‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല’; മാപ്പുചോദിച്ച് നടന്‍ വിനായകന്‍

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല’; മാപ്പുചോദിച്ച് നടന്‍ വിനായകന്‍

കൊച്ചി: ബാല്‍ക്കണിയില്‍നിന്നുള്ള നഗ്‌നതാ പ്രദര്‍ശനം വലിയ വിമര്‍ശനം വരുത്തിവച്ചതിനു പിന്നാലെ മാപ്പുചോദിച്ച് നടന്‍ വിനായകന്‍. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകന്റെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പ് പറഞ്ഞത്.

‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട്ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ’, എന്നാണ് വിനായകന്‍ പറഞ്ഞത്.

ഫ്ലാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്‌നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വിഡിയോ ആണ് വിനായകന്റേതായി കഴിഞ്ഞദിവസം മുതല്‍ പ്രചരിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനുപിന്നാലെയാണ് വിനായകന്‍ മാപ്പുചോദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘ഒരുമിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നു’; ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി

‘ഒരുമിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നു’; ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി

ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ.

ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും ഞാൻ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’-മോദി കുറച്ചു.

യുഎസിന്റെ 47-മത് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസും അധികാരമേറ്റു. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. . മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.

ആര്‍ജി കര്‍ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണം; ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആര്‍ജി കര്‍ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണം; ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതിക്ക് മരണം വരെ തടവു വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിചാരണ കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. കേസ് അന്വേഷണം ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നു. ബംഗാള്‍ പൊലീസാണ് അന്വേഷണം നടത്തിയതെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.

ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നത്?. ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കോടതി വിധി നിരാശപ്പെടുത്തുന്നതാണ്. കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ഡോക്ടറുടെ മാതാപിതാക്കള്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം; കാണാതായവരുടെ പട്ടിക അംഗീകരിച്ചു, മരിച്ചതായി കണക്കാക്കും

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം; കാണാതായവരുടെ പട്ടിക അംഗീകരിച്ചു, മരിച്ചതായി കണക്കാക്കും

കല്‍പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാത്ത 32 പേര്‍ പട്ടികയിലുണ്ട്. ഇവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കും. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.

മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫിസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റെവന്യൂ-ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.

ഇവരെ ദുരന്തത്തില്‍ മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും.

കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന്‍ പിടിയില്‍

കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന്‍ പിടിയില്‍

തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷാ (26) പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷാക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാള്‍. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.കേരളവര്‍മ്മ കോളജിന് സമീപത്തു വച്ച് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് മുഹമ്മദ് ഷഹീന്‍ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്.

1 സി 2025; വധശിക്ഷ കിട്ടി ഈ വർഷം എത്തുന്ന ആദ്യ പ്രതി

1 സി 2025; വധശിക്ഷ കിട്ടി ഈ വർഷം എത്തുന്ന ആദ്യ പ്രതി

തിരുവനന്തപുരം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ഒന്നാം നമ്പർ പ്രതിയാണു ​ഗ്രീഷ്മ. 1 സി 2025 എസ്എസ് ​ഗ്രീഷ്മ എന്നാകും ഇനി ജയിൽ രേഖകളിൽ.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി വിധിയുള്ളതിനാൽ എകാന്ത തടവിൽ പാർപ്പിക്കില്ല. മാത്രമല്ല റിമാൻഡ് തടവുകാരിയായി ഒന്നര വർഷത്തോളം ഇവിടെ കഴിഞ്ഞതിനാൽ പല തടവുകാരേയും ​ഗ്രീഷ്മയ്ക്കു പരിചയവുമുണ്ട്. ആദ്യ നാലഞ്ച് ദിവസം ​ഗ്രീഷ്മ ജയിലിൽ ഉദ്യോ​ഗസ്ഥരുടെ നിരീക്ഷണത്തിലാകും. അതിനു ശേഷം പുറത്തിറക്കും. എന്നാൽ മറ്റു തടവുകാർക്കു ലഭിക്കുന്ന പരോളോ സാധാരണ അവധിയോ ലഭിക്കില്ല.

വിധിയുടെ പകർപ്പു ലഭിച്ചാൽ ഒരു മാസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം. എന്നാൽ അഞ്ചാറു വർഷം കഴിഞ്ഞേ ഇത്തരം ഹർജികൾ പരി​ഗണിക്കാറുള്ളു. വധശിക്ഷ ഹൈക്കോടതി ശരിവച്ചാൽ സുപ്രീം കോടതിയെ സമീപിക്കാം.