by Midhun HP News | Sep 2, 2026 | Latest News, കേരളം
കണ്ണൂർ: കേളകം അടക്കാത്തോട് ശാന്തിഗിരിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീണ്ടുംഭീതി പരത്തി. അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്താണ് ബുധനാഴ്ച രാത്രിയോടെ കാട്ടാന എത്തിയത്. ഈ സമയം രാജനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അർധരാത്രിയോടെ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മുറ്റത്ത് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുമുറ്റത്ത് നട്ടുവളർത്തിയിരുന്ന വാഴകൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ കാട്ടാന പിഴുതെറിഞ്ഞ് നശിപ്പിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് ആന സമീപത്തെ വനത്തിലേക്ക് തിരികെ മടങ്ങിയത്.


ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ആന ഏറെ നേരം വീടിന് ചുറ്റും കറങ്ങിനടന്നത് വീട്ടുകാരെയും സമീപവാസികളെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. ശാന്തിഗിരിയും പരിസര പ്രദേശങ്ങളും കഴിഞ്ഞ കുറച്ചുകാലമായി അതിരൂക്ഷമായ വന്യജീവി ശല്യത്തിന്റെ പിടിയിലാണ്.

ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ നിരന്തരമായി ഇറങ്ങുന്നത് മലയോര മേഖലയിലെ കർഷകരുടെയും നാട്ടുകാരുടെയും സൈ്വരജീവിതത്തെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. കാർഷിക വിളകൾ വലിയ തോതിൽ നശിപ്പിക്കപ്പെടുന്നതിന് പുറമെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ വന്യമൃഗങ്ങൾ എത്തുന്ന സാഹചര്യത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

by Midhun HP News | Sep 2, 2026 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി.

അല്‍ ഹിലാലി, അല്‍ മദീന ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഭൗതികമായ നാശനഷ്ടങ്ങള്‍ വളരെ കുറവാണെന്നും കുവൈത്ത് ഫയര്‍ ഫോഴ്സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗരിബ് വ്യക്തമാക്കി.

ഇറാന്‍ നഗരങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് അടക്കം ഇറാനിന്റെ മിസൈല്‍ ,ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്തും ബഹ്റൈനും നേരത്തെ അറിയിച്ചിരുന്നു. ബഹ്റൈനിനെ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി നാഷനല്‍ കമ്യൂണിക്കേഷന്‍ സെന്ററാണ് അറിയിച്ചത്.


by Midhun HP News | Sep 2, 2026 | Latest News, കേരളം
മലപ്പുറം: സ്വർണക്കടത്തിന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാരിയറായി ഉപയോഗിച്ചതായി കണ്ടെത്തൽ. കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി രൂപയാണ് മൂല്യം.

പൊന്നാനി സ്വദേശിയായ പിതാവും മൂന്ന് കുട്ടികളും ചൊവ്വാഴ്ച അർധരാത്രിയോടെ റാസൽഖൈമയിൽനിന്നാണ് കരിപ്പൂരിലെത്തിയത്. സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘം കുടുംബത്തെ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തിൽനിന്നും സമാന അളവിലുള്ള സ്വർണം കണ്ടെടുത്തു.
കുട്ടികളെ സ്വർണക്കടത്തിന് ഉപയോഗിക്കുന്നുണ്ടോയെന്നതും ഡിആർഐ അന്വേഷിക്കുന്നുണ്ട്. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയോ ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളെയോ മുൻ യാത്രകളിലും സ്വർണം കടത്താൻ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. സ്വർണക്കടത്ത് സംഘങ്ങളുടെ ശൃംഖലയുമായി കുടുംബത്തിനുള്ള ബന്ധവും അന്വേഷണപരിധിയിലുണ്ട്.
പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ കുടുംബത്തോടൊപ്പമുള്ള കുട്ടികളുടെ സാന്നിധ്യം ഉപയോഗപ്പെടുത്തുന്നതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബാഗേജുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നത് പതിവാണെങ്കിലും, കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കം അസാധാരണമാണ്.

കോഫി മെഷീനിലും സ്വർണം
കരിപ്പൂരിൽ നടന്ന മറ്റൊരു പരിശോധനയിൽ കോഫി മെഷീനിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം ഒരു കിലോ സ്വർണവും ഡിആർഐ പിടികൂടി. ബുധനാഴ്ച പുലർച്ചെ ഗൾഫ് രാജ്യത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.

രണ്ടാമത്തെ കേസിൽ പിടിയിലായ യാത്രക്കാരന്റെ വിവരങ്ങൾ ഡിആർഐ പുറത്തുവിട്ടിട്ടില്ല. സ്വർണം ഒളിപ്പിച്ച രീതിയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിടാതെ സൂക്ഷിക്കുകയാണ്. കേസിലെ ഔദ്യോഗിക അറസ്റ്റ് നടപടികൾ പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.

by Midhun HP News | Sep 2, 2026 | Latest News, കേരളം
കരുനാഗപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത യാത്രക്കാരിയുടെ പണമടങ്ങിയ പേഴ്‌സും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും കവര്‍ന്ന കേസില്‍ പ്രമുഖ മോഷണക്കേസ് പ്രതി ഇരവിപുരം പോലീസിന്റെ പിടിയിലായി.

വടക്കേവിള അയത്തില്‍ ചേരിയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ റിയാദ് (ഏലിയാസ് റിയാമ്മ) ആണ് അറസ്റ്റിലായത്.
കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരിക്ക് സമീപം സഞ്ചരിച്ചിരുന്ന പ്രതി, വാഹനം കൊല്ലം പള്ളിമുക്ക് ഭാഗത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ബാഗും പേഴ്‌സും തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബസ്സിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയും ഇരവിപുരം പോലീസിന് കൈമാറുകയും ചെയ്തു.

