കേരളത്തിൽ ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകു്പ്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഓറഞ്ച് അലർട്ട്. യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ 8 ആണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്.പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട് മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ് സൂചികയിൽ യെല്ലോ അലർട്ടാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മൽസ്യ തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ തുടങ്ങിയവയിൽ പൊതുവെ തന്നെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും. അതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ കടുത്ത ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകപ്പ് അറിയിച്ചു.

കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 2 മരണം, 3 പേർക്ക് പരിക്ക്

കൊരട്ടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 2 മരണം, 3 പേർക്ക് പരിക്ക്

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാംപ്; കണ്ണൂരിൽ വൻ ലഹരി വേട്ട

എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാംപ്; കണ്ണൂരിൽ വൻ ലഹരി വേട്ട

കണ്ണൂർ: നാറാത്ത് ടിസി ഗേറ്റിൽ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്. പറശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ കുറേക്കാലമായി പ്രതികൾ വാടക വീടെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പ്രദേശവാസികൾക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു.

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിൻ്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകൾ. ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് എൽഎസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി. എക്സൈസ് ഇവരെ വാഹനത്തിൽ കയറ്റുമ്പോൾ നാട്ടുകാരിൽ ചിലർ പ്രതികളെ കൈയേറ്റം ചെയ്തു. ഇതിനിടെയാണ് പ്രതികളെ എക്സൈസ് വാഹനത്തിൽ പൊടിക്കുണ്ടിലുള്ള ഓഫീസിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് റെയ്ഡിനെത്തുമ്പോൾ വീടിൻ്റെ ഒന്നാം നിലയിലായിരുന്നു യുവാക്കൾ വാടകയ്ക്കെടുത്ത ആഡംബര വീടാണ് ഇതെന്നാണ് സൂചന. രാപ്പകൽ ഭേദമില്ലാതെ ഇവിടെ യുവാക്കളും കുട്ടികളും വന്നു പോകാറുണ്ടായിരുന്നു. ഇതിൽ സംശയം തോന്നി നാട്ടുകാർ താക്കീത് നൽകിയെങ്കിലും യുവാക്കൾ ഗൗനിച്ചിരുന്നില്ല. മയക്കുമരുന്ന് വിൽപ്പന തുടർന്നതിനെ തുടർന്നാണ് എക്സൈസിനെ വിവരമറിയിച്ചത്.

മുതലപ്പൊഴി വഴിയിടത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം: അഞ്ചുതെങ്ങ് സജൻ

മുതലപ്പൊഴി വഴിയിടത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം: അഞ്ചുതെങ്ങ് സജൻ

മുതലപ്പൊഴി വഴിയിടത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ രംഗത്ത് വന്നു. വഴിയിടത്തിന്റെ (ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ) പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവിശ്യവുമായി ചിറയിൻകീഴ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയ്ക്ക് നിവേദനം നൽകി.

ടേക്ക് എ ബ്രേക്ക് കെട്ടിടം നിലവിൽ യാതൊരു സമയക്രമങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്, മാത്രവുമല്ല, ഈ കെട്ടിടം ഇതിനോടകം മുന്നറിയിപ്പ് ഇല്ലാതെ, ദിവസങ്ങളോളം അടഞ്ഞുകിടക്കുന്ന അവസ്ഥയിലുമായിരുന്നു. ശുചിമുറികൾ തുറന്നു പ്രവർത്തിക്കാത്ത അവസ്ഥയിൽ ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കും ഹാർബറിൽ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും പ്രദേശവാസികൾക്കും വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

മാത്രവുമല്ല, ഈ കെട്ടിടം യാതൊരു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിൽ വിൽപ്പന നടത്തുന്ന ആഹാരപദാർത്ഥങ്ങളുടെ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിടത്തിന് സമീപത്തു തന്നെ അലക്ഷ്യമായി തള്ളുന്ന അവസ്ഥയിലാണുള്ളത്. ഇത് പരിസര മലിനീകരണത്തിനും കാരണമാകുന്നുണ്ട്.

അതിനാൽ, ഈ കെട്ടിടം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (സമയക്രമത്തിനും അവധി ദിനങ്ങൾക്കും ശുചിത്വത്തിനും) പ്രവർത്തിപ്പിക്കുവാൻ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും ആവിശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചിട്ടുള്ളത്.

ഇനി ക്യൂ നിന്ന് മുഷിയണ്ട; ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം

ഇനി ക്യൂ നിന്ന് മുഷിയണ്ട; ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം

തൃശൂർ: ​​ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ ഓഡിറ്റോറിയം, ശ്രീ​ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓൺലൈനാകുന്നു. ഇനി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി യോ​ഗം ഇക്കാര്യം തീരുമാനിച്ചത്.

മേൽപ്പത്തൂർ ഓഡിറ്റേറിയത്തിനു 5,000 രൂപയും ജിഎസ്ടിയും ​ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കു. ഒരു ദിവസം പത്ത് സ്ലോട്ടുകളാണ് അനുവദിക്കുക.

ഇതിൽ ഭരണ സമിതി അം​ഗങ്ങൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ ശുപാർശപ്രകാരം പ്രധാന സമയങ്ങളിലേക്കുള്ള ബുക്കിങ് നേരത്തെ നടന്നിട്ടുണ്ടാകും. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഓഡിറ്റോറിയം കിട്ടാത്തതിന്റെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കാലടി ശ്രീശങ്കരാചാര്യ സ്കൂൾ ഓഫ് ഡാൻസ് പ്രമോട്ടർ വിവി പീതാംബരൻ ദേവസ്വം മന്ത്രി വിഎൻ വാസവനു നിവേദനം നൽകിയിരുന്നു.

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസുകാര്‍ വരെ

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസുകാര്‍ വരെ

കൊച്ചി: വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ കരുക്കളാകുന്നത് പെട്ടെന്ന് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന യുവാക്കളും ഐടി പ്രഫഷണലുകളുമാണ്. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് വായിച്ചറിഞ്ഞവരും വിദ്യാസമ്പന്നരും വരെ തട്ടിപ്പുകളില്‍ വീഴുന്നുവെന്നതാണ് ഗൗരവതരമായ വിഷയം. ഐടി പ്രഫഷണലുകള്‍ മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നു. വലിയ ആശങ്കകളുണ്ടാക്കുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ സ്വഭാവത്തെ കുറിച്ചു വിദഗ്ധര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകള്‍ വരെ ഉപയോഗപ്പെടുത്തി തട്ടിപ്പുകള്‍ക്ക് കളമൊരുക്കുന്നുവെന്നതാണ് വസ്തുത. ആകര്‍ഷകമായ കമ്മീഷനുകള്‍ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ജോലി ദാതാക്കളായി വേഷം മാറിയാണ് തട്ടിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

‘ഇരകള്‍ അവരുടെ ബാങ്കിങ്, യുപിഐ വിശദാംശങ്ങള്‍ പങ്കിട്ടുകഴിഞ്ഞാല്‍, അവരുടെ അക്കൗണ്ടുകള്‍ നിയമവിരുദ്ധമായ പണ കൈമാറ്റത്തിന് ഉപയോഗിക്കുന്നു. ഇങ്ങനെ ഉപയോഗിക്കപ്പെടുന്ന അക്കൗണ്ടുകളെ ‘മ്യൂള്‍ അക്കൗണ്ടുകള്‍’ എന്നാണ് വിളിക്കുന്നത്. തട്ടിപ്പില്‍ അറിയാതെ ആണെങ്കിലും കൂട്ടുനില്‍ക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുക മാത്രമല്ല, ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നേക്കാം’ എന്നാണ് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരം തട്ടിപ്പുകളെ ഒരു സാധാരണ സാമ്പത്തിക തട്ടിപ്പുകളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഇത് ഒരു വലിയ ക്രിമിനല്‍ ശൃംഖലയുടെ ഭാഗമാകാമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നും. വിശ്വസനിയമല്ലാത്ത, അല്ലെങ്കില്‍ സംശയം ജനിപ്പിക്കുന്ന ഓഫറുകളിലും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പുകാര്‍ സാധാരണയായി സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയോ നേരിട്ടുള്ള അന്വേഷണങ്ങളിലൂടെയോ ഇരകളെ സമീപിക്കാറുണ്ട്, ആകര്‍ഷകമായ ശമ്പളം/കമ്മീഷനുകള്‍ ഉള്ള ലാഭകരമായ പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോലികള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അവര്‍ ജോലിയെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങള്‍ നല്‍കുന്നത് വളരെ അപൂര്‍വമാണ്. ചിലപ്പോള്‍, ഷെയര്‍ ട്രേഡിങ്ങിനോ മാര്‍ക്കറ്റിങ് ഇടപാടുകള്‍ക്കോ ജീവനക്കാരെ ആവശ്യമുണ്ട് എന്നതുപോലുള്ള ബോധ്യപ്പെടുത്തുന്ന കഥകള്‍ അവര്‍ മെനയുന്നു. ഇരയുടെ വിശ്വാസം നേടിക്കഴിഞ്ഞാല്‍, അവര്‍ വ്യക്തിഗത ബാങ്ക്, യുപിഐ അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതുമാണ രീതി. ഇരയുടെ അക്കൗണ്ടിലേക്ക് വലിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയും കമ്മീഷന്‍ കുറച്ച് മറ്റൊരു അക്കൗണ്ടുകളിലേക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതിം. എളുപ്പത്തില്‍ വരുമാനം നേടാമെന്ന് പറഞ്ഞ് വിശ്വസിച്ചാണ് പലരും തട്ടിപ്പില്‍ വീഴുന്നത്.

സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ആദ്യഘട്ടമാണെന്ന് ദക്ഷിണ മേഖലാ ഐജി എസ് ശ്യാംസുന്ദര്‍ പറയുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചോ അല്ലെങ്കില്‍ ഇരകള്‍ പങ്കിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമരഹിതമായി ഇരയെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ കുറഞ്ഞത് 10 കോളുകളെങ്കിലും തനിക്ക് ലഭിച്ചതായും ശ്യാംസുന്ദര്‍ പറഞ്ഞു.

ഈ ഇടപാടുകള്‍ക്ക് പിന്നിലെ അപകടസാധ്യതകളും യഥാര്‍ത്ഥ ലക്ഷ്യവും അറിയാമെങ്കിലും നിരവധി യുവാക്കള്‍ ഇത്തരം കെണികളില്‍ വീഴുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പുകള്‍ പലപ്പോഴും താഴ്ന്ന വരുമാനക്കാരായ വ്യക്തികളെയാണ് ലക്ഷ്യമിടുന്നത്, അവര്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എളുപ്പത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുമെന്നത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് കെവൈസി ചോദിക്കുമ്പോള്‍ അവ പൂര്‍ത്തിയാക്കാതെ തന്നെ ചെറിയ കാലയളവിലേക്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് തട്ടിപ്പുകാര്‍ മുതലാക്കുന്നു. ചില ബാങ്ക് മാനേജര്‍മാര്‍ ഈ തട്ടിപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്നതായി പറയപ്പെടുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ശ്യാംസുന്ദര്‍ പറഞ്ഞു.

സാമൂഹിക പ്രശ്‌നം

ഇത്തരം തട്ടിപ്പുകളെ ഒരു സാമൂഹിക പ്രശ്‌നമായി കാണണമെന്നും നിയമത്തെ കുറിച്ച് ആശങ്കയില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള നിരവധി യുവാക്കള്‍ തട്ടിപ്പുകളില്‍ വീഴുന്നതായും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ നന്ദകിഷോര്‍ ഹരികുമാര്‍ പറഞ്ഞു. സംശയാസ്പദമായ നിരവധി ഓഫറുകള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയയുടെ പങ്കും ഗൗരവതരമാണ്.ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളും നിരീക്ഷണവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവമുള്ളതായി തോന്നാത്ത ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒടുവില്‍ ജാമ്യമില്ലാത്ത കുറ്റകൃത്യങ്ങളിലേക്കോ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തുന്നതിലേക്കോ നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മ്യൂള്‍ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തുടക്കത്തില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം കൈമാറുന്നതിനായി ഗണ്യമായ തുക ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ (സൈബര്‍ ക്രൈം) എം കെ മുരളി പറയുന്നു. ഇതിന് 2,000 രൂപ മുതല്‍ 5,000 രൂപ വരെ താരതമ്യേന ചെറിയ തുകകള്‍ അവര്‍ക്ക് ലഭിക്കും.

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പണം ലഭിക്കുന്നത് മയക്കുമരുന്ന് ഉപഭോഗത്തിനോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും എം കെ മുരളി പറയുന്നു.