by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വിലക്ക് ലംഘിച്ച് ഫിറോസ് വിദേശത്ത് പോയത് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് ഫിറോസ് വിദേശത്തേക്ക് പോയിയെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് അഭിഭാഷകനെ വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഫിറോസ് തുര്‍ക്കിയിലാണ് ഉള്ളതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
by Midhun HP News | Jan 10, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടിയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് പുറകില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. പഴൂക്കര മാതിരപ്പിള്ളി ജോര്‍ജ്(73) മരിച്ചത്. വെള്ളി പകല്‍ 10.30 ഓടെ റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ചാലക്കുടിയിലേക്ക് വരികയായിരുന്ന ജോര്‍ജിന്റെ സ്‌കൂട്ടറിന് പുറകില്‍ ലോറി ഇടിക്കുകയായിരുന്നു. കമ്പി കയറ്റി പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു ലോറി. 20 മീറ്ററോളം സ്‌കൂട്ടര്‍ വലിച്ചിഴച്ച് കൊണ്ടുപോയി. സംഭവ സ്ഥലത്ത് വച്ച് തന്നെ വയോധികന്റെ മരണം സംഭവിച്ചു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
കൊച്ചി: പാചകവാതക സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീർഥാടകർ പോകുന്നത് തടയണമെന്ന് ഹൈക്കോടതി. ഭക്ഷണം തയാറാക്കാനുള്ള ഉദ്ദേശ്യത്തോടെ കൊണ്ടുപോകുന്ന സിലിണ്ടറും പാത്രങ്ങളും പൊലീസ് പിടിച്ചെടുക്കണം.
മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സിൽ 24 മണിക്കൂറും ഭക്ഷണ വിതരണമുണ്ടെന്നിരിക്കെ, തീർഥാടകർക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച് 13, 14 തീയതികളിൽ പാണ്ടിത്താവളത്തും ഭക്ഷണ വിതരണമുണ്ട്. സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജികളാണ് കോടതി പരിഗണിച്ചത്.
പരമ്പരാഗത പാതയായ എരുമേലി, മുക്കുഴി വഴിയുള്ള തീർഥാടക പ്രവാഹം നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ, ഈ പാതയിലൂടെയുള്ള തീർഥാടനം ആചാരത്തിന്റെ ഭാഗമാണെന്നും പൂർണനിരോധനം പ്രായോഗികമല്ലെന്നും ദേവസ്വംബോർഡ് അഭിഭാഷകൻ അറിയിച്ചു. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. മകരവിളക്ക് പ്രമാണിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ച് ശബരിമല സ്‌പെഷൽ കമീഷണർ റിപ്പോർട്ട് നൽകി. 12ന് രാവിലെ എട്ടുമുതൽ 15ന് ഉച്ചക്ക് രണ്ടുവരെ പമ്പയിൽ വാഹനപാർക്കിങ്ങും 11 മുതൽ 14 വരെ മുക്കുഴി വഴിയുള്ള തീർഥാടനവും അനുവദിക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
by Midhun HP News | Jan 10, 2025 | Latest News, കായികം
മുംബൈ: കരിയറിലെ മോശം ഫോമിലാണ് വിരാട് കോഹ്‍ലി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ തുടർച്ചയായി ഒരേ തരത്തിൽ പുറത്തായി കോഹ്‍ലി കടുത്ത വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോകുന്ന പന്തിൽ നിരന്തരം ബാറ്റ് വച്ച് ഒരേ തരത്തിലാണ് കോഹ്‍ലി ഔട്ടായത്.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള ഒരുക്കങ്ങൾ കോഹ്‍ലി തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് കോഹ്‍ലി ആലോചിക്കുന്നത്.
എന്നാൽ അതു രഞ്ജി ട്രോഫിയല്ല. താരം കൗണ്ടി കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പറക്കാനാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇംഗ്ലീഷ് മണ്ണിൽ നടക്കുന്ന പോരാട്ടമായതിനാലാണ് താരം കൗണ്ടി കളിക്കാനുള്ള തീരുമാനം എടുത്തത് എന്നാണ് വിവരം. പരമ്പര ആകുമ്പോഴേക്കും ഇംഗ്ലണ്ടിനെ സാഹചര്യവുമായി പൊരുത്തപ്പെടാമെന്ന കണക്കുകൂട്ടലും തീരുമാനത്തിനു പിന്നിലുണ്ട്.
ഓസ്ട്രേലിയൻ പര്യടനത്തിലെ ബാറ്റിങ് പരാജയത്തിനു പിന്നാലെ കോഹ്‍ലി അടക്കമുള്ള സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിക്കുന്നത് വലിയ വിമർശനത്തിനു ഇടയാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന കടുംപിടത്തത്തിലാണ് പരിശീലകൻ ഗംഭീറും.
2012ലാണ് കോഹ്‍ലി അവസാനമായി രഞ്ജി കളിച്ചത്. കരിയറിൽ 23 രഞ്ജി മത്സരങ്ങൾ മാത്രമേ കോഹ്‍ലി കളിച്ചിട്ടുള്ളു. ക്യാപ്റ്റൻ രോഹിത് ശർമ 42 കളികൾ കളിച്ചു. അവസാനമായി രോഹിത് രഞ്ജിയിൽ ഇറങ്ങിയതാകട്ടെ 2015ലും.
by Midhun HP News | Jan 10, 2025 | Latest News, കേരളം
കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിയത്. ഇതോടെ ചൊവ്വാഴ്ച വരെ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ തുടരേണ്ടിവരും. പൊതുഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടെയെന്ന് ഓര്‍മപ്പെടുത്തിയ കോടതി എന്താണ് ഇത്ര ധൃതിയെന്നും അടിയന്തര പ്രാധാന്യം എന്താണെന്നും ചോദിച്ചു.
പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താന്‍ നിരപരാധിയാണെന്നും ബോബി ചെമ്മണൂര്‍ ഹര്‍ജിയില്‍ പറയുന്നു. 2024 ഓഗസ്റ്റിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പരാതിയുമായി എത്തുന്നത് ഇപ്പോഴാണ്. അതുവരെ നടിക്ക് പരാതികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും നല്ല സൗഹൃദത്തിലായിരുന്നെന്നും അത്തരം വീഡിയോകള്‍ നടി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതായും ജാമ്യഹര്‍ജിയില്‍ പറയുന്നു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ വേട്ടയാടുക ലക്ഷ്യമിട്ടാണ് പരാതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. അറസ്റ്റ് ചെയ്ത രീതിക്കെതിരെയും ബോബി രംഗത്തുവന്നു. 7 വര്‍ഷത്തില്‍ താഴെമാത്രം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ അറസ്റ്റ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതിയുടെ മാര്‍ഗരേഖപോലും പാലിക്കാതെയാണ് പുലര്‍ച്ചെയെത്തി തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ 30 മണിക്കൂര്‍ ചോദ്യം ചെയ്തതാണ്. കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. പ്രതി സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണ്. ഇവിടെനിന്ന് ഓടിപ്പോകന്ന ആളല്ലെന്നും അന്വേഷണവുമായി സഹകരിക്കുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്ന ഹര്‍ജിയിലെ ആവശ്യം.
നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ അഭിരാമി തള്ളി.വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.
by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ കാട്ടാക്കട അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷ ഈ മാസം 15 ന് പുറപ്പെടുവിക്കും.
കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2013 മെയ് അഞ്ചിനാണ് സിപിഐ എം പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്. അമ്പലത്തുക്കാല്‍ ജങ്ഷനില്‍ വെച്ചായിരുന്നു കൊലപാതകം. മുഖ്യപ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.
Recent Comments