തിരുപ്പതിയില്‍ വഴിപാടായി ലഭിച്ച അരക്കിലോ സ്വര്‍ണം മോഷ്ടിച്ചു; ജീവനക്കാരന്‍ അറസ്റ്റില്‍

തിരുപ്പതിയില്‍ വഴിപാടായി ലഭിച്ച അരക്കിലോ സ്വര്‍ണം മോഷ്ടിച്ചു; ജീവനക്കാരന്‍ അറസ്റ്റില്‍

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ നിന്ന് അരക്കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. 40കാരനായ വി പഞ്ചലയ്യ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തിലേറെ തവണയായി ഇയാള്‍ 46 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റുകളും ആഭരണങ്ങളമാണ് മോഷ്ടിച്ചത്.

പഞ്ചലയ്യ ക്ഷേത്രത്തിലെ പരകാമണി വിഭാഗത്തില്‍ പുറംകരാര്‍ തൊഴിലാളിയായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടെവച്ചാണ് ദേവന് സമര്‍പ്പിക്കുന്ന് പണവും സ്വര്‍ണാഭരണങ്ങളും തരം തിരിക്കുക. അതിനിടെയാണ് യുവാവ് മോഷണം പതിവാക്കിയത്. മോഷ്ടിച്ച പണം ബാങ്കിലും സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയുമാണ് ചെയ്തിരുന്നത്.

ജനുവരി 12ന് അറസ്്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് ബിഎന്‍എസ് 316 (5) പ്രകാരമാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു.

ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ

ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ജാഗ്രതാനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

കലൂരിലെ വിവാദ നൃത്ത പരിപാടി; ജിസിഡിഎ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

കലൂരിലെ വിവാദ നൃത്ത പരിപാടി; ജിസിഡിഎ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കലൂരിലെ വിവാദ നൃത്ത പരിപാടിയില്‍ സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതില്‍ ജിസിഡിഎ എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. സ്റ്റേഡിയത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ്.എസ് ഉഷയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉഷയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജനുവരി 4ന് തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് വിവാദമായതോടെയാണ് നടപടി.

ഇതിനിടെ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടുനല്‍കരുതെന്ന നിലപാടെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൃദംഗവിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതിന്റെ പേരിലാണ് നോട്ടീസ്. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ തീരുമാനം വന്ന് 10 ദിവസം കഴിഞ്ഞിട്ടും കലൂര്‍ സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അസി.എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറങ്ങാത്തത്തില്‍ വിമര്‍ശനം ശക്തമായിരുന്നു.

എസ്റ്റേറ്റ് ഓഫീസര്‍ ശ്രീദേവി സിബി, സൂപ്രണ്ട് സിനി കെ.എ, സീനിയര്‍ ക്ലര്‍ക്ക് രാജേഷ് രാജപ്പന്‍ എന്നിവര്‍ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പരിപാടിയുടെ അലോട്ട്‌മെന്റ് ഫയലില്‍ നിന്നും രേഖകളുടെ കളര്‍ ഫോട്ടോകള്‍ ജനുവരി നാല് മുതല്‍ ദൃശ്യമാധ്യമങ്ങളില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 450 (Sthree Sakthi SS 450 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SV 641769 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SS 752115 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.

പോക്‌സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പോക്‌സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ ജയചന്ദ്രന്‍ ഒളിവിലാണ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്നു മുതല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല. ഇതിനിടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

നേരത്തെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ജി ഗിരീഷ് ഹര്‍ജി തള്ളുകയായിരുന്നു.

ഫാമിലി കോൺഫറൻസ്: മണ്ഡലം പ്രചരണയോഗങ്ങൾക്ക് ഇന്ന് തുടക്കം

ഫാമിലി കോൺഫറൻസ്: മണ്ഡലം പ്രചരണയോഗങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഫെബ്രുവരി 23ന് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ മണ്ഡലം
പ്രചരണങ്ങൾക്ക് ഇന്നു തുടക്കമാകുന്നു. ഇന്ന് വൈകുന്നേരം 5.30ന് പൂന്തുറ എസ് എം ലോക്ക് ജംഗ്ഷനിൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം പ്രചാരണ സമ്മേളനം നടക്കും.

വിസ്ഡം തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നസീർ വള്ളക്കടവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ഫാമിലി കോൺഫറൻസുമായി ബന്ധപ്പെട്ട് തസ്ഫിയ ആദർശ സമ്മേളനങ്ങൾ, അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ ഒരുക്കം ശാഖാ തയ്യാറെടുപ്പുകൾ തുടങ്ങി വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങൾ നടക്കും.

ഫെബ്രുവരി 23ന് പുത്തരിക്കണ്ടത്ത് നടക്കുന്ന ഫാമിലി കോൺഫറൻസ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. ഹുസൈൻ സലഫി (ഷാർജ) മുഖ്യപ്രഭാഷണം നടത്തും. വിസ്‌ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ്, പ്രൊഫ.ഹാരിസ് ബിൻ സലിം, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കും.