by Midhun HP News | Feb 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ഭൂമി നേരിട്ട് വാങ്ങുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
ലോകത്തെ പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്‍എച്ച് 66, പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744, നിലവിലെ കൊല്ലം -കൊട്ടാരക്കര -ചെങ്കോട്ട എന്‍എച്ച് 744, എംസി റോഡ്, മലയോര തീരദേശ ഹൈവേകള്‍ , തിരുവനന്തപുരം- കൊല്ലം റെയില്‍പാത, കൊല്ലം- ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇടനാഴിക്ക് സമീപമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് പൊതു സ്വകാര്യ എസ്പിവി മാതൃകയില്‍ വികസിപ്പിക്കും. പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ എസ്പിവി രൂപീകരിച്ച് ഭൂവികസന, നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം മെട്രോ
ത്ിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും ആനുകൂല്യം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അത് പിഎഫില്‍ ലയിപ്പിക്കുന്നതാണ്. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇന്‍ പീരീഡ് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചതായി ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ധനഞെരുക്കം കേരളത്തെ ബാധിച്ചിരുന്നു. ധനഞെരുക്കത്തിന്റെ ഘട്ടത്തിലും ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ ധനസ്ഥിതി മെച്ചപ്പെട്ടു. കേരളം വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.
by Midhun HP News | Feb 6, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ, മംഗലപുരം, കടയ്ക്കാവൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിൽപന നടത്തി വരുന്ന സംഘത്തിലെ രണ്ട് പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.
മംഗലപുരത്തുള്ള സ്വകാര്യ കോളേജ്, ടെക്നോസിറ്റി, ആറ്റിങ്ങൽ, നഗരൂർ എന്നീ സ്ഥലങ്ങളിലെ കോളേജുകളിൽ രണ്ട് വർഷത്തിലേറെയായി ലഹരി വിൽപന നടത്തി വരുന്ന സംഘത്തിലെ പ്രതികളെയാണ്പോ ലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശിയായ തോന്നയ്ക്കലിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായ യുവാവ് ലഹരി വാങ്ങി ഉപയോഗിക്കുന്നതായി യുവാവിന്റെ വീട്ടുകാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കുറിച്ച് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിൽ 2 ഗ്രാം MDMA യും 20 ഗ്രാം ഗഞ്ചാവുമായി മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ, വയസ് 25, ബാംഗ്ലൂരിൽ നിന്നും MDMA എത്തിച്ചു നൽകുന്ന തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ M.R മൻസിലിൽ മുഹമ്മദ് മുഹ്‌സിൻ, വയസ് 23 എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടി കൂടിയത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി K.S സുദർശൻ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ DySP മഞ്ജുലാൽ എസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ SHO ഗോപകുമാർ. ജി, SI മാരായ ജിഷ്ണു എം.എസ്, ബിജു A ഹക്ക്, ASI രാധാകൃഷ്ണൻ, ഉണ്ണിരാജ്, SCPO മാരായ ഷംനാദ്, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ രഹസ്യമായി ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി ആവശ്യപ്രകാരം യുവാക്കൾക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകി വന്നിരുന്നു. അറസ്റ്റ് ചെയ്ത നൗഫലിന് പേട്ട പോലീസ് സ്റ്റേഷനിൽ 2020 ൽ കൊല്ലം സ്വദേശികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, 2022 ൽ മംഗലപുരം പോലീസ് സ്റ്റേഷനിൽ 6 വാളുകൾ കൈവശം വച്ചതിന് ആയുധ നിയമപ്രകാരം ഒരു കേസും നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ കൈയ്യിൽ നിന്നും ലഭിച്ച ഫോണുകളിൽ പ്രതികൾ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യുവതികളുമായി വിനോദ സഞ്ചാരത്തിന് പോയി മയക്ക് മരുന്ന് ഉപയോഗിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
by Midhun HP News | Feb 6, 2025 | Latest News, ജില്ലാ വാർത്ത
ഇടവ: വേനലിന്റെ തുടക്കത്തിൽത്തന്നെ ഇടവ ഗ്രാമപ്പഞ്ചായത്തിലെ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയായി. കിണറുകൾ വറ്റിത്തുടങ്ങിയതും ജല അതോറിറ്റിയുടെ വെള്ളം ലഭിക്കാത്തതുമാണ് ശുദ്ധജലക്ഷാമത്തിന് കാരണമാകുന്നത്. നാലാം വാർഡായ പാറയിൽ നാലുമുക്ക്, മുള്ളുവിള, പഴവിള ഭാഗങ്ങളിൽ ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. വാട്ടർ കണക്ഷനുള്ള പത്തോളം വീടുകളിൽ കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം എത്തുന്നില്ല. കാട്ടുവിളയിൽ പ്രവർത്തിക്കുന്ന ഊറ്റുകുഴി വാട്ടർ സപ്ലൈ സ്കീമിൽ നിന്നാണ് കുടിവെള്ളം ലഭ്യമാകേണ്ടത്.
