by Midhun HP News | Jan 13, 2025 | Latest News, കേരളം
തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ചത്.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജി. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ ചൊരിയുന്നവരെ പിടികൂടാൻനിരീക്ഷണവും പരിശോധനയും പൊലീസ് ശക്തമാക്കി.
അധിക്ഷേപകരമായ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതും അവയ്ക്ക് ലൈംഗിക ചുവയുള്ളതും അവമതിപ്പുണ്ടാക്കുന്നതുമായ കമന്റിടുന്നതും കണ്ടെത്താൻ സൈബർ പൊലീസിന് നിർദ്ദേശം നൽകിയതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.
പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കും. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും.അധിക്ഷേപങ്ങൾ കണ്ടെത്താനുള്ള പ്രത്യേക സോഫ്‌റ്റ്‌വെയർ സൈബർ പൊലീസിനുണ്ട്.
ഇതുപയോഗിച്ചാണ് പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്.ദുരുപയോഗം ചെയ്യാതിരിക്കാൻ അഭിപ്രായങ്ങളും അധിക്ഷേപങ്ങളും വ്യക്തമായി വേർതിരിച്ചായിരിക്കും പൊലീസ് നടപടിയെടുക്കുകയെന്നും മനോജ് എബ്രഹാം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് പൊലീസ് എതിരല്ല. പക്ഷേ, അധിക്ഷേപകരവും ലൈംഗികചുവയുള്ളതുമായ അഭിപ്രായങ്ങളും കമന്റുകളും ചിത്രങ്ങളും വീഡിയോകളും പാടില്ല. വിദ്വേഷ പ്രചാരണം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവയും കണ്ടെത്തും- മനോജ് എബ്രഹാം പറഞ്ഞു.മജിസ്ട്രേറ്റിനും രക്ഷയില്ലജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായ വനിതയ്ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് യൂട്യൂബ് ചാനലിനെതിരെ കേസെടുത്തിരുന്നു.
മജിസ്ട്രേറ്റിന്റെ മാതാവായിരുന്നു പരാതിനൽകിയത്. നെയ്യാറ്റിൻകരയിൽ മജിസ്ട്രേറ്റായിരിക്കെ പാറശാലയിലെ പൊലീസുദ്യോഗസ്ഥനുമായി നടത്തിയ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ പരാമർശിച്ച് ഒരു പൊതുചടങ്ങിൽ ലൈംഗിക ചുവയുളള അധിക്ഷേപം നടത്തിയെന്നാണ് പരാതി.
by Midhun HP News | Jan 12, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.
റിസര്‍വോയര്‍ കാണാനെത്തിയപ്പോള്‍ പാറയില്‍ കാല്‍വഴുതി അപകടം ഉണ്ടായതെന്നാണ് വിവരം. പട്ടിക്കാട് സ്വദേശികളായ ആന്‍ഗ്രെയ്‌സ് (16), അലീന (16), ഐറിന്‍ (16) പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
സുഹൃത്ത് നിമയുടെ വീട്ടില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു മറ്റു പെണ്‍കുട്ടികള്‍. ഒരു കുട്ടി കാല്‍വഴുതി വീണപ്പോള്‍, രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും വെള്ളത്തില്‍ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
by Midhun HP News | Jan 12, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് സര്‍ക്കാരിന്റെ ആരോഗ്യസൗകര്യങ്ങള്‍ വഴി ഇതുവരെ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷത്തിലേറെ പേര്‍ക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികള്‍ ആശുപത്രികളിലും 72,654 രോഗികള്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടി. 649 എമര്‍ജന്‍സി കേസുകള്‍ക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളില്‍ സേവനം നല്‍കി. 168 പേര്‍ക്ക് ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്തതില്‍ 115 രോഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി. ജന്നി വന്ന 103 പേര്‍ക്ക് സേവനം നല്‍കിയതില്‍ 101 പേരെയും രക്ഷപെടുത്താന്‍ സാധിച്ചു.
മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ 14 വരെ കരിമല ഗവ: ഡിസ്‌പെന്‍സറി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവില്‍ അടിയന്തരഘട്ടങ്ങള്‍ നേരിടാനായി മെഡിക്കല്‍ ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും റിസര്‍വ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ശ്യാംകുമാര്‍ കെ കെ അറിയിച്ചു.
മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജനുവരി 13 മുതല്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 72 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 0468 2222642, 0468 2228220 എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. മകരവിളക്ക് കാലയളവിലേക്കാവശ്യമായ മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പടെയുള്ളവ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഹില്‍ ടോപ്, ഹില്‍ ഡൌണ്‍, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, ആങ്ങമൂഴി എന്നിവിടങ്ങളില്‍ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 22-ാം തീയതിയിലെ പണിമുടക്കിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ, അടിസ്ഥാനമില്ലാത്ത കാരണങ്ങൾ നിരത്തി നിഷേധിക്കുകയാണ്.
ജീവനക്കാരുടെ ഡി എ കുടിശ്ശിക 7 ഗഡു ആയിരിക്കുന്നു. പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക് ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കാനാകാത്തതിലൂടെ 01/01/2019 മുതലുള്ള ഡിഎ യുടെ 26 മാസം, 01/07/2019 മുതലുള്ള ഡിഎ യുടെ 20 മാസം, 01/01/2020 മുതലുള്ള ഡിഎയുടെ 14 മാസം, 01/07/2020 മുതലുള്ള 8 മാസം എന്നിങ്ങനെ നാല് ഗഡു ഡിഎ യുടെ 68 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് അന്യമായി.
സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം രമണി പി. നായർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എൻ. സാബു, പ്രദീപ് നാരായണൻ, ജില്ലാ ഭാരവാഹികളായ എ.ആർ. ഷമീം, സി.എസ്. വിനോദ്, വി. വിനോദ്, സംസ്ഥാന ഉപസമിതി ഭാരവാഹികളായ ഒ.ബി. ഷാബു, ആർ.എസ്. ലിജിൻ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ടി.യു. സഞ്ജീവ്, ജൂലി പി.എസ്., എസ്. ഗിരിലാൽ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി. രാജേഷ് (പ്രസിഡൻ്റ്), ജി. സുനിൽകുമാർ, മുഹമ്മദ് അൻസാരി, ബിനു. ജി.എസ്. (വൈസ് പ്രസിഡന്റുമാർ), ആർ.എ. അനീഷ് (സെക്രട്ടറി), സിന്ധു ബി.പി., സനീറ എ.ആർ., സനൽ ജി.എൽ.(ജോ. സെക്രട്ടറിമാർ), എസ്. ഗിരിലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
by Midhun HP News | Jan 12, 2025 | Latest News, ജില്ലാ വാർത്ത
കുമാരനാശാൻ ചരമശതാബ്ദി ആചരണ കമ്മിറ്റി നടത്തിവരുന്ന നവോത്ഥാന സന്ദേശയാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണമൊരുക്കി . കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്വാതന്ത്ര്യബോധത്തെ സിംഹനാദമാക്കി കാവ്യരചന നടത്തിയ മഹാകവിയാണ് കുമാരനാശാനെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു .
കാര്യവട്ടം ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. ആചരണ സമിതി സംസ്ഥാന കമ്മിറ്റിയംഗം എം. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണവും കവിയും കരവാരം രാമചന്ദ്രൻ ആശാൻ കൃതികളിലെ സ്ത്രീ സാന്നിധ്യത്തെ പറ്റി വിഷയാവതരണം നടത്തി.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി സംസ്ഥാന കൺവീനർ കെ.പി സജി, ബാലചന്ദ്രൻ നായർ, എം. ഷാജർഖാൻ, ഡോ.എസ്.അനിത, വിജയൻ പാലാഴി, എൻ. മോഹനൻ, വഞ്ചിയൂർ ഉദയകുമാർ, സുരേഷ് കൊളാഷ് എന്നിവർ സംസാരിച്ചു. കുമാരനാശാൻ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
Recent Comments