പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു; 10 പേര്‍ കൂടി കസ്റ്റഡിയില്‍

പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു; 10 പേര്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട: കായികതാരമായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പത്തു പേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പിടിയിലായത്. പതിനെട്ട് വയസ്സിന് താഴെയുള്ളവരും പ്രതിപട്ടികയില്‍ ഉണ്ട്. കസ്റ്റഡിയിലെടുത്തുവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. 62പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു.

പതിമൂന്നാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആണ്‍ സുഹൃത്താണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്‌കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഫോണ്‍ രേഖകള്‍ വഴി നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ എസ്‌സി, എസ്ടി പീഡന നിരോധന നിയമവും ചുമത്തും.

വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം; വാടകക്കാരന്‍ കസ്റ്റഡിയില്‍

വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം; വാടകക്കാരന്‍ കസ്റ്റഡിയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു വീട്ടിലെ റഫ്രിജറേറ്ററില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വീട്ടില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. സാരി ധരിച്ച സ്ത്രീയുടെ കഴുത്തിലും കൈകളിലും ആഭരണങ്ങളും ഉണ്ട്. കഴുത്തില്‍ ഒരു കുരുക്ക് മുറുക്കിയിട്ടുണ്ട്.

മരിച്ച സ്ത്രീയ്ക്ക് ഏകദേശം 30 വയസ് പ്രായമുണ്ട്. 2024 ജൂണില്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്‍ഡോറില്‍ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. 2023 ജൂണില്‍ സഞ്ജയ് പട്ടീദാര്‍ എന്നയാള്‍ക്ക് ശ്രീവാസ്തവ വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇയാള്‍ വീട് ഒഴിഞ്ഞെങ്കിലും സാധനങ്ങള്‍ ഒന്നും മാറ്റിയിരുന്നില്ല. പിന്നീട് സാധനങ്ങള്‍ മാറ്റാമെന്നാണ് ഇയാള്‍ ശ്രീവാസ്തവയോട് പറഞ്ഞത്. ഇടയ്ക്കിടെ ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നാണ് ശ്രീവാസ്തവ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയത്. പട്ടിദാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ, റൂട്ടും നിരക്കും ഇങ്ങനെ

കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ, റൂട്ടും നിരക്കും ഇങ്ങനെ

കൊച്ചി: വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള മെട്രോ കണക്ട് ഇലക്ട്രിക് ബസുകൾ അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും. 15 ഇലക്ട്രിക് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. വിവിധ റൂട്ടുകളിലേക്ക് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരുന്നു. കളമശേരി – മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട് – എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര – കെപി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍ മെട്രോ – ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ പാര്‍ക്ക്, കളക്‌ടറേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്‌ട്രിക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്‌ത ഇലക്‌ട്രിക് ബസാണ് മെട്രോ കണക്‌ടിനായി സർവീസ് നടത്തുന്നത്. ആലുവ – എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍ – ലാസ്റ്റ് മൈല്‍ കണക്‌ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് 15 ഇലക്‌ട്രിക് ബസുകള്‍ കൊച്ചി മെട്രോക്കായി സര്‍വീസ് നടത്തുന്നത് എന്ന് കെഎംആർഎൽ മനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

ഏറ്റവും സുഖകരമായ യാത്രക്കായി പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉള്ളത്. ഡിജിറ്റല്‍ പേയ്‌മെൻ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ്. ക്യാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും റുപേ, ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെൻ്റ് നടത്താം.

എയര്‍പോര്‍ട്ട് റൂട്ടില്‍ നാല് ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്‌ടറേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുന്നത് എന്ന് കൊച്ചി മെട്രോ അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ ടിജി പറഞ്ഞു.

എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോർട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്. കളമശേരി – മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.

രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവീസ്. കാക്കനാട് വാട്ടർ മെട്രോ – കിൻഫ്ര – ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ – കളക്‌ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വീസ് ഉണ്ടാകും.

