by Midhun HP News | Jan 17, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കി സ്വര്‍ണവില ഇന്ന് 480 രൂപയാണ് വര്‍ധിച്ചത്. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു.എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jan 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആറാട്ട് റോഡ് പുതുവൽ വീട്ടിൽ സന്തോഷ് (33) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30-ഓടെ വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് മറ്റുള്ളവർ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇറങ്ങിയോടിയ യുവാവിനെ പിന്തുടർന്ന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വർക്കല ഡിവൈ.എസ്.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജെ.എസ്.പ്രവീൺ, ജി.എസ്.ഐ. ബിജിരാജ്, സലിം, സി.പി.ഒ. ഷംനാദ്, ഷൈൻരാജ് എന്നിവർചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Jan 16, 2025 | Latest News, കേരളം
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Jan 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്തന്‍. അച്ഛനെ സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ മഹാസമാധി ഒരുക്കുമെന്നും സനന്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ശിവന്റെ അമ്പലത്തില്‍ അച്ഛന്‍ സമാധിയായി. സമാധിയെ മഹാസമാധി എന്ന് വേണം പറയാന്‍. ഇതിന് തടസം നിന്നവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കണം. അച്ഛന്റേത് മഹാ സമാധിയാണ്. ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തിയില്‍ ആരൊക്കെ ഉണ്ടോ അവര്‍ക്കെതിരെയെല്ലാം നിയമ നടപടി എടുത്തേ പറ്റൂ. കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’- സനന്തന്‍ പറഞ്ഞു.
പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ ആചാരപ്രകാരം സംസ്‌കരിക്കും. സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ അച്ഛന് മഹാസമാധി ഒരുക്കുമെന്ന് കുടുംബം പറഞ്ഞു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിക്കുന്നത്. വിപുലമായ ചടങ്ങുകളോടെ മഹാസമാധി ഒരുക്കുമെന്നും കുടുംബം പറഞ്ഞു.
ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി.
ഇന്ന് രാവിലെ ഏഴുമണിയോടെ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് ഗോപന്‍ സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുമ്പോള്‍ നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളിലും പോസ്റ്റ് മോര്‍ട്ടത്തിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. അതിന് ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തണം. ഇതിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.
വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണോ?, ശ്വാസകോശത്തില്‍ എന്തെങ്കിലും നിറഞ്ഞിട്ടാണോ മരണം സംഭവിച്ചത്?, ശ്വാസംമുട്ടിയിട്ടാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ മരണം നടന്ന സമയം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. മരണം നടന്ന സമയം സംബന്ധിച്ച് ബന്ധുക്കള്‍ പറയുന്ന സമയം ഉണ്ട്. ഗോപന്‍ സ്വാമിയുടെ ബന്ധുക്കള്‍ പറയുന്ന സമയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് അറിയാന്‍ രാസപരിശോധനാഫലം വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
by Midhun HP News | Jan 16, 2025 | Latest News, കേരളം
ആലപ്പുഴ: അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍. കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന്‍ കശ്യപാണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി കുട്ടി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന്റെ ടെറസിലെ ഇരുമ്പുബാറില്‍ കെട്ടിയ ഷാളില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുമ്പളം സ്വദേശികളായ അഭിലാഷിന്റെയും ധന്യയുടെയും മകനാണ് കശ്യപ്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം ഉണ്ടായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.
by Midhun HP News | Jan 16, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷിക ആഘോഷവും 2024 -25 പ്രതിഭാ സംഗമവും നാളെ രാവിലെ 9. 30 മണി മുതൽ നടക്കുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മികവുകളും പ്രവർത്തനങ്ങളും കൊണ്ട് തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായ ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും വാർഷികാഘോഷവും തരംഗ 25 എന്ന പേരിൽ ആഘോഷിക്കുന്നു.
കഴിഞ്ഞ അധ്യയന വർഷത്തിൽ ഫുൾ എ പ്ലസ് കിട്ടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥിനികളേയും, സംസ്ഥാന തല കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ കുട്ടികളെയും മറ്റു പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെയും ആദരിക്കുന്നു. സ്കൂളിൻറെ പിടിഎ പ്രസിഡൻറ് സന്തോഷ് പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിഭാ സംഗമം ഉദ്ഘാടനം അഡ്വ എസ് കുമാരി നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. ഉദയകുമാരി സ്വാഗതം പറയും.
ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, സംസ്ഥാന ബാലതാര അവാർഡ് ജേതാവ് കുമാരി തൻമയസോൾ, ക്യാമറമാനും അഭിനേതാവുമായ അരുൺ സോൾ, പ്രസിദ്ധ ഹിപ്നോട്ടിസ്റ്റും അഭിനേതാവും കൂടിയുമായ മുഹമ്മദ് റാഷിദ്, സ്കൂൾ ഹെഡ്മാസ്റ്റർ ഗീത കെ.എസ്, പൂർവ വിദ്യാർത്ഥിനിയും ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ് അസോ. പ്രൊഫസറുമായ ഡോ. അനിത വിഎസ്, ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, വാർഡ് കൗൺസിലർ ബിനു, സ്കൂൾ എസ് എം സി ചെയർമാൻ ഡോ.രതീഷ് നിരാല, ജനറൽ സ്റ്റാഫ് സെക്രട്ടറി റോയ്. ആർ. നാഥ് തുടങ്ങിയവർ പങ്കെടുക്കും.
Recent Comments