മുഖ്യമന്ത്രി ‘സ്തുതിഗാനം’; നാളെ നൂറ് വനിതകള്‍ ചേര്‍ന്ന് പാടും

മുഖ്യമന്ത്രി ‘സ്തുതിഗാനം’; നാളെ നൂറ് വനിതകള്‍ ചേര്‍ന്ന് പാടും

തിരുവനന്തപുരം: മുഥ്യമന്ത്രി പിണറായി വിജയനെ ‘പടയുടെ പടനായകനായി’ വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ഗാനം ആലപിക്കും. നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതു വിവാദമായിരുന്നു.

‘സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നു പാട്ടില്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരന്‍ എഴുതിയ പാട്ടിന് സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ചിത്രസേനനാണ് പാട്ട് രചിച്ചത്. സംഗീതം നല്‍കിയത് റവന്യൂവകുപ്പിലെ ജീവനക്കാരനായ വിമലാണ്.

വ്യക്തിപൂജയെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുള്ള സിപിഎമ്മിന്റ മറ്റൊരു സമ്മേളനകാലത്താണു മുഖ്യമന്ത്രി പിണറായിയെ വ്യക്തിപൂജ ചെയ്തുകൊണ്ടുള്ള സംഘഗാനാലാപനം വീണ്ടും അരങ്ങേറുന്നതെന്ന കൗതുകവുമുണ്ട്.

‘പാടവും പറമ്പും കേരമൊക്കെയും പടക്കളം

ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍

പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും

അച്ഛനെ

തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ…

കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ

കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ

ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും

കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍

ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍’ -പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍’എന്നിങ്ങനെ പോകുന്നു വരികള്‍.

കഴിഞ്ഞ സമ്മേളനകാലത്ത് പാറശാലയില്‍ അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാതിരുവാതിരയില്‍ ‘ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെയായിരുന്നു പാട്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം ‘കേരള സിഎം’ എന്ന പേരില്‍ യുട്യൂബില്‍ ഒരു ഗാനം ഇറങ്ങിയിരുന്നു. ‘പിണറായി വിജയന്‍ നാടിന്റെ അജയന്‍’ എന്നു തുടങ്ങുന്ന പാട്ടില്‍ ‘തീയില്‍ കുരുത്തൊരു കുതിര’, ‘കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍’ എന്നെല്ലാമായിരുന്നു വിശേഷണം.

രൂപ വീണ്ടും നഷ്ടത്തില്‍; എണ്ണ വില 80 ഡോളറിലേക്ക്

രൂപ വീണ്ടും നഷ്ടത്തില്‍; എണ്ണ വില 80 ഡോളറിലേക്ക്

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ ഒരു ഡോളറിന് 86.55 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് രൂപയ്ക്ക് വിനയായത്.

കനത്ത മൂല്യത്തകര്‍ച്ചയ്ക്ക് ശേഷം ഇന്നലെ 17 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 86.45 ലേക്ക് രൂപ കുതിച്ചെങ്കിലും പിന്നീട് താഴുകയായിരുന്നു. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്. തുടര്‍ന്ന് ഇന്നലത്തെ ക്ലോസിങ് നിരക്കായ 86.53ല്‍ നിന്ന് രണ്ടു രൂപയുടെ നഷ്ടത്തോടെയാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന്റെ അടുത്താണ്. അതിനിടെ ഓഹരി വിപണിയും ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. സെന്‍സെക്‌സ് 400ലധികം പോയിന്റ് കുതിച്ചു. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി. മാരുതി സുസുക്കി, എന്‍ടിപിസി, കോള്‍ ഇന്ത്യ എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

‘ഇന്ദിരാഭവന്‍’ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

‘ഇന്ദിരാഭവന്‍’ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്.