ഹൈക്കോര്‍ട്ട് – എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെപി വള്ളോന്‍ റോഡ് – പനമ്പിള്ളി നഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

എംആർ അജിത് കുമാറിന് തിരിച്ചടി

എംആർ അജിത് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി അയച്ച് ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി.

നാല് ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നുവന്നത്. അനധികൃതമായി അജിത് കുമാർ സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയിൽ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം.

എന്നാൽ ഈ ആരോപണം പൂർണമായും തെറ്റ് ആണെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കവടിയാറിലെ ആഢംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാർ ആയി എട്ടു വർഷത്തിന് ശേഷമാണു ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവർധനയാണ് ഫ്ലാറ്റിന് ഉണ്ടായതെന്നും ആണ് വിജിലൻസ് കണ്ടെത്തിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം.

എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ ഈ ക്ലീൻ ചിറ്റാണ് ഇപ്പോൾ ഡയറ്കടർ മടക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം

തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം

പോത്തൻക്കോട് : തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം നടന്നതായി പരാതി. കാട്ടായിക്കോണം ഒരുവാൻമൂല ഉത്രാടം വീട്ടിൽ ചന്ദ്രബാബുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. പൂട്ടിയിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ അഞ്ചു മാസമായി ചന്ദ്രബാബു കുടുംബവും മകളോടൊപ്പം അടൂരാണ് താമസിച്ചിരുന്നത്. വീട് പൂട്ടിയിട്ടിരുന്നതിനാൽ ഇവർ വീട്ടിലെ ചെടി നനയ്ക്കാൻ ഒക്കെ ആയി ഒരു ആസാം സ്വദേശിയെ ഏർപ്പാട് ചെയ്തിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസം ചെടി നനയ്ക്കാനായി ആസാം സ്വദേശി എത്തിയിരുന്നു. അപ്പോഴാണ് വീടിന്റെ സൈഡ് ഡോർ കുത്തി തുറന്നു കിടക്കുന്നത് കണ്ടത്.

തുടർന്ന് ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന ചന്ദ്രബാബുവിന്റെ സഹോദരനായ സുരേഷ് ബാബുവിനെ ഇയാൾ വിവരം അറിയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇവർ പോത്തൻകോട് പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

ഏകദേശം എട്ടേകാൽ പവനും 70,000 രൂപയും നഷ്ടപ്പെട്ടതായി പോത്തൻകോട് പോലീസ് നൽകിയ പരാതിയിൽ പറയുന്നു. വിരലടയാള വിദഗ്ധരും ,ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.പോത്തൻകോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

മധു മുല്ലശ്ശേരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മധു മുല്ലശ്ശേരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന സി.പി.എം. മുൻ മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. ഈ മാസം 16 വരെയാണ് അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്.

സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് സിപിഎം നൽകിയ പരാതിയിൽ മംഗലപുരം പോലീസ് കേസടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മധുമുല്ലശ്ശേരി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.ആദ്യം സെഷൻസ് കോടതിയെയാണ് മധു മുല്ലശ്ശേരി സമീപിച്ചത്. എന്നാൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ജനുവരി 16 ന് ഹർജി വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം.

മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച തുക വെട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി സിപിഎം പോലീസിൽ പരാതി നൽകിയതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഏര്യാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് മൂന്നേകാൽ ലക്ഷം രൂപ ലോക്കൽ കമ്മിറ്റി വഴി ഏര്യാ സെക്രട്ടറിയായ മധുവിന് നൽകിയിരുന്നു. ഇതു കൂടാതെ പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.

ഈ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏര്യാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരി ഏര്യാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ഏരിയാ സെക്രട്ടറി ആക്കാത്തതിനെ തുടർന്നായിരുന്നു സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയത്. തുടർന്ന് ബി ജെ പിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ സിപിഎം പോലീസിൽ പരാതി നൽകിയിരുന്നു.

പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടതോടെ നിലവിലെ ഏര്യാ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്പി യ്ക്ക് പരാതി നൽകിയിരുന്നു. പിന്നീട് മംഗലപുരം ഏര്യായിലെ പത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മംഗലപുരം പോലീസിലും പരാതി നൽകി.