വിവരം നിഷേധിച്ച രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ; വിരമിച്ച ഓഫീസർക്ക് ജപ്തി ഉത്തരവ്

വിവരം നിഷേധിച്ച രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ; വിരമിച്ച ഓഫീസർക്ക് ജപ്തി ഉത്തരവ്

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കളിൽ സ്ഥാപിച്ച് ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉത്തരവായി.

തിരുവനന്തപുരം ജില്ലയിൽ മുള്ളുവിള പോങ്ങിൽ പി.സി.പ്രദീജയുടെ പരാതിയിലാണ് അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച മുൻ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട് ഇമ്പിച്ച്യാലിയുടെ പരാതിയിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശിക്ഷിക്കപ്പെട്ടത്. ഇരുവരും ജനുവരി 20 നകം പിഴയടക്കണം. സർവ്വീസിലുള്ള ഉദ്യോഗസ്ഥർ നിശ്ചിത സമയത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.

പ്രിയ ഭാവ ഗായകന് ആദരാഞ്ജലികൾ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും

പ്രിയ ഭാവ ഗായകന് ആദരാഞ്ജലികൾ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും

തൃശൂർ: അന്തരിച്ച ഭാവ ​ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും അ​ദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

മോഹൻലാലിന്റെ കുറിപ്പ്

പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു.

ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.

ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകന്‍; ജയചന്ദ്രനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകന്‍; ജയചന്ദ്രനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയചന്ദ്രന്റെ ഗാനങ്ങള്‍ തലമുറകളോളം ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്ന് മോദി പറഞ്ഞു. ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകനായിരുന്നു ജയചന്ദ്രന്‍. വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകള്‍ വരും തലമുറകളുടെ ഹൃദയത്തെ തൊടുന്നവയണെന്നും മോദി എക്‌സില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും ഈ സമയം ആദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവും ആരാധകര്‍ക്കൊപ്പമാണെന്നും മോദി എക്‌സില്‍ കുറിച്ചു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ അന്ത്യം. വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പൂങ്കുന്നത്തെ വീട്ടിലെത്തി. ഇതിനുശേഷം സംഗീതനാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഗവര്‍ണര്‍, മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചു.

മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ

മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ

ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ക്ഷേത്ര മോഷണക്കേസിൽ അരുൺ അറസ്റ്റിലായി.

ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ പ്രതി ബൈക്ക് മറന്നു വെച്ചു. മോഷണം നടത്തിയശേഷം ബൈക്ക് പാർക്ക് ചെയ്ത സ്ഥലം അരുൺ മറന്നുപോയി. സ്വന്തം ബൈക്കിൽ ആയിരുന്നു അരുൺ ക്ഷേത്രത്തിൽ മോഷണത്തിന് പോയത്. മോഷണം നടത്തി മോഷ്ടാവ് പോവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പ്രതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 8,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. പിന്നീട് ബൈക്ക് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.കഴിഞ്ഞദിവസമാണ് അരുൺ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയത്. ഉടൻ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്. മോഷണം നടത്തിയത് താനല്ലെന്ന് പല ആവർത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.

ഗാന​ഗന്ധർവന് ഇന്ന് 85-ാം പിറന്നാൾ

ഗാന​ഗന്ധർവന് ഇന്ന് 85-ാം പിറന്നാൾ

മലയാളികൾക്ക് യേശുദാസ് എന്നാൽ സം​ഗീതത്തിന്റെ മറ്റൊരു പര്യായമാണ്. ഇന്ന് ​ഗാന​​ഗന്ധർവന്റെ 85-ാം പിറന്നാൾ കൂടിയാണ്. എന്നാൽ ഈ വർഷത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ഏറെ ദുഃഖപൂർണമാണ്. തന്റെ സഹോദരതുല്യനായ ​ഗായകൻ‌ പി ജയചന്ദ്രന്റെ വേർപാടിന്റെ വേദനയിലാണ് അദ്ദേഹം. സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ച് സഞ്ചരിക്കുകയും മലയാളികളെ പാട്ടിന്റെ വഴിയെ നടത്തിക്കുകയും ചെയ്ത മഹാപ്രതിഭകളാണ് ഇരുവരും.

1958 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ യുവ​ജനോത്സവ വേദിയിൽവച്ചാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നതു തന്നെ. അതേ തിരുവനന്തപുരത്ത് മറ്റൊരു സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങിയതിന് പിന്നാലെ, യേശുദാസിന്റെ പിറന്നാൾ ദിനത്തിന് തലേന്ന് ജയചന്ദ്രൻ വിട പറഞ്ഞതും ഒരു യാദൃച്ഛികതയാകാം. അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയുടെയും എലിസബത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനായി ഫോർട്ട് കൊച്ചിയിൽ ജനിച്ച യേശുദാസിനെ സംഗീതത്തിന്റെ വഴിയേ കൈപിടിച്ച് നടത്തിയത് അച്ഛൻ തന്നെയായിരുന്നു.

അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസിൽ ധ്യാനിച്ച യേശുദാസ്‌ 1949 ൽ ഒമ്പതാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജ്‌ എന്നിവിടങ്ങളിൽ നിന്നായി സംഗീത പഠനം. എന്നാൽ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌.

ഇതിനോടകം തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചു. സിനിമയിൽ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത് 1961ൽ പുറത്തിറങ്ങിയ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്.

പിന്നീട് അദ്ദേഹത്തിന് ഒരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. ഗാനഗന്ധർവൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ദാസേട്ടൻ ഇന്ത്യൻ പിന്നണി ഗാന രംഗത്തെ തന്നെ അതുല്യനായി ഇന്നും തുടരുന്നു. 2017- ൽ രാജ്യം പത്മവിഭൂഷണും, 2002-ൽ പത്മഭൂഷണും, 1973-ൽ പത്മശ്രീ നൽകിയും ആദരിച്ചു.

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം

ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ഇറാന്‍ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്.

മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിലവില്‍ തടവിലുള്ളത്. ചര്‍ച്ചയ്ക്ക് ഇറാന് ഹൂത്തി വഴി കുടുംബത്തെ സമീപിക്കാം. ബ്ലഡ് മണി നല്‍കാന്‍ കുറച്ചു പണം നിലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു ഒരു ഇടനിലക്കാരന്‍ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചു. ഏതാണ്ട് 30 ലക്ഷം രൂപ നല്‍കിയാല്‍ ഇടനിലക്കാരന്‍ ദൗത്യം ഏറ്റെടുക്കാമെന്ന നിലയാണ് നിലവിലുള്ളത്. അതേസമയം ഇക്കാര്യത്തില്‍ സാവകാശമുള്ള നീക്കങ്ങളേ നടക്കുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.

അതിനിടെ, യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.