പാതിവില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതില്‍ ഹൈക്കോടതി

പാതിവില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതില്‍ ഹൈക്കോടതി

കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതിനെ വിമര്‍ശിച്ച് ഹൈക്കോടതി. വാര്‍ത്താഹൈപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിയാക്കരുത്. ഭരണഘടനാ പദവിയില്‍ ഇരുന്നയാളുകളെ വിശദപരിശോധനയില്ലാതെ പ്രതി ചേര്‍ക്കരുത്. അത് നിയമസംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകരാന്‍ ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പാതിവില തട്ടിപ്പില്‍ പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്, എന്‍ജിഒ സംഘടനയുടെ അഡ്വൈസറി ചെയർമാനായിരുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.

ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിയാക്കി പെരിന്തല്‍മണ്ണ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, മനസ്സര്‍പ്പിച്ചു തന്നെയാണോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസിനോട് ചോദിച്ചു. ഭരണഘടനാ പദവിയില്‍ ഇരുന്നയാളാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. ഇത്തരത്തിലുള്ള ഒരാള്‍ക്കെതിരെ എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കോടതി ചോദിച്ചു. തെളിവുകള്‍ കോടതിയെ അറിയിക്കണം. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പൊലീസിന് മുന്നോട്ടു പോകാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കേസെടുത്തതിനെതിരെ നല്‍കിയിട്ടുള്ള ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഏതൊരാള്‍ക്കെതിരെ കേസെടുത്താലും മനസ്സര്‍പ്പിച്ചു തന്നെയാണ് പൊലീസ് ചെയ്യാറുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസെടുക്കും മുമ്പ് വസ്തുതയും സാഹചര്യവും പരിശോധിക്കേണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് ഒരാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ആറ്റിങ്ങൽ സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി

ആറ്റിങ്ങൽ സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം (17-02-2025) രാത്രി 10 മണിയോടെ ആറ്റിങ്ങൽ നാലുമുക്ക് ഭാഗത്ത്‌ വെച്ച് ആറ്റിങ്ങൽ സ്വദേശി ദീപുവിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി.

രാത്രി വീട്ടിലേക്കുള്ള ഗ്യാസ് എടുക്കാൻ വന്ന് മടങ്ങി വീട്ടിൽ എത്തുമ്പോഴാണ് പേഴ്സ് നഷ്ടമായത്. കളക്ഷൻ പിരിഞ്ഞു കിട്ടിയ 16,500 രൂപയും ചില്ലറ പൈസയും പേഴ്സിൽ ഉണ്ടായിരുന്നു. കൂടാതെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, രണ്ട് എടിഎം കാർഡുകൾ തുടങ്ങിയ വിലപ്പെട്ട രേഖകളും നഷ്ടമായി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ +919633104507 ഈ നമ്പറിലോ ബന്ധപ്പെടുക.

ഉയർന്ന തിരമാല, ‘കള്ളക്കടൽ’- കന്യാകുമാരി തീരത്ത് കടലാക്രമണ മുന്നറിയിപ്പ്

ഉയർന്ന തിരമാല, ‘കള്ളക്കടൽ’- കന്യാകുമാരി തീരത്ത് കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഇന്ന് ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം. ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

യുഎസ്എസ് എഴുതാം; ഫെബ്രുവരിയിൽ നടത്താനിരുന്ന 8, 9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

യുഎസ്എസ് എഴുതാം; ഫെബ്രുവരിയിൽ നടത്താനിരുന്ന 8, 9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

തിരുവനന്തപുരം: യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നതു മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഈ മാസം 27നു രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്എസ് അറ്റാച്ച്ഡ് യുപി വിഭാ​ഗം പരീക്ഷകൾ 24നു രാവിലെയാക്കി.

യുഎസ്എസ് പരീക്ഷ ഈ മാസം 27നാണ്. അന്നു തന്നെ വാർഷിക പരീക്ഷ എഴുതേണ്ട ഏഴാം ക്ലാസ് വിദ്യാർഥികൾക്കു യുഎസ്എസ് പരീക്ഷ നഷ്ടമാകുമെന്ന സ്ഥിതിയാണെന്നു പരാതി ഉയർന്നിരുന്നു.

