ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അപകട ഇന്‍ഷുറന്‍സ്, പദ്ധതിക്ക് തുടക്കം

ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അപകട ഇന്‍ഷുറന്‍സ്, പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഭക്തര്‍ക്കും ജീവനക്കാര്‍ക്കും പുറമെ ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്കായി പ്രത്യേകഅപകട സുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദേവസ്വം ജീവനക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയില്‍ അപകടം സംഭവിച്ചാല്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കും. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തര്‍ ഈ പരിരക്ഷയില്‍ വരും. യുണൈറ്റഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിയാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.

വിശുദ്ധി സേനാംഗങ്ങള്‍ക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്കും താല്‍പര്യമുള്ള ഡോളി തൊഴിലാളികള്‍ക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേനയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാംപ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

‘ബാര്‍ കോഡ് പതിപ്പിക്കും; റോഡില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ്’

‘ബാര്‍ കോഡ് പതിപ്പിക്കും; റോഡില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ്’

തിരുവനന്തപുരം: കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും, റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ റദ്ദാക്കും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായുണ്ടാകുന്ന നിയമലംഘനങ്ങള്‍ തടയാനാകും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിങ് എന്നിവ കര്‍ശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍നിന്ന് ഇതുവരെ കെഎസ്ആര്‍ടിസിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഉത്തരവ് കേട്ട ബോബി കോടതിയില്‍ കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും.

ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരായത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവ് ഹാജാരാക്കാമെന്ന് പ്രതിഭാഗം അറിയിച്ചപ്പോള്‍ ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശരീരത്തിൽ പരുക്കുണ്ടോയെന്നു ബോബിയോടു മജിസ്ട്രേറ്റ് ചോദിച്ചു. 2 ദിവസം മുൻപ് വീണു കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്നു ബോബി അറിയിച്ചു.പൊലീസ് മർദിച്ചിട്ടില്ലെന്നു ബോബി കോടതിയിൽ പറഞ്ഞു.

ബോബി ചെയ്തതു ഗൗരവമേറിയ കുറ്റമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ ബോബി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധിനിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹണി റോസിന്റെ പരാതിയിലും ജാമ്യം നില്‍കിയാല്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹാനമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12.45 ഓടെയാണ് ബോബിയെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽനിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി 2 തവണ ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍ പറഞ്ഞു. ബോബി ചെമ്മണൂരിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ പരിഗണനയിലുണ്ട്. ഹണിറോസിന്റെ രഹസ്യമൊഴി കൂടി പരിശോധിച്ചാകും തുടര്‍നടപടിയെന്നും എസിപി ജയകുമാര്‍ പറഞ്ഞു. ഹണിറോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിന് ഇന്നലെ രാവിലെയാണ് ബോബി ചെമ്മണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

സംസ്ഥാന കലോത്സവത്തിൽ പളിയനൃത്തത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവ.ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ

സംസ്ഥാന കലോത്സവത്തിൽ പളിയനൃത്തത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവ.ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ

സംസ്ഥാന കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗോത്രകലയായ പളിയനൃത്തത്തിൽ സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിനികൾ.

യൂട്യൂബിലെ വീഡിയോ നോക്കി സ്വന്തമായാണ് കുട്ടികൾ നൃത്തം പരിശീലിച്ചത്. ഇടുക്കിയിലെ പളിയ സമുദായക്കാരുടെ തനത് നൃത്തരൂപമാണിത്. ഈഞ്ചയും മുളയും ശേഖരിച്ച് നൃത്തത്തിനാവശ്യമായ വേഷവും ആഭരണങ്ങളും കുട്ടികൾ തന്നെയാണ് നിർമിച്ചത്.

പ്ലസ് ടു വിദ്യാർഥിനികളായ ആദിത്യ, അക്ഷയ, ബീമ, പ്ലസ് വൺ വിദ്യാർഥിനികളായ ആർച്ച, അർഷദ ഫിർസാന, ഫാത്തിമ നസ്രിൻ, വൈഷ്ണവി, ആതിര, ശിവാനി, കൃഷ്ണ, ആസിയ, ദുർഗ എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി സംസ്ഥാനതലത്തിൽ മത്സരിച്ചത്.

ആറ്റിങ്ങലിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങലിൽ നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങലിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ദേശീയപാതയ്ക്കരികിൽ ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സിനുള്ളിൽ നിന്നുമാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടിയാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വാവ സുരേഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്.