അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച് എം പി വി സ്ഥിരീകരിച്ചു

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച് എം പി വി സ്ഥിരീകരിച്ചു

അസമിലും HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.

സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു.ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്.

കഴിഞ്ഞദിവസം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞദിവസം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴ്: കഴിഞ്ഞദിവസം കഠിനം നംകുളം അഴൂർ കായലിൽ മുതലപ്പൊഴി പാലത്തിനു സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളുന്തുരുത്തി വാറുവിളകം വീട്ടിൽ സെന്തിൽ കുമാറിൻ്റെ (36) മൃതദേഹമാണ് ഇന്ന് രാവിലെയോടെ ഹാർബർ കടവിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

മലേഷ്യ ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം സെമിയില്‍

മലേഷ്യ ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം സെമിയില്‍

ക്വലാലംപുര്‍: ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയില്‍. അതിഥേയ സഖ്യമായ യു സിങ് ഓങ്- ഈ യി ടിയോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്.

സ്‌കോര്‍ 26-24, 21-15. കഴിഞ്ഞ വര്‍ഷം ഇതേ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോറ്റതിന്റെ നിരാശ മായ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സഖ്യം. സെമിയില്‍ ദക്ഷിണ കൊറിയന്‍ സഖ്യമായ കിം വോന്‍ ഹോ- ജെ സിയോ സെയുങ് സഖ്യത്തെ ഇന്ത്യന്‍ സഖ്യം നേരിടും.

നരേന്ദ്ര മോദിയെ കുറിച്ച് മഹാകാവ്യം; ‘നരേന്ദ്ര ആരോഹണം’

നരേന്ദ്ര മോദിയെ കുറിച്ച് മഹാകാവ്യം; ‘നരേന്ദ്ര ആരോഹണം’

ഭുവനേശ്വര്‍: പ്രധാമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തില്‍ മഹാകാവ്യം പുറത്തുവന്നു. ഒഡീഷയിലെ സംസ്‌കൃത പണ്ഡിതനായ സര്‍വകലാശാല അധ്യാപകന്‍ സോമനാഥ് ദാഷാണ് ‘നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യം രചിച്ചത്. മോദിയുടെ ജീവിതവും പ്രവൃത്തിയുമാണ് മഹാകാവ്യത്തിന്റെ ഇതിവൃത്തം.

700 പേജുള്ള മഹാകാവ്യത്തില്‍ 1200 ശ്ലോകങ്ങളാണ് ഉള്ളത്. തിരുപ്പതി ദേശീയ സംസ്‌കൃത സര്‍വകലാശാല അധ്യാപകന്‍ രചിച്ച മഹാകാവ്യം ഗുജറാത്തിലെ വരാവലില്‍ നടന്ന യുവജനോത്സവത്തിലാണ് അനാച്ഛാദനം ചെയ്തത്. മഹാകാവ്യത്തിലെ ശ്ലോകങ്ങള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലെ മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങി മോദിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.

‘ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മോദി ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്, ഇന്ന് അദ്ദേഹം ലോകത്തിലെ എല്ലാ യുവാക്കള്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സന്യാസ രാഷ്ട്രീയയാത്രയും ജീവിത പോരാട്ടവും ചരിത്രത്തില്‍ എപ്പോഴും രേഖപ്പെടുത്തപ്പെടും. അതിനാലാണ് ആ മഹത് വ്യക്തിത്വത്തെക്കുറിച്ച് മഹാകാവ്യം എഴുതാന്‍ പ്രേരണയായത്’- 48കാരനായ സോമനാഥ് പറഞ്ഞു.

നാലുവര്‍ഷമെടുത്താണ് പുസ്തകരചന പൂര്‍ത്തിയാക്കിയത്. മോദിയെ ഇതുവരെ നേരില്‍ കണ്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങള്‍, ജേണലുകള്‍, പ്രസംഗങ്ങള്‍, പ്രതിമാസ റേഡിയോ പ്രഭാഷണം ‘മാന്‍ കി ബാത്ത്’ എന്നിവയില്‍ നിന്നെല്ലാം ലഭിച്ച വിവരങ്ങളും പുസ്തകരചനയ്ക്ക് സഹായകമായെന്ന് സോമനാഥ് പറഞ്ഞു.

ഭീമ ജ്വല്ലറിയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം

ഭീമ ജ്വല്ലറിയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം, പോത്തന്‍കോട്, ആറ്റിങ്ങല്‍ ഷോറൂമുകളില്‍ തുടക്കമായി. ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദനും മാനേജിങ് ഡയറക്ടര്‍ സുഹാസ് എംഎസും ചേര്‍ന്ന് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

‘ഭീമ തലമുറകളായി ഉപഭോക്താക്കളുടെ വിശ്വാസം നേടി. ഉപഭോക്തൃ സംതൃപ്തിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തങ്ങളുടെ വിജയത്തിന്റെ അടിത്തറ, ‘ഭീമ ബ്രാന്‍ഡിന്’ തുടര്‍ച്ചയായി ലഭിക്കുന്ന സ്‌നേഹത്തിലും അംഗീകാരത്തിലും അഭിമാനിക്കുന്നതായി ഭീമ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ സുഹാസ് എംഎസ്. പറഞ്ഞു.

ജനുവരി 14 വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഭീമ ഉപഭോക്താക്കള്‍ക്കായി ഓഫറുകള്‍, എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും വജ്രങ്ങള്‍ക്ക് കാരറ്റിന് 15 ശതമാനം കിഴിവും നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു.

കൂടാതെ, തെരഞ്ഞെടുത്ത വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ പണിക്കൂലി ഇല്ലാതെ ലഭ്യമാണ്. പഴയ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയും 916 എച്ച്‌യുഐഡി ആഭരണങ്ങള്‍ക്ക് പ്രത്യേക എക്‌സ്‌ചേഞ്ച് കാംപെയ്നും ഭീമ വാഗ്ദാനം ചെയ്യുന്നു. ഓരോ വാങ്ങലിലും ഉറപ്പായ സമ്മാനം ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി, ഭീമ ഷോറൂമുകളില്‍ മാത്രം ലഭ്യമായ സ്വര്‍ണ്ണാഭരണങ്ങളുടെ ഒരു പ്രത്യേക ശതാബ്ദി ശേഖരം പുറത്തിറക്കിയിട്ടുണ്ട്.

ബോബിയുടെ യൂട്യൂബ് വീഡിയോകള്‍ പൊലീസ് പരിശോധിക്കും

ബോബിയുടെ യൂട്യൂബ് വീഡിയോകള്‍ പൊലീസ് പരിശോധിക്കും

കൊച്ചി: വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ബോബി അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.

വീണ്ടും ഹണി റോസിന്റെ മൊഴി രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും.

ബോബിയുടെയും അദ്ദേഹം ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. ബോബി ചെമ്മണൂര്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും യൂട്യൂബ് ചാനല്‍ പരിപാടി നടത്തുന്നവര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളും പരിശോധിക്കും. ഇത്തരം ഒട്ടേറെ വിഡിയോകളും മറ്റും ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇവ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഹണി റോസില്‍ നിന്ന് കൂടുതല്‍ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഒരാളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.