വിവിധ ജില്ലകളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് റിയാദ്. ഇരവിപുരം സി.ഐ ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എച്ച്.ഒ ആഷിക്, എസ്.ഐ നജീബ്, സി.പി.ഒമാരായ സജിന്‍, ഷാനലി എന്നിവരടങ്ങിയ സംഘമാണ് തുടര്‍ന്നുള്ള അന്വേഷണവും അറസ്റ്റ് നടപടികളും പൂര്‍ത്തിയാക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


by Midhun HP News | Sep 2, 2026 | Latest News, സിനിമ
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ നാളെ ആഗോള റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിംഗ്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിന് അകത്തും പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ഇടം നേടിയ ചിത്രം, ഇപ്പോഴും ട്രെൻഡിംഗിൽ തുടരുകയാണ്.

പ്രേക്ഷകർ ഏറെ ആവേശത്തോടെയും പ്രതീക്ഷയുടെയും കാത്തിരിക്കുന്ന ചിത്രം നാളെ, സെപ്റ്റംബർ 3ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ചിത്രത്തിൻ്റെ ടിക്കറ്റുകൾ പ്രേക്ഷകർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ബുക്കിംഗ് ആരംഭിച്ച കേരളത്തിലെ എല്ലാ പ്രദർശന കേന്ദ്രങ്ങളിലും ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിംഗാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ തന്നെ ആദ്യ ദിനത്തേക്കുള്ള ടിക്കറ്റുകൾ അതിവേഗത്തിൽ വിറ്റുതീരുകയും കൂടുതൽ ഷോകൾ ഫാസ്റ്റ് ഫില്ലിംഗ് ആവുകയും ചെയ്യുകയാണ്. വളരെ വേഗം ബുക്ക് മൈ ഷോയിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ചിത്രം ഇടംപിടിച്ചതിന് പിന്നാലെ, തുടർച്ചയായി ട്രെൻഡിംഗിൽ തുടരുന്നതും ‘ഐ ആം ഗെയിം’ നേടുന്ന വമ്പൻ പ്രേക്ഷക താൽപര്യത്തിന്റെ സൂചനയാണ്. റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ബുക്കിംഗ് ഓരോ മണിക്കൂറിലും കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബർ 3ന് രാവിലെ 9 മണി മുതൽ കേരളത്തിൽ ചിത്രത്തിൻ്റെ പ്രദർശനം ആരംഭിക്കും. നിലവിലെ ബുക്കിംഗ് ട്രെൻഡ് തുടരുകയാണെങ്കിൽ ശക്തമായ ഓപ്പണിംഗ് ആണ് ചിത്രം കേരള ബോക്സ് ഓഫീസിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് പുറത്തും ചിത്രം മികച്ച ബുക്കിംഗ് നേടുന്നുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം ആഗോളതലത്തിൽ എത്തുന്നത്.
ചിത്രത്തിൻ്റെ ട്രെയ്‌ലർ പാൻ ഇന്ത്യൻ തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, വേഗമേറിയ ചേസ് സീക്വൻസുകൾ, ത്രില്ലിംഗ് മുഹൂർത്തങ്ങൾ എന്നിവയ്ക്കൊപ്പം ഗംഭീര വിഷ്വൽ ട്രീറ്റും വാഗ്ദാനം ചെയ്യുന്ന ഒരു പക്കാ സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായാണ് ‘ഐ ആം ഗെയിം’ എത്തുന്നത്. ദുൽഖർ സൽമാൻ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ ഏറെ വ്യത്യസ്തവും സ്റ്റൈലിഷുമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾക്കും ഇതിനോടകം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ‘ഹൈ സ്റ്റേക്ക്സ്’ എന്ന പ്രമോ ഗാനത്തിനും ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ആർഡിഎക്സ് എന്ന സൂപ്പർ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

by Midhun HP News | Sep 2, 2026 | Latest News, കേരളം
തിരുവനന്തപുരം : 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ് സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. റാങ്കു പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനുള്ള ശുപാര്‍ശ മന്ത്രിസഭ പിഎസ് സിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി കാബിനറ്റ് യോഗശേഷം അറിയിച്ചു.

പ്രൈമറി ടീച്ചര്‍ തൊട്ട് എച്ച്എസ് സി വരെയുള്ള നിയമനങ്ങള്‍ ഇതിലുള്‍പ്പെടുന്നുണ്ട്. സെന്‍സസ്, ബിഎല്‍ഒ ചുമതലകള്‍, അന്തര്‍ ജില്ലാ സ്ഥലംമാറ്റ നടപടികളുടെ കാലതാമസം, സ്റ്റാഫ് ഫിക്‌സേഷന്‍ വൈകിയത് തുടങ്ങിയ കാരണങ്ങളാല്‍ ഒഴിവുകള്‍ യഥാസമയം കണ്ടെത്തി പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി. ഇതുമൂലം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നിയമന അവസരങ്ങള്‍ കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് റാങ്ക് പട്ടിക നീട്ടാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ എന്‍ഡിപിഎസ് കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണ്. എന്‍ഡിപിഎസ് കേസുകളുടെ വിചാരണയ്ക്കായി പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പ്രത്യേക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തിരുവനന്തപുരം, എറണാകുളം കോടതികളില്‍ എട്ടു പേരെയാണ് നിയമിച്ചിരുന്നത്. അത് 11 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. പുതിയ മൂന്നു കോടതികളിലും 11 പേരെയാണ് നിയമിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.


Recent Comments