നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം

ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ഇറാന്‍ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്.

മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിലവില്‍ തടവിലുള്ളത്. ചര്‍ച്ചയ്ക്ക് ഇറാന് ഹൂത്തി വഴി കുടുംബത്തെ സമീപിക്കാം. ബ്ലഡ് മണി നല്‍കാന്‍ കുറച്ചു പണം നിലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു ഒരു ഇടനിലക്കാരന്‍ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചു. ഏതാണ്ട് 30 ലക്ഷം രൂപ നല്‍കിയാല്‍ ഇടനിലക്കാരന്‍ ദൗത്യം ഏറ്റെടുക്കാമെന്ന നിലയാണ് നിലവിലുള്ളത്. അതേസമയം ഇക്കാര്യത്തില്‍ സാവകാശമുള്ള നീക്കങ്ങളേ നടക്കുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.

അതിനിടെ, യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം…; അവസാന പൊതുപരിപാടി ഗുരുവായൂരില്‍; ഏറ്റുപാടി ഭക്തര്‍

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം…; അവസാന പൊതുപരിപാടി ഗുരുവായൂരില്‍; ഏറ്റുപാടി ഭക്തര്‍

തൃശൂര്‍: ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം, അവിടുത്തെ ശംഖമാണ് എന്റെ കണ്ഠം … ഭാവ ഗായകന്റെ സ്വരമാധുരിയില്‍ പിറന്ന ഭക്തിസാന്ദ്രമായ ഈ ഗാനം ഏറ്റുപാടാത്ത ഗുരുവായൂര്‍ ഭക്തര്‍ ചുരുക്കമായിരിക്കും. ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്ന പി ജയചന്ദ്രന്റെ അവസാന പൊതുപരിപാടി ഗുരുവായൂരില്‍ വച്ചായിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത. നവംബര്‍ 24 ന് ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായുള്ള സംഗീത സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം അവിടെ എത്തിയത്. ഗുരുവായൂരപ്പന്റെ ക്ഷണമായി കരുതി അവശതകള്‍ക്കിടയിലും അവിടെയെത്തിയ ജയചന്ദ്രന്‍ ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചപ്പോള്‍ ഭക്തര്‍ നിറ കൈയടിയോടെയാണ് ആ ഗാനമാധുരി ഏറ്റുവാങ്ങിയത്.

അന്ന് ഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദര്‍ശന സായൂജ്യം നേടിയ ശേഷം പ്രസാദ ഊട്ടും കഴിച്ചായിരുന്നു ഗുരുവായൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ശ്രീഗുരുവായൂരപ്പന്റെ തികഞ്ഞഭക്തനായിരുന്നു ശ്രീ.പി. ജയചന്ദ്രന്‍. ശ്രീഗുരുവായൂരപ്പനേയും ഗുരുവായൂര്‍ ക്ഷേത്രത്തെയും പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ അനശ്വര ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 24 ന് ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായുള്ള സംഗീത സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ദേവസ്വം ഭരണസമിതി അദ്ദേഹത്തെയാണ് ക്ഷണിച്ചത്.

ശ്രീഗുരുവായൂരപ്പന്റെ ക്ഷണമായി കരുതി അവശതകള്‍ക്കിടയിലും അദ്ദേഹമെത്തി. സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം

അവിടുത്തെ ശംഖമാണ് എന്റെ കണ്ഠം …

എന്ന തന്റെ പ്രിയപ്പെട്ട ഗാനം അദ്ദേഹം ഭക്തര്‍ക്കായി പാടി. അചഞ്ചലമായ തന്റെ ഗുരുവായൂരപ്പ ഭക്തി ഒരിക്കല്‍ കൂടി പ്രകടമാക്കി.

ഭക്തര്‍ നിറ കൈയടിയാല്‍ ആ ഗാനമാധുരി ഏറ്റുവാങ്ങി.. അന്ന് ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുതു. ദര്‍ശന സായൂജ്യത്തിന് പിന്നാലെ ഭഗവാന്റെ പ്രസാദ ഊട്ടും കഴിച്ചായിരുന്നു ഗുരുവായൂരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കം. അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയും അതായി.

മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണം; ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍

മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണം; ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍

ഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ ആശാ ലോറന്‍സ് സുപ്രീം കോടതിയല്‍ അപ്പീല്‍ നല്‍കി. നടപ്പാക്കിയത് രാഷ്ട്രീയതീരുമാനമാണെന്ന് ആശയുടെ ഹര്‍ജിയില്‍. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്.

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആശ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കളമശേരി മെഡിക്കല്‍ കോളജ്, മകന്‍ എംഎല്‍ സജീവ്, സിപിഎം ഉള്‍പ്പടെ ഹര്‍ജിയില്‍ പത്ത് എതിര്‍കക്ഷികളാണ് ഉള്ളത്.

ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മെഡിക്കല്‍ കോളജില്‍ മൃതദേഹം വിട്ടുനല്‍കാനുള്ള തീരുമാനം രാഷ്ട്രീയ തീരുമാനമായിരുന്നെന്നും ലോറന്‍സിന് ഇത്തരമൊരു ആഗ്രഹമുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ ടോം ജോസഫാണ് ആശാ ജോസഫിന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് എംഎം ലോറന്‍സ് അന്തരിക്കുന്നത്. രലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എംഎല്‍ സജീവന്റെയും പാര്‍ട്ടിയുടെയും തീരുമാനം. എന്നാല്‍ ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. തര്‍ക്കത്തെത്തുടര്‍ന്ന് ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ സമ്മതിക്കാതിരുന്ന ആശയെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് മൃതദേഹം ടൗണ്‍ഹാളില്‍ നിന്നും കൊണ്ടുപോകാനായത്.

തിരുവൈരാണിക്കുളം പാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഞായറാഴ്ച മുതല്‍

തിരുവൈരാണിക്കുളം പാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഞായറാഴ്ച മുതല്‍

കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 12 മുതല്‍ ജനുവരി 23 വരെ. ഉമാമഹേശ്വരന്‍മാര്‍ അനഭിമുഖമായി ഒരേ ശ്രീകോവിലില്‍ വാണരുളുന്ന ഈ ക്ഷേത്രത്തില്‍ മഹാദേവന്റെ തിരുനട വര്‍ഷം മുഴുവന്‍ തുറക്കുമെങ്കിലും പാര്‍വ്വതീ ദേവിയുടെ തിരുനട വര്‍ഷത്തില്‍ 12 ദിവസം മാത്രമേ തുറക്കുകയുള്ളൂ. സാധാരണ ക്യു സംവിധാനം കൂടാതെ ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ദേവീ ദര്‍ശനം നടത്തുന്നതിനായി വെര്‍ച്വല്‍ ക്യു സംവിധാനവും ഉണ്ടായിരിക്കുന്നതാണെന്ന് തിരുവൈരാണിക്കുളം ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 1 മുതലാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.thiruvairanikkulamtemple.org

പാര്‍വ്വതിദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതിഹ്യം

പണ്ടു കാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം. ഐതീഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികള്‍ തിടപ്പള്ളിയില്‍വച്ചു വാതിലടച്ചു ശാന്തിക്കാരന്‍ തിരികെ പോരും. ഈ സമയം പാര്‍വ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കര്‍മങ്ങള്‍ കഴിഞ്ഞു തിടപ്പള്ളി തുറക്കുമ്പോള്‍ നിവേദ്യം തയ്യാറായിരിക്കും. ഒരിക്കല്‍ അകവൂര്‍ മനയിലെ അന്നത്തെ കാരണവര്‍ തി ടപ്പള്ളിയിലെ അത്ഭുത നിവേദ്യത്തിന്റെ രഹസ്യമറിയാനായി പൂജാസമയത്തിനു മുന്‍പ് തിടപ്പള്ളിയുടെ വാതില്‍ തുറന്നുനോക്കി. ഭഗവാനായി നിവേദ്യം തയ്യാറാക്കുന്ന ദേവിയെ കണ്ടു ഭക്തപരവശനായ നമ്പൂതിരിപ്പാട് ‘അമ്മേ ജഗദംബികേ!’ എന്ന് ഉച്ചത്തില്‍ വിളിച്ചുപോയി.

