സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കന്‍ കേരളം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിലാണ് തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. കിഴക്കന്‍ മധ്യപ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദ മേഖല ഉണ്ട്. വരും മണിക്കൂറുകളില്‍ ഇത് മധ്യപ്രദേശിലൂടെയും അതിനോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും തുടര്‍ന്ന് ശക്തി കുറയാനും സാധ്യതയുണ്ട്. ഇതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയിൽ കെ ദാമോദരൻ, പി എൻ പണിക്കർ, ഐ വി ദാസ് എന്നിവരുടെ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിവർക്ക് അനുമോദനവും സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അഡ്വ എൻ സായികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അനുമോദനയോഗം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈനി വി നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ എസ് സജികുമാർ അധ്യക്ഷനായി. യോഗത്തിൽ ഗ്രന്ഥശാല സംഘം താലൂക്ക് കൗൺസിൽ അംഗം ബി രാമഭായ്, സെക്രട്ടറി കെ അനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നന്ദുരാജ് കെ, രവികുമാർ എന്നിവർ സംസാരിച്ചു. എസ് രാജശേഖരൻ നന്ദിയും അറിയിച്ചു.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ വിവാദ ഉത്തരവിറക്കിയ കശുവണ്ടി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍, ഐഎഎസ് ഉദ്യോഗസ്ഥനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് എന്ന രീതിയിലാണ് വിവാദ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തെറ്റായ വിവരമാണെന്നും കോടതിയെ പൊതുമധ്യത്തില്‍ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

കേസിലെ പ്രതികളായ ഉദ്യോഗസ്ഥരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് കോടതി തുറന്നടിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കനത്ത കടന്നാക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്കുനേരെയുള്ള കടന്നാക്രമാണ് ഉണ്ടായത്. ഇത് അനാവശ്യവും അപകടകരവുമായ സമീപനമാണ്. മുന്‍ സര്‍ക്കാരിനെക്കാള്‍ മോശം നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 600 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരനും കോര്‍പറേഷന്‍ മുന്‍ എംഡി കെഎ രതീഷുമാണ് മുഖ്യപ്രതികള്‍. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ചോദ്യംചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആണ് കോടതിയെ സമീപിച്ചത്.

കോടതി ഇടപെട്ടിട്ടും അപേക്ഷയില്‍ തീരുമാനമെടുക്കാതിരുന്നതിന് 2025ല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എ.പി.എം.മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങിയിരുന്നു. തുടര്‍ന്ന് ഈമാസം രണ്ടിനാണ് കോടതി നിര്‍ബന്ധിച്ചതുപ്രകാരം അനുമതി നല്‍കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവിലെ അപകടം മനസിലാക്കി അഡ്വക്കറ്റ് ജനറല്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ആദ്യ ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച പുതിയ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ അതിനകം ആദ്യ ഉത്തരവ് ഉയര്‍ത്തിക്കാട്ടി പ്രതികള്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

ന്യൂഡല്‍ഹി: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണവും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ നിന്ന് മാത്രം 1. 6 ലക്ഷം സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ലിങ്കുകള്‍ പങ്കുവച്ച അക്കൗണ്ടുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മെറ്റ കണ്ടെത്തി നീക്കം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഇത്തരത്തിലുള്ള 40 ലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകളും കുട്ടികളെ ചൂഷണം ചെയ്യുന്ന 3.6 കോടി ഉള്ളടക്കങ്ങളും മെറ്റ നീക്കം ചെയ്തിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ തങ്ങള്‍ ബോധപൂര്‍വ്വം തല്‍പര കക്ഷികളിലേക്ക് എത്തിക്കുന്നു എന്ന തരത്തിലുള്ള ആരോപണം തെറ്റാണെന്ന് മെറ്റ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ ചില പരസ്യങ്ങള്‍ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അത്തരം അക്കൗണ്ടുകള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.

കുട്ടികള്‍ ഉള്‍പ്പെടുത്ത അശ്ലീല ഉള്ളടക്കമുള്ള പെയ്ഡ് പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്. ഇത്തരം പരസ്യങ്ങള്‍ അടിയന്തരമായി നീക്കാനും ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനോടുള്ള ഔദ്യോഗിക പ്രതികരണം മെറ്റയില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാട്ട്‌സ്ആപ്പ് യൂസെര്‍നെയിമുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ മെറ്റയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി നേടാം; പി ജി യോഗ്യത, യംഗ് പ്രൊഫഷണൽ നിയമനം

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ ജോലി നേടാം; പി ജി യോഗ്യത, യംഗ് പ്രൊഫഷണൽ നിയമനം

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) യംഗ് പ്രൊഫഷണൽ (Young Professional) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ (JICA) സഹകരണത്തോടെ നടപ്പാക്കുന്ന ‘Capacity Enhancement for Effective Forest Management’ പദ്ധതിയുടെ ഭാഗമായാണ് നിയമനം. ബിരുദാന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത
പരിസ്ഥിതി മാനേജ്മെന്റ്, വന്യജീവി സംരക്ഷണം, പ്രകൃതി വിഭവ മാനേജ്മെന്റ്, ഫോറസ്ട്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം
ബന്ധപ്പെട്ട മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം.

