by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
കഠിനംകുളം കൊലപാതകത്തിൽ കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരത്തോടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിനു സമീപം അന്വേഷണ സംഘം കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾ ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തുപോയത്.
പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. ഈ വീട് ഇന്ന് തുറന്നു പരിശോധിയ്ക്കും. ഇതിനാൽ തന്നെ ഇയാൾ കരുതിക്കുട്ടിയാണ് ഇവിടെ എത്തിയത്. അന്വേഷണം തിരു. റൂറൽ എസ് പി യുടെ സംഘം, ആറ്റിങ്ങൽ DySPയുടെ സംഘം, ഡാൻസാഫ് സംഘം, കഠിനംകുളം – ചിറയിൻകീഴ് പോലീസ്
നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.
by Midhun HP News | Jan 22, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കണ്ടെത്തല്‍. വാര്‍ഡില്‍ കഴിഞ്ഞ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തത്. 146 ആശുപത്രികളിൽ ഗുണനിവാരമില്ലാത്ത മരുന്നുകൾ നല്‍കിയെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവധി കഴിയുന്ന മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുമെന്നതിനാൽ ഇതു കഴിക്കുന്നവരുടെ ജീവൻ അപകടത്തിലായേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഡോക്ടർമാർ അടക്കമുള്ള പൊതുജന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തില്‍ വലിയരീതിയിലുള്ള കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്ന് വിതരണത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയിൽ കെഎംഎസ്‌സിഎല്ലിനെതിരെ രൂക്ഷ വിമർശനവും സിഎജി ഉയർത്തി. സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ഏഴായിരത്തോളം ആശുപത്രികളുണ്ട്. 67 ആശുപത്രികളിൽ 2016 മുതൽ 2022 വരെ നടത്തിയ പരിശോധനയിൽ 62,826 ലേറെ അവസരങ്ങളിൽ മരുന്നുകൾ ലഭ്യമായിരുന്നില്ല. ഇതിൽ ചില അവശ്യ മരുന്നുകൾ 1745 ദിവസം വരെ ലഭ്യമല്ലായിരുന്നു.
2017 മുതൽ 2022 വരെ 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്റന്റ് നൽകിയെങ്കിലും കെഎംഎസ്‌സിഎൽ 536 ഇനങ്ങൾ (11.33%) മാത്രമാണു മുഴുവനും വാങ്ങിയത്. 1085 ഇനങ്ങൾക്കു കരാർ കൊടുത്തതേയില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലും ഗുരുതരമായ അലംഭാവം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷത്തെ 54,049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമേ പരിശോധിച്ചിട്ടുള്ളൂ.
by Midhun HP News | Jan 22, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,200 രൂപയിലെത്തി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7525 രൂപയാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ റെക്കോര്‍ഡും കടന്നാണ് സ്വര്‍ണവില കുതിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jan 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ബീമാപള്ളി ബി എം ജെ ആഡിറ്റോറിയത്തിൽ വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ ഇന്നലെ സംഘടിപ്പിച്ച ഡ്രാഗ്ഗോ ക്ലാസിക് – കേരള മത്സരത്തിലാണ് മിസ്റ്റർ കേരള പട്ടം കിളിമാനൂർ സ്വദേശി തേജസ് സ്വന്തമാക്കിയത്.
സീനിയർ 65 കിലോഗ്രാം മത്സരയിനത്തിലാണ് തേജസ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഇന്നലെ നടന്ന വിവിധ വിഭാഗം മത്സരങ്ങളിൽ 240 ഓളം പ്രതിഭകൾ പങ്കെടുത്തു
സീനിയർ 65 കിലോഗ്രാം മത്സരത്തിൽ എട്ട് മത്സരാർത്ഥികളാണ് പങ്കെടുത്തത്. അതിൽ ഏഴുപേരെ പിൻതള്ളിയാണ് തേജസ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്
കിളിമാനൂർ പുതിയകാവ് നെല്ലിക്കാട്ടിൽ മഞ്ജുഷ ഭവനിൽ ടി.എം ഉദയകുമാർ, മഞ്ജുഷ ദമ്പതികളുടെ മകനാണ് തേജസ്. ഇതിനുമുമ്പും കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന മത്സരയിനങ്ങലിൽ പങ്കെടുത്ത് തേജസ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ തലത്തിലുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള തീവ്ര പരിശീലനത്തിലാണ് തേജസ്.