വൈകുണ്ഠ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനം ഇങ്ങനെ

കുപിതയായ ദേവി ഇനി തന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടാകില്ല എന്ന് അരുളിച്ചെയ്തു. മറ്റു ഭക്തര്‍ക്കായെങ്കിലും ഇവിടം വിട്ടു പോകരുതെന്ന് കരഞ്ഞപേക്ഷിച്ച നമ്പൂതിരിപ്പാടിനോട് അലിവ് തോന്നി ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം ദര്‍ശനഭാഗ്യം നല്‍കാമെന്നും നട അടഞ്ഞുകിടന്നാലും തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അനുഗ്രഹിച്ചു. ഇതിന്‍ പ്രകാരമാണ് പതിവായി തുറന്നിരുന്ന പാര്‍വ്വതി ദേവിയുടെ തിരുനട ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ പന്ത്രണ്ടു നാള്‍ മാത്രം തുറക്കാന്‍ തുടങ്ങിയത് എന്നാണ് വിശ്വാസം.

വൈകുണ്ഠ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനം ഇങ്ങനെ

വൈകുണ്ഠ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനം ഇങ്ങനെ

തൃശൂര്‍: ഏകാദശികളില്‍ ഏറെ പ്രധാനപ്പെട്ട വൈകുണ്ഠ ഏകാദശി ഇന്ന്. സ്വര്‍ഗവാതില്‍ ഏകാദശി എന്നും പുത്രദാ ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്.

വിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണ ഭക്തര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. മഹാവിഷ്ണു ഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്കുള്ള വാതില്‍ അല്ലെങ്കില്‍ സ്വര്‍ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. പേര് സൂചിപ്പിക്കുന്നത് പോലെ ഈ ഏകാദശി വിധിയാവണ്ണം അനുഷ്ഠിച്ചാല്‍ സല്‍പുത്രനോ പുത്രിയോ ജനിക്കുമെന്നും, സര്‍വ്വ അനുഗ്രഹങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിശ്വാസം.

കൃഷ്ണന്‍ കുചേലന്റെ അവല്‍പ്പൊതി സ്വീകരിച്ചു കൊണ്ട് അയാളെ കുബേരനാക്കിയ ദിവസമാണ് എന്നും വിശ്വാസമുണ്ട്. ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവദ്ഗീത ഉപദേശിച്ച ദിവസമാണെന്നാണ് മറ്റൊരു വിശ്വാസം. അതിനാല്‍ ഗീതാദിനം എന്നും ഇതറിയപ്പെടുന്നു. അതുകൊണ്ട് തന്നെ മിക്ക വൈഷ്ണവ (കൃഷ്ണ) ക്ഷേത്രങ്ങളിലും ഇത് ആഘോഷ ദിവസമാണ്.

വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രദര്‍ശനം നടത്താന്‍ വളരെ വിശേഷപ്പെട്ട ദിവസമാണ് ഇതെന്ന് സങ്കല്പം. ഇഹലോക സുഖവും പരലോക മോക്ഷവും ഫലസിദ്ധിയായി ലഭിക്കുമെന്നാണ് വിശ്വാസം. വൈഷ്ണവ ക്ഷേത്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് ഇത്. ചില ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ഇന്ന് വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രങ്ങളില്‍ മുന്‍വാതില്‍ സ്വര്‍ഗ്ഗവാതില്‍ അല്ലെങ്കില്‍ വൈകുണ്ഠ കവാടമായി സങ്കല്‍പ്പിച്ചു പ്രത്യേക പൂജ നടത്തുന്നു. അതില്‍കൂടി കടന്ന് ദര്‍ശനവും ആരാധനയും നടത്തി മറ്റൊരു വാതില്‍ വഴി (മിക്കവാറും പിന്‍വാതില്‍ വഴി) പുറത്തു വരുന്നത് സ്വര്‍ഗവാതില്‍ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വര്‍ഗമോ അതിനേക്കാള്‍ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെയോ കടന്നു പോകുന്നു എന്നാണ് വിശ്വാസം. മരിച്ചു പോയവരുടെ പിതൃ പ്രീതിക്കായി വഴിപാടുകള്‍ നടത്തുവാനും പാവങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, കഴിവുപോലെ മറ്റ് സഹായങ്ങള്‍ എന്നിവ ദാനം ചെയ്യുവാനും പറ്റിയ ദിവസമാണ് ഇതെന്നാണ് മറ്റൊരു വിശ്വാസം.