ഇതിൽ പലരും സ്വന്തമായി കിണർ ഇല്ലാത്തവരാണ്. അതിനാൽ കുടിവെള്ളം വിലയ്ക്കുവാങ്ങേണ്ട സ്ഥിതിയാണ്. ഊറ്റുകുഴി സ്കീമിൽനിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പലർക്കും വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. പമ്പ് ചെയ്യുമ്പോഴുള്ള മർദത്തിന്റെ കുറവാകാം എല്ലായിടത്തും കുടിവെള്ള ലഭ്യതയ്ക്ക് തടസ്സമാകുന്നത്. എല്ലാവർക്കും ഒരുപോലെ ജലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പഞ്ചായത്തിലും ജല അതോറിറ്റിയിലും പ്രദേശവാസികൾ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളുടെ ഭാഗമായ ചീനക്കാവ് പ്രദേശത്തും മാസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. വാട്ടർ കണക്ഷൻ ലഭിച്ചിട്ടുള്ളവരും, ഇല്ലാത്തവരും, കിണറില്ലാത്തവരും പരാതികളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ ഭാഗത്ത് കിണറില്ലാത്തവർ വളരെയുണ്ട്. കിണർ കുഴിച്ചാൽത്തന്നെ ജലലഭ്യതയും കുറവാണ്. പലവിധ തടസ്സങ്ങളാൽ വാട്ടർ കണക്ഷൻ ലഭിക്കാത്തവരും നിരവധിയാണ്. മറ്റിടങ്ങളിൽപ്പോയി കുടിവെള്ളം ശേഖരിക്കുകയോ, വിലകൊടുത്ത് കുടിവെള്ളം വാങ്ങുകയോ ചെയ്യുകയാണ് ചെയ്യുന്നത്.
വെൺകുളം ശാസ്താക്ഷേത്രത്തിനു സമീപമുള്ള പൊയ്ക വാട്ടർ സപ്ലൈ സ്കീമിൽ നിന്നാണ് ചീനക്കാവ് പ്രദേശവാസികൾക്ക് കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്നത്. നവീകരണത്തിന്റെപേരിൽ പദ്ധതി നിർത്തിവെച്ചതിനാൽ ഇവിടെനിന്നും കുടിവെള്ളം ലഭിക്കാതായി. പുതിയ ജലസംഭരണിയുടെ നിർമാണം അനിശ്ചിതത്വത്തിലാണ്. അരലക്ഷത്തിലധികം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റിയിരുന്നു.
പുതിയ ജലസംഭരണിയുടെ അടിസ്ഥാനം സ്ഥാപിക്കാനായി കുഴിയെടുത്തെങ്കിലും മൂന്നുവർഷമായി അതേപടി തുടരുകയാണ്. ചീനക്കാവ് പ്രദേശത്ത് താത്‌കാലികമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് വാമനപുരം പദ്ധതിയുമായി യോജിപ്പിച്ചെങ്കിലും, ഇവിടെ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളം ആഴ്ചകൾ ഇടവിട്ടാണ് ലഭിക്കുന്നത്. വേനൽ കടുക്കുമ്പോൾ പഞ്ചായത്തിന്റെ ദാഹമകറ്റാൻ പൊയ്ക പോലുള്ള ചെറുകിട പദ്ധതികൾ അത്യാവശ്യമാണ്.
by Midhun HP News | Feb 6, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇടപാടുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ശനിയാഴ്ച (ഫെബ്രുവരി 8) കുറച്ചു മണിക്കൂറുകള്‍ നേരം യുപിഐ സേവനം ലഭ്യമാകില്ല എന്നതാണ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ അപ്‌ഡേറ്റ്.
അന്നേ ദിവസം പുലര്‍ച്ചെ 12 മണി മുതല്‍ മൂന്ന് മണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനം പ്രവര്‍ത്തനരഹിതമാകും. സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായാണ് കുറച്ചുമണിക്കൂറുകള്‍ സേവനം തടസ്സപ്പെടുന്നത്. ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണം അയയ്ക്കാന്‍ കഴിയില്ലെന്നും ബാങ്ക് അറിയിച്ചു.
പ്രവര്‍ത്തനരഹിതമായ സമയത്ത്, ബാങ്കിന്റെ കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ വഴിയും റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുമുള്ള സാമ്പത്തിക, സാമ്പത്തികേതര യുപിഐ ഇടപാടുകളും ലഭ്യമാകില്ലെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
by Midhun HP News | Feb 6, 2025 | Latest News, കേരളം
ഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്ന 1.5 കോടി ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പുതിയ നിയമം കൊണ്ടുവരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ലോക്സഭയില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
‘ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍)’ ബില്‍ കൊണ്ടുവരുന്നതു മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നു പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്ലിന്റെ കരട് രൂപം മന്ത്രാലയങ്ങള്‍ക്കു കൈമാറിയെന്നും പ്രതികരണം ലഭിച്ച ശേഷം പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ പ്രസിദ്ധീകരിക്കുമെന്നുമാണു വിവരം.
