by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശാണ് പിടിയിലായത്. ബോഡി മസാജിനിടെയായിരുന്നു അതിക്രമം. ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന മസാജ് സെൻറ്ററിലെത്തിയ കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി. മസാജിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നൽകുകയായികുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചിയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്ര മഹോത്സവം 2025 ന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റ് ഭരണസമിതി പുറത്തിറക്കിയ നോട്ടീസ് പ്രകാശന കർമ്മം നടന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി നോട്ടീസ് ആറ്റിങ്ങൽ ശാസ്തയിൽ രാജേഷ് ചന്ദ്രക്ക് കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.
ഫെബ്രുവരി 23 ന് തൃക്കൊടിയേറി മാർച്ച് രണ്ടിന് ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവ മഹോത്സവത്തിന്റെ ഒന്നാം ദിവസം രാവിലെ 11 മണി മുതൽ അന്നദാനം, രാത്രി 7 നും 8 നും മദ്ധ്യേ തൃക്കൊടിയേറ്റ്. തുടർന്ന് തോറ്റൻ പാട്ട് ആരംഭം. രണ്ടാം ഉത്സവദിവസം രാവിലെ 10: 30 ന് നഗരൂട്ട് , നാലാം ഉത്സവ ദിവസം രാവിലെ 8:30 മുതൽ ആറ്റിങ്ങൽ പൊങ്കാല, അഞ്ചാം ഉത്സവ ദിവസം രാവിലെ 11 മണിമുതൽ സമീപപ്രദേശത്തെ അനാഥാലയങ്ങൾക്ക് അന്നം നൽകിക്കൊണ്ട് തുടക്കം കുറിക്കുന്ന അന്നദാനം. ആറാം ഉത്സവ ദിവസം വൈകുന്നേരം 6:45ന് പുഷ്പ അഭിഷേകം, ഏഴാം ഉത്സവ ദിവസമായ വൈകുന്നേരം 4 മണിക്ക് കുത്തിയോട്ടം, താലപ്പൊലി വിളക്ക്, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി മാമ്പഴകോണം ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന തിരു : എഴുന്നള്ളത്ത് വിവിധ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.
രാത്രി പത്തിന് പള്ളിവേട്ട, അവസാന ഉത്സവ ദിവസമായ മാർച്ച് രണ്ടിന് വൈകുന്നേരം മൂന്നുമണിക്ക് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു പനവേലിപ്പറമ്പിൽ എത്തിച്ചേരുന്ന എഴുന്നള്ളത്ത് ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കി വനിതകളുടെ താലപ്പൊലി അകമ്പടിയോടുകൂടി എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും, തുടർന്ന് രാത്രി 8 നും 9ന് മദ്ധ്യേ തുകൊടിയിറക്ക്.
ക്ഷേത്ര കലകളായ കഥകളി, നൃത്ത സന്ധ്യ, തിരുവാതിര, സംഗീത സദസ്സ്, നാടകങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെ സ്റ്റേജിൽ നടക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ജെ.പിതാംബരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ എസ് മുരളീധരൻ നായർ സ്വാഗതം ആശംസിച്ചു. ട്രസ്റ്റ് ഭരണസമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ. മുരളീധരൻ നായർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന കേറയിൽ കരാർ കമ്പനിയുടെ ഫീൽഡ് ഓഫീസ്ന് തീപിടിച്ചു. തീ ആളിക്കത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 250 ഓളം സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള താൽക്കാലിക ഓഫീസും അതിനുള്ളിൽ ഉണ്ടായിരുന്ന ഫയലുകളും ഓഫീസിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ കത്തി നശിച്ചതായി കരാർ കമ്പനി അധികൃതർ അറിയിച്ചു
ഷോട്ട് സർക്യൂട്ട് ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 50,000 രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അഗ്നിശമന സേനയുടെ ശക്തമായ ഇടപെടൽ മൂലം റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് തീ പടരാതെ ഇരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.
by Midhun HP News | Jan 12, 2025 | Latest News, കേരളം
മലപ്പുറം: അരീക്കോട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേര്‍ ചേര്‍ന്ന് ചൂഷണം ചെയ്‌തെന്നും യുവതിയുടെ 15 പവന്‍ സ്വര്‍ണം കവര്‍ന്നതായും എഫ്‌ഐആറില്‍ പറയുന്നു.