2009 ല്‍ 129-ാം വാര്‍ഷിക ആഘോഷ വേളയില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. രണ്ടേക്കര്‍ സ്ഥലത്ത് ആറു നിലകളുള്ള മന്ദിരത്തിന് ഇന്ദിരാ ഭവന്‍ എന്നാണ് പേരിട്ടിിക്കുന്നത്. പാര്‍ട്ടി ജന്മദിനമായ ഡിസംബര്‍ 28 ന് ഉദ്ഘാടനം നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നതെങ്കിലും, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍, എഎപി, ഡിഎംകെ ഓഫീസുകള്‍ അടുത്തുണ്ട്.

അശോകന്‍ വധക്കേസ്: പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിക്ഷ ഇന്ന് വിധിക്കും

അശോകന്‍ വധക്കേസ്: പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിക്ഷ ഇന്ന് വിധിക്കും

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ അമ്പലത്തിന്‍കാല അശോകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

പതിനൊന്നു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വരുന്നത്. 2013 മെയ് 5 ന് വൈകീട്ട് ആറരയോടെയാണ് ഇരുപതോളം വരുന്ന സംഘം അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ജങ്ഷനിലെത്തിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

ആളുകളുടെ മുന്നില്‍ വെച്ച് അശോകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 38 വെട്ടുകളാണ് അശോകന്റെ ദേഹത്തുണ്ടായിരുന്നത്. ഒന്നാം പ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പലിശയ്ക്ക് പണം വാങ്ങിയ ഒരാളെ ശംഭു വഴിയില്‍ തടഞ്ഞു നിര്‍ത്തി വാഹനം പിടിച്ചെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതറിഞ്ഞ പൊതുപ്രവര്‍ത്തകനായ അശോകന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും, ശംഭുവിന്റെ നടപടി ചോദ്യം ചെയ്യുകയും ചെയ്തതാണ് വൈരാഗ്യത്തിന് കാരണം.

കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കേസില്‍ 19 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മരിക്കുകയും, എട്ടാം പ്രതി ശ്രീകാന്ത്, ഒമ്പതാം പ്രതി സുരേഷ് എന്നിവര്‍ മാപ്പുസാക്ഷികള്‍ ആകുകയും ചെയ്തിരുന്നു. എട്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു.

ബോബി ചെമ്മണൂര്‍ ഇന്ന് പുറത്തിറങ്ങിയേക്കും

ബോബി ചെമ്മണൂര്‍ ഇന്ന് പുറത്തിറങ്ങിയേക്കും

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ മോചിതനായിരുന്നില്ല. ജാമ്യ ഉത്തരവുമായി അഭിഭാഷകര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയെങ്കിലും ബോബി സഹകരിക്കാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്ന് ഇന്നലെ അഭിഭാഷകരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങുകയായിരുന്നു. കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ബോബിയുടെ നാടകമാണിതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇന്നും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജയില്‍മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം.

ബോബി ചെമ്മണൂരിന്റെ നടപടി പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. ഇന്നലെ രാവിലെ ബോബിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, വൈകീട്ട് ജാമ്യ ഉത്തരവ് പുറത്തിറക്കിയിരുന്നു. നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ഈ മാസം 9 നാണ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലില്‍ അടച്ചത്.

യുവാവിനെ വെട്ടി ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ

യുവാവിനെ വെട്ടി ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം കടയ്ക്കുള്ളിലിട്ട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം എ.ആർ.എസ്. മൻസിലിൽ ഷഹീൻ കുട്ടൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാപ്പ കേസിൽ തടവിൽ കഴിഞ്ഞിറങ്ങിയ ഇവർ വധശ്രമം, അടിപിടി, കഞ്ചാവ് കേസുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മോഹനപുരം ഖബറഡി നെടുവം ദാരുൽ ഇഹ്സാൻ വീട്ടിൽ നൗഫലി(27) എന്നയാൾക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് വെട്ടേറ്റത്. ഖബറഡി ജങ്ഷന് സമീപം ബൈക്കിലെത്തിയ പ്രതികൾ നൗഫലിനെ വെട്ടിയെങ്കിലും രക്ഷപ്പെടാൻ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.