മികച്ച ആശയവിനിമയ, വിശകലന, പ്രോജക്ട് മാനേജ്മെന്റ് കഴിവ്.

JICA പദ്ധതികളിലെ പരിചയം ഉള്ളവർക്ക് മുൻഗണന.

ശമ്പളം
പ്രതിമാസം 60,000 രൂപ

നിയമന കാലാവധി
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ച് കരാർ ദീർഘിപ്പിക്കാം.

പ്രധാന ചുമതലകൾ
പദ്ധതി ആസൂത്രണം, നടപ്പാക്കൽ, വിലയിരുത്തൽ എന്നിവയിൽ സഹായം നൽകുക.

ഗവേഷണം, ഡാറ്റാ വിശകലനം, സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കുക.

സംസ്ഥാന വനം വകുപ്പുകൾ, വിവിധ ഏജൻസികൾ എന്നിവയുമായി ഏകോപനം നടത്തുക.

പരിശീലന പരിപാടികൾ, ശിൽപശാലകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവ ഏകോപിപ്പിക്കുക.

പുരോഗതി റിപ്പോർട്ടുകൾ, അവതരണങ്ങൾ, വിജ്ഞാന പ്രചാരണ സാമഗ്രികൾ തയ്യാറാക്കുക.

JICA മാർഗനിർദേശങ്ങളും പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുക.

നിയമന കാലാവധി
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രവർത്തന മികവും പദ്ധതിയുടെ ആവശ്യകതയും പരിഗണിച്ച് കരാർ ദീർഘിപ്പിക്കാം.

ജോലിസ്ഥലം
ആർ.ടി. ഡിവിഷൻ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ദിര പര്യാവരൺ ഭവൻ, ജോർബാഗ് റോഡ്, ന്യൂഡൽഹി – 110003..

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://moef.gov.in/storage/tender/1783405917.pdf

മറഡോണയേയും പിന്നിലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തി മെസി; ഒപ്പം നാണക്കേടിന്റെയും

മറഡോണയേയും പിന്നിലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തി മെസി; ഒപ്പം നാണക്കേടിന്റെയും

അറ്റ്‌ലാന്റ : ലോകകപ്പില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍, റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് മെസി പുതുക്കിയത്. ഈജിപ്തിനെതിരെ നേടിയ ഗോളോടെ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം 21 ആയി. ലോകകപ്പില്‍ 21 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായും മെസി മാറി.

തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലാണ് മെസ്സി ഗോള്‍ നേടുന്നത്, ഇതും റെക്കോര്‍ഡാണ്. കൂടാതെ, ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോര്‍ഡും (8 എണ്ണം ) മെസി മറികടന്നു. മത്സരത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയ്ക്കായി നേടിയ ആദ്യ ഗോളിന് പാസ് നല്‍കിയത് മെസിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ഒന്‍പതാമത്തെ അസിസ്റ്റാണിത്.

അതേസമയം മത്സരത്തില്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡും മെസി കരസ്ഥമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ താരമായും മെസി മാറി. ഈജിപ്തിനെതിരായ മത്സരത്തില്‍ 15-ാ ം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മെസി പാഴാക്കിയത്. ലോകകപ്പില്‍ മെസി പാഴാക്കിയ നാലാമത്തെ പെനാല്‍റ്റിയാണിത്. ഒരു ലോകകപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കുന്ന ആദ്യ താരവും മെസിയാണ്.

2018 ലോകകപ്പില്‍ ഐസ്ലന്‍ഡിനെതിരെയും, 2022 ലോകകപ്പില്‍ പോളണ്ടിനെതിരെയും ഈ ലോകകപ്പില്‍ ഓസ്ട്രിയക്കെതിരെയും മെസി പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. ഓസ്ട്രിയക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ, തുടര്‍ച്ചയായ മൂന്നു ലോകകപ്പുകളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരമെന്ന റെക്കോര്‍ഡും മെസിക്കായി. കരിയറില്‍ ഇത് 34-ാം തവണയാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. അര്‍ജന്റീനയ്ക്കായി എട്ടാം തവണയും. നിലവില്‍ ഏഴ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ മെസിയും ഫ്രാന്‍സിന്റെ എംബാപെയും തമ്മിലും ശക്തമായ മത്സരമാണ്.