സ്വര്‍ഗവാതില്‍ ഏകാദശിവ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യലബ്ദി, രോഗശമനം, വൈകുണ്ഠ പ്രാപ്തി അല്ലെങ്കില്‍ സ്വര്‍ഗ്ഗപ്രാപ്തി, മോക്ഷപ്രാപ്തി, ദൈവാനുഗ്രഹം, ആപത്തില്‍ രക്ഷ എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശിയും നോല്‍ക്കണം എന്നും പറയുന്നു.

വ്രതാനുഷ്ഠാനം

ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസം ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂര്‍ണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവര്‍ ധാന്യാഹാരം ഒഴിവാക്കി പഴങ്ങള്‍ മാത്രം ഭക്ഷിച്ചോ അരിയാഹാരം ഒഴിവാക്കിയോ വ്രതം അനുഷ്ഠിക്കാം. എണ്ണ തേച്ച് കുളിക്കുവാനും പകല്‍സമയം ഉറങ്ങുവാനും പാടില്ല. ശുദ്ധിയുള്ളതും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീര്‍ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണവീടല്‍ എന്നാണ് ഇതിന് പറയുന്നത്.

മാന്ത്രിക ശബ്ദം നിലച്ചു; സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

മാന്ത്രിക ശബ്ദം നിലച്ചു; സംസ്‌കാരം നാളെ ചേന്ദമംഗലം തറവാട്ടുവീട്ടില്‍

തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ എത്തിക്കും. രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനം.

ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകീട്ട് നാലു മണിയോടെയാണ് സംസ്‌കാരം .

വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.

‘അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു. ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്‍കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദവിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീതലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന്‍ വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

മലയാളികളുടെ മനസില്‍ പതിഞ്ഞ പി ജയചന്ദ്രന്റെ ഭാവഗാനങ്ങള്‍ക്ക് ഒരിക്കലും മരണമില്ലായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എത്ര എത്ര ഭാവഗാനങ്ങളാണ് നമ്മള്‍ ഏറ്റുപാടിയത്, ഇപ്പോഴും ഏറ്റുപാടുന്നത്. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും കൂട്ടായി നിന്ന ശബ്ദമാധുര്യം. എവിടെയും എപ്പോഴും പറയാനുള്ള കാര്യങ്ങള്‍ ആരോടും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന നിലപാടുള്ള ഒരു ഗായകനെയാണ് നമുക്ക് നഷ്ടമായത്. മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്നു പി.ജയചന്ദ്രന്റേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അനശ്വരഗാനങ്ങളിലൂടെ സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീര്‍ത്ത പി ജയചന്ദ്രന്റെ വിയോഗം ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവത്ത ഒന്നാണന്ന് മന്ത്രി വിഎന്‍ വാസവന്‍. മലയാളികള്‍ക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും സന്തോഷത്തിന്റെയും വൈകാരിക വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് വിടവാങ്ങിയത്. പി ജയചന്ദ്രന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ് മലയാളികള്‍ക്ക്. എല്ലാ സംഗീതപ്രേമികളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി ജയചന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ കലാജീവിതത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കാലാതിവര്‍ത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം പിടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തില്‍ 5 ഭാഷകളിലായി പതിനായിരത്തില്‍ അധികം ഗാനങ്ങളാണ് പി ജയചന്ദ്രന്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഓരോ ഗാനവും നമ്മുടെ മനസുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ക്കുന്നു. അദ്ദേഹം സ്വരമാധുര്യം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗാനങ്ങള്‍ അനശ്വരമായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.