by Midhun HP News | Feb 6, 2025 | Latest News, ജില്ലാ വാർത്ത
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഇന്ന് (ഫെബ്രുവരി 06 ന്) വര്‍ക്കലയില്‍. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) നടക്കുന്ന ക്യാമ്പില്‍ രാവിലെ 09.30 മുതല്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി നിര്‍വഹിക്കും. ചടങ്ങില്‍ നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ മുഖ്യാതിഥിയാകും. നോര്‍ക്ക പദ്ധതികള്‍ സേവനങ്ങള്‍ എന്നിവയുടെ അവതരണം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും , എസ്.ബി.ഐ ലോണ്‍ സ്കീം വിശദീകരണം ചീഫ് മാനേജര്‍ (ക്രെഡിറ്റ്) അമൃത വ്യാസും നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി.റ്റി സ്വാഗതം പറയും.
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
by Midhun HP News | Feb 6, 2025 | Latest News, കേരളം
വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രജിൻ ജോസ് വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
സംഭവ സമയത്ത് പ്രജിൻ്റെ അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ മെഡിസിൻ പഠിക്കുകയായിരുന്നു പ്രജിൻ. കൊവിഡിനെ തുടർന്ന് പഠനം നിർത്തി നാട്ടിൽ എത്തി. സ്വതന്ത്രമായി ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രജിനെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
by Midhun HP News | Feb 6, 2025 | Latest News, കായികം, ജില്ലാ വാർത്ത
2023ലെ ലോകകപ്പ് ഫൈനലിനു ശേഷം രാജ്യത്ത് ആദ്യമായി ഏകദിനത്തിൽ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്രതീക്ഷകളും ആധികളുമേറെ. ചാമ്പ്യൻസ് ട്രോഫിക്ക് കേളികൊട്ടുണരാൻ നാളുകൾ ബാക്കിനിൽക്കെയാണ് രോഹിതിന്റെ സംഘം ജയം മാത്രം ലക്ഷ്യമിട്ട് നാഗ്പുരിൽ ആദ്യ ഏകദിനം കളിക്കുന്നത്.
ട്വന്റി20 പരമ്പരയിൽ ആധികാരികമായി ജയിച്ച ടീമിന് ഇംഗ്ലണ്ടിനെതിരെ മൂന്നു കളികളടങ്ങിയ ഏകദിന പരമ്പരകൂടി തൂത്തുവാരാനായാൽ ഒരുക്കം ഗംഭീരമാകും.ആദ്യം ന്യൂസിലൻഡിനെതിരെയും പിറകെ ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകൾ തോറ്റ് നാണംകെട്ടതിന് പിറകെ രഞ്ജിയിൽ ഇറങ്ങിയ സ്റ്റാർ ബാറ്റർമാരായ രോഹിതും കോഹ്ലിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയിരുന്നു. അതിനാൽതന്നെ, ഇരുവർക്കും ഓരോ മത്സരവും നിർണായകമാണ്. ലോകകപ്പിൽ കണ്ണഞ്ചും പ്രകടനവുമായി കളംനിറഞ്ഞ കോഹ്ലി കഴിഞ്ഞ ആഗസ്റ്റിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ വൻപരാജയമായിരുന്നു.മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രോഹിത് രണ്ട് അർധ സെഞ്ച്വറികളടക്കം 157 റൺസ് നേടി. പരമ്പര ടീം തോറ്റിരുന്നു. ഇരുവരും ആദ്യ ഇലവനിൽതന്നെ ഇടംനേടും.
അതേസമയം, വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആർക്ക് നറുക്കു വീഴുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ലോകകപ്പിൽ രാഹുൽ വിക്കറ്റിന് പിറകിൽ മാത്രമല്ല, ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. അവസാന ട്വന്റി20യിൽ മൂന്നു വിക്കറ്റെടുത്ത് കളി മാറ്റിയ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കാതെ തരമില്ല. ബുംറയും മുഹമ്മദ് സിറാജും ഇല്ലാത്ത ടീമിൽ ഷമിക്കൊപ്പം അർഷ്ദീപ് ബൗളിങ് ഓപൺ ചെയ്തേക്കും. പുതുസാന്നിധ്യമായി വരുൺ ചക്രവർത്തിക്കും നറുക്കു വീണേക്കും.
ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങുംതന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
നാഗ്പൂര്‍:. ഉച്ചക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 പരമ്പരയിലെ വമ്പന്‍ ജയത്തിനുശേഷമാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 4-1നാണ് ടി20 പരമ്പര സ്വന്തമാക്കിയത്
by Midhun HP News | Feb 6, 2025 | Latest News, കേരളം
കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വിദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാഗ് ചെയ്തുവെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി.
സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി. ഇതിൽ പ്രിൻസിപ്പൽ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തുടർ നടപടിക്കായി റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി.
by Midhun HP News | Feb 6, 2025 | Latest News, കേരളം
കൊച്ചി: പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്താണ് ഗ്രീഷ്മ അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിൽ കഴിഞ്ഞ ജനുവരി 20 നാണ് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ മൂന്നാം പ്രതി നിർമലകുമാരൻ നായർക്ക് 3 വർഷം തടവും കോടതി വിധിച്ചിരുന്നു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു.
2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്. 2021ലാണ് കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്‌ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്‌സി റേഡിയോളജി അവസാനവർഷ വിദ്യാർഥിയായ് ഷാരോൺ ഗ്രീഷ്മയുടെ സൗഹൃദത്തിലാകുന്നത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചു. എന്നാൽ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഗ്രീഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ്.
by Midhun HP News | Feb 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനി അരവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ എട്ടുവയസ്സുകാരി ബിനിജയാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് മടങ്ങി വരുമ്പോള്‍ വീട്ടിനടുത്തുവച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്. ബിനിജയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എസ്എടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Recent Comments