മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബം​ഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മര്‍ദ്ദിച്ചത്. ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തുന്നത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. കുറ്റക്കാരെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. എട്ടുപേരടങ്ങുന്ന സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി ബാര്‍ ജീവനക്കാര്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടതായും അവര്‍ പറയുന്നു.

അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പൊലീസിൽ നിന്നും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നും മർദ്ദനമേറ്റവർ പറയുന്നു. ചിലര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

മാർച്ച് ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല

മാർച്ച് ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്.തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയില്‍

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്.

ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഹോട്ടലുടമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച തെളിവും പരാതിക്കാരി പൊലീസിന് കൈമാറി.

വീഴ്ചയില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ഇതിനിടെ ദേവദാസ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞതാണു ദൃശ്യങ്ങള്‍.

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. 760 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. 63,240 രൂപയായാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.