ഓവര്‍സീസ് മൊബിലിറ്റേഷന്‍ (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍, 2024 എന്ന പേരില്‍ പുതിയ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മന്ത്രാലയം ഗൗരവമായി ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
അവിദഗ്ധ തൊഴിലാളികള്‍, വിദഗ്ധ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 1.5 കോടി ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് ജോലി ചെയ്യുന്നുതായും ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായി ഓഗസ്റ്റില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ലോക്സഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞിരുന്നു.
by Midhun HP News | Feb 6, 2025 | Latest News, കേരളം
കോഴിക്കോട്: പശ്ചിമ ബംഗാളിലെ നല്ലവനും കാരുണ്യവാനുമായ വ്യവസായി, കേരളത്തില്‍ പൊലീസുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ്. ഇരട്ട വേഷത്തില്‍ വിലസിയ തസ്‌കരവീരന്‍ ഒടുവില്‍ പൊലീസ് വലയിലായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പാണ്ടിയാരപ്പിള്ളി വീട്ടില്‍ നൗഫലാണ് കേരളത്തിലും ബംഗാളിലും ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 34 വയസുകാരനായ നൗഫലിന് ‘പപ്പന്‍ നൗഫല്‍’എന്നൊരു പേരുകൂടിയുണ്ട്.
കേരളത്തില്‍ മോഷണം നടത്തിയിരുന്ന നൗഫല്‍, ബംഗാളില്‍ പാവങ്ങളുടെ വേദനകേട്ട് കയ്യയച്ചു സഹായിക്കുന്ന ‘ഖത്തര്‍ വ്യവസായി’ ‘ഷെയ്ഖ് നൗഫല്‍’ ആണ്. ഖത്തറില്‍ ബിസിനസുകാരന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന നൗഫലിനെ ഷെയ്ഖ് നൗഫല്‍ എന്നാണ് ബംഗാളികള്‍ ആദരപൂര്‍വം വിളിച്ചിരുന്നത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട്ട് മോഷണം നടത്തിയ ശേഷം ബംഗാളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കോഴിക്കോട്ടെ ലോഡ്ജില്‍വച്ചാണ് നൗഫല്‍ പിടിയിലായത്.
കഴിഞ്ഞ മാസം കൊണ്ടോട്ടി തുറക്കലില്‍ വീട് കുത്തിത്തുറന്നുള്ള മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നൗഫലിലേക്ക് എത്തിയത്. ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. മോഷ്ടിക്കുന്ന സ്വര്‍ണവുമായി നേരെ ബംഗാളിലേക്കുപോയി അവിടെ വില്‍പന നടത്തും. മൂന്ന് വര്‍ഷം മുന്‍പ് കിഴക്കന്‍ ബര്‍ധ്മാന്‍ ജില്ലയിലെ അത്താസ്പൂരില്‍ ഭൂമി വാങ്ങി ഇരുനില വീടുവച്ചു. കൃഷിയും ആരംഭിച്ചു. കൃഷിപ്പണിക്കായി ജോലിക്കെത്തിയ വിധവയായ സ്ത്രീയെ വിവാഹം കഴിച്ചതോടെ നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റി.
ഖത്തറില്‍ വ്യവസായിയാണെന്നാണ് അവിടെ സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിവിധ ആവശ്യങ്ങള്‍ ചോദിച്ച് ദിവസവും ഒട്ടേറെപ്പേരാണ് നൗഫലിന്റെ വീട്ടിലെത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഗള്‍ഫില്‍ നിന്നുള്ള പണമാണ് ദാനം ചെയ്യുന്നതെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നക്. ബംഗാളില്‍ താമസമാക്കിയ ശേഷം പലതവണ കേരളത്തില്‍ പിടിയിലായിട്ടുണ്ട്. ബംഗാളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ ഖത്തറിലേക്ക് പോകുന്നെന്ന് കുടുംബത്തോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അങ്ങാടിപ്പുറത്ത് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള നൗഫല്‍ 2019 മുതലാണ് മോഷണക്കേസുകളില്‍ പ്രതിയാകുന്നത്.
2023ല്‍ പെരിന്തല്‍മണ്ണയില്‍ നൂറുപവന്‍ മോഷ്ടിച്ചതുള്‍പ്പെടെ ഒട്ടേറെ മോഷണക്കേസുകള്‍ക്കും നൗഫലിനെ പിടിച്ചതോടെ തുമ്പായി. 2024 ഒക്ടോബറില്‍ മോങ്ങത്ത് മോഷണശ്രമത്തിനിടെ ഗൃഹനാഥനെ വെട്ടിയ കേസിലുള്‍പ്പെടെ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തെ പള്ളികളില്‍ രാത്രി നമസ്‌ക്കാരത്തിനായി ചെന്ന് പരിസരം നിരീക്ഷിക്കുന്നതാണ് ഇയാളുടെ പതിവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ നൗഫലിനെ കോടതി റിമാന്‍ഡ് ചെയ്തു.
Recent Comments