ആളുകളെ പറന്നുവന്ന് ആക്രമിക്കും, വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്‌

ആളുകളെ പറന്നുവന്ന് ആക്രമിക്കും, വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്‌

കാസര്‍കോട്: നീലേശ്വരത്ത് വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം ചുറ്റിച്ച് കൃഷ്ണ പരുന്ത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പരുന്ത് തിരിച്ചെത്തി. ഇരുപതോളം പേരെയാണ് ഇതുവരെ പരുന്ത് ആക്രമിച്ചത്.

ആളുകളെ ആക്രമിക്കുന്നതിന് പുറമേ വാഹനങ്ങളുടെ താക്കോലടക്കം കൊത്തിക്കൊണ്ട് പറന്നു പോകുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പരുന്തിനെ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് വനം വകുപ്പ്. പ്രദേശത്തെ നാട്ടുകാരിലാരോ വളർത്തിയ പരുന്താണിത്. വീട്ടുകാർക്ക് ശല്യമായപ്പോൾ അവർ പരുന്തിനെ പറത്തി വിട്ടു. പിന്നീട് നാട്ടുകാർക്കാകെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്.

ഓഫര്‍ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

ഓഫര്‍ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

കൊച്ചി: ഓഫര്‍ തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കെ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ഇടുക്കിയില്‍ വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആവശ്യം. അതിനിടെ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിന്റെ ഭാഗമായി അനന്തു കൃഷ്ണന്‍ രൂപീകരിച്ച ട്രസ്റ്റിലെ അംഗമാണ് ആനന്ദകുമാര്‍

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. സംസ്ഥാനത്താകെ ഇതുവരെ 40 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വിവിധ ജില്ലകളില്‍നിന്നു കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തെ കേസുകള്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം വരുന്നത്. പരിപാടിയുമായി സഹകരിച്ച കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെതിരെ ഉള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.

ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചായിരുന്നു സംഭവം. കാട്ടുതീ പടര്‍ന്നു പിടിക്കുന്നത് തടയാനായി ഫയര്‍ലൈന്‍ തെളിക്കുന്ന ജോലിക്കായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം. ജോലിക്കായി പോകുന്നതിനിടെ അവിടെയെത്തിയ കാട്ടാന വിമലിനെ ആക്രമിക്കുകയായിരുന്നു.

വനംവകുപ്പിന്റെ ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ആദിവാസി വിഭാഗങ്ങളെക്കൂടി ഒപ്പം കൂട്ടാറുണ്ട്. മുമ്പും ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിമല്‍ പോയിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ അടക്കം 9 അംഗ സംഘമാണ് ഫയര്‍ലൈന്‍ ജോലികള്‍ക്കായി പോയിരുന്നത്. ഏറ്റവും പിന്നിലായി പോയ വിമലിനെ, മരത്തിന് പിന്നില്‍ മറഞ്ഞിരുന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് പിടിച്ച് നിലത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആറ്റിങ്ങൽ സപ്ളൈ ഓഫീസിലേക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി

ആറ്റിങ്ങൽ സപ്ളൈ ഓഫീസിലേക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി

റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവിനും പൊതുവിതരണ സംവിധാനം തകർത്ത സംസ്ഥാന സർക്കാരിന്റെ നയ വൈകലയങ്ങൾക്കുമെതിരെ കേരളത്തിലുടനീളമുള്ള സപ്ളൈ ഓഫീസുകളിലേക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാർച്ച് നടത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സപ്ളൈ ഓഫീസിലേക്ക് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി.

ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ ബിഷ്ണു സമരപരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം യൂ ഡി എഫ് ചെയർമാൻ അഡ്വ.വി ജയകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ജോസഫ് പെരേര, ബ്ളോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് രാജ്, തോട്ടവാരം ഉണ്ണികൃഷ്ണൻ,
ഡിസിസി ഭാരവാഹികൾ, ബ്ളോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്ത് അംഗങ്ങൾ, പോഷകസംഘടനാ നേതാക്കൾ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

ആളുമാറി തല്ലൽ; വിവാദമായതോടെ പൊലീസുകാർക്ക് സസ്പെൻഷൻ

ആളുമാറി തല്ലൽ; വിവാദമായതോടെ പൊലീസുകാർക്ക് സസ്പെൻഷൻ

ആളുമാറി തല്ലിയ സംഭവത്തിൽ പൊലീസുകാ‍ർക്കെതിരെ നടപടി. ബാറിന് മുന്നിൽ സംഘർഷമുണ്ടാക്കിയവരാണെന്ന് കരുതി വിവാഹസംഘത്തെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വിമർശനം ശക്തമായതോടെയാണ് എസ്ഐ ജിനു അടക്കം 2 പൊലീസുകാ‍ർക്കെതിരെ നടപടിയെടുത്തത്. റേഞ്ച് ഡിഐജി അജിത ബീ​ഗമാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

എസ്ഐയെ സ്ഥലംമാറ്റി വിവാ​ദം തണുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും മർദ്ദനമേറ്റവ‍ർ ഇതിനെതിരെ രം​ഗത്തുവന്നു. പൊലീസുകാ‍ർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സ്ഥലംമാറ്റം നൽകി വിഷയം ഒതുക്കിതീർക്കാനാണ് ശ്രമിക്കുന്നതെന്നും പരാതിക്കാ‍ർ ആരോപിച്ചു. ഇതിന് പിന്നാലെ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട എസ്ഐയോട് ഡിഐജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല നടപടിക്കൊപ്പം പൊലീസുകാർക്കെതിരെ കേസെടുത്തുള്ള അന്വേഷണവുമുണ്ടാകും.

കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ

കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ

ദില്ലി: കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ. അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്ന് യുഎസ് സൈനിക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയ ജസ്പാൽ സിങ് പറഞ്ഞു. അതേസമയം വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഇന്ത്യക്കാരുടേതല്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടവരിൽ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36കാരനായ ജസ്പാൽ സിങ്. അമൃത്സറിൽ ഇറങ്ങിയതിന് ശേഷം മാത്രമാണ് വിലങ്ങ് അഴിച്ചുമാറ്റിയതെന്ന് ജസ്പാൽ പറഞ്ഞു. 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 104 ഇന്ത്യക്കാരുമാണ് യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ എത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ട്രംപ് സ്വന്തം ശക്തി കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിമർശനം. അത് ഇന്ത്യ വകവച്ചു കൊടുക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. വിഷയം പാർലമെൻറിൽ ഉന്നയിക്കാൻ നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യാക്കാരെ വിമാനത്തിൽ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം.
അതേസമയം അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിക്കളഞ്ഞു. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയിൽ പ്രചരിക്കുന്നതെന്ന് കേന്ദ്ര സ‍ർക്കാ‍രിന് കീഴിൽ പ്രവ‍ർത്തിക്കുന്ന പിഐബി വിശദീകരിച്ചു.

ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയത്. അമേരിക്ക – മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ 40 മണിക്കൂ‍ർ യാത്ര ചെയ്ത ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്.