2022,23 വര്‍ഷങ്ങളിലാണ് യുവതി പീഡനത്തിന് ഇരയായത്. അയല്‍വാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി യുവതിയെ പലര്‍ക്കും ഇയാള്‍ കാഴ്ചവെച്ചതായും പരാതിയില്‍ പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായി തിരിച്ചറിഞ്ഞാണ് പ്രതികള്‍ ചൂഷണം ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അയല്‍വാസിയായ യുവാവില്‍ നിന്ന് യുവതി കടംവാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതെ വന്നപ്പോള്‍ യുവതിയെ പലയിടങ്ങളിലേക്ക് പ്രതി വിളിച്ചുവരുത്തി എന്നും പരാതിയില്‍ പറയുന്നു. മുഖ്യപ്രതി അയല്‍വാസിയോട് പീഡിപ്പിച്ച കാര്യം അബദ്ധത്തില്‍ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയോട് കാര്യങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ കവര്‍ച്ച, ലൈംഗികാതിക്രമം, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
by Midhun HP News | Jan 12, 2025 | Latest News, കേരളം
മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.85 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കും ഐടിസിയും ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്.
കഴിഞ്ഞയാഴ്ച ഓഹരി വിപണി കനത്ത ഇടിവാണ് നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 1844 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്സി ബാങ്കിനും ഐടിസിക്കും പുറമേ ഐസിഐസിഐ ബാങ്കും എസ്ബിഐയും റിലയന്‍സുമാണ് വിപണി മൂല്യത്തില്‍ നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്സി ബാങ്കിന് മാത്രം 70,479 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 12,67,440 കോടിയായി താഴ്ന്നു. ഐടിസി 46,481 കോടി, എസ്ബിഐ 44,935 കോടി, റിലയന്‍സ് 12,179 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
അതേസമയം ടിസിഎസ് അടക്കമുള്ള അഞ്ചു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. ടിസിഎസിന് മാത്രം 60,168 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 15,43,313 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്‌സിഎല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.
by Midhun HP News | Jan 12, 2025 | Latest News, കേരളം
കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നു മുതൽ ജനുവരി 23 വരെ. ഉമാമഹേശ്വരൻമാർ അനഭിമുഖമായി ഒരേ ശ്രീകോവിലിൽ വാണരുളുന്ന ഈ ക്ഷേത്രത്തിൽ മഹാദേവന്റെ തിരുനട വർഷം മുഴുവൻ തുറക്കുമെങ്കിലും പാർവ്വതീ ദേവിയുടെ തിരുനട വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കുകയുള്ളൂ. സാധാരണ ക്യു സംവിധാനം കൂടാതെ ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ദേവീ ദർശനം നടത്തുന്നതിനായി വിർച്വൽ ക്യു സംവിധാനവും ഉണ്ടായിരിക്കുന്നതാണെന്ന് തിരുവൈരാണിക്കുളം ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജനുവരി 1 മുതലാണ് വിർച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.thiruvairanikkulamtemple.org
ഉത്സവത്തിന് തുടക്കം കുറിച്ചുള്ള തിരുവാഭരണഘോഷയാത്ര ഞായറാഴ്ച വൈകീട്ട് 4.30ന് അകവൂർ മനയിൽ നിന്ന് ആരംഭിക്കും. ഘോഷയാത്ര രാത്രി 8ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ആചാരപൂർവം നടതുറക്കും. രാത്രി 10 ന് നടയടയ്‌ക്കും. തുടർന്ന് പൂത്തിരുവാതിര ചടങ്ങുകൾ നടത്തും.തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ ഉച്ചയ്ക്ക് 1.30വരെയും വൈകീട്ട് 4 മുതൽ രാത്രി 9 വരെയുമാണ് ദർശന സമയം. ഭക്തജനങ്ങൾക്ക് ദർശനത്തിന് ക്യൂ നിൽക്കാനായി അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്.വഴിപാടുകൾക്ക് രസീത് ലഭിക്കുന്നതിന് ക്യൂവിൽ തന്നെ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഓൺലൈനായും വഴിപാടുകൾ ബുക്ക് ചെയ്യാം.
