‍ പാട്ടുകള്‍ക്ക് പുതിയൊരു രൂപവും അവതരണവും നല്‍കി.
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി നടന്നിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖന്‍ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികള്‍ നാടന്‍ ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ച് പറ്റിയത്. കോമഡി വേഷങ്ങളിലൂടെയായിരുന്നു സിനിമയിൽ തുടക്കമെങ്കിലും സഹനടനും നടനും വില്ലനുമടക്കം മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയത് അതിവേഗമായിരുന്നു.
1995 ല്‍ അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് കലാഭവന്‍ മണി ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായിരുന്നെങ്കില്‍ പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു.
സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കു വളര്‍ന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്‍ഡസ്ട്രികളിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോടെ കലാഭവന്‍ മണി തെന്നിന്ത്യയിലും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വളര്‍ന്ന താരത്തിന് മരിക്കുന്നത് വരെ കൈനിറയെ സിനിമകളായിരുന്നു.
മണിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കേരളം വിതുമ്പുകയായിരുന്നു. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. മരണശേഷം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ വിഷമദ്യം കുടിച്ചിട്ടാകാം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു.
മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. ഈ വാര്‍ത്ത വന്നതോടെ മണിയുടെ മരണത്തില്‍ ദുരുഹത വര്‍ദ്ധിച്ചു. എന്നാല്‍ ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുമ്പോഴും പോലീസ് പറയുന്നത് സ്വാഭാവികമരണമാണെന്നാണ്. കലാഭവൻ മണി ഓർമകളിലെ മണിമുഴക്കം എന്ന പേരിൽ ലിജീഷ് കുമാർ എഡിറ്റ് ചെയ്ത് ഗ്രീൻ ബുക്ക്സ് ഒരു പുസ്തകം ഇറക്കിയീട്ടുണ്ട്.
സെന്തില്‍ മണിയെ നായകനാക്കി സംവിധായകൻ വിനയൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു.
Recent Comments