വയനാട് പുനരധിവാസം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി

വയനാട് പുനരധിവാസം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് കൈമാറി സര്‍ക്കാര്‍. ഇതിനായി 16 അംഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും.

സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താനും കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിര്‍മാണം തുടങ്ങാനാണ് ധാരണ. കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.

‘മാറ്റൊലി 2025’ ഉദ്ഘാടനം നടന്നു

‘മാറ്റൊലി 2025’ ഉദ്ഘാടനം നടന്നു

ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ ഈ വർഷത്തെ മികവുകളുടെ പ്രദർശനത്തിൻ്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി റ്റി എ പ്രസിഡൻറ് ഇ. നസീർ അധ്യക്ഷനായി. പി. ടി. എ വൈസ് പ്രസിഡന്റ്‌ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്. എസ്, പി. ടി. എ അംഗങ്ങളായ വി. മധുസൂദനൻ നായർ, എസ്. എം. സി അംഗങ്ങളായ സുജി. എസ്. കെ, സാഗർ ഖാൻ. എ. എസ്, വിനയ്. എം. എസ്, സ്റ്റാഫ്‌ സെക്രട്ടറിമാരായ റഹീം. കെ, ബീന. എസ്, സരിത. എസ്, എസ്.സീനിയർ അസിസ്റ്റന്റ്മാരായ ബിന്ദു. എൽ. എസ്, കല കരുണാകരൻ, എസ് ആർ. ജി കൺവീനർമാരായ ഡോ. ദിവ്യ. എൽ, അശ്വതി. എസ്. ആർ എന്നിവർ ആശംസകൾ നേർന്നു. ‘മാറ്റൊലി’25” കൺവീനർ സന്ധ്യ. ജെ നന്ദി അറിയിച്ചു. കടുവാച്ചിറ സ്കോളർഷിപ്പ്, വേലായുധൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് എന്നിവ ചടങ്ങിൽ കുട്ടികൾക്ക് വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികളുടെ പഠന മികവുകൾ അരങ്ങേറി.

രൂപ വീണ്ടും 87ലേക്ക്, എട്ടുപൈസയുടെ നഷ്ടം; ഓഹരി വിപണിയിലും ഇടിവ്

രൂപ വീണ്ടും 87ലേക്ക്, എട്ടുപൈസയുടെ നഷ്ടം; ഓഹരി വിപണിയിലും ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടു പൈസയുടെ നഷ്ടത്തോടെ 86.96 എന്ന നിലയിലാണ് രൂപ. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്.

ഇന്നലെ രൂപ 16 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 86.87 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ കൂട്ടുമെന്ന പ്രഖ്യാപനവുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിച്ച ഓഹരിവിപണി വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നഷ്ടം നേരിടുന്നതാണ് ദൃശ്യമായത്. സെന്‍സെക്‌സ് 200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.

സ്വര്‍ണവില വീണ്ടും 64,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 640 രൂപ

സ്വര്‍ണവില വീണ്ടും 64,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 640 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. ഇന്നലെ 400 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

ഉത്സവാഘോഷങ്ങളില്‍ ജാഗ്രതാനിര്‍ദേശവുമായി കെഎസ്ഇബി

ഉത്സവാഘോഷങ്ങളില്‍ ജാഗ്രതാനിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത വേണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ എന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കുന്നതും വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്.കെഎസ്ഇബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുമ്പ് അതത് സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോണ്‍ട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്താവൂ എന്നും കെഎസ്ഇബി അറിയിച്ചു.

കുറിപ്പ്:

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത വേണം.

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്.

കെ എസ് ഇ ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്ക് സമീപം അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിനുമുമ്പ് അതത് സെക്ഷൻ ഓഫീസിൽ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ അംഗീകാരമുള്ള കോൺട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികൾക്ക് ചുമതലപ്പെടുത്താവൂ.

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍; സച്ചിന്‍ ബേബിക്ക് അര്‍ധ സെഞ്ച്വറി

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍; സച്ചിന്‍ ബേബിക്ക് അര്‍ധ സെഞ്ച്വറി

അഹമ്മദാബാദ്: ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്‌സരത്തിന്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയില്‍. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 206 റണ്‍സെന്ന നിലയിലാണ് കേരളം. കളി നിര്‍ത്തുമ്പോള്‍ 69 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 30 റണ്‍സോടെ മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍.

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണര്‍മാര്‍ കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൗട്ടായത്. തൊട്ടു പിറകെ രവി ബിഷ്‌ണോയിയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി രോഹന്‍ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റണ്‍സ് വീതം നേടി. തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ക്കും അധികം പിടിച്ചു നില്‍ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വ്വില്‍ പട്ടേല്‍ പിടിച്ചാണ് പത്ത് റണ്‍സെടുത്ത വരുണ്‍ പുറത്തായത്.

എന്നാല്‍ പിന്നീടെത്തിയ ജലജ് സക്‌സേന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 71 റണ്‍സ് കേരളത്തിന് കരുത്തായി. 30 റണ്‍സെടുത്ത ജലജ് സക്‌സേനയെ അര്‍സന്‍ നഗ്വാസ്വെല്ല ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീനും സച്ചിന്‍ ബേബിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇത് വരെ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 193 പന്തുകളില്‍ നിന്നാണ് 69 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നത്. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതാണ് സച്ചിന്റെ ഇന്നിങ്‌സ്.