കെഎസ്ആർടിസി പ്രത്യേക സർവീസ്
ആലുവ , പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. തീർത്ഥാടന പാക്കേജിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ദീർഘദൂര സർവീസുകളുമുണ്ടാകും. ആരോഗ്യ വകുപ്പ് മാറമ്പിള്ളി, ശ്രീമുലനഗരം ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും ശുദ്ധജല ലഭ്യതക്കായി വാട്ടർ അതോറിട്ടിയും വൈദ്യുതി വിതരണം സാദ്ധ്യമാക്കാൻ കെ എസ് ഇബിയും നടപടികൾ സ്വീകരിക്കും. കർശനമായ ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉത്സവം. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ആറു പാർക്കിങ് ഗ്രൗണ്ടുകൾ
ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ആറ് പാർക്കിങ് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടുകളും ഉണ്ടാകും. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന ചെറുവാഹനങ്ങൾ മാറമ്പിള്ളി ശ്രീമൂലം പാലം കടന്ന് സൗപർണിക ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. മറമ്പിള്ളി പാലം കടന്നു വരുന്ന വലിയ വാഹനങ്ങൾ സൗപർണിക പാർക്കിങ് ഗ്രൗണ്ടിന് സമീപം ആളുകളെ ഇറക്കിയ ശേഷം മാറമ്പിള്ളി പാലത്തിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വിർച്വൽ ക്യൂ ബുക്ക് ചെയ്തവർ പാർക്കിങ് ഗ്രൗണ്ടുകളായ കൈലാസം, സൗപർണിക എന്നിവിടങ്ങളിലെയും തിരുവൈരാണിക്കുളം ജംഗ്ഷനിലെ വേരിഫിക്കേഷൻ കൗണ്ടറിലും ബാർകോഡ് അടങ്ങിയ ബുക്കിംഗ് രസീത് കാണിച്ച് ദർശന പാസ് വാങ്ങണം. വഴിപാട് സാധനങ്ങൾ, രസീതുകൾ എന്നിവ ലഭിക്കുന്നതിനായി രണ്ട് ക്യൂ ഗ്രൗണ്ടുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പാർവ്വതിദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതിഹ്യം
പണ്ടു കാലങ്ങളിൽ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാൽ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം. ഐതീഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികൾ തിടപ്പള്ളിയിൽവച്ചു വാതിലടച്ചു ശാന്തിക്കാരൻ തിരികെ പോരും. ഈ സമയം പാർവ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കർമങ്ങൾ കഴിഞ്ഞു തിടപ്പള്ളി തുറക്കുമ്പോൾ നിവേദ്യം തയ്യാറായിരിക്കും. ഒരിക്കൽ അകവൂർ മനയിലെ അന്നത്തെ കാരണവർ തി ടപ്പള്ളിയിലെ അത്ഭുത നിവേദ്യത്തിന്റെ രഹസ്യമറിയാനായി പൂജാസമയത്തിനു മുൻപ് തിടപ്പള്ളിയുടെ വാതിൽ തുറന്നുനോക്കി. ഭഗവാനായി നിവേദ്യം തയ്യാറാക്കുന്ന ദേവിയെ കണ്ടു ഭക്തപരവശനായ നമ്പൂതിരിപ്പാട് ‘അമ്മേ ജഗദംബികേ!’ എന്ന് ഉച്ചത്തിൽ വിളിച്ചുപോയി.
കുപിതയായ ദേവി ഇനി തന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടാകില്ല എന്ന് അരുളിച്ചെയ്തു. മറ്റു ഭക്തർക്കായെങ്കിലും ഇവിടം വിട്ടു പോകരുതെന്ന് കരഞ്ഞപേക്ഷിച്ച നമ്പൂതിരിപ്പാടിനോട് അലിവ് തോന്നി ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനഭാഗ്യം നൽകാമെന്നും നട അടഞ്ഞുകിടന്നാലും തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അനുഗ്രഹിച്ചു. ഇതിൻ പ്രകാരമാണ് പതിവായി തുറന്നിരുന്ന പാർവ്വതി ദേവിയുടെ തിരുനട ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ പന്ത്രണ്ടു നാൾ മാത്രം തുറക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം.
Recent Comments