ഈ മാസം നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകളും മാർച്ചിലേക്ക് മാറ്റിയിട്ടുണ്ട്. ക്ലാസുകൾ പൂർത്തിയാകും മുൻപേ പരീക്ഷ നടത്താനുള്ള നീക്കത്തിനെതിരെയും പരാതി ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി. പ്രായോ​ഗികത പരി​ഗണിച്ചാണ് പുനഃക്രമീകരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ഈ മാസം 25നു ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ച ഒൻപതാം ക്ലാസിലെ ബയോളജി പരീക്ഷ മാർച്ച് 15നു രാവിലെ നടത്തും. 27നു ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യ ശാസ്ത്രം മാർച്ച് 18നു രാവിലെയാക്കി.

ഈ മാസം 25നു നടത്താനിരുന്ന എട്ടാം ക്ലാസിലെ ഹിന്ദി, ഒൻപതിലെ ഒന്നാം ഭാഷാ പേപ്പർ- 2 പരീഷകൾ മാർച്ച് 11ലേക്ക് മാറ്റി. ഇതേ ദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാം ഭാഷാ പേപ്പർ-2 പരീക്ഷ മാർച്ച് 25ലേക്കും മാറ്റി. ഈ മാസം 27നു തീരുമാനിച്ചിരുന്ന എട്ടിലെ കലാ, കായിക, പ്രവൃത്തി പരിചയ പരീക്ഷ മാർച്ച് 27നു രാവിലെയുമാക്കി പുനഃക്രമീകരിച്ചു.

‘ഇതു റിജോയല്ലേ?’, സ്ത്രീയുടെ സംശയം തുമ്പായി; ബാങ്ക് കവര്‍ച്ചാ പ്ലാനിങ് ഭാര്യ നാട്ടിലെത്തുന്ന വിവരം അറിഞ്ഞതോടെ

‘ഇതു റിജോയല്ലേ?’, സ്ത്രീയുടെ സംശയം തുമ്പായി; ബാങ്ക് കവര്‍ച്ചാ പ്ലാനിങ് ഭാര്യ നാട്ടിലെത്തുന്ന വിവരം അറിഞ്ഞതോടെ

തൃശൂര്‍: വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ ഏപ്രില്‍ മാസത്തില്‍ മകളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിനായി നാട്ടിലെത്തുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ബാങ്ക് കവര്‍ച്ചയ്ക്ക് ആസൂത്രണം ആരംഭിച്ചതെന്ന് പോട്ട ഫെഡറല്‍ ബാങ്ക് മോഷണക്കേസിലെ പ്രതി റിജോ ആന്റണി. ഭാര്യ നാട്ടിലേക്ക് അയക്കുന്ന പണം ആര്‍ഭാട ജീവിതവും ധൂര്‍ത്തും കൊണ്ട് നശിപ്പിച്ചിരുന്നു. 10 ലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് പ്രതി റിജോ ആന്റണി (49) പൊലീസിനോട് പറഞ്ഞത്.

ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ പണയം വച്ചിരുന്നു. തിരിച്ചെത്തുന്ന ഭാര്യ സ്വര്‍ണാഭരണങ്ങള്‍ ചോദിക്കും മുമ്പേ അവ തിരിച്ചെടുക്കാനും, കടങ്ങള്‍ വീട്ടാനുമാണ് കവര്‍ച്ച നടത്തിയത്. മോഷ്ടിച്ചു കിട്ടിയ പണത്തില്‍ 10,000 രൂപ മൂന്നു ദിവസം കൊണ്ടു തീര്‍ത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണ സാധനങ്ങളും വാങ്ങി. കവര്‍ച്ച ചെയ്ത പണത്തില്‍ നിന്നും അന്നനാട് സ്വദേശിയില്‍ നിന്നു കടം വാങ്ങിയ 2 ലക്ഷം രൂപയും പലിശയായ 90,000 രൂപയും കൊടുത്തു തീര്‍ത്തു.

