by Midhun HP News | Jan 10, 2025 | Latest News, കേരളം
പ്രേംനസീറിന്റെ 34-ാം ചരമവാര്‍ഷികം ജനുവരി 16 ന് പ്രേംനസീര്‍ സുഹൃത് സമിതി അരീക്കല്‍ ആയൂര്‍വേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.
ഇതോടനുബന്ധിച്ച് 2025ലെ പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം നടന്‍ ജഗതി ശ്രീകുമാറിന് സമര്‍പ്പിക്കുമെന്ന് ജൂറി ചെയര്‍മാന്‍ ബാലു കിരിയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവന്‍ മണ്ണരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുസ്മരണം ഉല്‍ഘാടനം ചെയ്ത് പുരസ്‌ക്കാരം ജഗതിക്ക് സമര്‍പ്പിക്കും.
സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ചെയര്‍മാന്‍ മധുപാല്‍ അദ്ധ്യക്ഷത വഹിക്കും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സംവിധായകരായ രാജസേനന്‍, സുരേഷ് ഉണ്ണിത്താന്‍, തുളസിദാസ്, താരങ്ങളായ ദിനേഷ് പണിക്കര്‍, ശ്രീലത നമ്പൂതിരി, എം.ആര്‍. ഗോപകുമാര്‍, ഉദയ സമുദ്ര ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍, അരീക്കല്‍ ആയൂര്‍ വേദാശുപത്രി ചെയര്‍മാന്‍ ഡോ. സ്മിത്ത്കുമാര്‍, നിംസ് മെഡിസിറ്റി എം.ഡി. ഫൈസല്‍ ഖാന്‍ എന്നിവര്‍ പങ്കെടുക്കും.
75 വര്‍ഷം പിന്നിട്ട അണ്ടൂര്‍ക്കോണംറിപ്പബ്‌ളിക് ലൈബ്രറിക്ക് മികച്ച ഗ്രന്ഥശാലക്കുള്ള പ്രേംനസീര്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. ആലപ്പുഴ ഒ.ജി. സുരേഷ് നയിക്കുന്ന ഹൃദയ ഗീതങ്ങള്‍ എന്ന പ്രേംനസീര്‍ ഗാനങ്ങള്‍ ഉള്‍പ്പെട്ട വിഷ്വല്‍ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ മടവൂരിൽ സ്കൂൾ ബസ് തട്ടി വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്‌ണേന്ദു മരണപ്പെട്ടു. മടവൂർ ചാലിൽ എന്ന സ്ഥലത്താണ് സംഭവം. സ്കൂൾ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെൺകുട്ടി വീടിനു മുന്നിൽ വച്ച് കേബിളിൽ കാൽ തട്ടി ബസിനു അടിയിലേക് വീഴുകയായിരുന്നു. മുന്നോട്ടു എടുത്ത ബസ്സിനടിയിൽ പെട്ടാണ് വിദ്യാർത്ഥിനി മരണപ്പെട്ടത്. പെൺകുട്ടി മുന്നിൽ വീണത് ഡ്രൈവർക്ക് കാണാൻ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്
by Midhun HP News | Jan 10, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം. വേദിയില്‍വച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാമോയെന്ന് അശ്വിന്‍ വിദ്യാര്‍ഥികളോടു ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമര്‍ശം.
വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കൈയടിക്കൂ എന്ന പറഞ്ഞപ്പോള്‍ സദസ്സില്‍ വലിയ കരഘോഷമുയര്‍ന്നു. തമിഴ് സംസാരിക്കുന്നവരോ എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ അലറി വിളിച്ചു. ഹിന്ദി സംസാരിക്കുന്നവര്‍ എന്ന് ചോദിച്ചപ്പോള്‍ സദസ്സ് നിശബ്ദമായി. തുടര്‍ന്നായിരുന്നു ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും അശ്വിന്‍ തമിഴില്‍ പറഞ്ഞത്.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെട നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിനിടയാണ് അശ്വിന്റെ പരാമര്‍ശം. ഇത് വരുംദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകും. എന്നാല്‍ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിന്‍ ഭാഷാ വിവാദത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദന്‍ മുന്നറിയിപ്പു നല്‍കി. ‘ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്‌നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാന്‍ എനിക്കു താല്‍പര്യമുണ്ട്.’ ബിജെപി നേതാവ് ചോദിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. രണ്ടാം ടെസ്റ്റിനു പിന്നാലെ കരിയര്‍ അവസാനിക്കുകയാണെന്ന് അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ വാഷിങ്ടന്‍ സുന്ദറിനെ ബിസിസിഐ പരിഗണിച്ചതോടെയായിരുന്നു അശ്വിന്റെ നീക്കം.
by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വിലക്ക് ലംഘിച്ച് ഫിറോസ് വിദേശത്ത് പോയത് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് ഫിറോസ് വിദേശത്തേക്ക് പോയിയെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് അഭിഭാഷകനെ വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഫിറോസ് തുര്‍ക്കിയിലാണ് ഉള്ളതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
by Midhun HP News | Jan 10, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടിയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് പുറകില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. പഴൂക്കര മാതിരപ്പിള്ളി ജോര്‍ജ്(73) മരിച്ചത്. വെള്ളി പകല്‍ 10.30 ഓടെ റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ചാലക്കുടിയിലേക്ക് വരികയായിരുന്ന ജോര്‍ജിന്റെ സ്‌കൂട്ടറിന് പുറകില്‍ ലോറി ഇടിക്കുകയായിരുന്നു. കമ്പി കയറ്റി പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു ലോറി. 20 മീറ്ററോളം സ്‌കൂട്ടര്‍ വലിച്ചിഴച്ച് കൊണ്ടുപോയി. സംഭവ സ്ഥലത്ത് വച്ച് തന്നെ വയോധികന്റെ മരണം സംഭവിച്ചു.
by Midhun HP News | Jan 10, 2025 | Latest News, കേരളം
കൊച്ചി: പാചകവാതക സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീർഥാടകർ പോകുന്നത് തടയണമെന്ന് ഹൈക്കോടതി. ഭക്ഷണം തയാറാക്കാനുള്ള ഉദ്ദേശ്യത്തോടെ കൊണ്ടുപോകുന്ന സിലിണ്ടറും പാത്രങ്ങളും പൊലീസ് പിടിച്ചെടുക്കണം.
മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സിൽ 24 മണിക്കൂറും ഭക്ഷണ വിതരണമുണ്ടെന്നിരിക്കെ, തീർഥാടകർക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച് 13, 14 തീയതികളിൽ പാണ്ടിത്താവളത്തും ഭക്ഷണ വിതരണമുണ്ട്. സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജികളാണ് കോടതി പരിഗണിച്ചത്.
പരമ്പരാഗത പാതയായ എരുമേലി, മുക്കുഴി വഴിയുള്ള തീർഥാടക പ്രവാഹം നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ, ഈ പാതയിലൂടെയുള്ള തീർഥാടനം ആചാരത്തിന്റെ ഭാഗമാണെന്നും പൂർണനിരോധനം പ്രായോഗികമല്ലെന്നും ദേവസ്വംബോർഡ് അഭിഭാഷകൻ അറിയിച്ചു. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. മകരവിളക്ക് പ്രമാണിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ച് ശബരിമല സ്‌പെഷൽ കമീഷണർ റിപ്പോർട്ട് നൽകി. 12ന് രാവിലെ എട്ടുമുതൽ 15ന് ഉച്ചക്ക് രണ്ടുവരെ പമ്പയിൽ വാഹനപാർക്കിങ്ങും 11 മുതൽ 14 വരെ മുക്കുഴി വഴിയുള്ള തീർഥാടനവും അനുവദിക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Recent Comments