സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇഡി റെയ്‌ഡ്‌

സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇഡി റെയ്‌ഡ്‌

പാതിവില തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. കൊച്ചി യൂണിറ്റ് ആണ് റെയ്ഡ് നടത്തുന്നത്. കെ എൻ ആനന്ദകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ പരിശോധന തുടരുകയാണ്. ഒപ്പം തന്നെ സായിഗ്രാമം, എൻജിഒ കോൺഫെഡറേഷൻ ഓഫീസ് അടക്കം 12 സ്ഥലങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.

മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പൊലീസിലും പരാതി നല്‍കി. ഇതിനിടെ ചുങ്കത്തറ പാല്‍ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

പാതിവില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതില്‍ ഹൈക്കോടതി

പാതിവില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതില്‍ ഹൈക്കോടതി

കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതിനെ വിമര്‍ശിച്ച് ഹൈക്കോടതി. വാര്‍ത്താഹൈപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിയാക്കരുത്. ഭരണഘടനാ പദവിയില്‍ ഇരുന്നയാളുകളെ വിശദപരിശോധനയില്ലാതെ പ്രതി ചേര്‍ക്കരുത്. അത് നിയമസംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകരാന്‍ ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പാതിവില തട്ടിപ്പില്‍ പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്, എന്‍ജിഒ സംഘടനയുടെ അഡ്വൈസറി ചെയർമാനായിരുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.

ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിയാക്കി പെരിന്തല്‍മണ്ണ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, മനസ്സര്‍പ്പിച്ചു തന്നെയാണോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസിനോട് ചോദിച്ചു. ഭരണഘടനാ പദവിയില്‍ ഇരുന്നയാളാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. ഇത്തരത്തിലുള്ള ഒരാള്‍ക്കെതിരെ എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കോടതി ചോദിച്ചു. തെളിവുകള്‍ കോടതിയെ അറിയിക്കണം. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പൊലീസിന് മുന്നോട്ടു പോകാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കേസെടുത്തതിനെതിരെ നല്‍കിയിട്ടുള്ള ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഏതൊരാള്‍ക്കെതിരെ കേസെടുത്താലും മനസ്സര്‍പ്പിച്ചു തന്നെയാണ് പൊലീസ് ചെയ്യാറുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസെടുക്കും മുമ്പ് വസ്തുതയും സാഹചര്യവും പരിശോധിക്കേണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് ഒരാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ആറ്റിങ്ങൽ സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി

ആറ്റിങ്ങൽ സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം (17-02-2025) രാത്രി 10 മണിയോടെ ആറ്റിങ്ങൽ നാലുമുക്ക് ഭാഗത്ത്‌ വെച്ച് ആറ്റിങ്ങൽ സ്വദേശി ദീപുവിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടമായി.

രാത്രി വീട്ടിലേക്കുള്ള ഗ്യാസ് എടുക്കാൻ വന്ന് മടങ്ങി വീട്ടിൽ എത്തുമ്പോഴാണ് പേഴ്സ് നഷ്ടമായത്. കളക്ഷൻ പിരിഞ്ഞു കിട്ടിയ 16,500 രൂപയും ചില്ലറ പൈസയും പേഴ്സിൽ ഉണ്ടായിരുന്നു. കൂടാതെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, രണ്ട് എടിഎം കാർഡുകൾ തുടങ്ങിയ വിലപ്പെട്ട രേഖകളും നഷ്ടമായി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ +919633104507 ഈ നമ്പറിലോ ബന്ധപ്പെടുക.

ഉയർന്ന തിരമാല, ‘കള്ളക്കടൽ’- കന്യാകുമാരി തീരത്ത് കടലാക്രമണ മുന്നറിയിപ്പ്

ഉയർന്ന തിരമാല, ‘കള്ളക്കടൽ’- കന്യാകുമാരി തീരത്ത് കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഇന്ന് ഉയർന്ന തിരമാല- കള്ളക്കടൽ ജാഗ്രതാ നിർദേശം. ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

യുഎസ്എസ് എഴുതാം; ഫെബ്രുവരിയിൽ നടത്താനിരുന്ന 8, 9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

യുഎസ്എസ് എഴുതാം; ഫെബ്രുവരിയിൽ നടത്താനിരുന്ന 8, 9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

തിരുവനന്തപുരം: യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നതു മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഈ മാസം 27നു രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്എസ് അറ്റാച്ച്ഡ് യുപി വിഭാ​ഗം പരീക്ഷകൾ 24നു രാവിലെയാക്കി.

യുഎസ്എസ് പരീക്ഷ ഈ മാസം 27നാണ്. അന്നു തന്നെ വാർഷിക പരീക്ഷ എഴുതേണ്ട ഏഴാം ക്ലാസ് വിദ്യാർഥികൾക്കു യുഎസ്എസ് പരീക്ഷ നഷ്ടമാകുമെന്ന സ്ഥിതിയാണെന്നു പരാതി ഉയർന്നിരുന്നു.

ഈ മാസം നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസുകളിലെ ചില പരീക്ഷകളും മാർച്ചിലേക്ക് മാറ്റിയിട്ടുണ്ട്. ക്ലാസുകൾ പൂർത്തിയാകും മുൻപേ പരീക്ഷ നടത്താനുള്ള നീക്കത്തിനെതിരെയും പരാതി ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി. പ്രായോ​ഗികത പരി​ഗണിച്ചാണ് പുനഃക്രമീകരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ഈ മാസം 25നു ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ച ഒൻപതാം ക്ലാസിലെ ബയോളജി പരീക്ഷ മാർച്ച് 15നു രാവിലെ നടത്തും. 27നു ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യ ശാസ്ത്രം മാർച്ച് 18നു രാവിലെയാക്കി.

ഈ മാസം 25നു നടത്താനിരുന്ന എട്ടാം ക്ലാസിലെ ഹിന്ദി, ഒൻപതിലെ ഒന്നാം ഭാഷാ പേപ്പർ- 2 പരീഷകൾ മാർച്ച് 11ലേക്ക് മാറ്റി. ഇതേ ദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാം ഭാഷാ പേപ്പർ-2 പരീക്ഷ മാർച്ച് 25ലേക്കും മാറ്റി. ഈ മാസം 27നു തീരുമാനിച്ചിരുന്ന എട്ടിലെ കലാ, കായിക, പ്രവൃത്തി പരിചയ പരീക്ഷ മാർച്ച് 27നു രാവിലെയുമാക്കി പുനഃക്രമീകരിച്ചു.