മേലൂരിലെ തറവാട്ടില്‍ താമസിച്ചിരുന്ന റിജോ രണ്ടര വര്‍ഷം മുമ്പാണ് ആശാരിപ്പാറയില്‍ വീടു വാങ്ങിയത്. പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും കവര്‍ച്ച ചെയ്ത 15 ലക്ഷം രൂപയില്‍ 14,90,000 രൂപ ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 12 ലക്ഷം രൂപ റിജോയുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ തുണിയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ മൂന്നു കെട്ടുകള്‍ വീതമുള്ള 15 ലക്ഷം രൂപയില്‍ രണ്ടു കെട്ടുകള്‍ പൊട്ടിച്ചിരുന്നില്ല. പണം കടത്തിയ ബാഗ് കിടപ്പുമുറിക്കുള്ളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

സിസിടിവി കാമറകളെ കബളിപ്പിക്കാന്‍ കവര്‍ച്ചാ സമയത്ത് മൂന്നു ജോഡി വസ്ത്രങ്ങളും ഇയാള്‍ കരുതിയിരുന്നു. കവര്‍ച്ചയ്ക്ക് മുമ്പും ശേഷവുമായി വസ്ത്രങ്ങള്‍ മാറുകയും ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താനായി 500 ഓളം നിരീക്ഷണ കാമറകളാണ് പൊലീസ് പരിശോധിച്ചത്. കാമറകള്‍ ഒഴിവാക്കിയായിരുന്നു റിജോയുടെ യാത്രയെങ്കിലും ചില കാമറകളില്‍ സ്‌കൂട്ടറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. നടുകുന്നില്‍ സ്‌കൂട്ടറിലെത്തിയയാള്‍ വസ്ത്രം മാറുന്നതിന്റെ വിദൂര ദൃശ്യവും പൊലീസിന് ലഭിച്ചു.

പിന്നീട് സ്‌കൂട്ടര്‍ കാമറയ്ക്ക് അടുത്തെത്തിയിട്ടുള്ള ദൃശ്യം ലഭിച്ചപ്പോള്‍, സ്‌കൂട്ടറില്‍ കണ്ണാടി ഉണ്ടായിരുന്നത് പൊലീസിനെ കുഴക്കി. കവര്‍ച്ചയ്ക്ക് മുമ്പേ ഊരിമാറ്റിയ കണ്ണാടി, പിന്നീട് സ്‌കൂട്ടറില്‍ ഘടിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ഷൂവിന്റെ ദൃശ്യം റിജോയെ പൊലീസിന്റെ സംശയനിഴലിലാക്കി. പ്രതി സ്‌കൂട്ടറില്‍ പോകുന്ന ചിത്രം നാട്ടുകാരെ കാണിച്ച് പൊലീസ് വിവരം തിരക്കി. ഇതിനിടെ ഒരു സ്ത്രീ ഇതു റിജോയല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു. ഇതോടെ വിവരം അന്വേഷണസംഘത്തിലെ മറ്റുള്ളവര്‍ക്ക് കൈമാറി.

പിന്നാലെ ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിജോയുടെ വീട്ടിലെത്തി നിരീക്ഷിച്ചതോടെ സ്‌കൂട്ടര്‍ കണ്ടെത്തി. അതിന്റെ നമ്പര്‍ പ്ലേറ്റ് ഇളകിയ നിലയിലായിരുന്നു. തുടക്കത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 2011 മുതല്‍ 2020 വരെ കുവൈത്തില്‍ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന റിജോ, കോവിഡ് കാലത്താണ് ജോലി നഷ്ടമായി നാട്ടിലെത്തുന്നത്. ബാങ്ക് കവര്‍ച്ചയ്ക്ക് രണ്ടു ദിവസം മുമ്പ് ചാലക്കുടി ടൗണില്‍ പ്രവാസി അമ്പ് ആഘോഷത്തില്‍ പങ്കെടുത്ത് റിജോ ബാന്‍ഡ് വാദ്യത്തിനൊപ്പം നൃത്തം ചെയ്തിരുന്നു.

കാര്യവട്ടം കോളജ് റാഗിങ്ങില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍;

കാര്യവട്ടം കോളജ് റാഗിങ്ങില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍;

തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ്ങിന് ഇരയായി എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളജിന്റെ നടപടി. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.

വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുക്കുകയും ചെയ്തു.

അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സിനെ പിടിച്ചു കൊണ്ടു യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.