ഹരിതശ്രീ വാർഷികാഘോഷം ഡിസംബർ 28 നു

ഹരിതശ്രീ വാർഷികാഘോഷം ഡിസംബർ 28 നു

ശ്രീകാര്യം: ഹരിതശ്രീ ജൈവ കർഷക കൂട്ടായ്മയിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്തവരുടെ കർഷക സംഗമവും സെമിനാറും ഡിസംബർ 28 ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ശ്രീകാര്യം ശാന്തിനഗർ ശാന്തിഭവനത്തിൽ നടക്കും.

വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, മികച്ച കർഷകരെ ആദരിക്കൽ, വിത്ത് -തൈ വിതരണം, കുറഞ്ഞ വിലയിൽ കാർഷിക ഉപാധികളുടെ വിതരണം എന്നിവ നടക്കും. പരിപാടിയിൽ മലയാള മനോരമ കർഷകശ്രീ സ്റ്റാളും പ്രവർത്തിക്കുന്നു.

‘ആ മണി ഞാനല്ല’; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

‘ആ മണി ഞാനല്ല’; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തമിഴ്‌നാട് സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന്‍ എന്നാണ്. മണിയും സംഘവും നേരത്തെ ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെയുള്ള വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശ വ്യവസായിയുമാണ്, ശബരിമലയിലെ കൊള്ളയില്‍ മണിക്കും പങ്കുണ്ടെന്ന് ആരോപിച്ചത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ മണി വാങ്ങിയെന്നാണ് വ്യവസായി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി സെര്‍ച്ച് വാറണ്ടുമായി തമിഴ്‌നാട്ടിലെത്തിയത്. മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങളും പഴയ പാത്രങ്ങളും വില്‍ക്കുന്ന കടയും അന്വേഷണ സംഘം റെയ്ഡ് ചെയ്തു.

ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മണിയെ എസ്ഐടി നേരത്തെ തന്നെ ലൊക്കേറ്റ് ചെയ്തിരുന്നു. പഴയകാല കരകൗശല വസ്തുക്കളും ലോഹ ഉൽപ്പന്നങ്ങളും വിൽക്കുന്നതിന്റെ മറവിൽ, തട്ടിപ്പിലൂടെ വൻ തുക സമ്പാദിക്കുന്നതാണ് ഇവരുടെ രീതി. സംഘത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എസ്ഐടിക്ക് ലഭിച്ചിട്ടുള്ള വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർ തിരുവനന്തപുരത്ത് വെച്ച് ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും, സ്വർണപ്പാളികൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നും എസ്ഐടി അന്വേഷിക്കുന്നുണ്ട്.

‘ആ മണിയല്ല ഞാൻ’

എന്നാൽ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഡി മണി എന്നയാൾ താനല്ലെന്നാണ് എസ്ഐടി ചോദ്യം ചെയ്തയാൾ പറയുന്നത്. തന്റെ പേര് എംഎസ് മണിയെന്നാണ്. ബാലമുരുകൻ എന്ന സുഹൃത്ത് തനിക്കുണ്ട്. തന്റെ പേരിലെടുത്ത ഫോൺനമ്പർ കാലങ്ങളായി ബാലമുരുകൻ ഉപയോ​ഗിക്കുന്നുണ്ട്. ബാലമുരുകൻ ഈ നമ്പർ ഉപയോ​ഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി തന്റെ അടുത്തെത്തിയത്. താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ്. സ്വർണക്കച്ചവടമില്ല. ശബരിമല സ്വർണക്കവർച്ചയുമായി തനിക്ക് ബന്ധമില്ലെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ലെന്നും എസ്ഐടിയോട് വ്യക്തമാക്കിയെന്നും, ചോദ്യം ചെയ്യലിനുശേഷം മണി പറഞ്ഞു.

കാലം കാത്തുവച്ച കാവ്യനീതി; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ

കാലം കാത്തുവച്ച കാവ്യനീതി; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ

കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയര്‍പേഴ്‌സണ്‍. 21 കാരിയായ ദിയ 14 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. കാലം കാത്തുവച്ച കാവ്യനീതിയാണ് തന്റെ മേയര്‍ സ്ഥാനമെന്ന് ദിയ പറഞ്ഞു.എല്‍ഡിഎഫിന് പന്ത്രണ്ട് വോട്ടുകള്‍ ലഭിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നേട്ടവും ദിയ സ്വന്തമാക്കി. പാല എംഎല്‍എ മാണി സി കാപ്പന്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

