by Midhun HP News | Jan 17, 2025 | Latest News, കേരളം
പാലക്കാട്: കൂടത്തായി കേസിന് സമാനതയുള്ള മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ ഇന്ന് വിധി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയെന്നാണ് കേസ്. നബീസയുടെ മകളുടെ മകനും കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ മുഹമ്മദ് എന്ന മമ്മുവിന്റെ മകനുമായ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവരാണ് പ്രതികള്‍.
2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി.
22-ാം തീയതി രാത്രി ചീരക്കറിയില്‍ ചിതലിനുള്ള മരുന്നു ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ആക്രമിക്കാന്‍ ഉദ്ദേശിച്ചത് ജിതിനെ, തടയാന്‍ വന്നപ്പോള്‍ മൂന്നുപേരെയും അടിച്ചു വീഴ്ത്തി; ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതിയുടെ മൊഴി
ഭർത്താവിന്റെ പിതാവിന് മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018 ൽ കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്.
by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കൊലപാതകം നടത്തി രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോളാണ് വിധി പറയുന്നത്. സംഭവത്തില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളാണ്.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. തുടര്‍ന്ന്് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ഷാരോണിനെ ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം ഷാരോണിന് നല്‍കുകയുമായിരുന്നു.കഷായം കഴിച്ച് അവശനിലയിലായ ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.
ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു. 2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
കൊച്ചി : ലഹരി മരുന്നുമായി ദന്ത ഡോക്ടർ കൊച്ചിയിൽ പിടിയിൽ. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശി ഡോക്ടർ രഞ്ജു ആന്റണിയാണ് പിടിയിലായത്. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽപാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഡോക്ടറുടെ പക്കൽ നിന്നും രണ്ടു ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ രഞ്ജു ആന്റണി.
by Midhun HP News | Jan 17, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ അച്ഛന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റിയ ശേഷം നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാട്‌സ്ആപ്പ് വഴി ഇത് മറ്റു കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. മുന്‍പും സമാനമായ നിലയില്‍ കുട്ടി അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അച്ഛന്‍ പരാതിയില്‍ പറയുന്നു.
by Midhun HP News | Jan 17, 2025 | Latest News, കേരളം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു നടക്കുക.
ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നയപ്രഖ്യാപന പ്രസംഗത്തില്‍ മുന്‍ഗണന നല്‍കും. യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്. ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സഭയിലെത്തും. അതേസമയം രാജിവെച്ച പി വി അന്‍വര്‍ സഭയിലുണ്ടാകില്ല എന്നതും പ്രത്യേകതയാണ്.
ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 12 വരെ ബജറ്റിലുള്ള പൊതു ചര്‍ച്ച നടക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാന ഉപധനാഭ്യര്‍ഥനകള്‍ 13നു പരിഗണിക്കും. 14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുന്നതല്ല. ഇക്കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച് നാല് മുതല്‍ 26 വരെ 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ ചര്‍ച്ച ചെയ്തു പാസ്സാക്കും. മാര്‍ച്ച് 28 ന് സഭ പിരിയാനുമാണ് തീരുമാനിച്ചിട്ടുള്ളത്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഗോപന്‍ സ്വാമിയെ സമാധിയിരുത്തുന്നതിനായി കുടുംബം പുതിയ കല്ലറ ഒരുക്കി. നേരത്തെ പൊലീസ് പൊളിച്ച കല്ലറയ്ക്ക് സമീപമാണ് പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുള്ളത്. കല്ലറയ്ക്കുള്ളില്‍ സമാധി ഇരുത്തുന്നതിനായി കല്ലും സജ്ജീകരിച്ചിട്ടുണ്ട്. ഋഷിപീഠം എന്നാണ് പുതിയ സമാധിക്ക് നാമകരണം ചെയ്തിട്ടുള്ളത്.
ഉച്ചയ്ക്ക് 12 മണിയോടെ ഗോപന്‍സ്വാമിയുടെ മൃദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും നാമജപഘോഷയാത്രയായി വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നിനും നാലിനും ഇടയ്ക്ക് മതാചാര്യന്മാരുടെ സാന്നിധ്യത്തില്‍ മഹാസമാധിയായി സംസ്‌കാരം നടത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്. വിഎസ്ഡിപി നേതാക്കളെല്ലാം ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. നേരത്തെ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങള്‍ ദുരീകരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. അതേസമയം ഫൊറന്‍സിക് ലാബ്, കെമിക്കല്‍ ലാബ് തുടങ്ങിയ രാസപരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചാലേ മരണം സംബന്ധിച്ചുള്ള അവ്യക്തതകള്‍ പൂര്‍ണമായി നീങ്ങൂവെന്ന് പൊലീസ് അറിയിച്ചു.
Recent Comments