by Midhun HP News | Feb 5, 2025 | Latest News, കേരളം
കൊച്ചി: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് 1000 കോടി കടക്കുമെന്ന് പൊലീസ് നിഗമനം. മുവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതില്‍ അവശേഷിക്കുന്നതു മൂന്ന് കോടി രൂപ മാത്രമെന്നും പൊലീസ് പറയുന്നു. എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും അടുപ്പം പുലര്‍ത്താനും പൊതു സമൂഹത്തിനു മുന്നില്‍ ഈ അടുപ്പം പ്രദര്‍ശിപ്പിക്കാനും അനന്തു കൃഷ്ണന്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂര്‍ നല്‍കണം. ബാക്കി തുക വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ കുറെപ്പേര്‍ക്കു സാധനങ്ങള്‍ നല്‍കി. ശേഷിക്കുന്നവരുടെ പണമാണ് നഷ്ടമായതെന്ന് പരാതികളില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. 2000 പരാതികള്‍. ഇടുക്കിയില്‍ 350 പരാതികള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 8 കേസുകള്‍ എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നു മാത്രം 700 കോടി തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട്ടും 11 പരാതികള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 5564 പേരും എറണാകുളം പറവൂരില്‍ 2000 പേരും ഗുണഭോക്തൃ വിഹിതം അടച്ചു കാത്തിരിക്കുകയാണ്. ഇവരും പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്. അനന്തു കൃഷ്ണന്റെ ഫ്‌ലാറ്റുകളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.
ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കിയാണ് നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ചു സൊസൈറ്റി രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ തട്ടിപ്പ്. രജിസ്‌ട്രേഷനു വേഗം പോരെന്നു കണ്ട് 62 സീഡ് സൊസൈറ്റികളും രൂപീകരിച്ചു. പകുതി വിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ സൊസൈറ്റി അംഗത്വം ഉറപ്പാക്കി. തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ പേരിലും പണപ്പിരിവ് നടത്തി. തട്ടിപ്പു മനസ്സിലായതോടെ ഇതിന്റെ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പരാതികള്‍ ശക്തമായതോടെ അറസ്റ്റ് പ്രതീക്ഷിച്ച അനന്തു കൃഷ്ണന്‍ സ്വന്തം രൂപമടക്കം മാറ്റിയിരുന്നു. തല മൊട്ടയടിച്ചു. മീശ വടിച്ചു. പൊലീസ് സ്റ്റേഷനില്‍ പ്രതിയെ നേരില്‍ കണ്ട പ്രമോട്ടര്‍മാര്‍ക്കു പോലും എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന അനന്തു കൃഷ്ണന്‍, ഈ ബന്ധം ഉപയോഗിച്ച് ഓരോ സ്ഥലത്തും പുതിയ സീഡ് സൊസൈറ്റികള്‍ ഉദ്ഘാടനം ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങള്‍ കൈമാറുന്നതിനും അതതു സ്ഥലങ്ങളിലെ നേതാക്കളെയാണ് സമീപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്ററുകളായും അനന്തു കൃഷ്ണന്‍ പ്രചരിപ്പിച്ചു. ഇരുചക്ര വാഹനങ്ങള്‍ ലഭിക്കാതായതോടെ പരാതി വരാതെ നോക്കാന്‍ അനന്തു രാഷ്ട്രീയ നേതാക്കളെ ഇടപെടുത്തി. വഞ്ചിതരായ പല നിക്ഷേപകരും ഈ പരാതി പൊലീസിനോടു പറഞ്ഞിട്ടുണ്ട്.
by Midhun HP News | Feb 5, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Feb 5, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മര്‍ദ്ദിച്ചത്. ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തുന്നത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. കുറ്റക്കാരെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. എട്ടുപേരടങ്ങുന്ന സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി ബാര്‍ ജീവനക്കാര്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടതായും അവര്‍ പറയുന്നു.
അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പൊലീസിൽ നിന്നും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നും മർദ്ദനമേറ്റവർ പറയുന്നു. ചിലര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
by Midhun HP News | Feb 5, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്.തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Feb 5, 2025 | Latest News, കേരളം
തൃശൂര്‍: കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്.
ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഹോട്ടലുടമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച തെളിവും പരാതിക്കാരി പൊലീസിന് കൈമാറി.
വീഴ്ചയില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഇതിനിടെ ദേവദാസ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞതാണു ദൃശ്യങ്ങള്‍.
Recent Comments