അലീഷയാണ് ഭാര്യ, ലക്ഷ്മി ഉദയൻ ഏക സഹോദരിയാണ്. നാടിന് അഭിമാനമായി മാറിയ തേജസിനെ സ്വീകരണം നൽകി ആദരിക്കുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ
by Midhun HP News | Jan 21, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രഥമ ഖോ-ഖോ ലോകക്കപ്പിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചതിൽ ആറ്റിങ്ങലുകാർക്ക് ഒരുപടി കൂടുതൽ അഭിമാനിക്കാം. എങ്ങനെയെന്നല്ലേ, ലോകക്കപ്പിൽ മുത്തമിട്ട പുരുഷ ഇന്ത്യൻ ടീമിന്റെ മാനേജർ ഒരു ആറ്റിങ്ങലുകാരനാണ്. ആറ്റിങ്ങലിന്റെ കായിക മേഖലയിൽ മാത്രമല്ല, സർവമുഖ സാന്നിധ്യമായ അവനവഞ്ചേരി ശാന്തിനഗർ ‘സിതാര’യിലെ ജി വിദ്യാധരൻ പിള്ള.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അരീനയിൽ
ജനുവരി 13 മുതൽ 19 വരെ നടന്ന ഖോ ഖോ ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീമിനൊപ്പമായിരുന്നു വിദ്യാധരൻ പിള്ള. കായികതാരങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും വിജയ തന്ത്രങ്ങൾ പറഞ്ഞുകൊടുത്തും പ്രോത്സാഹനം നൽകിയും ടീം മാനേജർ എന്ന നിലയിൽ തന്റെ ഔദ്യോഗിക കർമം അദ്ദേഹം കൃത്യമായി നിർവഹിച്ചു. ഖോ ഖോ എന്ന കായിക ഇനത്തിൽ ആർജിച്ചെടുത്ത അറിവും ഇത്രയും നാളത്തെ അനുഭവ സമ്പത്തും നേതൃപാഠവവും ഇതിന് ഏറെ സഹായിച്ചെന്ന് വിദ്യാധരൻ പിള്ള പറയുന്നു. ഫൈനലിൽ നേപ്പാളിനെതിരെ 54-36 എന്ന സ്‌കോറിനാണ് ഇന്ത്യൻ പുരുഷ ടീം വിജയം ഉറപ്പിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലായി 23 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ 20 പുരുഷ ടീമുകളും 19 വനിതാ ടീമുകളുമാണ് മത്സരിച്ചത്.
2025-ലെ ഖോ ഖോ ലോകകപ്പിൻ്റെ വിജയം കായിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയുടെ ഏറ്റവും പഴയ പരമ്പരാഗത ഗെയിമുകളിലൊന്നിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാൻ ഇടയാക്കുമെന്നതിൽ സംശയമില്ല. ഈ വിജയം രാജ്യത്തുടനീളമുള്ള യുവ അത്‌ലറ്റുകളെ ഖോ ഖോ പിന്തുടരാൻ പ്രചോദിപ്പിക്കുമെന്ന് ‘പിള്ള സാർ’ പറയുന്നു.
ചെറുപ്പത്തിൽ തന്നെ ആറ്റിങ്ങലിലെ കായിക താരം എന്ന നിലയിൽ ഉയർന്നുവന്ന വിദ്യാധരൻ പിള്ള ഇന്ന് ഖോ ഖോ എന്ന കായിക ഇനത്തിന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളിലൊരാളായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രഥമ ഖോ ഖോ ലോകക്കപ്പിൽ ഇന്ത്യൻ ടീം മാനേജർ പദവി ഇദ്ദേഹത്തിന്റെ കൈകളിലേക്ക് ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഏൽപ്പിച്ചതും. 2023ൽ മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ ഖോ ഖോ ടെസ്റ്റ് സീരീസിലും
ഇന്ത്യൻ ടീമിന്റെ സീനിയർ കോച്ച് ആയിരുന്നു ഇദ്ദേഹം.
നിലവിൽ കേരള ഖോ ഖോ അസോസിയേഷന്റെയും ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും വൈസ് പ്രസിഡന്റാണ്. ഖോ ഖോ പരിശീലകനായി സർക്കാർ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം ജില്ലാ സ്പോർട്സ് ഓഫീസറായാണ് വിരമിച്ചത്. ഓർമകളിലൂടെ ഇന്നും ജീവിക്കുന്ന, കായികാധ്യാപികയായിരുന്ന ശ്യാമളയാണ് ഭാര്യ.
കായിക മേഖലയിൽ മാത്രമല്ല, ആറ്റിങ്ങലിൽ സർവതല സ്പർശിയായി വിവിധ മേഖലകളിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട്. ലയൻസ് , റോട്ടറി, വൈസ്മെൻ തുടങ്ങി ക്ലബുകളുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നു.
ഖോ-ഖോ ലോകക്കപ്പിലെ മറ്റു മലയാളി സാന്നിധ്യം
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒരേയൊരു മലയാളി കായിക താരമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശിയായ നിഖിൽ. ടൂർണമെന്റിലെ ഒന്നൊഴികെ എല്ലാമത്സരങ്ങളിലും കളത്തിലിറങ്ങിയ നിഖിൽ ഭൂട്ടാനെതിരായ മത്സരത്തിൽ ബെസ്റ്റ് ഡിഫൻഡറായിരുന്നു. നേപ്പാളിനെതിരായ ഫൈനലിൽ രണ്ട് പോയിന്റുകൾ നേടുകയും ഡിഫൻസിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി കെ. മണികണ്ഠൻ നായർ, മലപ്പുറം നിറമരുതൂർ സ്വദേശി വത്സൻ പി.കെ, കേരള ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ജി രാധാകൃഷ്ണൻ എന്നിവരാണ് ഒഫിഷ്യൽസായി ഉണ്ടായിരുന്ന മറ്റു മലയാളി സാന്നിധ്യം.
✍️റിപ്പോർട്ട്: ആമിന ഇ.
by Midhun HP News | Jan 21, 2025 | Latest News, കേരളം
മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
Recent Comments