കാലം കാത്തുവച്ച കാവ്യനീതിയാണെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം ദിയയുടെ പ്രതികരണം. ഒത്തിരി സന്തോഷം തോന്നുന്നു. ജനങ്ങള്‍ നല്‍കിയ വിധിയാണ് ഇതെന്നും അവര്‍ ആഗ്രഹിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ദിയ പറഞ്ഞു. പ്രതിപക്ഷവും തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പന്ത്രണ്ടു യുഡിഎഫിന് പത്തും അംഗങ്ങളെയുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച പുളിക്കക്കണ്ടം ബിജു, പുളിക്കക്കണ്ടം, ബിനു, പുളിക്കക്കണ്ടം ദിയ എന്നിവരെ കൂടാതെ മറ്റ് ഒരു സ്വതന്ത്രയായ മായ രാഹുലും വിജയിച്ചിരുന്നു. സ്വതന്ത്രര്‍ പിന്തുണ നല്‍കിയതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇതാദ്യമാണ് പാലാ നഗരസഭ കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമാകുന്നത്. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍.

ബിനു പുളിക്കക്കണ്ടം, പാലാ നഗരസഭയുടെ 14-ാം വാര്‍ഡിലും ബിജു പുളിക്കക്കണ്ടം 13-ാം വാര്‍ഡിലും ബിനുവിന്റെ മകള്‍ ദിയ 15-ാം വാര്‍ഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാര്‍ഡുകളിലും യുഡിഎഫിന് സ്ഥനാര്‍ഥികളുണ്ടായിരുന്നില്ല. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

ബിനു പുളിക്കക്കണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാര്‍ഡില്‍ നിന്നാണ് മകള്‍ ദിയ ജയിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്.

മുന്നണികള്‍ മാറിമാറി മത്സരിച്ച ചരിത്രമാണ് ബിനു പുളിക്കക്കണ്ടത്തിന്റേത്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് ബിനു ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച് പാലായില്‍ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരന്‍ ബിജുവായിരുന്നു എതിരാളി. 2020ല്‍ സിപിഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തിലായിരുന്നു ബിനുവിന്റെ മത്സരം.

സിപിഎമ്മിന്റെ ചിഹ്നത്തില്‍ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. എന്നാല്‍ ജോസ് കെ മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഇത് ഏറെ ചര്‍ച്ചയായിരുന്നു. ഇത്തവണ ബിനു വീണ്ടും സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ബിജു പുളിക്കക്കണ്ടം ദീര്‍ഘനാള്‍ കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

വി കെ മിനിമോള്‍ കൊച്ചി മേയര്‍; സൗമിനി ജെയിനുശേഷം നഗരത്തെ നയിക്കാന്‍ വനിത

വി കെ മിനിമോള്‍ കൊച്ചി മേയര്‍; സൗമിനി ജെയിനുശേഷം നഗരത്തെ നയിക്കാന്‍ വനിത

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. സ്വതന്ത്രനായ ബാസ്റ്റിന്‍ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, കലക്ടര്‍ മുമ്പാകെ വി കെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് മേയറായി ചുമതലയേറ്റു. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. പാലാരിവട്ടം ഡിവിഷനെയാണ് മിനിമോള്‍ പ്രതിനിധാനം ചെയ്യുന്നത്. സൗമിനി ജയിനു ശേഷം നഗരസഭ മേയര്‍ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോള്‍.

മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്‍
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയാണ് മിനിമോള്‍. ഇടതുമുന്നണിക്ക് വേണ്ടി ജഗദംബികയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. 22 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച പ്രിയ പ്രശാന്തിന് ആറു വോട്ടുകളും ലഭിച്ചു. ദീപ്തിമേരി മോള്‍ വര്‍ഗീസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പിന് ശേഷം മിനിമോളെ അഭിനന്ദിച്ചു.

വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും, ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് അവരുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ചുമതലയേറ്റശേഷം മിനിമോള്‍ പറഞ്ഞു. ഇടതുമുന്നണി ഭരണം തകര്‍ത്താണ് യുഡിഎഫ് കൊച്ചി കോര്‍പ്പറേഷനില്‍ വന്‍ വിജയം നേടിയത്. മേയര്‍ പദവിയില്‍ ടേം അവസ്ഥയില്‍ വീതം വെപ്പിനാണ് ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് രണ്ടര വര്‍ഷത്തിനു ശേഷം മിനിമോള്‍ സ്ഥാനമൊഴിയും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കും.

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റി

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റി

വർക്കല: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് തുടർ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഈമാസം പതിനാറാം തീയതി ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു.